Thursday, August 25, 2011

`രാജാവ്‌ നഗ്നനാണ്‌'

പണ്ട്‌ പണ്ട്‌ ജീവിച്ചിരുന്ന ഒരു രാജാവിന്റെ കഥയാണ്‌. ഒരു കൂട്ടം ഉപജാപകസംഘത്തിന്റെയും സ്‌തുതിപാഠകരുടേയും വലയത്തില്‍ രാജാവ്‌ അങ്ങനെ വാണരുളി. അവരെന്തുപറഞ്ഞാലും അതപ്പാടെ വിശ്വസിച്ച്‌ പാരിതോഷികങ്ങള്‍ വാരിക്കോരി കൊടുക്കും. രാജ്യത്തെക്കുറിച്ചോ പ്രജകളെക്കുറിച്ചോ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രാജാവ്‌.

തങ്ങള്‍ എന്തുപറഞ്ഞാലും കണ്ണടച്ച്‌ വിശ്വസിക്കുന്ന ഈ രാജാവിനെ വിഡ്‌ഢിവേഷം കെട്ടിക്കാന്‍ ഒരു ദിവസം അവര്‍ തീരുമാനിച്ചു. ചൈനയില്‍ നിന്ന്‌ ഒരു അത്ഭുത വസ്‌ത്രം വാങ്ങാന്‍ കിട്ടുമെന്നും, അത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ സ്വര്‍ക്ഷരാജ്യത്തുനിന്നുകൊണ്ടുവന്ന, ചൈനയില്‍ മാത്രം കിട്ടുന്ന ഒരുതരം സില്‍ക്ക്‌ കൊണ്ടാണെന്നും രാജാവിനെ ധരിപ്പിച്ചു. ആ സില്‍ക്കുകൊണ്ട്‌ നിര്‍മ്മിക്കുന്ന വസ്‌ത്രം നഗ്നനേത്രങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയാത്തത്ര സുതാര്യമാണെന്നും രാജാവിനെ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. വിഡ്‌ഢിയായ രാജാവ്‌ അതു വിശ്വസിക്കുകയും,ആ വസ്‌ത്രം കൊണ്ടുവരാന്‍ കല്‌പന കൊടുക്കുകയും ചെയ്‌തു.

ഒരു ദിവസം രാജാവിനെ വിവസ്‌ത്രനാക്കി സില്‍ക്കുകൊണ്ടുണ്ടാക്കിയ വസ്‌ത്രം ധരിപ്പിക്കുന്നതുപോലെ അവര്‍ അഭിനയിച്ചു. പൂര്‍ണ്ണ നഗ്നനായ രാജാവ്‌ പരിവാരസമേതം രാജവീഥിയിലൂടെ നടന്നു നീങ്ങി. നഗ്നനായി നടന്നുപോകൂന്ന രാജാവിനെ നോക്കി ജനങ്ങള്‍ ആര്‍പ്പു വിളിച്ചു , കൈവീശി. തന്റെ സ്വര്‍ക്ഷീയ സില്‍ക്ക്‌ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ തന്നെ അഭിനന്ദിക്കുന്നതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജാവ്‌ എല്ലാവര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിച്ച്‌ നടന്നു നീങ്ങി.

പക്ഷേ, കുറെ ദൂരം ചെന്നപ്പോള്‍ രാജാവ്‌ പെട്ടെന്ന്‌ നിന്നു. ഒരു മൂലയില്‍ ഒരു കുട്ടി നിന്ന്‌ രാജാവിനെ നോക്കി അടക്കിച്ചിരിക്കുന്നു. രാജാവ്‌ ഉടനെ ആ കുട്ടിയുടെ അടുത്തുചെന്ന്‌ ചിരിക്കുന്നതിന്റെ കാരണമാരാഞ്ഞു. എന്റെ പുതിയ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ കൈയ്യടിച്ച്‌ ആര്‍പ്പു വിളിക്കുമ്പോള്‍ നീ മാത്രം എന്തുകൊണ്ടാണ്‌ ചിരിക്കുന്നതെന്നു രാജാവ്‌ ചോദിച്ചു.നിഷ്‌ക്കളങ്കനായ ആ കുട്ടി പറഞ്ഞു `രാജാവേ, അങ്ങ്‌ നഗ്നനാണ്‌.' ങ്‌ഹേ, ഞാന്‍ നഗ്നനോ രാജാവ്‌ ആശ്ചര്യപ്പെട്ടു. `അതേ മഹാരാജാവേ, അങ്ങ്‌ വിവസ്‌ത്രനാണ്‌.' കുട്ടിയുടെ വാക്കുകള്‍ കേട്ട്‌ രാജാവ്‌ അമ്പരന്നു. തന്റെ സ്‌തുതിപാഠകരും ഉപജാപകരും തന്നെ വിഡ്‌ഢിയാക്കുകയായിരുന്നു എന്ന്‌ തിരിച്ചറിഞ്ഞ രാജാവ്‌ പിന്നീട്‌ പ്രജാവത്സനനായ രാജാവായി നാടു വാണു എന്നാണ്‌ കഥ.

ഏതാണ്ട്‌ സമാനമായ സംഭവമാണ്‌ മുഖ്യമന്ത്രിക്കുപ്പായമിട്ട്‌ പ്രതിപക്ഷ നേതാവിന്റെ ജോലി ചെയ്‌ത്‌ അഞ്ചു വര്‍ഷക്കാലം കേരളം ഭരിച്ച?വി.എസ്സിന്റെ കഥ. `എന്നെ അധികാരത്തിലേറ്റിയാല്‍ സ്‌ത്രീപീഡനക്കാരെ മുഴുവന്‍ കൈയ്യാമം വെച്ച്‌ തെരുവിലൂടെ നടത്തിച്ച്‌ ഇരുമ്പഴിക്കുള്ളിലാക്കും,നാട്ടിലെ എല്ലാ പെണ്ണുങ്ങള്‍ക്കും ഏത്‌ നട്ടപ്പാതിരാക്കും എവിടെ വേണമെങ്കിലും ഭയലേശമന്യേ ഒറ്റക്ക്‌ ഇറങ്ങി നടക്കാനുള്ള നിയമം കൊണ്ടുവരും' എന്ന്‌ ഉറപ്പു കൊടുത്തെങ്കിലും, അധികാരത്തിലെത്തിയപ്പോള്‍ നട്ടപ്പാതിര പോയിട്ട്‌ നട്ടുച്ച നേരത്തുപോലും പെണ്ണുങ്ങള്‍ക്ക്‌ വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായത്‌ പകല്‍പോലെ സത്യം. പെണ്ണുങ്ങള്‍ വഴിയിലിറങ്ങിയില്ലെങ്കില്‍ വീട്ടില്‍ കയറി പീഡിപ്പിക്കുന്ന അവസ്ഥവരെയായി. ചുരുക്കിപ്പറഞ്ഞാല്‍ അഞ്ചു കൊല്ലംകൊണ്ട്‌ കേരളത്തിലെ ജനസംഖ്യയില്‍ പീഡനക്കാരുടെ എണ്ണം കൂടി യതുമാത്രം ബാക്കി.

കൈവിട്ടുപോയ ഭരണം തിരിച്ചുകിട്ടിയ സന്തോഷത്തോടെ മുഖ്യമന്ത്രിപദം ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടി മനസ്സമാധാനത്തോടെ ഒന്നു ഭരിച്ചു കളയാമെന്നു വെച്ചാണ്‌ അധികാരക്കസേരയിലിരുന്നത്‌. ഏതായാലും ഉമ്മന്‍ചാണ്ടി ഭരണത്തിലെത്തി അധികകാലം കഴിയുന്നതിനു മുന്‍പ്‌ കേരളം ലോകഭൂപടത്തില്‍ ഏറ്റവും സമ്പന്ന സംസ്ഥാനമായി. അനന്തപുരിയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികളുടെ സ്വത്ത്‌ ഭൂഗര്‍ഭ അറകളില്‍ ഭദ്രമായിരിക്കുന്നിടത്തോളംകാലം കേരളം കോടീശ്വരി തന്നെ.`ദരിദ്രരായ അത്താഴപ്പട്ടിണിക്കാര്‍ അന്തിയുറങ്ങുന്ന കോടീശ്വരിയായ കേരളം' എന്ന്‌ വേണമെങ്കില്‍ നമുക്കഭിമാനിക്കാം.

കേരളത്തില്‍ നടന്നുകൊണ്ടിരുന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന്‌ തലപുകഞ്ഞാലോചിച്ച്‌ ഒരു നൂറു ദിവസത്തെ സാവകാശം ചോദിച്ച്‌ തട്ടിയും മുട്ടിയുമങ്ങനെ പോയിക്കൊണ്ടിരുന്നപ്പോഴാണ്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പ്രശ്‌നം സര്‍ക്കാരിന്‌ തലവേദന സൃഷ്ടിച്ചത്‌. ജനങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തൊഴിലില്ലാതെ ജനങ്ങള്‍ നരകയാതന അനുഭവിച്ചാലും വേണ്ടില്ല, ആവശ്യമായ ചികിത്സ കിട്ടാതെ ആശുപത്രികളില്‍ രോഗികള്‍ മരിച്ചുവീണാലും വേണ്ടില്ല,?ഖജനാവില്‍ പണമില്ലെങ്കിലും വേണ്ടില്ല കടം വാങ്ങിയെങ്കിലും ഭഗവാന്റെ സ്വത്ത്‌ സംരക്ഷിക്കുകതന്നെ ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്ത ഉമ്മന്‍ചാണ്ടിക്ക്‌ തലവേദന സൃഷ്ടിച്ചുകൊണ്ട്‌?അതാ വി.എസ്സ്‌. വീണ്ടും തന്റെ സ്വതസിദ്ധമായ ശൈലിയുമായി രംഗത്തെത്തി.

