പതിനാറ് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ 12 തവണ തുടര്‍ച്ചയായി പീഡിപ്പിച്ച പ്രതിയോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് പരമോന്നത കോടതി ചോദിച്ചത് നീതിന്യായ വ്യവസ്ഥയുടെ അപച്യുതിയായിട്ടേ കാണാന്‍ കഴിയൂ. 2014-15 കാലഘട്ടത്തിലാണ് അന്ന് 16 വയസ് പ്രായമുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്. അകന്ന ബന്ധു കൂടിയായിരുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു.
വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് ബലാത്സംഗം പുറത്തറിയുന്നത്. പെൺകുട്ടി പ്രായപൂർത്തിയായാൽ ഇരുവരെയും വിവാഹം കഴിപ്പിക്കാമെന്ന് പ്രതിയുടെ അമ്മ വാഗ്ദാനം ചെയ്തതിനാൽ പോലീസിൽ പരാതി നല്‍കിയില്ല. പെണ്‍കുട്ടിയുടെ ഭാവിയെക്കുറിച്ച് ഓര്‍ത്താണ് കുടുംബം അതിന് സമ്മതിച്ചത്. എന്നാൽ പ്രതി നൽകിയ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തതോടെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥനായ പ്രതിക്ക് അറസ്റ്റിലായാൽ ജോലി നഷ്ടപ്പെടുമെന്നായതോടെ കോടതിയെ സമീപിക്കുകയും കീഴ്‌ക്കോടതിയില്‍ നിന്ന് മുൻകൂർ ജാമ്യം നേടുകയും ചെയ്തു. എന്നാൽ, ബോംബെ ഹൈക്കോടതി ഉത്തരവിനെ നിശിതമായി വിമര്‍ശിക്കുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു.
പ്രതി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് ചീഫ് ജസ്റ്റിസിന്റെ വിചിത്രമായ ചോദ്യം…”നിങ്ങൾക്ക് അവളെ വിവാഹം കഴിക്കണമെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാകും. ഇല്ലെങ്കിൽ നിങ്ങളുടെ ജോലി നഷ്ടപ്പെട്ട് ജയിലിൽ പോകാം,” വിവാഹം കഴിക്കാന്‍ കോടതി നിര്‍ബന്ധിക്കുകയല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. കോടതി നിര്‍ബന്ധിച്ചാലും ഇല്ലെങ്കിലും തന്റെ അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ച ലൈംഗികമായി പീഡിപ്പിച്ച ആള്‍ക്കെതിരെ നീതി ആവശ്യപ്പെട്ടെത്തിയ പെണ്‍കുട്ടിയോടാണ് കോടതിയുടെ ഈ നിര്‍ദേശം. ആ നിര്‍ദേശം തന്നെ വലിയ തെറ്റായിപ്പോയി. വിവാഹം കഴിച്ചാല്‍ തീരുന്നതാണോ അയാള്‍ ചെയ്ത കുറ്റം? യഥാര്‍ത്ഥത്തില്‍ ഇവിടെ പ്രതിയെ ശിക്ഷിക്കാതെ ഇരയെ ശിക്ഷിക്കുന്നതായിപ്പോയി പരമോന്നത കോടതിയുടെ നടപടി.
ബലാത്സംഗം വിവാഹത്തില്‍ കലാശിക്കുമ്പോള്‍ വിവാഹങ്ങള്‍ ബലാത്സംഗത്തിനുള്ള അനുമതിയായി മാറുകയാണ്. വിവാഹം കഴിച്ചുകഴിഞ്ഞാല്‍ പിന്നെ അതിനുള്ളില്‍ നടക്കുന്ന ശാരീരിക ബന്ധങ്ങളെല്ലാം സന്തോഷകരമാണെന്നും അവിടെ സമ്മതത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്നുമൊക്കെയുള്ള ചിന്തയാണ് ഇത്തരമൊരു നടപടിയ്ക്ക് പിന്നിലെന്ന് നിസ്സംശയം പറയാം. വിവാഹബന്ധത്തിലെ ബലാത്സംഗങ്ങള്‍ സമൂഹവും നിയമവും അംഗീകരിച്ചുകൊടുത്തിരിക്കുന്ന ഒരു കാര്യമാണ്. അതിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ഉണ്ടാകണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് രാജ്യത്തെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെ ഭാഗത്ത് നിന്ന് നിഷ്ഠൂരമായ നിര്‍ദേശമുണ്ടായത്.
ഈ കേസില്‍ പ്രതിയായ ആള്‍ ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുക വരെയുണ്ടായി. പീഡിപ്പിച്ച കാര്യം പുറത്തറിയിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കും സഹോദരനെ കൊന്നുകളയുമെന്നെല്ലാം പറഞ്ഞു. അത്രയും വിഷാത്മകമായ ചിന്താഗതികളാണ് ആ വ്യക്തിയിലുള്ളത്. അത്തരമൊരാളെ ആ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നതും. യഥാര്‍ത്ഥത്തില്‍ ഇരയെ ഇണയാക്കാന്‍ പറയുന്ന കോടതി നീതിന്യായത്തില്‍ നിന്ന് വ്യതിചലിച്ച് മാട്രിമോണിയല്‍ ബ്യൂറോയായി മാറുകയാണ് ചെയ്തത്.
പ്രതിയായ ആള്‍ക്ക് മറ്റൊരു സൗകര്യം കൂടി കോടതി ചെയ്തുകൊടുത്തുവെന്നതും നീതിയ്ക്ക് നിരക്കാത്ത കാര്യമായി. പ്രതിയുടെ ഹര്‍ജി തള്ളിയെങ്കിലും നാലാഴ്ചത്തേയ്ക്ക് അറസ്റ്റില്‍ നിന്ന് പ്രതിയ്ക്ക് സംരക്ഷണവും സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കാനുള്ള അനുമതിയും സുപ്രീം കോടതി നല്‍കി. എത്രയും പെട്ടെന്ന് തക്കതായ ശിക്ഷ കൊടുക്കേണ്ടതിന് പകരം പ്രതികള്‍ക്ക് കൂടുതല്‍ സമയവും സൗകര്യവും കോടതികള്‍ ചെയ്തുകൊടുക്കുന്നത് തന്നെയാണ് തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള കാരണങ്ങളിലൊന്ന്.
ഒരാള്‍ നമ്മളെ ആക്രമിച്ചുകഴിഞ്ഞാല്‍ ആ സംഭവം മൂലം നമ്മുക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ ജീവിതകാലം മുഴുവന്‍ നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും. അപ്പോള്‍ നമ്മളെ ആക്രമിച്ച ആ വ്യക്തിയെ തന്നെ ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അത് നമ്മുടെ ജീവിതത്തെ എത്രമാത്രം നശിപ്പിക്കുമെന്നത് ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. വിവാഹം എന്നത് ഒരു ദുര്‍ഗുണ പരിഹാര പാഠശാലയല്ലെന്ന് കോടതികളും തിരിച്ചറിയണം.