Tuesday, September 8, 2020

ഇന്ന് അന്താരാഷ്ട്ര സാക്ഷരതാ ദിനം

 


അന്തസ്സും മനുഷ്യാവകാശവും എന്ന നിലയിൽ സാക്ഷരതയുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ സാക്ഷരതയുള്ളതും സുസ്ഥിരവുമായ ഒരു സമൂഹത്തിലേക്ക് സാക്ഷരതാ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും അന്താരാഷ്ട്ര സാക്ഷരതാ ദിനം ആഗോളതലത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 8 ന് ആചരിക്കുന്നു. 1966 ൽ, യുനെസ്കോയുടെ പൊതുസമ്മേളനത്തിന്റെ പതിനാലാം സെഷനിൽ, വ്യക്തികൾക്കും സമുദായങ്ങൾക്കും സമൂഹങ്ങൾക്കും സാക്ഷരതയുടെ പ്രാധാന്യത്തെക്കുറിച്ചും കൂടുതൽ സാക്ഷരതയുള്ള സമൂഹങ്ങൾക്കായുള്ള തീവ്രമായ ശ്രമങ്ങളുടെ ആവശ്യകതയെക്കുറിച്ചും പ്രതിഫലിപ്പിക്കുന്നതിനായി ആദ്യമായി അന്താരാഷ്ട്ര സാക്ഷരതാ ദിനം പ്രഖ്യാപിച്ചു.

യുനെസ്കോയുടെ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള 773 ദശലക്ഷം മുതിർന്നവർക്ക് അടിസ്ഥാന സാക്ഷരതാ കഴിവുകൾ ഇല്ലാത്തതിനാൽ സാക്ഷരതാ വെല്ലുവിളികൾ നിലനിൽക്കുന്നു. 617 ദശലക്ഷത്തിലധികം കുട്ടികളും കൗമാരക്കാരും വായനയിലും ഗണിതത്തിലും മിനിമം പ്രാവീണ്യം നേടുന്നില്ല. മുതിർന്നവരുടെ സാക്ഷരതയും വിദ്യാഭ്യാസവും പ്രാരംഭ വിദ്യാഭ്യാസ പ്രതികരണ പദ്ധതികളിൽ ഇല്ലായിരുന്നു. അതിനാൽ സാക്ഷരതാ വൈദഗ്ധ്യമോ കുറവോ ഇല്ലാത്ത നിരവധി യുവാക്കൾക്കും മുതിർന്നവർക്കും ജീവൻ രക്ഷിക്കാനുള്ള വിവരങ്ങളിൽ പരിമിതമായ പ്രവേശനമുണ്ട്.

ഈ വർഷം, അന്താരാഷ്ട്ര സാക്ഷരതാ ദിനം 2020 “COVID-19 പ്രതിസന്ധിയിലും അതിനുമപ്പുറത്തും സാക്ഷരതാ പഠിപ്പിക്കലും പഠനവും” ഊന്നിപ്പറയുന്നു, പ്രത്യേകിച്ചും അധ്യാപകരുടെ പങ്ക്.

അന്താരാഷ്ട്ര സാക്ഷരതാ ദിന 2020 തീം പ്രധാനമായും യുവാക്കളെയും മുതിർന്നവരെയും പഠനത്തെ ആജീവനാന്ത പഠന വീക്ഷണമായി ഉയർത്തിക്കാട്ടുന്നു. COVID-19 പാൻഡെമിക് സമയത്ത്, നയ വ്യവഹാരവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം ലോകമെമ്പാടുമുള്ള അധ്യാപകർക്കിടയിൽ ശ്രദ്ധയിൽപ്പെടുത്തി. സാക്ഷരതാ വൈദഗ്ധ്യമോ കുറവോ ഇല്ലാത്ത യുവാക്കളുടെയും മുതിർന്നവരുടെയും പഠനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു.