ഇത്തവണ വി.എസ്സി.ന്റെ ചൂണ്ടയില്‍ കൊത്തിയത്‌ കുഞ്ഞാലിക്കുട്ടിയോ, മുനീറോ അല്ല. സാക്ഷാല്‍ ഉത്രാടം തിരുനാള്‍ മഹാരാജാവ്‌ തന്നെ. `രാജാവ്‌ കള്ളനാണെന്ന്‌' വിളിച്ചു പറയാന്‍ വി.എസ്സിന്‌ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പാല്‌പായസവും നിവേദ്യവുമൊക്കെയാണെന്നു പറഞ്ഞ്‌ രാജാവും കുടുംബാംഗങ്ങളും പാത്രങ്ങളിലാക്കി കൊട്ടാരത്തിലേക്ക ്‌ കൊണ്ടുപോകുന്നത്‌ ക്ഷേത്രത്തിലെ സ്വര്‍ണ്ണവും വെള്ളിയുമൊക്കെയാണെന്നാണ്‌ വി.എസ്സിന്റെ കണ്ടുപിടുത്തം ! നിലവറകളിലുള്ള സ്വത്തുക്കളെല്ലാം അവര്‍ കട്ടുകൊണ്ടു പോകുകയാണെന്നും വി.എസ്സ്‌ പറയുന്നു. വി.എസ്സ്‌. നടത്തിയ മറ്റു പ്രസ്‌താവനകളൊക്കെ തള്ളിക്കളഞ്ഞാലും, ഈ പ്രസ്‌താവന അല്‌പം അതിരു കടന്നതായിപ്പോയില്ലേ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ

ആര്‍ക്കെങ്കിലും ആരെയെങ്കിലും ആക്ഷേപിക്കണമെങ്കിലോ അപഹാസ്യരാക്കണമെങ്കിലോ വി.എസ്സിനെ ചെന്ന്‌ കണ്ട്‌ ഒരു വെള്ളക്കടലാസില്‍ എഴുതിക്കൊടുത്താല്‍ മതി. നിമിഷങ്ങള്‍ക്കകം അദ്ദേഹം പത്രസമ്മേളനം നടത്തി നാടാകെ നാറ്റിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ ക്ഷേത്രത്തില്‍ നിന്ന്‌ പിരിച്ചു വിട്ട രണ്ട്‌ ജീവനക്കാര്‍ പറഞ്ഞതുകൊണ്ടാണ്‌ താനത്‌ പറഞ്ഞതെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ നിന്ന്‌ മനസ്സിലാകുന്നത്‌.

ഒരു സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി ഇങ്ങനെയുള്ള പ്രസ്‌താവനകള്‍ വിളിച്ചു പറയുന്നത്‌ സാംസ്‌ക്കാരിക കേരളത്തിനും, ജനങ്ങള്‍ക്കും അപമാനമാണ്‌. വി.എസ്സിന്റെ പ്രസ്‌താവനക്കെതിരെ എതിര്‍പ്പുമായി രാജകുടുംബവും വിവിധ സംഘടനകളും രംഗത്തെത്തിയപ്പോള്‍, താന്‍ പറഞ്ഞത്‌ തിരുത്താനല്ല അദ്ദേഹം തുനിഞ്ഞത്‌. പറഞ്ഞത്‌ ന്യായീകരിക്കാനും വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകാനും മടിക്കില്ലെന്നും തട്ടി വിട്ടു. നോക്കണേ കലികാലം.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പാല്‌പായസത്തില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആക്ഷേപം തന്റേതല്ല, തനിക്കു ലഭിച്ച പരാതിയില്‍ ഒരെണ്ണം താന്‍ പറഞ്ഞെന്നേ ഉള്ളൂ എന്നൊക്കെ പറഞ്ഞാല്‍ ആരാണ്‌ വിശ്വസിക്കുക. കളവു നടന്നാല്‍ നേരെ പോലീസ്‌ സ്റ്റേഷനിലല്ലേ പരാതി പറയേണ്ടത്‌. ആരോപണമുന്നയിച്ച വ്യക്തി തന്നെ കോടതിയില്‍ പോകുമെന്ന്‌ പറയുന്നതിലെന്തു ന്യായം. വാദിയും, പ്രതിയും, പോലീസും, വക്കീലും, ജഡ്‌ജിയും ഒരാള്‍ തന്നെയായാലെങ്ങനെ നീതി ലഭിക്കും ഏതായാലും ഒരു തരംഗം സൃഷ്ടിക്കാന്‍ വി.എസ്സിന്‌ സാധിച്ചു.

ഉപജാപക സംഘങ്ങളാണോ സ്‌തുതിപാഠകരാണോ വി. എസ്സിനു സാരോപദേശങ്ങള്‍ നല്‌കുന്നതെന്നറിയില്ലെങ്കിലും,നഗ്നനായ രാജാവ്‌ അബദ്ധം തിരിച്ചറിഞ്ഞ്‌ നന്നാവാന്‍ തീരുമാനിച്ചപോലെ വി.എസ്സിനും തിരിച്ചറിവുണ്ടാകുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.




Sunday, August 21, 2011

അന്ന ഹസാരേ വിമോചകനോ?

ലോകജനത ഇന്ന്‌ തിരക്കിലാണ്‌. ആര്‍ക്കും ശ്വാസം കഴിക്കാന്‍ പോലും സമയമില്ലാത്തത്ര തിരക്ക്‌. ഈ ശ്വസനപ്രക്രിയ ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായതിനാലും അത്‌ യാന്ത്രികമായി നാസാ രന്ധ്രത്തിലൂടെ അനുസ്യൂതം ഇടതടവില്ലാതെ സ്വയം സംഭവിക്കുന്നതിനാലും, പ്രത്യേകമായി ഒരു ബദല്‍ സംവിധാനത്തിന്റെ ആവശ്യമില്ല. പക്ഷേ, ഭക്ഷണം കഴിക്കാനും ജലപാനീയങ്ങള്‍ അകത്താക്കാനും കൈകളും വായും പ്രവര്‍ത്തിക്കണം. ലോകത്തിന്റെ ഓരോ സ്വപ്‌ന്ദനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഈ ത്വര നമ്മുടെ ചലനത്തേയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിനെല്ലാം ഘടകവിരുദ്ധമായി ഇന്ന്‌ ജനങ്ങള്‍ ഒരേ കേന്ദ്രബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. ശ്വസനപ്രക്രിയ താനേ നടക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ പോലും ജനങ്ങള്‍ക്ക്‌ സമയമില്ല. എല്ലാവരുടേയും മനസ്സ്‌ ദില്ലിയിലെ രാംലീലാ മൈതാനിയിലാണ്‌. കാരണം, അവിടെയാണ്‌ അവരുടെ വിമോചകന്‍ പട്ടിണി കിടക്കുന്നത്‌.

ആഭ്യന്തര, രാജ്യാന്തര കലാപങ്ങള്‍, നൂറ്റാണ്ടുകള്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ സുനാമികള്‍, ഭൂകമ്പങ്ങള്‍, മഹാത്മാക്കളുടെ വിയോഗങ്ങള്‍, നിഷ്‌ഠൂരമായ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, വിവിധ സാമൂഹിക പ്രശ്‌നങ്ങള്‍.....ഓരോ വാര്‍ത്തയില്‍ നിന്നും മറ്റൊന്നിലേക്ക്‌ ജനശ്രദ്ധ വഴിതിരിച്ചു വിടുമ്പോള്‍ ഈ ഒരു വാര്‍ത്ത മാത്രം ഇന്ന്‌ ലോകമൊട്ടാകെ പരന്നു പിടിക്കുന്നു. ദിനംപ്രതി വാര്‍ത്തകളുടെ എരിവും പുളിയും കുറഞ്ഞുവരുന്നുണ്ടെങ്കിലും, അതിന്റെ അരോമ അന്തരീക്ഷത്തില്‍ അങ്ങനെ തങ്ങിനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഫേസ്‌ ബുക്കിലൂടെയും, ഓര്‍ക്കൂട്ടിലൂടെയും, ഗ്രൂപ്പ്‌ ഇ-മെയിലിലൂടെയുമൊക്കെ അതങ്ങനെ ലോകമൊട്ടാകെ പ്രചരിക്കുകയാണ്‌.

അന്ന ഹസാരേ എന്ന വിമോചകന്റെ?ഈ പ്രകടനമെല്ലാം സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സ്വയം ഗാന്ധി ചമയാനാണെന്ന്‌ ഒരു വിഭാഗം വാദിക്കുമ്പോള്‍, അതൊന്നുമല്ല ബി.ജെ.പി.യും, ആര്‍.എസ്‌.എസ്സും, വിശ്വഹിന്ദു പരിഷത്തും ഹസാരെയെ ഉപയോഗിച്ച്‌ യു.പി.എ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന്‌ ദോഷൈകദൃക്കുകളും വാദിക്കുന്നു. എഴുപതുകളില്‍ രാജ്‌ നരയിന്‍, ജയപ്രകാശ്‌ നാരായണ്‍ മുതലായവരുടെ വിമോചന സമരത്തിന്റെ തീച്ചൂളയില്‍ കടഞ്ഞെടുത്ത അന്നത്തെ ജനത പാര്‍ട്ടിയാണ്‌ എഴുപതുകളില്‍ നാലു സീറ്റും എണ്‍പതുകളില്‍ 79 സീറ്റും നേടി പിന്നീട്‌ ബി.ജെ.പി.എന്ന ബഹു പാര്‍ട്ടിയായി കേന്ദ്രഭരണം വരെ പിടിച്ചടക്കിയതെന്നാണ്‌ ഇക്കൂട്ടര്‍ പറയുന്നത്‌. അധികാരം നഷ്ടപ്പെട്ട അതേ ബി.ജെ.പി. തന്നെയാണ്‌ അന്നത്തെ ജയപ്രകാശ്‌ നാരായണനുപകരം ഇപ്പോള്‍ അന്ന ഹസാരേയെ കൂട്ടുപിടിച്ചിരിക്കുന്നതെന്നാണ്‌ ഇക്കൂട്ടരുടെ അഭിപ്രായം. അറുപതുകളില്‍ അഞ്ചുവര്‍ഷം പട്ടാളത്തില്‍ സേവനം ചെയ്‌ത്‌ സ്വയം വിരമിച്ചെങ്കിലും, പതിനഞ്ചു വര്‍ഷം സേവനമനുഷ്‌ഠിച്ചെന്ന്‌ വ്യാജം പറഞ്ഞ്‌ ഇപ്പോഴും ഇന്ത്യന്‍ പട്ടാളത്തിന്റെ പെന്‍ഷന്‍ വാങ്ങി ഉപജീവനം കഴിക്കുന്ന അന്ന ഹസാരെ, സ്വയം നീതിമാനായ കഥ വടക്കേ ഇന്ത്യയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ടത്രേ.

