എല്ലാ വർഷവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ജൂലൈ 1 ദേശീയ ഡോക്ടർമാരുടെ ദിനമായി ആഘോഷിക്കുന്നു. മുൻ ബംഗാൾ മുഖ്യമന്ത്രി ഡോ. ബിദാൻ ചന്ദ്ര റോയിയുടെ ജന്മദിനാഘോഷത്തിന്റെ ദിനമാണ് ‘ഡോക്ടര്‍മാരുടെ ദിന’മായി ആചരിക്കുന്നത്. ജീവൻ പണയപ്പെടുത്തി ജനങ്ങളെ സേവിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി ഈ ദിവസം സമർപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നൽകിയ സംഭാവനകളെയും ത്യാഗങ്ങളെയും കുറിച്ച് കോവിഡ്-19 മഹാമാരി വീണ്ടും ഓർമ്മപ്പെടുത്തി. ഡോക്ടർമാരുടെ ദിനം ലോകമെമ്പാടും വ്യത്യസ്ത തീയതികളിൽ ആഘോഷിക്കുന്നു.
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സ്ഥാപിക്കുന്നതിൽ റോയ് ഒരു പ്രധാന പങ്ക് വഹിച്ചു. 1882 ജൂലൈ 1 ന് ജനിച്ച അദ്ദേഹം 1962 ജൂലൈ 1 ന് അന്തരിച്ചു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ അവാർഡായി കണക്കാക്കപ്പെടുന്ന ഭാരത് രത്‌നയാണ് റോയിക്ക് ലഭിച്ചത്. ബംഗാള്‍ മുഖ്യമന്ത്രിയും ഐ.എം.എ.യുടെ ദേശീയ പ്രസിഡന്റും കൂടിയായിരുന്നു ഡോ. ബി.സി. റോയ്. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗജന്യമായി രോഗികളെ പരിശോധിക്കാനും സമയം കണ്ടെത്തിയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെ പോരാടുന്നത് നിത്യവും നാം കാണുന്നു. അതിനാൽ ഈ കൊറോണ കാലഘട്ടത്തിൽ അവരുടെ അശ്രാന്തമായ സേവനത്തെ നന്ദിയോടെ ബഹുമാനിക്കാൻ ഈ ഡോക്ടർമാരുടെ ദിനം നമുക്ക് മാറ്റിവയ്ക്കാം. സ്വന്തം സുരക്ഷ പോലും നോക്കാതെ ഡോക്ടർമാർ രോഗികളെ ശുശ്രൂഷിക്കുന്നു. അതിനാൽ, ഡോക്ടർമാരുടെ ജീവിതത്തിന്റെ മൂല്യം കൂടി ഓർമ്മിക്കേണ്ട ഒരു ദിവസം കൂടിയാണിത്.
കോവിഡിനെതിരായ പോരാട്ടത്തിൽ ഡോക്ടർമാരെ എത്രമാത്രം പ്രശംസിച്ചാലും മതിയാകില്ല. ഡോക്ടർമാർ ഉൾപ്പെടെ രാജ്യത്തെ നിരവധി ആരോഗ്യ പ്രവർത്തകര്‍ക്കാണ് കോവിഡ് പിടികൂടിയത്. രാജ്യത്ത് ഇതുവരെ 57 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ‘കോവിഡ് മരണം കുറയ്‌ക്കുക’ എന്ന ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട് സമൂഹത്തിനായി സ്വയം സമർപ്പിക്കുകയാണ് ഇവർ. സ്വന്തം സുരക്ഷയെ കുറിച്ച് പോലും ചിന്തിക്കാതെ കോവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നാം അടങ്ങുന്ന സമൂഹവും സർക്കാരും ഉറപ്പുനൽകേണ്ടത് അവരുടെ സുരക്ഷിതത്വമാണെന്നതും ഈ ദിനത്തില്‍ ഓര്‍ക്കാം.
സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് അവര്‍ അഹോരാത്രം സേവനമനുഷ്ഠിക്കുന്നത്. സര്‍ക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരാണവര്‍.
ഈ പ്രത്യേക സാഹചര്യത്തില്‍ പോലും മറ്റ് രാജ്യങ്ങളേയും സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും കുറച്ച് മരണനിരക്കുള്ള സ്ഥലം കേരളമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണ നിരക്ക് 0.4 ല്‍ നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടേയും പ്രത്യേകിച്ച് ഡോക്ടര്‍മാരുടേയും പ്രയത്‌നം കൊണ്ടാണ് മരണ നിരക്ക് ഇത്രയേറെ കുറയ്ക്കാനായത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ സമൂഹം പുനര്‍വിചിന്തനം ചെയ്യണം. അവരാണ് നമ്മുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തകര്‍. അവര്‍ക്കെതിരായ ഒരക്രമവും പൊറുക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെ മനസ് തളര്‍ത്തുന്ന രീതിയില്‍ ആരും പെരുമാറരുത്. കാരണം നമ്മള്‍ക്ക് ശേഷവും ആ ഡോക്ടറുടെ സേവനം കാത്ത് നിരവധി പേര്‍ നില്‍ക്കുന്നുണ്ടെന്ന് ഓര്‍ക്കണം.
ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ മാനസികാവസ്ഥ നാം മനസ്സിലാക്കണം. അതിനാൽ ഡോക്ടർമാരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്. ആരോഗ്യ സ്ഥാപനങ്ങളുടെ നിലനിൽപ്പ് സമൂഹത്തിന്റെ ആവശ്യകതയാണ്.