ഈ അന്താരാഷ്ട്ര സാക്ഷരതാ ദിനം 2020, യുനെസ്കോ, ഒരു വെർച്വൽ കോൺഫറൻസിൽ, യുവാക്കളിലും മുതിർന്നവരുടെ സാക്ഷരതാ പരിപാടികളിലും പകർച്ചവ്യാധിയെയും അതിനുമപ്പുറത്തെയും നേരിടാൻ നൂതനവും ഫലപ്രദവുമായ പെഡഗോഗികളും അധ്യാപന രീതികളും എങ്ങനെ ഉപയോഗിക്കാമെന്ന് പ്രതിഫലിപ്പിക്കാനും ചർച്ചചെയ്യാനും ലക്ഷ്യമിടുന്നു.

ലോകത്തിലെ വലിയൊരു ശതമാനം ജനങ്ങൾ ഇന്നും നിരക്ഷരരാണ്. ഈ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്ന ഓർമ്മപ്പെടുത്തലാണ് അന്താരാഷ്ട്ര തലത്തില്‍ സാക്ഷരതാദിനം ആചരിക്കുന്നത്തിലൂടെ നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇന്ത്യയിൽ സാക്ഷരതയിൽ എത്തിയവർ 65.38 ശതമാനമാണ്. കേരളത്തില്‍ ഇത് 90.92 ശതമാനമാണ്. എഴുത്തും വായനയുമറിയാത്ത ജനത എന്നത് ആത്മവിശ്വാസം ഇല്ലാത്ത ഇരുട്ടിലാണ് ഇന്നും ജീവിക്കുന്നത്. വിദ്യാഭ്യാസം ലഭിച്ച മനുഷ്യൻ അത് മറ്റുള്ളവർക്ക് പകര്‍ന്നുകൊടുക്കണം എന്നതാണ് സാക്ഷരതാ ദിനം ലോകത്തോട് പറയുന്നത്. സമൂഹത്തിന്റെ പൊതുവികാസം സാധ്യമാകാതെ സാക്ഷരത നേടുന്നത് അർത്ഥസൂന്യമായ വസ്തുതയാണ്. 1965-ല്‍ ഇറാനിലെ ടെഹ്‌റാന്‍ നഗരത്തില്‍ ചേര്‍ന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനമാണ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന യജ്ഞം തുടങ്ങാന്‍ അംഗരാഷ്ട്രങ്ങളോട് ആദ്യമായി അഭ്യര്‍ത്ഥിക്കപ്പെടുന്നത്. സമൂഹം സാക്ഷരരായിരിക്കേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണം ലക്ഷ്യം വെക്കുന്നത്.

