Saturday, July 16, 2011

മകന്റെ അച്ഛന്‍

കേരളാ രാഷ്‌ട്രീയത്തിലെ മക്കളുടെ അച്ഛന്‍മാരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്‌. സ്വാശ്രയപ്രവേശനത്തില്‍ മക്കള്‍ക്ക്‌ സീറ്റ്‌ ഉറപ്പാക്കാന്‍ വേണ്‌ടിമാത്രം മക്കളുടെ അച്ഛന്‍മാരായിമാറിയ അടൂര്‍ പ്രകാശിനും അബ്‌ദുറബ്ബിനും വി.വി.രമേശനും പിന്നാലെ ആദര്‍ശത്തിന്റെ ആള്‍രൂപവും അഴിമതിയുടെ അന്തകനുമായ സാക്ഷാല്‍ വി.എസ്‌.അച്യുതാനന്ദന്‍ തന്നെ അധികാരമൊഴിയുന്നതിനുമുമ്പ്‌ മകനെ ഐസിടി അക്കാദമി ഡയറക്‌ടറായി നിയമിച്ചതിലൂടെ ഒരുനിമിഷത്തേങ്കിലും മകന്റെ അച്ഛനായി എന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. വി.എസ്‌ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണെങ്കിലും നിയമസഭയുടെ ചരിത്രത്തില്‍ തന്നെ രണ്‌ടാമത്തെ തവണ ഒരു അഴിമതി ആരോപണത്തെക്കുറിച്ച്‌ നിയമസഭാസമിതി അന്വേഷണം നടത്താന്‍ പോവുകയാണ്‌. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കാം.

അതിനുമുമ്പ്‌ ആരോപണമുയര്‍ന്ന പശ്ചാത്തലമൊന്നു പരിശോധിക്കാം. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തത്തോടെയാണ്‌ ഐടി വകുപ്പിന്‌ കീഴില്‍ സംസ്ഥാനത്താകെ അധികാരപരിധിയുള്ള ഐസിടി അക്കാദമി രൂപവത്‌കരിക്കാന്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചത്‌. എന്നാല്‍ ഐഎച്ച്‌ആര്‍ഡി നിലവിലുള്ളതിനാല്‍ സ്വകാര്യ പങ്കാളിത്തം ഒഴിവാക്കി സഹകരണസംഘമായി രൂപവത്‌കരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സഹകരണസമിതിയായാണ്‌ രൂപവത്‌കരിച്ചതെങ്കിലും അതിന്റെ ഭരണസമിതി ഒരുതവണ പോല ും യോഗം ചേര്‍ന്നിട്ടില്ല. ഭരണസമിതിയാണ്‌ ഡയറക്‌ടറെ തെരഞ്ഞെടുക്കേണ്‌ടത്‌. എന്നാല്‍ അത്തരമൊരു തീരുമാനം ഭരണസമിതി കൈക്കൊണ്‌ടിട്ടുമില്ല. സ്ഥാപനം സഹകരണസംഘമായി രജസിറ്റര്‍ പോലും ചെയ്യുന്നതിന്‌ മുമ്പ്‌ അരുണ്‍കുമാറിനെ ഡയറക്‌ടറായി നിയമിക്കാന്‍ മുഖ്യമന്ത്രിയായിരുന്നു വി.എസിന്റെ കീഴിലുള്ള ഐടി വകുപ്പ്‌ തീരുമാനിക്കുകയും ചെയ്‌തു. ഇതാണിപ്പോള്‍ വിവാദമായിരിക്കുന്നത്‌.

