Tuesday, September 14, 2021

വിഷം ചീറ്റുന്ന സര്‍പ്പങ്ങളെ ജനം തിരിച്ചറിയണം

 

'നാർക്കോട്ടിക് ജിഹാദ് - ലവ് ജിഹാദ്' വിവാദങ്ങൾ ഇപ്പോൾ കേരളത്തില്‍ അരങ്ങു തകർക്കുകയാണ്. എല്ലാ പരിധികളും ലംഘിച്ച് കേരളത്തിൽ അശാന്തി വിതയ്ക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നു. ഇത് മതേതര കേരളത്തിന്റെ അന്തസ്സിന് കളങ്കം വരുത്തിവെയ്ക്കാമെന്നല്ലാതെ മറ്റൊരു ലക്ഷ്യവും നേടാനാകില്ല. ഇത്തരം കുത്സിത ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് മുളയിലേ നുള്ളിക്കളയണം. വിഷം ചീറ്റുന്ന സര്‍പ്പങ്ങളെ ജനം തിരിച്ചറിയണം. 

പാലാ ബിഷപ്പ് മാത്രമല്ല, സത്യം ആരു പറഞ്ഞാലും അതേക്കുറിച്ച് അന്വേഷിക്കുക തന്നെ വേണം. അവിടെ ജാതിയോ മതമോ നോക്കേണ്ട ആവശ്യമില്ല. സര്‍ക്കാരാണ് അത് ചെയ്യേണ്ടത്. എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങളെ ജാതിയുടേയും മതത്തിന്റേയും നിറം കൊടുത്ത് പര്‍‌വ്വതീകരിച്ച് ഏതെങ്കിലുമൊരു സമൂഹത്തെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു നാർക്കോട്ടിക് ജിഹാദ് ഉണ്ടെങ്കിൽ അതിനെ എതിർക്കണം. പക്ഷേ അതിന് വ്യക്തമായ തെളിവുകൾ ആവശ്യമാണ്. ഒറ്റപ്പെട്ട സംഭവങ്ങൾക്ക് മതത്തിന്റെ പരിവേഷം നല്‍കി രാജ്യത്ത് അശാന്തി സൃഷ്ടിക്കാൻ ആരും ശ്രമിക്കരുത്.

എല്ലാ മതവിഭാഗങ്ങളിലും പെട്ടവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്.  അവർ 

ജാതിയോ മതമോ നോക്കിയല്ല ലഹരി തേടുന്നതും തെറ്റായ കൂട്ടുകെട്ടുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതും. മക്കളുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അവരുടെ മാതാപിതാക്കൾക്കും ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ട്. ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍, ആണായാലും പെണ്ണായാലും, ഏതെല്ലാം കൂട്ടുകെട്ടിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും ആരൊക്കെയാണ് അവരുടെ കൂട്ടുകാര്‍ എന്നും അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. 

സ്വന്തം മക്കള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാതിരിക്കാന്‍ വലിയ ജാഗ്രത പുലര്‍ത്തുന്ന മനസ്സുകള്‍ക്കാണ് ഇവിടെയും പിഴച്ചിരിക്കുന്നത്. കൊടികളുടെ നിറത്തെയല്ല ‘കൊടിയ’ വിഷത്തെയാണ് പേടിക്കേണ്ടതെന്ന ബോധമാണ് രക്ഷിതാക്കളെയും നയിക്കേണ്ടത്. അരാഷ്ട്രീയ കാമ്പസുകളാണ് ഇന്ന് ലഹരി ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതും നാട് തിരിച്ചറിയേണ്ടതുണ്ട്.