വ്യക്തികളുടെയും സമൂഹത്തിന്റെയും വിമോചനത്തിനും വികാസത്തിനും സാക്ഷരത എന്നത് അനിവാര്യമാണ്. യാഥാർഥ്യങ്ങളുടെ തിരിച്ചറിവാണ് സാക്ഷരത മനുഷ്യ സമൂഹത്തിനു നൽകുന്നത്. നിരക്ഷരരായ സമൂഹത്തിനും വ്യക്തികള്‍ക്കും സ്വതന്ത്ര വിചാരങ്ങളും ആത്മവിശ്വാസവും അന്യമാണ്. തന്റെയും, സമൂഹത്തിന്റെയും പൊതുവികാസത്തിന് പ്രയത്‌നിക്കുകയാണ് വിദ്യാഭ്യാസം നേടിയ ഓരോ പൗരന്റെയും ഉത്തരവാദിത്വം എന്നതാണ് യാഥാർഥ്യം. സ്‌കൂളില്‍ പോകാതെ ഒരു കുട്ടി വളരുന്നുണ്ടെങ്കില്‍ അതിന്റെ കുറ്റകരമായ ഉത്തരവാദിത്വങ്ങളില്‍ നിന്ന് സമൂഹവും സര്‍ക്കാരും മുക്തരാകുന്നില്ല. നിരക്ഷരരായ ദമ്പതികള്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും, പാരമ്പര്യരോഗംപോലെ നിരക്ഷരതയിലേക്ക് തള്ളിവിടപ്പെടുകയാണ്. അത്യാധുനിക കമ്പ്യൂട്ടർ ലോകത്തിന്റെ കാലത്ത് അക്ഷരങ്ങള്‍ക്കും എഴുത്തിനും പ്രസക്തിയില്ല എന്ന വാദവും ഇക്കാര്യത്തിൽ തെറ്റുതന്നെയാണ്. നിരക്ഷരത നിര്‍മ്മാര്‍ജ്ജനത്തിന് യുനെസ്‌കൊയും ലോകരാഷ്ട്രങ്ങളും അക്ഷീണ പരിശ്രമം നടത്തിയിട്ടും കോടിക്കണക്കിന് ജനങ്ങള്‍ ഇന്നും അക്ഷരവെളിച്ചം സിദ്ധിക്കാത്തവരായി കഴിയുകയാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യത്ത് നിരക്ഷരത നിര്‍മ്മാര്‍ജ്ജനം പരിശ്രമകരമായ ജോലിയാണ്. സാംസ്‌കാരിക വൈവിധ്യങ്ങളും ഭാഷാ വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യയിൽ 2011-ലെ കാനേഷുമാരി പ്രകാരം 19,569 ഭാഷകളാണ് നിലവിലുള്ളത്. ഇവയെ പലരീതിയില്‍ വ്യവകലനവും വിശകലനവും നടത്തി 121 ഭാഷകളായി തിരിച്ചിരിക്കുന്നു. ഇവയില്‍ 22 ഭാഷകള്‍ക്ക് മാത്രമേ ഇന്നും ഭരണഘടനാപരമായ സംരക്ഷണം ഉള്ളൂ. ഭരണഘടനയുടെ എട്ടാം പട്ടികയാണ് ഈ സംരക്ഷണം രാജ്യം നല്‍കുന്നത്. ഇന്ത്യയുടെ ജനസംഖ്യയില്‍ 96.71 ശതമാനം പേരും ഭരണഘടന അംഗീകരിച്ച ഭാഷ സംസാരിക്കുന്നവരാണ്. 3.29 ശതമാനം ഔദ്യോഗികമായി അംഗീകാരമില്ലാത്ത ഭാഷയാണ് ആശയവിനിമയത്തിന് ഇന്നും ഉപയോഗിക്കുന്നത്. പ്രാദേശിക ഭാഷകള്‍ക്ക് മീതെ ഉത്തരേന്ത്യന്‍ ഭാഷയായ ഹിന്ദി ആധിപത്യം നേടിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ വലിയ പ്രക്ഷോഭത്തിന് വരെ ഈയിടെ കാരണമായി.

രാജ്യത്തെ ജനസംഖ്യയില്‍ 43.63 ശതമാനവും ഹിന്ദി സംസാരിക്കുന്നവരായിട്ടാണ് ഉള്ളത്. വ്യക്തിപരമായി സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സാമൂഹ്യ സാക്ഷരതയും വളര്‍ത്തിക്കൊണ്ട് വരേണ്ടത്തിന്റെ ആവശ്യമാണ് രാജ്യത്തിനു ഇന്ന് ആവശ്യം. സാമ്പത്തിക സാക്ഷരത, പരിസ്ഥിതി സാക്ഷരത, ജലസാക്ഷരത, ലിംഗ സാക്ഷരത എന്നിവയില്‍ സമൂഹം ഇനിയും ബോധവല്‍ക്കരിക്കപെടേണ്ടിയിരിക്കുന്നു. സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പലതരത്തിലുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാതെപോകുന്നത് സാമൂഹിക സാക്ഷരതയുടെ അഭാവം ഒന്നുകൊണ്ടു മാത്രമാണ്. ഇതിന്റെ മെച്ചം ഇടനിലക്കാര്‍ ഇന്നും തട്ടിയെടുക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