സാധാരണഗതിയില്‍ ഒരു സ്‌ഥാപനം രൂപീകരിച്ചശേഷമാണു ഡയറക്‌ടറെയും മറ്റും നിയമിക്കുക. എന്നാലിവിടെ, സ്‌ഥാപനം രൂപീകരിക്കുന്നതിനു മുന്‍പുതന്നെ ഡയറക്‌ടറായി അരുണ്‍കുമാര്‍ നിയമിക്കപ്പെടുകയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും തലമുതിര്‍ന്ന സിപിഎം നേതാക്കളില്‍ ഒരാളും ആറു പതിറ്റാണ്ടിന്റെ രാഷ്‌ട്രീയ പോരാട്ട പാരമ്പര്യമുള്ള വി.എസ്‌. അച്യുതാനന്ദന്‍ തന്റെ അവസാനകാലത്ത്‌ കെ.കരുണാകരന്‍ ചെയ്‌തതുപോലെ വെറുമൊരു മകന്റെ അച്ഛനായി തരംതാഴുമെന്ന്‌ സാധാരണഗതിയില്‍ ജനങ്ങള്‍ അവിശ്വസിക്കേണ്‌ടതാണ്‌. എന്നാല്‍ രേഖകള്‍ സംസാരിക്കുന്ന തെളിവുകളായി മുന്നില്‍ നില്‍ക്കുമ്പോള്‍ വി.എസ്‌. എന്ന വിഗ്രഹവും ഉടയുകയാണോ എന്ന ആശങ്കയിലാണ്‌ ജനങ്ങളും.

അരുണ്‍കുമാറിനെ ഐസിടിയുടെ ഡയറക്‌ടറും മെംബര്‍ സെക്രട്ടറിയുമായി വെറുതെയങ്ങ്‌ നിയമിക്കുകയല്ല ചെയ്‌തത്‌. ഒന്നര ലക്ഷം രൂപ പ്രതിമാസ ശമ്പളവും ആറുവര്‍ഷ കാലാവധി അനുവദിക്കുകയും ചെയ്‌തു. അരുണ്‍കുമാറിനെ ഐഎച്ച്‌ആര്‍ഡി ഡയറക്‌ടറായി നിയമിച്ചതിന്റെ വിവാദങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന്‌ തൊട്ടുമുമ്പ്‌ഇത്തരമൊരു നിയമനമെന്നതും ശ്രദ്ധേയമാണ്‌. ആറുവര്‍ഷ കാലാവധിയും പ്രത്യേകം ശ്രദ്ധിക്കേണ്‌ടതാണ്‌.

യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി പടയിറങ്ങി അടുത്ത സര്‍ക്കാര്‍(എല്‍ഡിഎഫ്‌ അയിരിക്കുമെന്ന പ്രതീക്ഷയില്‍) വരുന്നതുവരെ മകന്‌ സുഭിക്ഷമായി ഉണ്‌ടും ഉറങ്ങിയും കഴിയാനുള്ള വക അച്ഛനായ അച്യുതാനന്ദന്‍ ഒരുക്കിക്കൊടുത്തു എന്ന്‌ സാരം. അരുണ്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ വി.എസിന്റെ ആദര്‍ശക്കുപ്പായത്തില്‍ തുളകള്‍ വീഴത്തുന്നത്‌ ഇതാദ്യമല്ല.

പ്രതിപക്ഷ നേതാവായിരിക്കെ വി.എസ്‌ ഓണ്‍ലൈന്‍ ലോട്ടറികളുടെ പകല്‍ കൊള്ളയ്‌ക്കെതിരെ പോരാടുന്ന കാലത്ത്‌ അരുണ്‍കുമാറിന്റെ ഭാര്യ പങ്കാളിയായ ഒരു സ്‌ഥാപനം കേരളത്തില്‍ നിര്‍ബാധം ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. അരുണ്‍കുമാര്‍ ചന്ദനമാഫിയയുമായി ബന്ധപ്പെട്ടുവെന്നും സ്‌മാര്‍ട്‌ സിറ്റിയുമായി ബന്ധപ്പെട്ട്‌ കോടികളുടെ അഴിമതി നടത്തിയെന്നുമുള്ള യുഡിഎഫ്‌ ആരോപണങ്ങള്‍ വെറും ആരോപണങ്ങളായി ഒഴിച്ചുനിര്‍ത്തിയാല്‍പോലും വി.എസിനും ഉത്തരംമുട്ടുന്ന ചിലകാര്യങ്ങളുണ്‌ട്‌.

