ചുക്കിച്ചുളിഞ്ഞ്, അഴുക്കും പൊടിയും പിടിച്ച് മുഷിഞ്ഞ സഞ്ചിയില്‍നിന്നും വീണ്ടും അയാള്‍ ഒരു റൊട്ടിക്കഷ്ണം തപ്പിയെടുത്തു. തന്റെ ശരീരത്തിലേക്ക് കത്തിയമരുന്ന സൂര്യകിരണങ്ങളില്‍നിന്നും അല്‍പമൊന്ന് തെന്നിമാറി തെരുവോരത്തെ ആ വൃക്ഷത്തിന്‍മേല്‍ ചാരിയിരുന്നു. അല്പം വിശ്രമിക്കാന്‍ ഒരിടം കിട്ടിയ ആശ്വാസത്തില്‍ അയാളിലൂടെ ഒരു ദീര്‍ഘനിശ്വാസം കടന്നുപോയി.
വൃക്ഷത്തിന്മേല്‍ ചാരിയിരുന്ന് ഉണക്കറൊട്ടി ചവച്ചുകൊണ്ടിരിക്കവേ വയറൊട്ടിയ സഞ്ചിയിലേക്കുതന്നെ അയാള്‍ നോക്കി. ഇനിയൊരു കഷ്ണം റൊട്ടിപോലും അതില്‍ ശേഷിപ്പില്ലെന്ന് അയാളറിത്തു. ഈ അവസ്ഥയില്‍ എങ്ങനെ യാത്ര തുടരും എന്നയാള്‍ ചിന്തിച്ചു. അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും ഏതോ ഒരു നിശ്ചയദാര്‍ഢ്യത ഉരുണ്ടുരുണ്ടുവന്ന് അയാളുടെ ക്ഷീണിച്ച കണ്ണുകള്‍ക്ക് തിളക്കമേകി. മരച്ചില്ലുകളുടെ മണ്ണില്‍ പതിത്തുകിടന്ന നിഴലുകളിലേക്ക് നോക്കി ഒരു ദീര്‍ഘനിശ്വാസം കൂടി പൊഴിച്ചുകൊണ്ട് യാത്ര തുടരാനായി അയാള്‍ എഴുന്നേറ്റു.
യാന്ത്രികമായ വിരലനക്കങ്ങളിലൂടെ വയറൊട്ടിയ സഞ്ചിയടക്കമുള്ള വലിയ യാത്രാഭാണ്ഠം അയാളുടെ ചുമലിലേക്ക് വലിഞ്ഞു കയറി. സുദീര്‍ഘമായ യാത്രയിലുടനീളം ഭാരിച്ച ഭാണ്ഠം തൂക്കിയിട്ട ചുമലിലെ തൊലിയില്‍ ഇതിനകം തഴമ്പ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. എന്നിട്ടും ഭാണ്ഠത്തിന്റെ തൂക്കുകയര്‍ ചുമലിലൂടെ വലിഞ്ഞു മുറുകുമ്പോള്‍ തൊലിയില്‍ നീറുന്ന വേദന. പക്ഷേ, തൊലിപ്പുറത്തെ ഈ വേദനയൊന്നും യാത്രയുടെ തടസ്സമായി കാണാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. കണ്ണുകളെ അകലേക്ക് പായിച്ചുകൊണ്ട് പടിഞ്ഞാറേ ദിക്ക് ലക്ഷ്യമാക്കി അയാള്‍ നടന്നു.
നിറയെ വെള്ളക്കൊക്കുകള്‍ കൂടുകൂട്ടിയ ഒരു മാവിന്റെ ചുവട്ടില്‍ അയാള്‍ വീണ്ടും തളര്‍ന്നിരുന്നു. തളര്‍ച്ച ബാധിച്ചുതുടങ്ങിയ കണ്ണുകള്‍ കൊണ്ട് ആകാശത്തേക്ക് കഴുത്തുയര്‍ത്തി വെറുതെ ഒന്നു നോക്കി. തങ്ങളുടെ നിളമുള്ള തൂവെള്ള ചിറകുകള്‍ വിടര്‍ത്തി ചുറ്റുഭാഗത്തുനിന്നും മാവിന്‍ ചില്ലകളിലേക്ക് പറന്നടുക്കുന്ന കൊക്കുകളുടെ സന്ദര്യം കണ്‍പോളകളുടെ തളര്‍ച്ചയെ ശമിപ്പിക്കുന്നതായി അയാള്‍ക്കു തോന്നി. തന്റെ തലയ്ക്കു മുകളില്‍, മാവിന്‍ ചില്ലകളില്‍ പരസ്പരം ശൃംഗരിച്ചും ചിറകിട്ടടിച്ചും സംഘനൃത്തമാടുന്ന കൊക്കുകളെത്തന്നെ നോക്കിയിരിക്കേ ഏതോ ദാര്‍ശനിക വിചാരത്തില്‍ അയാള്‍ മുങ്ങി. ധവളിമയാര്‍ന്ന ഉടയാടകളണിഞ്ഞ് ആകാശത്തു നിന്നുമിറങ്ങിവന്ന മാലാഖമാരാണോ ഇവര്‍ എന്നൊരു സുന്ദരഭാവന ഒരു നിമിഷം അയാളുടെ അകതാരില്‍ വിരിഞ്ഞുനിന്നു.