ആദിവാസികള്‍, ദളിതര്‍, നിത്യരോഗികള്‍,സ്ത്രീകള്‍, വൃദ്ധന്മാര്‍, അംഗവൈകല്യം സംഭവിച്ചവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട പലരും തങ്ങള്‍ക്ക് അനുകൂലമായി ആവിഷ്‌കരിച്ച പല പദ്ധതികളെക്കുറിച്ചും ഇന്നും ബോധവാന്മാരല്ല. സമൂഹം പാലിക്കേണ്ട മറ്റൊരു മേഖലയാണ് നിയമ സാക്ഷരത. ഏതെല്ലാം നിയമങ്ങള്‍ പാലിക്കേണ്ടതാണെന്നും ഏതെല്ലാം നിയമങ്ങളില്‍കൂടി തങ്ങള്‍ക്ക് നീതി ലഭ്യമാകുമെന്നും പൗരന്മാരെ ഭരണകൂടം ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും, ഭരണ രംഗങ്ങളിലും, നടമാടുന്ന അഴിമതിയുടെ നല്ലൊരു ഭാഗവും പൗരന്മാരുടെ അവകാശബോധ്യങ്ങളെക്കുറിച്ചുള്ള അജ്ഞതമൂലം ആണ് ഉണ്ടാകുന്നത്. കൈക്കൂലിയെന്നത് ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ഒന്നാണെന്ന പൗരന്മാരുടെ തെറ്റായ ബോധ്യങ്ങളില്‍ നിന്നാണ് അഴിമതി വളരുന്നത്. കൈക്കൂലി നല്‍കി കാര്യം സാധിപ്പിച്ചെടുക്കുന്നത് വലിയ മിടുക്കായി കാണുന്നവരാണ് അഭ്യസ്തവിദ്യർ പോലും എന്നതാണ് നിലവിലുള്ള സ്ഥിതി. വെറും അക്ഷരമെഴുതി പഠിക്കലും പഠിപ്പിക്കലുമല്ല സാക്ഷരതാ പ്രവര്‍ത്തനം, എന്ന വിശ്വാസവും, ധാരണയും മാറുകയും, മാറ്റിയെടുക്കപെദനിയും ഇരിക്കുന്നു. എഴുത്തിനും വായനക്കും അപ്പുറം, ആവശ്യങ്ങളെയും അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള തിരിച്ചറിവാണ് സാക്ഷരതയിലൂടെ സമൂഹം സ്വായത്തമാക്കേണ്ടത്.

ഇന്നത്തെ സാക്ഷരതാ ദിനം ആ തിരിച്ചറിവ് നൽകട്ടെ.


Friday, September 4, 2020

ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

 


അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി പ്രകാരം ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്കിനെതിരെ എതിര്‍ കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച 'കോടതി മാറ്റ' ഹര്‍ജി ഈ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നുറപ്പായി.

ലഭ്യമായ രേഖകളനുസരിച്ച് ഈ കേസ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ നിന്ന് മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാണ് എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്പി ചാക്കോ മെരിലാന്റില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയതും തിരഞ്ഞെടുപ്പ് അസാധുവാക്കിയതും പരാതിക്കാരനും എതിര്‍ കക്ഷികളും വിവിധ സംസ്ഥാനങ്ങളിലുള്ളവരായതിനാലായിരുന്നു. ഇപ്പോഴും അതേ നിലപാടെടുത്തിരിക്കുകയാണ് എതിര്‍ കക്ഷികളെന്ന് തോന്നുമെങ്കിലും പ്രത്യക്ഷത്തില്‍ അല്പം ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എതിര്‍കക്ഷികളുടെ വാദത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍:

1. ഫൊക്കാന എന്ന സംഘടന മെരിലാന്റ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, നികുതി അടച്ചുവരുന്നതുമായ ഒരു ലാഭരഹിത സംഘടനയാണ്.