യാതൊരു വരുമാനവുമില്ലാത്ത അന്ന ഹസാരെയെ രാംലീല മൈതാനിയിലെ സമരപ്പന്തലില്‍ പട്ടിണിക്കിട്ട്‌, കൂടെ പട്ടിണി കിടക്കാമെന്നു പറഞ്ഞ്‌ കൂടെക്കൂടിയ പതിനായിരങ്ങള്‍ക്ക്‌ ദിവസേന സുഭിക്ഷമായ ശാപ്പാട്‌ കൊടുക്കാനും, രാംലീല മൈതാനിയിലെ നിത്യചിലവുകളും വഹിക്കുന്നത്‌ ആരാണെന്ന്‌ അന്വേഷിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ജഗപൊഗയുടെ അണിയറ ശില്‌പികളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ല എന്നാണ്‌ സമരപ്പന്തലില്‍ ചിലര്‍ അടക്കം പറയുന്നത്‌. ആയിരക്കണക്കിന്‌ അനുയായികള്‍ സുഭിക്ഷമായ ഭക്ഷണം കഴിച്ച്‌ സര്‍ക്കാരിനെതിരെ കീജയ്‌ വിളിക്കണമെങ്കില്‍ അവരുടെ ചിലവ്‌ ആരാണ്‌ വഹിക്കുന്നതെന്നാണ്‌ ഇവിടെ ചോദ്യം.  അഡ്വാനിയും, സുഷമ സ്വരാജും ഇതര ബി.ജെ.പി. നേതാക്കളും ഹസാരേയുടെ പുറകെ കൂടിയിരിക്കുന്നത്‌ ദേശസ്‌നേഹം കൊണ്ടൊന്നുമല്ല എന്നത്‌ പകല്‍ പോലെ സത്യമാണ്‌. എങ്ങനെയെങ്കിലും യു.പി.എ. സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണവര്‍ക്ക്‌. സത്യസന്ധരും ദേശസ്‌നേഹികളുമായിരുന്നു അവരെങ്കില്‍ ഈ ലോക്‌പാല്‍ ബില്‍ അവരുടെ ഭരണകാലത്ത്‌ നടപ്പാക്കാമായിരുന്നു. അന്നും ഹസാരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവല്ലോ.

ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ച്‌ സ്വേഛാധിപത്യം സ്ഥാപിക്കാനുള്ള ചില രാഷ്ട്രീയ തല്‌പരകക്ഷികളുടെ നിഗൂഢമായ നീക്കത്തിന്‌ കളമൊരുക്കുകയാണ്‌ അന്ന ഹസാരെയുടെ ലക്ഷ്യം. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌ ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. രാജ്യത്ത്‌ ഏതൊരു വ്യക്തിക്കും ഗാന്ധിയനാകാം. എന്തിന്‌ ഒരു അന്ന ഹസാരെ മാത്രമാകണം  ഗാന്ധിയന്‍ ചിന്താഗതിയും, ഗാന്ധിത്തൊപ്പിയുമുണ്ടെങ്കില്‍ നാമെല്ലാം ഗാന്ധിയന്മാരാണ്‌.

അഴിമതിയില്ലാത്ത ഒറ്റ രാജ്യം പോലും ഈ ഭൂമുഖത്ത്‌ കാണാന്‍ കഴിയില്ല. അതില്‍ ഏറ്റവും അഴിമതി നടക്കുന്ന രാജ്യങ്ങളിലൊന്ന്‌ ഇന്ത്യയാണെന്നതിലും തര്‍ക്കമില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നവരാണ്‌. അവരെ നിയന്ത്രണവിധേയമാക്കേണ്ടത്‌ അവരെ അവരാക്കിയ ഇന്ത്യയിലെ ഓരോ സമ്മതിദായകരുടേയും ഉത്തരവാദിത്വമാണ്‌. പക്ഷെ, ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ഒരു സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാന്‍ അന്ന ഹസാരെ എന്നല്ല ഒരു വ്യക്തിക്കും രാഷ്ട്രീയപ്പാര്‍ട്ടിക്കും അനുമതി കൊടുത്തുകൂടാ.

ലോക്‌പാല്‍ ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയ ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡേ, പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കേജ്‌രിവാള്‍ എന്നിവരും അവരെ സഹായിക്കാനായി ഇറങ്ങിത്തിരിച്ച കിരണ്‍ ബേദി, സ്വാമി അഗ്നിവേഷ്‌, ശ്രീശ്രീ രവിശങ്കര്‍, അന്ന ഹസാരെ, മല്ലികാ സാരാഭായി എന്നിവരൊക്കെ തീരുമാനിച്ചാല്‍ മതിയോ ഇന്ത്യ ആരു ഭരിക്കണം എങ്ങനെ ഭരിക്കണം എന്നൊക്കെ അല്ലെങ്കില്‍ യാതൊരു തൊഴിലും പണിയുമില്ലാത്ത കുറെ ആയിരങ്ങളെ കൂലിക്കെടുത്ത്‌ ഒരു മൈതാനത്ത്‌ ഒരുമിച്ചു കൂട്ടി ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിനും നീതിപീഠത്തിനുമെതിരായി കീജയ്‌ വിളിപ്പിച്ചാല്‍ അത്‌ ജനാധിപത്യമാകുമോ?

സുപ്രീം കോടതിയെപ്പോലും അവരുടെ വരുതിയിലാക്കി അവര്‍ക്ക്‌ ഇഷ്ടപ്പെടാത്തവരെയെല്ലാം ജയിലിലടച്ച്‌ അവരുടെ ഇംഗിതത്തിനനുകൂലമായി ഇന്ത്യയിലെ ഒന്നര ബില്യണ്‍ ജനങ്ങളെ ഭരിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇവരില്‍ എത്രപേര്‍ അഴിമതി വിമുക്തരാണ്‌  തന്നെയുമല്ല, ഇവരൊക്കെ അഴിമതി കാണിച്ചാല്‍ ആര്‍ക്കാണ്‌ അവരെ ശിക്ഷിക്കാന്‍ കഴിയുക? കോടതിയേയും, സര്‍ക്കാരിനേയും മാനിക്കാത്ത ഇവര്‍ക്ക്‌ ആര്‌ മണികെട്ടും?


Friday, August 12, 2011

വിധ്വംസക പ്രവര്‍ത്തനങ്ങളും; ജീര്‍ണ്ണീഭവിച്ച ഇന്ത്യന്‍ ശിക്ഷാ നിയമവും


കോഴിക്കോട്‌ ഇരട്ട സ്‌ഫോടനം നടത്തിയതടിയന്റവിട നസീറിന്‌ മൂന്ന്‌ ജീവപര്യന്തവും കൂട്ടുപ്രതിയായ ഷഫാസിന്‌ ഇരട്ട ജീവപര്യന്തവും കൂടാതെ യഥാക്രമം 1,60,000 രൂപയും 1,10,000 രൂപയും പിഴചുമത്തിയത്‌ ഒരു വലിയസംഭവമായികരുതുന്നില്ല. രാജ്യദ്രോഹം മാത്രമല്ല, നിരപരാധികളെകൊന്നൊടുക്കുന്ന ഹീനകൃത്യം ചെയ്‌ത ഇവര്‍ക്ക്‌ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെയായിരുന്നു വിധിക്കേണ്ടിയിരുന്നത്‌.

ഭാര്യയുംമൂന്നുകുട്ടികളുമുണ്ടെന്ന നസീറിന്റെ ന്യായവാദവും, സ്വന്തക്കാരും ബന്ധക്കാരും കണ്ണൂരിലാണെന്നും, ഭാര്യയും രണ്ടുകുട്ടികളുമുണ്ടെന്ന ഷഫാസിന്റെ അഭ്യര്‍ത്ഥനയും കോടതി സ്വീകരിക്കരുതായിരുന്നു. ഇവര്‍ രണ്ടുപേരും യാതൊരു ദയയും അര്‍ഹിക്കുന്നവരല്ല. ദേശസ്‌നേഹികളുടെ പുസ്‌തകങ്ങളും ഭരണഘടനാ പുസ്‌തകങ്ങളും വായിക്കാന്‍ നല്‍കണമെന്നും തൊഴിലിന്റെ മഹത്വമറിയാന്‍ തൊഴിലവസരങ്ങള്‍ നല്‍കണമെന്നുമുള്ള അഭ്യര്‍ത്ഥനയും, സ്വന്തക്കാരേയും കുടുംബാംഗങ്ങളേയും കാണാനുള്ള സൗകര്യത്തിനായി കണ്ണൂര്‍ ജയിലിലേക്ക്‌ മാറ്റണമെന്നുള്ള അഭ്യര്‍ത്ഥനയും കോടതി അംഗീകരിച്ചെങ്കില്‍ പിന്നെന്തിനു ഇവരെ ജയിലിലടയ്‌ക്കണം. അവര്‍ക്കിഷ്ടപ്പെട്ട ജീവിതം നയിക്കാന്‍ തുറന്നുവിട്ടു കൂടായിരുന്നോ? ഈ കേസില്‍ മാപ്പുസാക്ഷിയായവരും, സംശയത്തിന്റെ          ആനുകൂല്യത്തില്‍  വെറുതെ വിട്ടവരും ശിക്ഷാര്‍ഹരാണ്‌. കാലഹരണപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെട്ട ഈ കുറ്റവാളികള്‍വേറൊരു രൂപത്തിലും ഭാവത്തിലും ഇനിയും ഭീകരപ്രവര്‍ത്തനങ്ങല്‍ നടത്തുകയില്ല എന്ന്‌ഏത്‌കോടതിക്കാണ്‌ ഉറപ്പു തരാന്‍ കഴിയുക?