അടുത്ത നിമിഷം അയാള്‍ അയാളിലേക്കുതന്നെ തിരിച്ചുവന്നു. താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം വിയര്‍പ്പും ചെമ്മണ്ണും പുരണ്ട് മധ്യാഹ്നം പിന്നിട്ട ആകാശത്തിന്റെ നിറമായിത്തുടങ്ങിയത് ശ്രദ്ധയില്‍ പതിഞ്ഞു. തന്റെ കൈയിലെ സഞ്ചിയിലേക്കും കണ്ണോടിച്ചു. അതിനകത്ത് ഒന്നുമുണ്ടായിരുന്നില്ലെന്നും അയാള്‍ക്കറിയാമായിരുന്നു. എങ്കിലും പുകയുന്ന വയറിനെ സാക്ഷിനിര്‍ത്തി അബോധമായ ഏതോ പ്രേരണയാലെ അയാളുടെ കൈപ്പത്തി സഞ്ചിയിലേക്ക് നിങ്ങി. സഞ്ചിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന കൈയില്‍ പക്ഷെ, അത്ഭുതമെന്നോണം ഒരു കഷ്ണം റൊട്ടിയുണ്ടായിരുന്നു. യാതൊതു ഭാവമാറ്റവുമില്ലാതെ ആ റൊട്ടിക്കഷ്ണം കാര്‍ന്നു തിന്നു. കരിഞ്ഞുണങ്ങിയ വയറിന്റെ ഏതോ ഒരു മൂലയില്‍ വിശ്രമിക്കാന്‍ മാത്രമേ ആ റൊട്ടിക്കഷ്ണത്തിനാകുമായിരുന്നുള്ളൂ. എങ്കിലും, ഈ യാത്രയിലുടനീളം താനൊരിക്കലും വയറു നിറയെ തിന്നിരുന്നില്ലല്ലോ എന്നയാള്‍ ആശ്വാസം കൊണ്ടു.
തളര്‍ച്ച മാറിയോ എന്നുറപ്പുവരുത്താനൊന്നും നില്‍ക്കാതെ അയാള്‍ വിണ്ടും യാത്ര തുടര്‍ന്നു. പൊള്ളുന്ന പുഴിയിലൂടെയും കാലാണ്ടുപോകുന്ന ചതുപ്പു നിലങ്ങളിലൂടെയും നഗ്നപാദനായി നടന്നു നീങ്ങി. തളര്‍ച്ച തികട്ടിവരുമ്പോഴൊക്കെ ഹൃദയാന്തരാളത്തില്‍നിന്നും ഒരു ഘോഷയാത്രയായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ദീര്‍ഘ നിശ്വാസങ്ങള്‍ പ്രാര്‍ത്ഥനകളെന്നപോലെ യാത്രയിലുടനീളം അയാളുടെ ശ്വാസനാളത്തെ വിമലികരിച്ചുകൊണ്ടിരുന്നു. ആട്ടിടയന്മാര്‍ ആട്ടിന്‍വറ്റങ്ങളെ തെളിച്ചു കൊണ്ടുപോയ കാല്‍പാടുകള്‍ പതിഞ്ഞ ഒരു കുന്നിന്‍ചെരുവില്‍ അയാള്‍ ഒരിക്കല്‍ കൂടി വിശ്രമിക്കാനിരുന്നു.