2. പരാതിക്കാരായ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തും എതിര്‍ കക്ഷികള്‍ മെരിലാന്റ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുമായതിനാല്‍ കേസിലെ 'നാനാത്വം' (diversity) കണക്കിലെടുക്കണം.

3. ഈ പരാതി മൂലമുണ്ടായ താത്ക്കാലിക വിലക്കു മൂലം ഫൊക്കാനയ്ക്ക് ഭംഗിയായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കാത്തതുകൊണ്ടും, പലിശയൊഴികെയുള്ള ചിലവുകളും അതിന്റെ സല്പേരിനു വരുന്ന നഷ്ടമടക്കമുള്ള മൂല്യം 75,000 ഡോളറില്‍ കൂടുതല്‍ വരുന്നതുകൊണ്ടും ഈ കേസ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയിലല്ല വാദം കേള്‍ക്കേണ്ടത്, മറിച്ച് മെരിലാന്റിലെ യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയിലാണ്.  

എന്നാല്‍, ഫെഡറല്‍ കോടതിയില്‍ കേസ് വാദം കേള്‍ക്കാനാവശ്യമായ 'നാനാത്വം' ഈ കേസില്‍ ഇല്ലെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കൊടുത്ത മറുപടിയില്‍ സൂചിപ്പിച്ചിട്ടുള്ളത്. കാരണം, ഫെഡറല്‍ കോടതിയില്‍ ഒരു കേസ് നിയമപരമായി നിലനില്‍ക്കണമെങ്കില്‍ വാദികളെല്ലാവരും ഒരേ സംസ്ഥാനത്തുള്ളനിന്നുള്ളവരെന്നതുപോലെ എതിര്‍ കക്ഷികളും ഒരേ സംസ്ഥാനത്തു നിന്നുള്ളവരായിരിക്കണം. ഈ കേസില്‍ എതിര്‍ കക്ഷികളിലൊരാള്‍ (ഫിലിപ്പോസ് ഫിലിപ്പ്) ന്യൂയോര്‍ക്കില്‍ നിന്നുള്ളതും മറ്റുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. കൂടാതെ, സാമ്പത്തിക ഘടകവും ഈ കേസില്‍ പരിഗണിക്കാന്‍ പാടില്ലെന്നും പറയുന്നു. കാരണം, പരാതിക്കാര്‍ വക്കീല്‍ ഫീസ്, കോടതിച്ചെലവ്, മറ്റു സാമ്പത്തിക നഷ്ടപരിഹാരങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകന്റെ മറുപടിയില്‍ പറയുന്നു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ മറുപടി.

സാധാരണ കോടതി വ്യവഹാരങ്ങളില്‍ കണ്ടുവരുന്ന പ്രക്രിയകളാണ് മേല്‍ വിവരിച്ചത്. കോടതിയില്‍ വാദം തുടങ്ങുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിച്ചത്തുവരും എന്നുതന്നെ കരുതാം. എന്നാല്‍, അതിലുപരി ഹര്‍ജിക്കാരും എതിര്‍കക്ഷികളും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ എത്രത്തോളം സുതാര്യതയുണ്ട് അല്ലെങ്കില്‍ സത്യസന്ധതയുണ്ട് എന്ന് സാധാരണക്കാര്‍ക്ക് തോന്നുന്നത് സ്വാഭാവികം. 

പ്രത്യക്ഷത്തില്‍ 'ഫൊക്കാന' എന്ന ദേശീയ സംഘടനയുടെ തിരഞ്ഞെടുപ്പാണെന്ന് തോന്നുമെങ്കിലും ലേഖകന്റെ കാഴ്ചപ്പാടില്‍ ഇവ രണ്ടും രണ്ടും രണ്ടു സംഘടനകളാണ്. അറിഞ്ഞോ അറിയാതെയോ ഈ സംഘടനയെ വിശ്വസിച്ച് കൂടെ നിന്ന അംഗസംഘടനകളും അംഗങ്ങളും വിഢികളായോ എന്നൊരു സംശയവും ഇല്ലാതില്ല. 