1993ല്‍ കേവലം എംസിഎ ബിരുദവുമായി ഒരു `അണ്‍പെയ്‌ഡ്‌ ട്രെയിനി മാത്രമായി ഐഎച്ച്‌ആര്‍ഡിയില്‍ ചേര്‍ന്ന അരുണ്‍കുമാര്‍ ഒരു ദിവസത്തെ അധ്യാപന പരിചയമോ പിഎച്ച്‌ഡിയോ പോലുമില്ലാതെ, 2010ല്‍ ഒരു ലക്ഷത്തിനടുത്തു രൂപ ശമ്പളം വാങ്ങുന്ന (പ്രോ വൈസ്‌ ചാന്‍സലര്‍ വാങ്ങുന്ന ശമ്പളം) പ്ലാനിംഗ്‌ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്റെ ചുമതലയുള്ള അഡീഷനല്‍ ഡയറക്‌ടറായും, ഫിനിഷിങ്‌ സ്‌കൂളിന്റെ ഡയറക്‌ടറായും ഉയര്‍ന്നത്‌ പിതൃവാത്സല്യമില്ലാതെയാണെന്ന്‌ പറഞ്ഞാല്‍ അത്‌ ഒരുപക്ഷെ വി.എസിന്റെ വക്താക്കള്‍ പോലും വിശ്വസിക്കുമെന്ന്‌ തോന്നുന്നില്ല.

അതുപോലെ തന്നെ 75000 ഫീസ്‌ നല്‍കേണ്‌ട തിരുവനന്തപുരം ഗോള്‍ഫ്‌ ക്ലബില്‍ അരുണ്‍കുമാര്‍ ആജീവനാന്ത അംഗമായതെങ്ങനെ എന്നതിനും കൃത്യമായ ഉത്തരം നല്‍കാന്‍ വിഎസിനാവില്ല. ഇതുസംബന്ധിച്ച്‌ ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ഗോള്‍ഫ്‌ ക്ലബ്ബില്‍ പോകുന്നതിനെ തമാശയിലൂടെ ലളിതവല്‍ക്കരിക്കാനായിരുന്നു വി.എസ്‌. പണ്‌ട്‌ ശ്രമിച്ചത്‌. `കളിച്ചു ക്ഷീണിക്കുമ്പോള്‍ അല്‍പം മദ്യപിച്ചാലെന്താണ്‌ എന്നാണു ഗോള്‍ഫ്‌ ക്ലബിലെ മദ്യപാനത്തെക്കുറിച്ചു മകനുമായി ബന്ധപ്പെട്ട്‌ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിഎസ്‌ പ്രതികരിച്ചത്‌.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ മാത്രമായ തന്റെ മകന്‍ ലക്ഷങ്ങള്‍ മുടക്കി, അതിസമ്പന്നന്മാര്‍ക്ക്‌ മാത്രം പോകാന്‍ കഴിയുന്ന ക്ലബ്ബില്‍ പോകുന്നതിനെ വിഎസിനെപോലൊരു ജനകീയ നേതാവ്‌ ഇത്തരത്തില്‍ ന്യായീകരുച്ചത്‌ അന്ന്‌ ജനങ്ങളെപ്പോലും അതിശയിപ്പിക്കുകയും ചെയ്‌തിരുന്നു. എന്തൊക്കെയായായലും ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന നിലപാടെടുക്കാനുള്ള ആര്‍ജവം കാണിച്ചതിലൂടെ പുത്രവാല്‍സല്യത്താന്‍ അന്ധനായിപ്പോയ കേരള രാഷ്‌ട്രീയത്തിലെ മറ്റൊരു കരുണാകനായി വിഎസ്‌ മാറിയില്ലെന്ന്‌ നമുക്ക്‌ ആശ്വസിക്കാം. ഒപ്പം അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും വി.എസ്‌ ആദര്‍ശത്തിന്റെ ആള്‍രൂപവും അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പ്രതിരൂപവുമായി ജനമനസ്സില്‍ തുടരുമെന്നും.



No comments:

Post a Comment