"നസീര്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അവനു ലഭിക്കണം." ഇതു പറഞ്ഞത്‌ 2006 ല്‍ രാജ്യത്തെ നടുക്കിയ ആ ബോംബു സ്‌ഫോടനം നടന്നതിന്റെ സൂത്രധാരന്‍ നസീറാണെന്ന്‌ അറിഞ്ഞപ്പോള്‍ പിതാവ്‌ കണ്ണൂര്‍ മരയ്‌ക്കാര്‍കണ്ടി അബ്ദുള്‍ മജീദ്‌ ആയിരുന്നു. ജമ്മു കാശ്‌മീരില്‍ തീവ്രവാദികളും അതിര്‍ത്തി സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നസീറിന്റെ കൂട്ടാളികളില്‍പെട്ട കണ്ണൂര്‍ ജില്ലയിലെ തയ്യില്‍സ്വദേശി മുഹമ്മദ്‌ ഫയാസിന്റെ ഉമ്മ ഫൗസിയ മകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ്‌ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌ "രാജ്യദ്രോഹിയായ മകന്റെ മൃതദേഹം എനിക്കു കാണേണ്ട."

നസിറിനെ ഭാര്യയും തള്ളിപ്പറഞ്ഞിരുന്നു. നസീര്‍ തങ്ങളെ ചതിക്കുകയായിരുന്നെന്നാണ്‌ നസീറിന്റെ ഭാര്യ പറഞ്ഞത്‌. നസീറിന്റെ ലക്ഷ്യങ്ങള്‍ക്കായി തങ്ങളെ ഉപയോഗിക്കുകയായിരുന്നു. തങ്ങളുടെ ദാരിദ്രവും മതവിശ്വാസവും ചൂഷണം ചെയ്‌താണ്‌ നസീര്‍ തങ്ങളുടെ കുടുംബത്തെ വഞ്ചിച്ചത്‌. സ്‌ത്രീധനമില്ലാതെയാരുന്നു വിവാഹമെന്നും അന്ന്‌ ഭാര്യാവീട്ടുകാര്‍ പറഞ്ഞിരുന്നു.

നസീര്‍ ഉള്‍പ്പെട്ട ശൃംഖലയില്‍ 100ലധികം അംഗങ്ങള്‍ഉണ്ടായിരുന്നു.ഇതില്‍ നിരവധി പേരും മലയാളികളാണ്‌. ഇവര്‍ക്ക്‌ കാഷ്‌മീരിലും വിദേശത്തും പരിശീലനം ലഭിച്ചതായും നസീര്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌അന്ന്‌ സമ്മതിച്ചിരുന്നു.

സ്വന്തം മക്കള്‍ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും വഴിമാറിപ്പോകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ രാജ്യത്തെ എല്ലാ മുസ്ലീം മാതാപിതാക്കളും മതപുരോഹിതരും മതമേലദ്ധ്യക്ഷന്മാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭ്യസ്ഥവിദ്യരും സാമാന്യം അറിവും പരിജ്ഞാനവുമുള്ള മുസ്ലിം യുവാക്കള്‍ എന്തുകൊണ്ട്‌ തീവ്രവാദമാര്‍ഗം സ്വീകരിക്കുന്നു എന്നും അവരെ എങ്ങനെ അതില്‍നിന്ന്‌ മോചിപ്പിക്കാം എന്നും മതനേതാക്കളും പ്രസ്ഥാനങ്ങളും കൂലങ്കഷമായി ചിന്തിക്കണം. മതമൂല്ല്യങ്ങളെയും ആചാരാനുഷ്ടാനങ്ങളേയും പരസ്‌പരം തിരിച്ചറിയാനും ആദരിക്കാനും അവരെ പഠിപ്പിക്കുകയും, സാംസ്‌ക്കാരികമായും സാമൂഹികപരമായും അവരെ ബോധവാരാക്കാനും സഹായിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌താല്‍ഒരു പരിധിവരെ ഇന്ന്‌ ഇസ്ലാം നേരിടുന്ന, വിശ്വാസങ്ങളുടെ പേരില്‍ നിലനില്‌ക്കുന്ന ഭിന്നതയും മതവിഭാഗങ്ങല്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാക്കുകയും, തദ്വാരാ മുസ്ലിം യുവജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാനും അവരെ ധാര്‍മ്മിക ബോധമുള്ള നല്ല ശമരിയാക്കാരായി വാര്‍ത്തെടുക്കുവാനും കഴിയും.
തടിയന്റവിട നസീറും ബന്ധുവായ ഷഫാസും ഭീകരരായല്ല ജനിച്ചത്‌. അവരുടെ മാതാപിതാക്കളും ഭീകരരല്ല. ചെറുപ്പത്തില്‍ സാധാരണ കുട്ടികളെപ്പോലെ വളരെ അനുസരണശീലമുണ്ടായിരുന്ന നസീര്‍ചില കൂട്ടുകെട്ടുകളില്‍ കുടുങ്ങിയാണ്‌ ഭീകരവാദിയായത്‌എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റിചുളിയും. കേരളത്തില്‍ എത്രയോ കുട്ടികള്‍കൂട്ടുകൂടി നടക്കുന്നു. അവരൊക്കെ ഭീകരരാകുമോ എന്ന ചോദ്യവും ഉയര്‍ന്നു വന്നേക്കാം.മക്കളുടെ കൂട്ടുകാര്‍ആരൊക്കെയാണ്‌, അവരുടെ പെരുമാറ്റത്തില്‍ സംശയങ്ങല്‍ നിഴലിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ട കടമ മാതാപിതാക്കള്‍ക്കുണ്ട്‌. നസീറിന്റെ ജീവചരിത്രം പഠിപ്പിക്കുന്ന ഗുണപാഠമാണത്‌. കോഴിക്കോടു മാത്രമല്ല, ബാംഗ്ലൂരിന്റെ വിവിധഭാഗങ്ങളില്‍ പതിനൊന്നു േബാംബുകള്‍വെച്ച നസീറും സംഘവും ഒരുതരത്തിലും ദയ അര്‍ഹിക്കുന്നില്ല. പാക്കിസ്ഥാന്റെ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തോയിബയ്‌ക്കുവേണ്ടി സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്‌ത നസീറിനെപ്പോലെയുള്ള ഭീകരവാദികള്‍ക്ക്‌, സ്വന്തം പിതാവ്‌ പറഞ്ഞതുപോലെ മാതൃകാപരമായ ശിക്ഷ, അതായത്‌ വധശിക്ഷ, തന്നെ കൊടുക്കണം. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ഏര്‍പ്പെടുന്ന മുസ്ലീം യുവജനങ്ങള്‍ക്ക്‌ ഒരു പാഠമായിരിക്കട്ടേ ഇവരുടെശിക്ഷാവിധി.

ബാംഗ്ലൂര്‍സ്‌ഫോടനം ആസൂത്രണംചെയ്‌ത്‌ നടപ്പാക്കിയത്‌ നസീറും ബന്ധു ഷഫാസും അന്ന്‌ സമ്മതിച്ചെങ്കിലും, കോഴിക്കോട്ടെ സ്‌ഫോടനം അവരല്ല നടത്തിയതെന്ന്‌ അന്ന്‌ പറഞ്ഞിരുന്നു. ഇവര്‍ പി.ഡി.പി. പ്രവര്‍ത്തകരായിരുന്നു എന്നും ഇവര്‍ക്കുവേണ്ട എല്ലാസഹായങ്ങളും പാര്‍ട്ടിയാണ്‌ ചെയ്‌തുകൊടുത്തിരുന്നതെന്നുമുള്ള വിവരങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ പി.ഡി.പി. എന്ന സംഘടനയേയും അന്വേഷണ വിധേയമാക്കണം. തീപ്പൊരി പ്രസംഗംകൊണ്ട്‌ ജനങ്ങളെ കൈയിലെടുക്കുന്ന അബ്ദുള്‍ നാസര്‍ മദനി ചെറുപ്പക്കാരെ വശീകരിച്ച്‌ വശത്താക്കാന്‍ ഏറെ പ്രഗത്ഭനാണ്‌. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സംശയിക്കുന്ന മദനിയും കുടുംബവും മുസ്ലീം യുവാക്കളെ റിക്രൂട്ടു ചെയ്യുന്നതും അവരുടെയിടയില്‍ വിഘടനവാദം വളര്‍ത്തിയെടുക്കുന്നതും ഇസ്ലാം മതത്തെ രക്ഷിക്കാനല്ല. ഇസ്ലാം മതത്തിന്റെ രക്ഷകരായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മതനേതാക്കള്‍ പരോക്ഷമായെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്‌. അവരതിന്‌ മാതൃകയാക്കുന്നത്‌ ദുര്‍വ്യാഖ്യാനം ചെയ്‌തഖുര്‍-ആനിലെ സൂക്തങ്ങളും നബി വചനങ്ങളും മറ്റുമാണ്‌.