1983-ല്‍ രൂപീകൃതമായ, 'FOKANA' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' 1985-ല്‍ ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ലാഭരഹിത സംഘടനയാണെന്നതിന് ആര്‍ക്കും തര്‍ക്കമില്ല. ആ രജിസ്ട്രേഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നതുമാണ്. അതിന്റെ കുടക്കീഴിലാണ് നാളിതുവരെ അംഗസംഘടനകളും ഫൊക്കാനയെ സ്നേഹിക്കുന്ന പ്രവര്‍ത്തകരും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നതെന്നതിനും തര്‍ക്കമില്ല. ഇപ്പോള്‍ ആ സംഘടനയുടെ പേരില്‍ കോടതിയില്‍ കേസുമായി പോയവരും എതിര്‍കക്ഷികളായി ഹര്‍ജിയില്‍ പറയുന്നവരില്‍ പലരും ഫൊക്കാനയുടെ ആരംഭകാലം മുതല്‍ അതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരും പ്രവര്‍ത്തിക്കുന്നവരുമാണ്. പക്ഷെ, എതിര്‍ കക്ഷികള്‍ കോടതിയില്‍ നല്‍കിയ മറുപടിയില്‍ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുണ്ട്. 

അവര്‍ പറയുന്നതു പ്രകാരം 'FOKANA Inc.' മെരിലാന്റില്‍ 2008 സെപ്തംബര്‍ 3-ന് രജിസ്റ്റര്‍ ചെയ്ത സംഘടന എന്നാണ്. 2017-ല്‍ ഫെഡറല്‍ ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുമുണ്ട്. കൂടാതെ 2017 ആഗസ്റ്റ് 1-ന് സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍, 2008-ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍‌കോര്‍പ്പറേഷനില്‍ ഒരു സ്ഥലത്തും 'ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' എന്ന് സൂചിപ്പിച്ചിട്ടേ ഇല്ല. സാങ്കേതികമായി പറയുകയാണെങ്കില്‍ ഈ ഫെഡറേഷന്റെ മുഴുവന്‍ പേര്  'FOKANA' എന്നു മാത്രമാണ്. ഒരു സംഘടന രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ചുരുക്കപ്പേരിലല്ല രജിസ്റ്റര്‍ ചെയ്യേണ്ടത്, മറിച്ച് മുഴുവന്‍ പേരും നല്‍കണമെന്നാണ് നിയമം.  ഉദാഹരണത്തിന് KANJ, WMA, HVMA, MAGH, PAMPA, MANJ, NAINA മുതലായവ തന്നെ എടുക്കാം. ഈ സംഘടനകളെല്ലാം അവയുടെ മുഴുവന്‍ പേരിലായിരിക്കില്ലേ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? എന്നാല്‍, ഇപ്പോള്‍ കേസില്‍ ഉള്‍പ്പെട്ട എതിര്‍കക്ഷികള്‍ 2008-ല്‍ മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്ത FOKANA Inc.ന്റെ പേരുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഇനി മേല്പറഞ്ഞ FOKANA Inc. എന്ന കോര്‍പ്പറേഷന് മെരിലാന്റില്‍ കോര്‍പ്പറേറ്റ് ഓഫീസ് ഉണ്ടെന്നും (അഡ്രസ്: 9000 Acredale Court, College Park, Maryland 20740), അതാണ് രജിസ്റ്റേഡ് ഓഫീസെന്നും, അവിടെയാണ് ബിസിനസ് നടത്തുന്നതെന്നുമൊക്കെ കോടതിയില്‍ നല്‍കിയ രേഖകളില്‍ വിവരിച്ചിട്ടുണ്ട്. ഫൊക്കാനയ്ക്ക് സ്ഥിരമായി ഒരു ഓഫീസ് ഇല്ലെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള വിവരം. കാലങ്ങള്‍ക്കു മുന്‍പ് വാഷിംഗ്ടണില്‍ ഒരു പോസ്റ്റ് ബോക്സ് നമ്പര്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ അതെല്ലാം നിര്‍ത്തലാക്കി എന്നും മുന്‍ ഫൊക്കാന പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്ന അഡ്രസ് പാര്‍ത്ഥസാരഥി പിള്ളയുടെ വസതിയാണെന്നാണ് അറിവ്. അദ്ദേഹം ഫൊക്കാനയുടെ മുന്‍‌കാല പ്രവര്‍ത്തകനായിരുന്നെങ്കിലും ഇപ്പോള്‍ സജീവമല്ല. യാതൊരു ഔദ്യോഗിക പദവിയുമില്ല. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു. അവിടെ ഫൊക്കാനയുടെ യാതൊരു ബിസിനസ്സും നടക്കുന്നില്ല. എന്നാല്‍, 2008-ലെ FOKANA Inc. എന്ന കോര്‍പ്പറേഷന്റെ രക്ഷാധികാരിയായി (ഏജന്റ്) അദ്ദേഹത്തിന്റെ പേര് സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍‌കോര്‍പ്പറേഷനില്‍ കൊടുത്തിട്ടുണ്ട്. മാര്‍ച്ച് 8, 2009ല്‍ ഐ ആര്‍ എസില്‍ നിന്ന് ഇ ഐ എന്‍ ലഭിച്ചിട്ടുണ്ടെന്ന് കോടതിയില്‍ നല്‍കിയ രേഖയില്‍ പറയുന്നു (EIN 26-4405026). 

ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഫൊക്കാനയുടെ സി ഇ ഒയുടെ അഥവാ പ്രസിഡന്റിന്റെ അഡ്രസ് ആണ് ഔദ്യോഗികമായി ഫൊക്കാനയുടെ ബിസിനസ് അഡ്രസ് ആയി പരിഗണിക്കുന്നതെന്ന് പറയുന്നു. അങ്ങനെയെങ്കില്‍ പിന്നെ എന്തുകൊണ്ട് പാര്‍ത്ഥസാരഥി പിള്ളയുടെ വീട് ഇപ്പോഴും ഫൊക്കാന ഔദ്യോഗികമായി ഉപയോഗിക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് എതിര്‍ കക്ഷികളാണ്. ഈ അഡ്രസില്‍ തന്നെയാണ് ആഗസ്റ്റ് 1, 2017-ല്‍ സുധ കര്‍ത്ത മെരിലാന്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അസ്സസ്മെന്റ് ടാക്സേഷനില്‍ 195.70 ഡോളര്‍ ഫീസ് അടച്ചിരിക്കുന്നത്.  Revival fee, Corporate abstract എന്നിവയ്ക്കാണ് ഈ ഫീസ് അടച്ചിരിക്കുന്നത്. സുധ കര്‍ത്ത നിലവില്‍ ഫൊക്കാനയില്‍ സജീവ പ്രവര്‍ത്തകനാണ്. ന്യൂയോര്‍ക്കില്‍ 1985-ലെ ഫൊക്കാന (ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) രജിസ്‌ട്രേഷന്‍ നിലനില്‍ക്കേ എന്തിനാണ് മെരിലാന്റില്‍ ടാക്സ് കൊടുത്തതെന്ന് ഒരു സിപി‌എ ആയ അദ്ദേഹത്തിന് അറിയില്ലെന്നുണ്ടോ? കൂടാതെ, 2017ല്‍ ഇന്റേണല്‍ റവന്യൂ സര്‍‌വ്വിസില്‍ ടാക്സ് ഫയല്‍ ചെയ്തതും (8879-EO) അദ്ദേഹം തന്നെ. എല്ലാ രേഖകളിലും ഇരുവരുടേയും (പാര്‍ത്ഥസാരഥി പിള്ള, സുധ കര്‍ത്ത) പേരുകളാണ് കാണുന്നത്. പാര്‍ത്ഥസാരഥി പിള്ള ഫൊക്കാനയുടെ ആരംഭകാലം മുതല്‍ (1983) അതില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. 1985-ല്‍ ന്യൂയോര്‍ക്കില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്നുള്ള കാര്യവും അദ്ദേഹത്തിന് അറിയാമായിരിക്കും. പിന്നെ എന്തിന് 2008-ല്‍ മെരിലാന്റില്‍ ഒരു കോര്‍പ്പറേഷനായി FOKANA Inc. എന്ന പേരില്‍ അദ്ദേഹം രജിസ്ട്രേഷന്‍ നടത്തി? തന്നെയുമല്ല, അദ്ദേഹത്തിന്റെ വസതിയെ ഇപ്പോഴും ഫൊക്കാനയുടെ ബിസിനസ് അഡ്രസ്സായി നിലനിര്‍ത്തുന്നത് എന്തിന്?  

