Thursday, August 25, 2011

`രാജാവ്‌ നഗ്നനാണ്‌'

പണ്ട്‌ പണ്ട്‌ ജീവിച്ചിരുന്ന ഒരു രാജാവിന്റെ കഥയാണ്‌. ഒരു കൂട്ടം ഉപജാപകസംഘത്തിന്റെയും സ്‌തുതിപാഠകരുടേയും വലയത്തില്‍ രാജാവ്‌ അങ്ങനെ വാണരുളി. അവരെന്തുപറഞ്ഞാലും അതപ്പാടെ വിശ്വസിച്ച്‌ പാരിതോഷികങ്ങള്‍ വാരിക്കോരി കൊടുക്കും. രാജ്യത്തെക്കുറിച്ചോ പ്രജകളെക്കുറിച്ചോ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത രാജാവ്‌.

തങ്ങള്‍ എന്തുപറഞ്ഞാലും കണ്ണടച്ച്‌ വിശ്വസിക്കുന്ന ഈ രാജാവിനെ വിഡ്‌ഢിവേഷം കെട്ടിക്കാന്‍ ഒരു ദിവസം അവര്‍ തീരുമാനിച്ചു. ചൈനയില്‍ നിന്ന്‌ ഒരു അത്ഭുത വസ്‌ത്രം വാങ്ങാന്‍ കിട്ടുമെന്നും, അത്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ സ്വര്‍ക്ഷരാജ്യത്തുനിന്നുകൊണ്ടുവന്ന, ചൈനയില്‍ മാത്രം കിട്ടുന്ന ഒരുതരം സില്‍ക്ക്‌ കൊണ്ടാണെന്നും രാജാവിനെ ധരിപ്പിച്ചു. ആ സില്‍ക്കുകൊണ്ട്‌ നിര്‍മ്മിക്കുന്ന വസ്‌ത്രം നഗ്നനേത്രങ്ങള്‍കൊണ്ട്‌ കാണാന്‍ കഴിയാത്തത്ര സുതാര്യമാണെന്നും രാജാവിനെ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. വിഡ്‌ഢിയായ രാജാവ്‌ അതു വിശ്വസിക്കുകയും,ആ വസ്‌ത്രം കൊണ്ടുവരാന്‍ കല്‌പന കൊടുക്കുകയും ചെയ്‌തു.

ഒരു ദിവസം രാജാവിനെ വിവസ്‌ത്രനാക്കി സില്‍ക്കുകൊണ്ടുണ്ടാക്കിയ വസ്‌ത്രം ധരിപ്പിക്കുന്നതുപോലെ അവര്‍ അഭിനയിച്ചു. പൂര്‍ണ്ണ നഗ്നനായ രാജാവ്‌ പരിവാരസമേതം രാജവീഥിയിലൂടെ നടന്നു നീങ്ങി. നഗ്നനായി നടന്നുപോകൂന്ന രാജാവിനെ നോക്കി ജനങ്ങള്‍ ആര്‍പ്പു വിളിച്ചു , കൈവീശി. തന്റെ സ്വര്‍ക്ഷീയ സില്‍ക്ക്‌ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ തന്നെ അഭിനന്ദിക്കുന്നതാണെന്ന്‌ തെറ്റിദ്ധരിച്ച്‌ രാജാവ്‌ എല്ലാവര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിച്ച്‌ നടന്നു നീങ്ങി.

പക്ഷേ, കുറെ ദൂരം ചെന്നപ്പോള്‍ രാജാവ്‌ പെട്ടെന്ന്‌ നിന്നു. ഒരു മൂലയില്‍ ഒരു കുട്ടി നിന്ന്‌ രാജാവിനെ നോക്കി അടക്കിച്ചിരിക്കുന്നു. രാജാവ്‌ ഉടനെ ആ കുട്ടിയുടെ അടുത്തുചെന്ന്‌ ചിരിക്കുന്നതിന്റെ കാരണമാരാഞ്ഞു. എന്റെ പുതിയ വസ്‌ത്രം കണ്ട്‌ ജനങ്ങള്‍ കൈയ്യടിച്ച്‌ ആര്‍പ്പു വിളിക്കുമ്പോള്‍ നീ മാത്രം എന്തുകൊണ്ടാണ്‌ ചിരിക്കുന്നതെന്നു രാജാവ്‌ ചോദിച്ചു.നിഷ്‌ക്കളങ്കനായ ആ കുട്ടി പറഞ്ഞു `രാജാവേ, അങ്ങ്‌ നഗ്നനാണ്‌.' ങ്‌ഹേ, ഞാന്‍ നഗ്നനോ രാജാവ്‌ ആശ്ചര്യപ്പെട്ടു. `അതേ മഹാരാജാവേ, അങ്ങ്‌ വിവസ്‌ത്രനാണ്‌.' കുട്ടിയുടെ വാക്കുകള്‍ കേട്ട്‌ രാജാവ്‌ അമ്പരന്നു. തന്റെ സ്‌തുതിപാഠകരും ഉപജാപകരും തന്നെ വിഡ്‌ഢിയാക്കുകയായിരുന്നു എന്ന്‌ തിരിച്ചറിഞ്ഞ രാജാവ്‌ പിന്നീട്‌ പ്രജാവത്സനനായ രാജാവായി നാടു വാണു എന്നാണ്‌ കഥ.