ഒരു സമഗ്രാധിപത്യ പ്രത്യയശാസ്‌ത്രമായി ഇസ്ലാമിനെ അവതരിപ്പിച്ച സംഘടനകള്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്നു. `ശരീ-അത്ത്‌' എന്ന ഇസ്ലാമിക വ്യക്തിഗത നിയമവ്യവസ്ഥ ഈശ്വരദത്തമാണെന്നും അതാണ്‌, അതുമാത്രമാണ്‌, മാനവരാശി സ്വീകരിക്കേണ്ടതെന്നും അവ സിദ്ധാന്തിക്കുന്നു. ഈ പ്രത്യയശാസ്‌ത്രം ഒരു ദേശരാഷ്ട്രീയത്തില്‍ പ്രയോഗിക്കുമ്പോഴാണ്‌ `ഇസ്ലാമിക രാഷ്ട്രം` എന്ന സങ്കല്‌പനമുണ്ടാകുന്നത്‌. ലോകത്താകമാനം ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ്‌ ഓരോ മുസ്ലീമിന്റെയും കടമ എന്ന്‌ സിദ്ധാന്തിക്കുന്ന മതതീവ്രവാദികളാണ്‌ യഥാര്‍ത്ഥത്തില്‍ രാജ്യത്ത്‌ ഭീകരവാദികളെ സൃഷ്ടിക്കുന്നത്‌. ഇസ്ലാമിന്റെ ആധിപത്യം ഭൂമിയില്‍ സ്ഥാപിക്കുക എന്നതില്‍കുറഞ്ഞ മറ്റൊന്നുകൊണ്ടും മുസ്ലീങ്ങള്‍ തൃപ്‌തിപ്പെട്ടു കൂടാ എന്നും, അതിനുവേണ്ടി കൊല്ലാനും ചാവാനുമുള്ള മന:സ്ഥിതി നസീറിനെപ്പോലെയുള്ള യുവാക്കളില്‍ വളര്‍ത്തിയെടുക്കുവാന്‍ ചില മതമേലദ്ധ്യക്ഷന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അല്ലെങ്കില്‍ അഭ്യസ്ഥവിദ്യരായ കേരളത്തിലെ മുസ്ലീംചെറുപ്പക്കാര്‍ ഒരിക്കലും തീവ്രവാദത്തിലേക്ക്‌ കളംമാറ്റി ചവിട്ടുകയില്ല.

ജമ്മു കാശ്‌മീരിലും ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്ന തീവ്രവാദികള്‍ക്ക്‌ കേരളമാണ്‌ ഇപ്പോള്‍ പറുദീസ. പണത്തിനോടുള്ള അത്യാര്‍ത്തിയോ മതവൈര്യം തലയില്‍ കയറി മത്തുപിടിച്ചിട്ടോ എന്തോ, കേരളത്തിലെ മുസ്ലീം യുവാക്കളാണ്‌ ഇന്ന്‌ ആഗോള ഭീകരരായി മാറിയിരിക്കുന്നത്‌. ഭരണകൂടവും നിയമപാലകരും മാത്രം വിചാരിച്ചാല്‍ തീവ്രസ്വഭാവമുള്ള യുവ മുസ്ലീം ജനതയെ മാനസാന്തരപ്പെടുത്തുവാന്‍ കഴിയുകയില്ല. എല്ലാവിധ മര്‍ദ്ദനത്തേയും ഹിംസയേയും ഭീകരവാദത്തേയും ഇസ്ലാം ശക്തമായി അപലപിക്കുന്നു എന്നും, ഭീകരവാദത്തിന്‌ അടിത്തറയായി വര്‍ത്തിക്കുന്ന പ്രത്യയശാസ്‌ത്രം ഏതെന്ന്‌ തിരിച്ചറിഞ്ഞ്‌ അത്‌ തിരസ്‌ക്കരിക്കാന്‍ മുസ്ലീംയുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്‌ വേണ്ടത്‌.

കുറ്റവാളികള്‍ക്ക്‌ തടവറയില്‍ സുഖവാസമൊരുക്കുന്ന ഇന്ത്യയുടെ ജീര്‍ണ്ണിച്ച നിയമങ്ങള്‍ ഉടച്ചു വാര്‍ത്ത്‌ ചൈനയിലേയും അറബ്‌ രാജ്യങ്ങളിലേയും നിയമങ്ങള്‍ ഇന്ത്യയിലും നടപ്പിലാക്കിയാല്‍ ജീവനില്‍ കൊതിയുള്ള ആരും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ല.



Tuesday, August 9, 2011

`ന:സ്‌ത്രീ സ്വാതന്ത്രമര്‍ഹതി'

സ്‌ത്രീകളേയും കുട്ടികളേയും പോലീസ്‌ കസ്റ്റഡിയിലെടുക്കുമ്പോള്‍ അവരുടെ മാന്യതയ്‌ക്കും സ്വകാര്യതയ്‌ക്കും കോട്ടം തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ കേരള ഡി.ജി.പി. ജേക്കബ്ബ്‌ പുന്നൂസ്‌ ഈയ്യിടെ ഇറക്കിയ ഒരു സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇങ്ങനെ ഒരുസര്‍ക്കുലര്‍ പോലീസ്‌ ആസ്ഥാനത്തുനിന്ന്‌ ഇറക്കാനുള്ള സാഹചര്യമുണ്ടായത്‌ പോലീസ്‌ സ്റ്റേഷനില്‍ കയറുന്ന സ്‌ത്രീകളുടെ നേരെ ഏമാന്മാരുടെ അതിരുകടന്ന പെരുമാറ്റമാണ്‌.

കേരളത്തില്‍ സ്‌ത്രീകള്‍ക്കുനേരെയുള്ള ആക്രമണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്നതിന്റെ തെളിവുകളാണ്‌ ഈ അടുത്ത കാലങ്ങളില്‍ നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്‌. സ്‌ത്രീകളെ ശല്യം ചെയ്യല്‍, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്‌ത്രീപീഡനം തുടങ്ങിയവ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതിന്റെ കാരണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയില്ല എന്ന വിശ്വാസമാണ്‌.

സംസ്ഥാനത്ത്‌ പെണ്‍കുട്ടികളെ കാണാതാവുന്നതും, അവര്‍ ലൈഗിംക പീഡനത്തിനിന്‌ ഇരകളാകുന്നതും അപകടകരമായരീതിയില്‍ വര്‍ദ്ധിച്ചു വരുന്നത്‌ വലിയൊരു സാമൂഹ്യവിപത്താണെന്ന്‌ ഹൈക്കോടതിയും കണ്ടെത്തിയിരിക്കുന്നു. സൂര്യനെല്ലി, വിതുര, കവിയൂര്‍, കിളിരൂര്‍ എന്നീ കേസുകളില്‍ പോലീസും ഭരണാധികാരികളും ഇരുട്ടില്‍ തപ്പുന്ന കാഴ്‌ചയാണ്‌ നാമെല്ലാം കാണുന്നത്‌. ഇപ്പോള്‍ പറവൂര്‍, കോതമംഗലം എന്നീ പീഡനക്കേസുകളും ആ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നാലുവയസ്സുകാരിയെ പതിനാലുകാരന്‍ ബലാത്സംഗം ചെയ്‌ത്‌ കൊന്ന്‌ മരപ്പൊത്തിലൊളിപ്പിച്ചുവെച്ചതും ദൈവത്തിന്റെ നാട്ടില്‍തന്നെ.

ഏകദേശം ഇരുനൂറോളം പേരാണ്‌ പറവൂര്‍ കേസിലെ പ്രതികളെന്നു കേള്‍ക്കുമ്പോള്‍ കേരളീയരെന്ന്‌ അഭിമാനം കൊള്ളുന്ന നാമെല്ലാവരും ലജ്ജിച്ചു തലതാഴ്‌ത്തണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം പിതാവു തന്നെയാണ്‌ പലര്‍ക്കും കൊണ്ടുനടന്ന്‌ കാഴ്‌ചവെച്ചത്‌. സിനിമയിലഭിനയിപ്പിക്കാനും സിനിമാക്കാരെ പരിചയപ്പെടാനാണെന്നുമുള്ള വ്യാജേന സ്വന്തം മകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുനടന്ന്‌ പലര്‍ക്കും കാഴ്‌ചവെച്ച ഈ പിതാവിനെ എന്തു വിളിക്കണം ഈ കേസില്‍ പിടിക്കപ്പെട്ട എത്ര പേര്‍ക്ക്‌ ശിക്ഷ കിട്ടും പണവും സ്വാധീനശക്തിയുമുപയോഗിച്ച്‌ ഇവരെല്ലാം നിയമത്തിന്റെ പിടിയില്‍ നിന്ന്‌ അധികം താമസിയാതെ രക്ഷപ്പെടും.

മിസ്‌ഡ്‌ കോളുകള്‍ വഴി പരിചയപ്പെട്ട്‌ അധികം താമസിയാതെ പ്രണയം നടിച്ച്‌ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന പതിവ്‌ കേരളത്തില്‍ മുളപൊട്ടിയിട്ട്‌ അധികകാലമായിട്ടില്ല. എന്നാല്‍, നാലു വയസ്സുകാരിയെ പത്തുവയസ്സുകാരന്‍ പീഡിപ്പിക്കുകയും സഹപാഠികളായ പെണ്‍കുട്ടികളെ സഹപാഠികളായ ആണ്‍കുട്ടികള്‍ കൂട്ട മാനഭംഗത്തിനിരയാക്കുന്ന അവസ്ഥവരെ എത്തിയിട്ടും അധികാരികള്‍ക്ക്‌ മിണ്ടാട്ടമില്ല. ഈയ്യിടെ തിരുവനന്തപുരത്ത്‌ ലൈഗീക പീഡനത്തെത്തുടര്‍ന്ന്‌ ഒരുഎട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തത്‌ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ നിരന്തരം പീഡിപ്പിച്ചതുകൊണ്ടാണെന്ന്‌ അറിഞ്ഞപ്പോഴാണ്‌ അധികാരികള്‍ക്ക്‌ അല്‌പമെങ്കിലും ബോധോദയം ഉണ്ടായത്‌. അനധികൃതവാഹനങ്ങളും ഡ്രൈവര്‍മാരും സ്‌കൂള്‍കുട്ടികളെ വാഹനത്തില്‍ കയറ്റാന്‍ പാടില്ല എന്ന ഒരു നിയമം ഇപ്പോള്‍ തല്ലിക്കൂട്ടിയെടുത്തിട്ടുണ്ട്‌. അതും എത്രനാള്‍ തുടരും എന്ന്‌ കണ്ടറിയണം.

ഈ സാമൂഹ്യ വിപത്തിന്‌ പെണ്‍കുട്ടികള്‍ മാത്രമാണോ ഉത്തരവാദികള്‍ അല്ല എന്നാണ്‌ ഭൂരിഭാഗം പേരുടേയും അഭിപ്രായം. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും, അതിലൂടെ പെണ്‍കുട്ടികളില്‍ വളര്‍ന്നുവരുന്ന, അല്ലെങ്കില്‍ അവരെ ഭ്രമിപ്പിക്കുന്ന, അനേക ഘടകങ്ങളുണ്ടെന്നാണ്‌ കോടതിയുടെ കണ്ടെത്തല്‍. സിനിമകള്‍ സെന്‍സര്‍ ചെയ്യുന്നതുപോലെ ചാനലുകളേയും സെന്‍സര്‍ ചെയ്‌താല്‍ ഒരു പരിധിവരെ ഈ സാമൂഹ്യപ്രതിസന്ധിയില്‍ നിന്ന്‌ മോചനം കിട്ടിയേക്കാം.

