Saturday, April 16, 2022

ഈസ്റ്റര്‍ - പ്രത്യാശയുടെ സന്ദേശം


 ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളാണ് ഈസ്റ്റര്‍. അവരുടെ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനവുമതാണ്. യേശുവിന്റെ കാലത്തെ മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും കാഴ്ചപ്പാടില്‍ കുറ്റക്കാരനായി വിധിച്ച് ക്രൂശിച്ചവനെ ദൈവം ഉയര്‍പ്പിച്ചു എന്നതിന്റെ ഓര്‍മ്മയാഘോഷമാണ് ഈസ്റ്റര്‍. ലോകത്തിന്റെ വിധി ദൈവം തിരുത്തിയതിന്റെ ഓര്‍മ്മ. അധികാരത്തിന്റെ ബലത്തിലും ആള്‍ക്കൂട്ടത്തിന്റെ ഒച്ചവെയ്ക്കലിലും യേശു കുറ്റക്കാരനാക്കപ്പെട്ടു. പക്ഷെ, യേശുവിന്റേത് ദൈവത്തിന്റെ വഴിയായിരുന്നു എന്ന് ദൈവം പ്രഖ്യാപിച്ചു.

സത്യാധിഷ്ഠിതമല്ലാത്ത ജനാധിപത്യത്തിന്റെയും ആള്‍ബലത്തിന്റേയും പേരില്‍ ഇന്നും ഇത്തരം ക്രൂശിക്കലുകളും പീഡനങ്ങളും നടക്കുന്നുണ്ട്. പൊതുജനാഭിപ്രായമോ ഭൂരിപക്ഷമോ അല്ല സത്യം സൃഷ്ടിക്കുന്നത്. സത്യത്തോടു വിധേയത്വം പുലര്‍ത്താത്തപ്പോള്‍ നമ്മുടെ വിധികളും അഭിപ്രായങ്ങളും യേശുവിനെ ക്രൂശിക്കുന്നവരുടേതുപോലെയാകാം. ആത്യന്തികമായ വിജയം ദൈവത്തിന്റേതാണ്. ദൈവം സത്യത്തെ വിജയത്തിലെത്തിക്കും. ഈ പ്രതീക്ഷയും വിശ്വാസവുമാണ് ഈസ്റ്റര്‍ നല്‍കുന്നത്.

മാനവ രക്ഷകനായ യേശുക്രിസ്തു സ്നേഹം പൂര്‍ണ്ണമായും വെളിപ്പെടുത്തിയത് കുരിശിലെ ബലിയിലൂടെയാണ്. പാപത്തിന്റേയും മരണത്തിന്റേയും മേലുള്ള മനുഷ്യന്റെ വിജയത്തിന് ഉറപ്പുനല്‍കിയ സംഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്. കുരിശില്‍ തറയ്ക്കപ്പെട്ടു മരിച്ചതിന്റെ മൂന്നാം നാള്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കലും കൂടിയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആയി ആചരിക്കുന്നത്. നിന്ദനവും പീഡനവും കുരിശുമരണവും പിന്നിട്ട്, കല്‍മുദ്രയും കാവലും തകര്‍ത്ത് യേശുവിന്‍റെ പുനരുത്ഥാനം. അതിന്‍റെ ദിവ്യസ്മരണ പുതുക്കുന്നതോടൊപ്പം, സഹനവും സ്നേഹവും സമാധാനവും നിലനില്‍ക്കാനും, പരസ്പരവിശ്വാസത്തോടെ സഹവര്‍ത്തിക്കാനും ലോകജനതയെ ഉദ്ബോധിപ്പിക്കുന്ന സുദിനം. തന്നെയുമല്ല, വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന ദിവസം കൂടിയാണ് ഓരോ ഈസ്റ്ററും ആഘോഷിക്കുന്നത്. സുഖദമായ ഒരു ഓര്‍മ്മയുടെ സുദിനം. ക്രൂശിതനായ യേശുദേവന്‍ പീഡനാനുഭവങ്ങളെ അതിജീവിച്ച് ഉത്ഥാനത്തിന്‍റെ സന്ദേശം ലോകത്തിനു പ്രഘോഷണം ചെയ്ത ഈസ്റ്റര്‍ ദിനം.

യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു നല്‍കുന്ന വിജയപ്രതീക്ഷയിലൂടെയാണ് ക്രൈസ്തവര്‍ അവരുടെ ജീവിതത്തിലെ പാപത്തിന്റേയും സഹനത്തിന്റേയും മരണത്തിന്റെയും അനുഭവങ്ങളെ സമീപിക്കുക. പാപവും അതിന്റെ ഫലമായ മരണവും ഉയിര്‍പ്പിന്റെ അവസരത്തില്‍ നാം വിചിന്തന വിഷയമാക്കേണ്ടതാണ്. എത്ര നിസ്സാരമെന്നു മനുഷ്യന്‍ കരുതുന്ന പാപവും ദൈവത്തിന്റെ തിരുഹിതത്തോടുള്ള നിഷേധം ഉള്‍ക്കൊള്ളുന്നുണ്ട്. മനുഷ്യന് നല്‍കപ്പെട്ട മഹത്വവും ദൈവികഛായയും സാദൃശ്യവും നഷ്ടമാകത്തക്കവിധം ദൈവഹിതത്തിന് എതിരായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതായി നാം കാണുന്നുണ്ട്. ദൈവം തന്നെ നല്‍കിയ ബുദ്ധിയും ഇച്ഛയും സ്വാതന്ത്ര്യവും ഉപയോഗിച്ചാണ് മനുഷ്യന്‍ ദൈവത്തിന്റെ ഹിതത്തില്‍ നിന്ന് വ്യത്യസ്ഥരാമ തെരഞ്ഞെടുപ്പുകള്‍ നടത്തുക. ഇതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത് ദൈവഹിത തിരസ്ക്കാരം മാത്രമല്ല, പ്രസ്തുത അവന്റെ തന്നെ സ്വഭാവത്തിന് യോജിക്കാത്തതും അതിനെ നിരാകരിക്കുന്നതുമായവ അവന്‍ തെരഞ്ഞെടുക്കുന്നു എന്നതാണ്. ഇത് മനുഷ്യന്റെ നന്മയെ നിഷേധിക്കുന്നതായ പാപത്തിന്റെ വഴിയാണ്.

സ്വന്തം പീഡാനുഭവങ്ങളിലൂടെ വലിയൊരു സന്ദേശമാണ് യേശുനാഥന്‍ മാനവരാശിക്കു നല്‍കുന്നത്, എല്ലാ തിന്മകളെയും അതിജീവിച്ച് യഥാര്‍ഥ വിശ്വാസി ദൈവവഴിയില്‍ എത്തിച്ചേരുമെന്ന സന്ദേശം. നവീകരണത്തിന്‍റെ മാര്‍ഗമാണ് കുരിശിന്‍റെ വഴിയും വലിയ നോമ്പോചരണവും. മാനവികമായ തെറ്റുകളില്‍ നിന്നു മാനസാന്തരപ്പെട്ട് പുതിയ ജീവിതശൈലിയിലേക്കുള്ള ദിശമാറ്റമായാണ് ഈസ്റ്ററിനെ വിശ്വാസ സമൂഹം കാണുന്നതും. ഉയര്‍ത്തെഴുന്നേല്പ് നല്‍കുന്ന സ്‌നേഹ സന്ദേശം, മനുഷ്യമനസ്സിലെ നന്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്ന് നമ്മെ ഈസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. നമ്മില്‍ നിന്നും ഓടി മറഞ്ഞുകൊണ്ടിരിക്കുന്ന നന്മയെ തിരികെ കൊണ്ടുവരാന്‍ ഈസ്റ്റര്‍ ആഘോഷം നമുക്ക് പ്രചോദനമാകട്ടെ.

ലോകമെങ്ങും അശാന്തിയും യുദ്ധവും നടക്കുമ്പോള്‍, നെടുവീര്‍പ്പിലും ഞെരുക്കത്തിലും ലോക ജനത കഴിയുമ്പോള്‍ ശാശ്വത സമാധാനത്തിനായി ക്രിസ്തു തന്‍റെ ജീവിതത്തിലൂടെ കാണിച്ചു തന്ന സന്ദേശം മഹനീയമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ആ മാതൃക മാറ്റോടെ തിളങ്ങുന്നു. ലോകം മുഴുവന്‍ കീഴ്മേല്‍ മറിഞ്ഞാലും എന്‍റെ വചനങ്ങള്‍ മാഞ്ഞുപോകില്ലെന്ന് ഓര്‍മിപ്പിക്കുന്നു. വിശുദ്ധ വാരത്തിലൂടെ യേശുവിന്‍റെ ജീവിത സ്മരണകളെ അനുസ്മരിച്ചു കടന്നുപോകുമ്പോള്‍ ഓര്‍ക്കപ്പെടുന്നതും പരസ്പരം സ്നേഹിക്കാനും ത്യാഗം ചെയ്യാനുമുള്ള സന്നദ്ധതയാണ്. അതാകട്ടേ ഈ കലുഷിത ലോകത്തിനു നല്‍കാവുന്ന ഏറ്റവും വലിയ സന്ദേശം.