ചെന്നായ്ക്കള്‍ മാന്തിപ്പൊളിച്ച തന്റെ വലതു കക്ഷത്തിലെ മാംസപേശികള്‍ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും ചെന്നായ്ക്കളുടെ കടിയേറ്റ് ചോരയൊലിച്ചുകൊണ്ടിരുന്ന ആട്ടിന്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കുമെന്ന് ഒരു നിമിഷത്തേക്ക് അയാള്‍ ഉത്ക്കണ്ഠപ്പെട്ടു. വേഴാമ്പലുകള്‍ മലമുഴക്കിക്കരയാറുള്ള, രാത്രികാലങ്ങളില്‍ വെള്ളിടി വെട്ടാറുള്ള ഒരു താഴ്‌വരയില്‍ വെച്ചാണ് ചെന്നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ആത്മരക്ഷക്കായി ആര്‍ത്തുകരത്തുകൊണ്ട് ഓടുകയായിരുന്ന ആട്ടിന്‍കുട്ടിയെ രക്ഷിക്കുവാന്‍ തുനിഞ്ഞപ്പോഴാണ് ആക്രമണകാരികളായ ചെന്നായ്ക്കള്‍ അപ്രതീക്ഷിതമായി തന്റെ നേരെ പാഞ്ഞുവന്നത്. ചെന്നായ്ക്കളുമായി ഏറ്റുമുട്ടുന്നതിനിടയില്‍ ആട്ടിന്‍കുട്ടി എങ്ങോട്ടോ രക്ഷപ്പെട്ടിരുന്നു. മുറിവേറ്റ ശരീരവുമായി അയാള്‍ അടുത്തുകണ്ട പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അഭയം തേടി. ആ താഴ്‌വരയാകെ ആട്ടിന്‍കുട്ടിയുടെ ഇളം ചോരയ്ക്കായി ചെന്നായ്ക്കള്‍ പേപിടിച്ച പോലെ ഓടി നടന്നു.
മലഞ്ചെരുവില്‍നിന്നും പറിച്ചെടുത്ത ഏതോ ഓഷധച്ചെടിയുടെ ഇലയുടെ നീര് പിഴിഞ്ഞ് അയാള്‍ നീറുന്ന തന്റെ വലതു കക്ഷത്ത് തടവി. നീറ്റല്‍ അല്പം കുറഞ്ഞപ്പോള്‍ തൊട്ടടുത്ത പാറക്കല്ലില്‍ തലചായ്ച്ച് മയക്കത്തിലേക്കു വഴുതിവിണു. ഒരു ഫിലിം റോള്‍ ഇതള്‍ വിരിയുന്ന പോലെ പാതിയടത്ത കണ്‍കളിലേക്ക് ഭൂതകാലം ഇഴഞ്ഞു വരുന്നു. സൂര്യന് കീഴെ കത്തിനില്‍ക്കുന്ന പരുപരുത്ത മരുഭൂമി. അതില്‍ സഹനത്തിന്റെ പ്രതീകം പോലെ തളരാതെ ചുവടുകള്‍ വെച്ചു നീങ്ങുന്ന ഒരൊട്ടകം. ഒട്ടകത്തിന്റെ കണ്‍കളില്‍
ഹേമന്ദത്തിന്റെ കുളിരുമായി ഒടുവില്‍ തന്നെ തേടിയെത്തുന്ന ഒരു മന്ദമാരുതനെക്കുറിച്ചുള്ള ഒടുങ്ങാത്ത പ്രതീക്ഷയുടെ തിളക്കം …! ഭൂതത്തില്‍ നിന്നും ഭാവിയിലേക്കുള്ള ഒരു കുതിച്ചു ചാട്ടം പോലെ പൊടുന്നനെ ഫിലിം റോളുകള്‍ കൂട്ടത്തോടെ തെന്നിമാറി… എവിടെയോ ഒരിടത്ത് ഒട്ടകം മുട്ടുകുത്തി… ഒരു നവവധുവിന്റെ പ്രണയാര്‍ദ്രമായ ആലിംഗനം പോലെ വര്‍ണഭംഗിയാര്‍ന്ന ഉടയാടകള്‍ വിടര്‍ത്തി പറന്നുവന്ന് മന്ദമാരുതന്‍ ഒട്ടകത്തെ പൊതിഞ്ഞു… ഒട്ടകം ഉന്മാദത്തിന്റെ സമതലങ്ങളിലൂടെ ആറാടി… നീരുറവകള്‍ കുതിച്ചുല്ലസിച്ചു പായുന്ന പാലാഴികളുടെ കളകളാരവങ്ങള്‍.. പ്രണയിനിമാരുടെ പാദസരക്കിലുക്കങ്ങള്‍ … കര്‍ണാനന്ദകരങ്ങളായ അനേകം സിംഫണികളുടെ ശീലുകളില്‍ ഒഴുകിയൊഴുകി വരുന്ന സംഘഗാനങ്ങള്‍….!