വ്യവസ്ഥിതികള്‍ക്കെതിരെ ഒരു വലിയ വെല്ലുവിളിയാണ്‌ ഇന്ന്‌കേരളത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്‌. വനിതാസംവരണം, വനിതാവിമോചനം, വനിതാ കമ്മീഷന്‍ തുടങ്ങിയ കാലാനുസൃതമായ മിത്തുകളിലൂടെ സ്‌ത്രീകള്‍ക്കുവേണ്ടി; അവരുടെ ഉന്നമനത്തിനുവേണ്ടിഎല്ലാവരും മുറവിളി കൂട്ടുന്നുണ്ടെങ്കിലും, നമ്മുടെ സമൂഹം പലപ്പോഴും മനുസ്‌മൃതിയിലെ കാലഹരണപ്പെട്ട `ന:സ്‌ത്രീ സ്വാതന്ത്രമര്‍ഹതി' എന്ന വാക്യത്തെ വിട്ടുകളയാന്‍ മനസ്സുവെക്കുന്നില്ലയെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.

സ്‌ത്രീകളെ അപലയെന്നും ചപലയെന്നും മുദ്രകുത്തി നിന്ദിക്കുന്ന രീതി അസഹീനമായ തുടര്‍ക്കഥയാകുകയാണ്‌ കേരളത്തില്‍. എന്തെങ്കിലും ദുരന്തം നടക്കുമ്പോള്‍ മാത്രം രണ്ടോ മൂന്നോ ദിവസത്തേക്ക്‌ മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ അപ്രത്യക്ഷമാകുകയും അടുത്ത ദുരന്തത്തിന്റെ ചൂടുള്ള വാര്‍ത്തകള്‍ക്കുള്ള കാത്തിരിപ്പാണ്‌ എല്ലാവരും. മദ്യത്തിലും മയക്കുമരുന്നിലും ഇന്നത്തെ യുവാക്കള്‍ എരിഞ്ഞു തീരുകയാണ്‌. പെണ്‍കുട്ടികളുടെ ചാരിത്രം മലിനമാക്കപ്പെടുന്നു. കേരളത്തിലെ മിക്ക പ്രദേശങ്ങളിലും ജനങ്ങളുടെ സമ്പത്ത്‌, മാനം, ജീവന്‍ ഒന്നിനും സുരക്ഷതയില്ലാത്ത കാലമാണിപ്പോള്‍. നേരം ഇരുട്ടിയാല്‍ തെരുവുകളിലെ ഭരണം തെമ്മാടികളുടെ കൈകളിലാണ്‌. അവരുടെ തേര്‍വാഴ്‌ചയില്‍ എല്ലാ മൂല്ല്യങ്ങളും തകര്‍ന്നടിയുന്നു. പൈശാചികതയുടെ കരാളഹസ്‌തങ്ങളില്‍ സ്‌ത്രീകളും പെണ്‍കുട്ടികളും ഹോമിക്കപ്പെടുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തില്‍ നടമാടുന്നത്‌.

വൈരുധ്യങ്ങള്‍ ഇവിടെ തീരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ അമരത്ത്‌ മദ്യരാജാക്കന്മാര്‍, വേശ്യാലയത്തിനകത്ത്‌ പുരോഹിതന്മാര്‍, ന്യായാസനങ്ങളില്‍ ജൂദാസുകള്‍, അധികാരപീഠങ്ങളില്‍ അഴിമതിവീരന്മാര്‍, അഛന്റേയും അമ്മയുടേയും സ്ഥാനത്ത്‌ പിശാചുക്കള്‍. എന്തിനും ഏതിനും പാശ്ചാത്യരെ?കുറ്റപ്പെടുത്തിയിരുന്ന കേരളത്തിലെ രാഷ്ട്രീയ, സാംസ്‌ക്കാരിക നേതാക്കള്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്‌. കാരണം പാശ്ചാത്യരാജ്യങ്ങളില്‍, പ്രത്യേകിച്ച്‌ അമേരിക്കയില്‍, നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കുടുംബ ശിഥിലീകരണം ഇന്ന്‌ കേരളത്തിലാണ്‌ നടക്കുന്നത്‌. അഛനില്ലാത്ത മക്കള്‍ പിറക്കുന്നതും മുത്തഛനേയും മുത്തശ്ശിയേയും വൃദ്ധസദനങ്ങളിലേക്ക്‌ മാറ്റുന്നതും അമേരിക്കന്‍ സംസ്‌ക്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്‌. അതേ സംസ്‌ക്കാരമാണ്‌ ഇപ്പോള്‍ കേരളത്തിലും വേരൂന്നിക്കൊണ്ടിരിക്കുന്നത്‌.

ആരെയാണ്‌ വിശ്വസിക്കേണ്ടത്‌ ആരെയാണ്‌ അവിശ്വസിക്കേണ്ടത്‌ എന്നുപോലും നിര്‍വ്വചിക്കാനാവാത്ത അന്തരീക്ഷത്തില്‍ മാതാവ്‌, പിതാവ്‌, സഹോദരന്‍, സഹോദരി, അയല്‍ക്കാര്‍, ഗുരുനാഥന്‍, സഹപാഠി - കളങ്കമേല്‍ക്കാത്തവരായി ആരുണ്ടവിടെ ഒരു പെണ്‍കുട്ടിയായി ജനിക്കേണ്ടിവരുന്ന ആത്മാവിന്റെ ഗതിയെന്താണ്‌ വേട്ട മൃഗങ്ങളില്‍ നിന്ന്‌ അവരെ രക്ഷിക്കാന്‍ ഏത്‌ പ്രവാചകനാണുള്ളത്‌  പ്രവാചകവചനങ്ങള്‍ ഏറെയുണ്ട്‌ ദൈവത്തിന്റെ നാട്ടില്‍. തല്ലിച്ചതച്ചും അവ കാണാതെ പഠിപ്പിക്കുന്ന പരസഹസ്രം പള്ളിക്കൂടങ്ങളുണ്ട്‌. ഈണത്തിലുള്ള ബാങ്കൊലികളും ഭക്തിസാന്ദ്രമായ പ്രഭാഷണങ്ങളും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളുമുണ്ട്‌. പക്ഷേ, ഇതുകൊണ്ടൊക്കെ ആര്‍ക്ക്‌ എന്ത്‌ പ്രയോജനം

ഈ അസുരലോകം തനിയെ ഉണ്ടായതല്ല. ഉണ്ടാക്കിയതാണ്‌. മതസംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കലാ-സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കും ഈ നിര്‍മ്മിതിയില്‍ പങ്കുണ്ട്‌. അഛനും അമ്മക്കും ഗുരുനാഥനും ഇതില്‍ പങ്കുണ്ട്‌. ഭരണകൂടം ഈ കലികാലത്തിന്റെ കാവലാളുകളും.


Sunday, August 7, 2011

വാണിജ്യവല്‍ക്കരിക്കുന്ന റംസാന്‍ രാവുകള്‍

ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പ്രത്യേക റംസാന്‍ പരിപാടികളിലധികവും റംസാന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ്. ഖുര്‍ആന്‍, ദിക്റ്, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവ കൊണ്ട് റംസാന്‍
 ദിനരാത്രങ്ങളെ ധന്യമാക്കിയിരുന്ന വീടുകളില്‍ റംസാന്‍ പ്രോഗ്രാമുകള്‍ വന്നതോടെ, റംസാന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന ആരാധനാകര്‍മ്മങ്ങള്‍ അപ്രത്യക്ഷമാവുകയാണ്.
 റംസാന്‍ രാവ്, റംസാന്‍ നിലാവ്, പെരുന്നാള്‍ ചന്ദ്രിക തുടങ്ങിയ ഇമ്പമാര്‍ന്ന പേരുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നതെല്ലാം കേവലം വിനോദ പരിപാടികള്‍ മാത്രമാണ്. റംസാനല്ലാത്ത കാലങ്ങളിലെ ഫോണ്‍ ഇന്‍ പരിപാടിയുടെയും സോംഗ് ഓണ്‍ ഡിമാന്‍റിന്‍റെയും മറ്റു പതിപ്പുകളാണ് ഇവയെല്ലാം.
അല്ലാഹു, റസൂല്‍ , മക്ക, മദീന, ഫാത്തിമ, ഹാജറ, ബദ്റ്, ഉഹ്ദ്, തുടങ്ങിയ വിശുദ്ധ നാമങ്ങളെ സമന്വയിപ്പിച്ച് സംഗീത പിന്‍ബലത്തോടെ അവതരിപ്പിച്ചാല്‍ , അല്ലെങ്കില്‍ ആലപിച്ചാല്‍ ഭക്തിഗാനമായി എന്നാണ് ടെലിവിഷന്‍ പഠിപ്പിക്കുന്നത്. ഒരു മതങ്ങളിലും വിശ്വാസമില്ലാത്ത മതങ്ങളെ കുറിച്ചറിയാത്ത അവതാരകരുടെയും ഗായകരുടെയും പാട്ടുകള്‍ ഭക്തിഗാനമെന്ന് വിശേഷിപ്പിച്ചവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ പദങ്ങള്‍ ഉരുവിട്ടതുകൊണ്ട് മാത്രം പരിപാടികള്‍ ഭക്തിസാന്ദ്രമാകുന്നില്ല.
കഅബയുടെയും റൌളാ ശരീഫിന്‍റെയും പടത്തിനു നേരെ നിറുത്തി ഷൂട്ട് ചെയ്തുകൊണ്ടും ഷോ ബിസിനസുകാരായ യുവതികള്‍ക്ക് ഭക്തി അവതരിപ്പിക്കാനാവുകയില്ല. ഇക്കിളിപ്പെടുത്തുന്ന സല്ലാപങ്ങളാണ് അവരില്‍ നിന്നുണ്ടാകുന്നത്. റംസാനെ  കുറിച്ചോ മതത്തെ കുറിച്ചോ വിജ്ഞാനപ്രദമായ മറ്റു കാര്യങ്ങളെ കുറിച്ചോ സംസാരിക്കാന്‍ അവര്‍ക്കാകില്ല. നോമ്പ് തുറ പലഹാരങ്ങളെ കുറിച്ചും നോമ്പ് തുറക്കാന്‍ വന്ന വിരുന്നുകാരെ കുറിച്ചും നോമ്പ് തുറക്കാന്‍ ചെന്ന വീടുകളെ കുറിച്ചുമൊക്കെയാണ് അവര്‍ വാചാലരാകുന്നത്. വിനോദ ചേതനകളെ പരിപോഷിപ്പിക്കുന്ന ഗോസിപ്പ് നിറഞ്ഞ സംസാരങ്ങളാണവയത്രയും.