പ്രധാനപ്പെട്ട ചില ചോദ്യങ്ങള്‍ ഇവിടെ അവശേഷിക്കുകയാണ്. എതിര്‍കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ യഥാര്‍ത്ഥത്തില്‍ ഏത് ഫൊക്കാനയിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആദ്യത്തെ ചോദ്യം.  FOKANA Inc. ലോ അതോ Federation Of Kerala Associations in North America (FOKANA)യിലോ? രണ്ടാമത്തെ പേരിലാണ് ഇവരെല്ലാവരും പ്രവര്‍ത്തിച്ചതും ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തി ഓരോരോ സ്ഥാനമാനങ്ങളില്‍ കയറിപ്പറ്റിയതും. എല്ലാ പ്രവര്‍ത്തനങ്ങളും ഈ പേരിലായിരുന്നു. കോടതിയില്‍ കേസ് വരുമ്പോള്‍ മെരിലാന്റിലെ രജിസ്ട്രേഷന്‍ പൊക്കിക്കൊണ്ടുവരുന്നത് ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാനല്ലെങ്കില്‍ പിന്നെ എന്തിന്? ഇനി മെരിലാന്റില്‍ രജിസ്റ്റര്‍ ചെയ്ത ഫൊക്കാനയാണെങ്കില്‍ തന്നെ 

അവര്‍ക്കെങ്ങനെ 37 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാനാകും? അവര്‍ പിന്തുടരുന്നതും ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതുമായ രേഖകള്‍ പ്രകാരം 2008ലാണ് FOKANA Inc രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  

അപ്പോള്‍ വെറും 12 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമേ നിലവിലുള്ളൂ. അങ്ങനെ വരുന്ന പക്ഷം അവര്‍ ഏത് ഫൊക്കാനയ്ക്കു വേണ്ടിയാണ് വാദിക്കുന്നതെന്ന് കോടതിയില്‍ ബോധ്യപ്പെടുത്തേണ്ടിവരും. മെരിലാന്റില്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫൊക്കാനയ്ക്കുവേണ്ടിയാണ് വാദിക്കുന്നതെങ്കില്‍ 1983ല്‍ സ്ഥാപിതമായ ഫൊക്കാനയില്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലാതായി വരികയും ചെയ്യും.

2006-ലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതും മെരിലാന്റ് മൊണ്ട്‌ഗൊമെരി കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതും ഫൊക്കാന പിളര്‍ന്നതൊന്നും ആരും മറന്നു കാണാനിടയില്ല. അന്നു പക്ഷെ ഏത് രജിസ്ട്രേഷന്റെ പേരിലാണ് കോടതി തിരഞ്ഞെടുപ്പ് അസാധുവാക്കിയതെന്ന് അറിയില്ല. 

ഏതായാലും കോടതി ഇപ്പോള്‍ നല്‍കിയിരിക്കുന്ന പുതിയ തിയ്യതിയായ ഒക്ടോബര്‍ 22-ന് സത്യം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.