കൈയിലെന്തോ തുടരെത്തുടരെ കടിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു. നല്ലവണ്ണം കൊഴുത്തു ചുവന്ന മൂന്നുനാല് ഉറുമ്പുകളാണ്. നോക്കിയപ്പോള്‍ താന്‍ ചാരിക്കിടന്നിരുന്ന പാറക്കല്ലിന്റെ അടിഭാഗത്തുള്ള ഒരു മാളത്തില്‍ നിന്നും ഉത്ഭവിച്ച് തന്റെ മുന്നിലൂടെ തെല്ലകലെയുള്ള വൃക്ഷച്ചുവട്ടിലേക്ക് നീണ്ടു പോകുന്ന പതിനായിരക്കണക്കിന് ഉറുമ്പുകളുടെ ജാഥ. ചുണ്ടില്‍ തൂക്കിപ്പിടിച്ച ഭാരവുമായി ഒന്നിനു പിന്നാലെ ഒന്നായി ചലിക്കുന്ന ആ ഉറുമ്പിന്‍നിരയിലൂടെ കണ്ണയച്ചു. ആ ചുവപ്പു രേഖയുടെ അറ്റം കണ്ടെത്താന്‍ അയാള്‍ക്കായില്ല. വൃക്ഷച്ചുവട്ടിലെത്തിയ രേഖ നേരെ വൃക്ഷത്തിന്റെ മുകളിലേക്ക് …. ഏറ്റവും വലിയ ശിഖരത്തിലൂടെ കൂടുതല്‍ ഉയരത്തിലേക്ക്.
എല്ലാ കാഴ്ചകളും കൂട്ടി വായിച്ചപ്പോള്‍ ഉള്ളില്‍ നിന്നുയര്‍ന്നുവന്ന ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ തന്റെ സഞ്ചിയിലേക്ക് നോക്കി. ക്ഷീണമകറ്റാന്‍ സഞ്ചിയിലൊന്നുമില്ലെന്ന അറിവ് അയാളെ നിരാശപ്പെടുത്തിയില്ല. തഴമ്പ് വീണ അയാളുടെ കൈപ്പത്തി പതിവ് യാന്ത്രികതയിലെന്നോണം സഞ്ചിയിലേക്ക് ഈഴ്‌ന്നിറങ്ങി. ഒരത്ഭുത വിദ്യ പോലെ അയാള്‍ സഞ്ചിയില്‍ നിന്നും ഒരു കഷ്ണം ഉണക്കറൊട്ടി കൂടി പുറത്തെടുത്തു. മനസ്സില്‍ ദൈവത്തിനോട് നന്ദിപറഞ്ഞ് ആ ഉണക്ക റൊട്ടി വായിലിട്ട് ചവച്ചരക്കാന്‍ തുടങ്ങി. സ്വാദിഷ്ടമായ ഒരു ഭക്ഷണ പദാര്‍ത്ഥമെന്നപോലെ അപ്പോള്‍ അയാളുടെ കണ്ണില്‍ തിളക്കവും ചുണ്ടില്‍ പുഞ്ചിരിയും കൂടുകെട്ടിയിരുന്നു.
തന്റെ ലക്ഷ്യമേതാണെന്ന തിരിച്ചറിവോടെ അയാള്‍ വീണ്ടും ചുവടുകള്‍ മുന്നോട്ടുവെച്ച് നടത്തമാരംഭിച്ചു. അയാളുടെ പാദങ്ങള്‍ നഗ്നമായിരുന്നെങ്കിലും ചരല്‍കല്ലുകള്‍ തുളച്ചു കയറുമ്പോഴുണ്ടാകുന്ന വേദന അറിയാതിരിക്കാന്‍ മാത്രം നിശ്ചയദാര്‍ഢ്യത മനസ്സ് നിറയെ അപ്പോള്‍ തളംകെട്ടി നിന്നിരുന്നു. കനത്ത ഭാണ്ഡം തോളില്‍ നിന്ന് അടര്‍ത്തി മാറ്റിയാലും വീഴാത്ത വിധം അള്ളിപ്പിടിച്ചു
കിടന്നിരുന്നു.
ഓരോ ചുവടുകളിലും കാലുകള്‍ ശ്രമപ്പെട്ട് എടുത്ത് വെച്ചുകൊണ്ട് നടന്നടുക്കുന്ന ആ ഏകാന്തപഥികനെ അകലെ ആകാശച്ചെരുവില്‍ ഭൂമിയില്‍ തലവെച്ചു വിശ്രമിക്കുന്ന അസ്തമയ സൂര്യന്‍ കണ്ടു. പഴുത്തു ചുവന്നു നില്‍ക്കുന്ന അസ്തമയ സൂര്യനെ അയാള്‍ ഗൗനിച്ച ലക്ഷണമേയില്ല. അസ്തമയസൂര്യനുമപ്പുറം മന്ദമാരുതന്‍ പാറിക്കളിക്കുന്ന, പ്രണയഗാനങ്ങളുടെ ശീലുകള്‍ നിറയുന്ന, പാലാഴികള്‍ കളകളാരവം മുഴക്കുന്ന, നക്ഷത്ര സത്രങ്ങളൊരുക്കി തന്നെ കാത്തിരിക്കുന്ന ഏതോ ഒരു ഭൂമിക, അത് മാത്രമായിരുന്നു അയാളുടെ അകക്കണ്ണില്‍ നിറഞ്ഞുനിന്നിരുന്ന ഒരേയൊരു ലക്ഷ്യം.