അപ്രകാരം തന്നെയാണ് മത സംഘടനകളുടെ ബാനറില്‍ റിലീസ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകളും. ഖുര്‍ആന്‍ ഹദീസ് പാഠങ്ങളും ഉദ്ബോധനപരമായ മതപ്രസംഗങ്ങളും ഉള്‍പ്പെടുന്ന ഉപകാരപ്രദമായ പരിപാടികള്‍ക്കു പകരം വിനോദ പരിപാടികളാണ് അവരും താല്‍പര്യപ്പെടുന്നത്. മതപ്രബോധനമോ ധാര്‍മ്മികമായ സന്ദേശമോ ഇസ്‍ലാമിനെ പരിചയപ്പെടുത്തലോ അല്ല, ധനാഗമന മാര്‍ഗമാണ് ഇത്തരം പ്രോഗ്രാമുകളുടെ മുഖ്യലക്ഷ്യം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പരിപാടികള്‍ തയ്യാറാക്കുന്നു. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള ഇസ്‍ലാമിക ക്വിസ് പരിപാടികളും പലപ്പോഴും ഇസ്‍ലാമുമായി ബന്ധമില്ലാത്തവയാണ്. മാപ്പിളപ്പാട്ടിന്‍റെ രചയിതാവ്, ആല്‍ബത്തിന്‍റെ സംഗീത സംവിധായകന്‍ , ഗായിക തുടങ്ങിയ കാര്യങ്ങളാണ് ഇസ്‍ലാമിക ക്വിസ്. വഴിവിളക്ക്, പ്രകാശരേഖ, ധര്‍മ്മവീഥി പോലുള്ള പേരുകളില്‍ അവതരിപ്പിക്കുന്ന പരിപാടികളും നാട്ടിലെ മങ്ങിയ തെരുവു വുളക്കിന്‍റെ പ്രയോജനം പോലുമില്ലാത്തവയാണ്. മാത്രമല്ല, നന്മയുടെ പേരിലുള്ള ചില പരിപാടികള്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മ പ്രദാനം ചെയ്യുന്നവയാണ്. സ്ക്രീനില്‍ പച്ചനിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും പ്രദര്‍ശിപ്പിച്ചതു കൊണ്ട് പരിപാടി ഇസ്‍ലാമികമാകില്ല. ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള സംഗീത ആല്‍ബത്തിന്  റംസാനിലെ ലൈലത്തുല്‍ ഖദ്റുമായി ഒരു ബന്ധവുമില്ലാത്തതു പോലെ.


ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു പ്രമുഖചാനല്‍ ഒരു മുസ്‍ലിം വിശേഷദിവസം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്കാരിക സാമൂഹ്യ നായകരിലധികവും അഭിപ്രായപ്പെട്ടത് പര്‍ദ അസ്വാതന്ത്ര്യത്തിന്‍റെയും യഥാസ്ഥിതികതയുടെയും പ്രതീകമെന്നാണ്. പര്‍ദ വിരോധികളായ ഇസ്‍ലാമിക മതവിരോധികളായ നായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ തന്നെ മുസ്‍ലിം സ്ത്രീ സമൂഹത്തില്‍ ഒരു നെഗറ്റീവ് മെസേജ് നല്‍കാന്‍ വേണ്ടിയാണ്. ആ പരിപാടിയില്‍ പര്‍ദയെ അനുകൂലിച്ചു സംസാരിക്കുന്നയാള്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമെ അനുവദിച്ചിരുന്നുള്ളൂ.
ഇസ്‍ലാമിന്‍റെ തനതായ സംസ്കാരത്തെയും വിശുദ്ധിയെയും കളങ്കപ്പെടുത്തുകയും മതത്തെ വികലമായി ചിത്രീകരിക്കുക എന്ന ഹിഡന്‍ അജണ്ട ഇത്തരം ടി.വി. പരിപാടികള്‍ക്കു പിന്നിലുണ്ട്. ഇസ്‍ലാമിന്‍റെ പേരിലുള്ള ഒട്ടുമിക്ക പരിപാടികളും ദുരുദ്ദേശ്യപരവും തെറ്റായ സന്ദേശം നല്‍കുന്നവയുമാണ്. ആദ്യകാലങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ ശബ്ദം മാത്രമായിരുന്നു. ഇന്നത് ഹോളിവുഡ് ഗാനങ്ങളെ വെല്ലുന്ന ആല്‍ബങ്ങളാണ്. ബെല്ലിഡാന്‍സുകളെ വെല്ലുന്ന നൃത്തങ്ങളാണ്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്തവ. നോമ്പ് തുറ വിഭവങ്ങള്‍ സ്വാദിഷ്ടമായി ഉണ്ടാക്കാനുള്ള പഠന ക്ലാസുകളാണ് ടെലിവിഷന്‍ പ്രോഗ്രാമിലെ മറ്റൊരു ഇനം. കുത്തക മുതലാളിമാരുടെ ഭക്ഷണക്കമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പരിപാടികള്‍ വീട്ടുകാരികളുടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്. വീട്ടുകാരികളെ മടിയത്തികളാക്കിയാലെ അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ചെലവാക്കുകയുള്ളൂ. ക്രമേണ കേരളത്തിലെ പത്തിരിക്കും കഞ്ഞിക്കും പകരം നൂഡില്‍സിലേക്കും സോഫ്ട് ഡ്രിങ്ക്സിലേക്കും നോമ്പ് തുറ വഴിമാറുന്നു. അല്ലെങ്കില്‍ വടയുണ്ടാക്കുന്നതും പഴംപൊരിക്കുന്നതും പഠിപ്പിക്കാനെന്തിരിക്കുന്നു?. 

ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാനുള്ള വീട്ടുകാരികളുടെയും ചെറുപ്പക്കാരുടെയും ആഗ്രഹത്തെ ചൂഷണം ചെയ്ത് ടി.വി. ക്യാമറകള്‍ വീടിന്‍റെ അകത്തളത്തിലേക്കും നോമ്പ് തുറയിലേക്കും ചെന്നെത്താറുണ്ട്. തീന്‍മേശയിലെ തളികകളിലേക്കും വീട്ടുകാരിയുടെ മുഖസൌന്ദര്യത്തിലേക്കുമാണ് ക്യാമറക്കണ്ണുകളുടെ നോട്ടം. അതിനാല്‍ തന്നെ ഇവ ഭംഗിയായി പ്രദര്‍ശിപ്പിക്കാന്‍ വീട്ടുകാരികളും തയ്യാറാവുന്നു. പഴവര്‍ഗങ്ങള്‍ കൊണ്ടും പലഹാരങ്ങള്‍ കൊണ്ടും പഴച്ചാറുകള്‍ കൊണ്ടും തീന്‍മേശകള്‍ സമൃദ്ധമായി അലങ്കരിക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ തീന്‍മേശ അലങ്കരിക്കാനുപയോഗിച്ച ഈ ഭക്ഷണങ്ങളൊക്കെയും കാലിത്തൊഴുത്തിലേക്കോ കച്ചറത്തൊട്ടിയിലേക്കോ വലിച്ചെറിയപ്പെടുകയാണ്.  നോമ്പ് നോറ്റും നോമ്പ് തുറപ്പിച്ചും പുണ്യം നേടുന്നതിന് പകരം നോമ്പ് തുറയും ഭക്ഷണവും പാഴാക്കി പാപം പെയ്യിക്കുകയാണ് ടി.വി.യുടെ ക്യാമറക്കണ്ണുകള്‍ ചെയ്യിക്കുന്നത്. കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അത്താഴമുണ്ണാത്തവരുടെയും നോമ്പ് തുറക്കാത്തവരുടെയും ദുരന്തങ്ങള്‍ കാണാനാവില്ലല്ലോ. ഭക്ഷണങ്ങള്‍ അലങ്കാരത്തിനല്ലെന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നു.
ഒരുമയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ സമൂഹ  നോമ്പ് തുറയും പ്രദര്‍ശനപരതയാല്‍ ദുര്‍വ്യയത്തിന്‍റെയും ആര്‍ഭാടത്തിന്‍റെയും സദസ്സുകളായി മാറുകയാണ്. അത്തരം സദസ്സുകള്‍ നന്മയുടെ മാലാഖകള്‍ക്ക് പകരം തിന്മയുടെ പിശാചുകള്‍ കയ്യടക്കുന്നു. അനുഷ്ഠിച്ച വ്രതങ്ങള്‍ നിഷ്ഫലമാക്കുന്ന  പ്ര വര്‍ത്തികളാണിതൊക്കെയും. 