രാജ്യത്തെ എല്ലാവർക്കും സ്നേഹിക്കാനും വിവാഹം ചെയ്യാനുമുള്ള അവകാശമുണ്ട്. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീയും (പ്രായപൂര്‍ത്തിയായ ആണ്‍കുട്ടി എന്നും പെണ്‍കുട്ടി എന്നും പല സ്ഥലങ്ങളിലും പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അത് തെറ്റായ പ്രയോഗമാണ്. പ്രായപൂര്‍ത്തിയായ ഒരു ആണ്‍കുട്ടിയെ നിയമപരമായി 'പുരുഷന്‍' എന്നും പെണ്‍കുട്ടിയെ 'സ്ത്രീ' എന്നോ യുവതി എന്നോ അഭിസംബോധന ചെയ്യാം) പരസ്പരം ഇഷ്ടപ്പെട്ടാല്‍, അവര്‍ ഏതു മതവിഭാഗത്തില്‍ പെട്ടവരായാലും, വിവാഹം കഴിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് നിയമപരമായി തന്നെ വിവാഹം കഴിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ അനുശാസിക്കുന്നുണ്ട്. ഏതെങ്കിലും ഒരു മതസമൂഹം ഒന്നടങ്കം ഇത്തരത്തില്‍ വിവാഹത്തില്‍ ഏര്‍പ്പെടുന്നില്ല, അല്ലെങ്കില്‍ ഒരു മതസമൂഹം അങ്ങനെ ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നുമില്ല. വളരെ ചുരുക്കം ചിലര്‍ ചെയ്യുന്ന അത്തരം സംഭവങ്ങളെ ചില മതമേലധ്യക്ഷന്മാരും യാഥാസ്ഥിതികരും 'ലൗ ജിഹാദ്' എന്ന പേരു ചാര്‍ത്തി ഒരു സമൂഹത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. 

രാഷ്ട്രീയ ലാക്കോടെ ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്കുവേണ്ടി പി ആര്‍ വര്‍ക്ക് ചെയ്യുന്നത് ഏതൊരു മത മേലധ്യക്ഷന്മാര്‍ക്കും ഭൂഷണമല്ല തന്നെ. ഒരു പ്രത്യേക മതത്തിൽപ്പെട്ടവർ മാത്രമല്ല, എല്ലാ മതങ്ങളിലും പെട്ടവരും ഇതര മതങ്ങളിൽപ്പെട്ടവരെ വിവാഹം കഴിച്ചിട്ടുണ്ട്, കഴിക്കുന്നുമുണ്ട്. അത് ഇപ്പോഴും ശക്തമായി തുടരുന്നു. ഇത് ഒരു ഭീഷണിയോ മയക്കുമരുന്ന് ഇടപാടോ അല്ലെന്ന് മതനേതാക്കൾ തിരിച്ചറിയണം. അവരിൽ ഭൂരിഭാഗവും ഇപ്പോഴും സുഖമായി ജീവിക്കുന്നുണ്ട്.

 തെറ്റായ പ്രസ്താവനകളിറക്കി കേരളത്തിലെ സമാധാന അന്തരീക്ഷവും ജനങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസവും തകർക്കുന്ന പ്രസ്താവനകൾ മതമേലധ്യക്ഷന്മാരും ആത്മീയ നേതാക്കളും നടത്തരുത്. ഇപ്പോള്‍ പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നു മാത്രമല്ല, ബിജെപിയെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നുള്ളതിന്റെ പ്രത്യക്ഷ തെളിവാണ് ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് അതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി മുന്നിട്ടിറങ്ങിയിരിക്കുന്നത്. 

കൂടാതെ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തന്നെയെടുക്കാം...."പാലാ ബിഷപ്പ് ഇത് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നാണ്. മയക്കുമരുന്ന് ജിഹാദിനെക്കുറിച്ച് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന അന്വേഷിക്കണം. ഇത് ഒരു പുതിയ കാര്യമല്ല, ആളുകൾ ബിഷപ്പിനെ ആക്രമിക്കരുത്. തീവ്രവാദ സംഘടനകൾ പണം സമ്പാദിക്കാൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു, ഇതാണ് സത്യം." സുരേന്ദ്രന്റെ ഈ പ്രസ്താവനയില്‍ പറഞ്ഞതുപോലെ, ബിഷപ്പിന് അങ്ങനെ വല്ല അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് ലോകത്തോട് തുറന്നു പറയണം...ജനങ്ങള്‍ക്ക് അത് കേള്‍ക്കാനുള്ള ആഗ്രഹമുണ്ട്.... ആകാംക്ഷയുണ്ട്. അദ്ദേഹത്തിന് അത് പറയാനുള്ള ഉത്തരവാദിത്വവുമുണ്ട്. അതല്ല, വടക്കേ ഇന്ത്യയില്‍ ജാതി വോട്ട് നേടുന്നപോലെ കേരളത്തിലും മതസ്പര്‍ദ്ധ വളര്‍ത്തി ബിജെപിക്ക് പത്ത് വോട്ട് കൂടുതല്‍ നേടിക്കൊടുക്കാനാണ് ഈ പ്രസ്താവന നടത്തിയതെങ്കില്‍ ബിഷപ്പ് പൊതുസമൂഹത്തോട് മാപ്പു പറയണം.