ഗള്‍ഫിലുള്ളവര്‍ക്ക് നാട്ടിലുള്ളവരെയും നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫിലുള്ളവരെയും കാണാം എന്ന പ്രലോഭനത്തിന് വശംവദരായി ഇരുകൂട്ടരും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാന്‍      കൊള്ളുമ്പോള്‍ റംസാനിലെ പരിശുദ്ധമായ ദിനരാത്രങ്ങളാണ് പാഴാകുന്നതെന്ന വസ്തുത മറക്കപ്പെടുന്നു. ഗള്‍ഫിലുള്ളവരെ കാണാന്‍ ഒരുപക്ഷെ രാത്രികാലങ്ങളിലെ നിസ്കാരങ്ങള്‍ പോലും മുഴുമിക്കാതെ ടെലിവിഷന് മുന്പിലേക്ക് ഓടേണ്ടി വരുന്നു.  റംസാന്‍ മാസത്തില്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന ടെലിവിഷന്‍ വീണ്ടും ഓണ്‍ ചെയ്യാന്‍ ഇത്തരം പ്രോഗ്രാമുകള്‍ പ്രേരിപ്പിക്കുന്നു. ഖുര്‍ആനിലും ആരാധനയിലും ഏര്‍പ്പെടുന്ന കുടുംബിനികള്‍ ടി.വിയിലേക്ക് വീണ്ടും തിരിയുന്നു. എന്നാല്‍ പരിപാടികളാവട്ടെ ഗുണകരമല്ലാത്തതും. മാത്രമല്ല, പരിപാടി വിരസമാകുമ്പോള്‍ റിമോട്ടിന്‍റെ ബട്ടണുകള്‍ അടുത്ത ചാനലുകളിലെ നയന മനോഹര ദൃശ്യങ്ങളിലേക്ക് തന്നെ തിരിയുകയാണ്.


സംഘര്‍ഷഭരിതമായ മനസ്സുകള്‍ക്ക് ശാന്തി നല്‍കുന്ന ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത്, മറ്റു പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചും മുഴുകിയും റംസാന്‍റെ പുണ്യം കൈവരിക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു സാമൂഹ്യനന്മയായി കണക്കിലെടുത്ത് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുന്നത് തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

Saturday, August 6, 2011

റംസാന്‍ മാസം പുണ്യമാസം

ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ വ്രതാനുഷ്‌ഠാന ച്ചടങ്ങുകളിലേക്കുള്ള തയ്യാറെടുപ്പിലാണ്‌. ആഗസ്റ്റ്‌ ഒന്നുമുതല്‍ മുപ്പതുദിവസക്കാലം നീണ്ടുനില്‍ക്കുന്ന ഒരു തപശ്ചര്യയാണ്‌ റംസാന്‍ മാസത്തിലെ വ്രതം. ചൈതന്യരഹിതമായ കേവല ഉപവാസമല്ല അത്‌. മറിച്ച്‌, മനുഷ്യന്റെ പതിവുരീതികളും സമ്പ്രദായങ്ങളും മാറ്റിവെച്ച്‌ ഒഴുക്കിനെതിരെ നീന്തുന്ന ഒരു പ്രക്രിയയാണ്‌. വ്രതശുദ്ധിയുടെ ഉലയില്‍ വാര്‍ത്തെടുക്കുന്ന വിശ്വാസികളെ 
അഗ്നിശുദ്ധിക്ക്‌ വിധേയമാക്കി ഏതു പരിതസ്ഥിതികളിലേക്കും പറ്റുന്നവിധം പരുവപ്പെടുത്തിയെടുക്കുകയാണ്‌ വ്രതം അഥവാ നോമ്പിലൂടെ ഉദ്ദേശിക്കുന്നത്‌. ആത്മാവിനോടൊപ്പം സകല ശാരീരികാവയവങ്ങളും പങ്കുചേരുന്ന, ഭക്തിയും ശക്തിയും, വിരക്തിയും ഒരുമിക്കുന്ന ഉത്‌കൃഷ്ടാരാധനയാണ്‌ വ്രതം.

ശരീരത്തിന്റേയും ആത്മാവിന്റേയും സംഘാതമാണ്‌ മനുഷ്യന്‍. ആത്മാവ്‌ പാര്‍ക്കുന്ന ഗേഹമാണ്‌ ശരീരം. രണ്ടിന്റേയും ധര്‍മ്മങ്ങളും ഇച്ഛകളും വിഭിന്നവുമാണ്‌. ആത്മാവിനും ശരീരത്തിനും അര്‍ഹിക്കുന്ന അളവില്‍ പ്രോത്സാഹനവും പരിഗണനയും ലഭിക്കണം. അതിലെ അസന്തുലിതത്വം മനുഷ്യധര്‍മ്മത്തെ അട്ടിമറിക്കുന്ന പതനത്തിലെത്തിക്കും. എന്നാല്‍, സംഭവലോകത്ത്‌ ശരീരത്തിനാണ്‌ സകലവിധ പരിഗണനകളും ഊന്നലുകളും ലഭിച്ചുകാണുന്നത്‌. ഇത്‌ മനുഷ്യനിലെ ജന്തുസ്വഭാവത്തെ വളര്‍ത്തുന്നു. വ്രതത്തിലൂടെ ശരീരേച്ഛകളുടെ തടവറയില്‍നിന്ന്‌ മനുഷ്യന്‍ മോചിതനാക്കപ്പെടുകയാണ്‌.

വിശപ്പ്‌, ദാഹം, വികാരങ്ങള്‍, ഇവ മനുഷ്യനചന്റ തിന്മയിലേക്ക്‌ തുറക്കുന്ന കവാടങ്ങളാണ്‌. ആ സാദ്ധ്യതകളെ സ്വന്തം ഇച്ഛാശക്തികൊണ്ട്‌ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നതോടെ ശരീരത്തിനുമേല്‍ ആത്മാവിന്‌ വിജയംകൈവരുന്നു. ഈ വിധം ശരീരത്തിന്റെ തടവറയില്‍നിന്ന്‌ ആത്മാവ്‌ പുറത്തുകടക്കുമ്പോള്‍, അതായത്‌ ഇച്ഛകളുടെ ആധിപത്യത്തില്‍നിന്ന്‌ മനുഷ്യന്‍ വിമോചിതനാകുമ്പോള്‍ മനുഷ്യന്‍ മാലാഖമാരോട്‌ അടുക്കുകയും ജന്തുതയില്‍നിന്ന്‌ അകലുകയുമാണ്‌ ചെയ്യുന്നത്‌. വ്രതശുദ്ധിയുള്ള ഒരാളുടെഹൃദയം തൊട്ടറിഞ്ഞ പ്രാര്‍ത്ഥന ആകാശകവാടങ്ങള്‍ മുട്ടിത്തുറക്കുകയും ചെയ്യുമത്രേ.

ആത്മനിയന്ത്രണ ശേഷിയും ക്ഷമയും മനുഷ്യന്റെ മാത്രം സവിശേഷതകളാണ്‌. ജന്തുജാലങ്ങള്‍ക്ക്‌ അവ തീര്‍ത്തും അന്യം. വിശപ്പുള്ളപ്പോള്‍ തിന്നാതിരിക്കാനും, ദാഹിക്കുമ്പോള്‍ കുടിക്കാതിരിക്കാനും, ലൈഗികതൃഷ്‌ണയുള്ളപ്പോള്‍ ഇണചേരാതിരിക്കാനുള്ള ശേഷിയും സംസ്‌ക്കാരത്തിന്റെ അത്യുന്നതഭാവത്തേയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. പരിശീലനക്കളരിയായ മുപ്പതുനാളത്തെ വ്രതാചാരത്തിലൂടെ ഉത്തമഗുണങ്ങള്‍, ഉദാത്തസംസ്‌ക്കാരം, ഔദാര്യവും കാരുണ്യവും എന്നീ മാനുഷികശ്രേഷ്‌ഠഭാവങ്ങളാണ്‌ ഊട്ടിയുറപ്പിക്കപ്പെടുന്നത്‌.

നോമ്പുകാലത്ത്‌ കഠിനമായ വിശപ്പും ദാഹവും സഹിക്കേണ്ടിവരുമ്പോള്‍, ലോകത്തുള്ള കോടാനുകോടി പട്ടിണിപ്പാവങ്ങളെ അപേക്ഷിച്ച്‌ തനിക്ക്‌ നല്‍കപ്പെട്ട അനുഗ്രഹത്തിന്റെ വില മനുഷ്യന്‌ ബോധ്യമാവുന്നു. അഗതികളുടേയും പട്ടിണിപ്പാവങ്ങളുടേയുംകണ്ണീരൊപ്പണമെന്നും അവരോടൊപ്പം നില്‍ക്കണമെന്നുമുള്ള ചിന്തയും അവനില്‍ നിറയുന്നു. റംസാന്‍ കാലം ഉദാരതയുടേയും പരസ്‌പര സഹായത്തിന്റേയും വസന്തകാലമായി മാറിയ പശ്ചാത്തലവും മറ്റൊന്നല്ല. ദരിദ്രനെന്നോ ധനികനെന്നോ ഭേദമില്ലാതെ, ഓരോവിശ്വാസിയും നല്‍കേണ്ട സകാത്താണ്‌ നോമ്പ്‌.

വിശക്കുന്നവനെ ഊട്ടണമെന്ന ചിന്ത, ആവശ്യക്കാര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കണമെന്ന വിചാരം നോമ്പുകാലത്തേക്കാള്‍ ഉന്മിഷത്താവുന്ന മറ്റേതെങ്കിലും സന്ദര്‍ഭമുണ്ടോ എന്ന്‌ സംശയമാണ്‌. ഒരാള്‍ മറ്റൊരാളുടെ ബുദ്ധിമുട്ട്‌ ലഘൂകരിച്ചുകൊടുത്താല്‍ അവന്റെ ഇഹത്തിലേയും പരത്തിലേയും ബുദ്ധിമുട്ട്‌ അല്ലാഹു ലഘൂകരിച്ചുകൊടുക്കും. ഓരോരുത്തരും അവരവരുടെ നോമ്പ്‌ അല്ലാഹുവിങ്കല്‍ സ്വീകാര്യമായോ എന്ന കാര്യത്തില്‍ സദാആശങ്കാകുലരായിരിക്കുമെന്നത്‌ സ്വാഭാവികം. അതിനാല്‍തന്നെ ലക്ഷ്യപ്രാപ്‌തിക്കുതകുന്ന, ചൈതന്യവത്തായ നോമ്പനുഷ്‌ഠിക്കാന്‍ എല്ലാവരും വളരെ ശ്രദ്ധിക്കുന്നു.