ഏതാണ്ട്‌ സമാനമായ സംഭവമാണ്‌ മുഖ്യമന്ത്രിക്കുപ്പായമിട്ട്‌ പ്രതിപക്ഷ നേതാവിന്റെ ജോലി ചെയ്‌ത്‌ അഞ്ചു വര്‍ഷക്കാലം കേരളം ഭരിച്ച?വി.എസ്സിന്റെ കഥ. `എന്നെ അധികാരത്തിലേറ്റിയാല്‍ സ്‌ത്രീപീഡനക്കാരെ മുഴുവന്‍ കൈയ്യാമം വെച്ച്‌ തെരുവിലൂടെ നടത്തിച്ച്‌ ഇരുമ്പഴിക്കുള്ളിലാക്കും,നാട്ടിലെ എല്ലാ പെണ്ണുങ്ങള്‍ക്കും ഏത്‌ നട്ടപ്പാതിരാക്കും എവിടെ വേണമെങ്കിലും ഭയലേശമന്യേ ഒറ്റക്ക്‌ ഇറങ്ങി നടക്കാനുള്ള നിയമം കൊണ്ടുവരും' എന്ന്‌ ഉറപ്പു കൊടുത്തെങ്കിലും, അധികാരത്തിലെത്തിയപ്പോള്‍ നട്ടപ്പാതിര പോയിട്ട്‌ നട്ടുച്ച നേരത്തുപോലും പെണ്ണുങ്ങള്‍ക്ക്‌ വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായത്‌ പകല്‍പോലെ സത്യം. പെണ്ണുങ്ങള്‍ വഴിയിലിറങ്ങിയില്ലെങ്കില്‍ വീട്ടില്‍ കയറി പീഡിപ്പിക്കുന്ന അവസ്ഥവരെയായി. ചുരുക്കിപ്പറഞ്ഞാല്‍ അഞ്ചു കൊല്ലംകൊണ്ട്‌ കേരളത്തിലെ ജനസംഖ്യയില്‍ പീഡനക്കാരുടെ എണ്ണം കൂടി യതുമാത്രം ബാക്കി.

കൈവിട്ടുപോയ ഭരണം തിരിച്ചുകിട്ടിയ സന്തോഷത്തോടെ മുഖ്യമന്ത്രിപദം ഏറ്റുവാങ്ങിയ ഉമ്മന്‍ചാണ്ടി മനസ്സമാധാനത്തോടെ ഒന്നു ഭരിച്ചു കളയാമെന്നു വെച്ചാണ്‌ അധികാരക്കസേരയിലിരുന്നത്‌. ഏതായാലും ഉമ്മന്‍ചാണ്ടി ഭരണത്തിലെത്തി അധികകാലം കഴിയുന്നതിനു മുന്‍പ്‌ കേരളം ലോകഭൂപടത്തില്‍ ഏറ്റവും സമ്പന്ന സംസ്ഥാനമായി. അനന്തപുരിയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികളുടെ സ്വത്ത്‌ ഭൂഗര്‍ഭ അറകളില്‍ ഭദ്രമായിരിക്കുന്നിടത്തോളംകാലം കേരളം കോടീശ്വരി തന്നെ.`ദരിദ്രരായ അത്താഴപ്പട്ടിണിക്കാര്‍ അന്തിയുറങ്ങുന്ന കോടീശ്വരിയായ കേരളം' എന്ന്‌ വേണമെങ്കില്‍ നമുക്കഭിമാനിക്കാം.

കേരളത്തില്‍ നടന്നുകൊണ്ടിരുന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന്‌ തലപുകഞ്ഞാലോചിച്ച്‌ ഒരു നൂറു ദിവസത്തെ സാവകാശം ചോദിച്ച്‌ തട്ടിയും മുട്ടിയുമങ്ങനെ പോയിക്കൊണ്ടിരുന്നപ്പോഴാണ്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര പ്രശ്‌നം സര്‍ക്കാരിന്‌ തലവേദന സൃഷ്ടിച്ചത്‌. ജനങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തൊഴിലില്ലാതെ ജനങ്ങള്‍ നരകയാതന അനുഭവിച്ചാലും വേണ്ടില്ല, ആവശ്യമായ ചികിത്സ കിട്ടാതെ ആശുപത്രികളില്‍ രോഗികള്‍ മരിച്ചുവീണാലും വേണ്ടില്ല,?ഖജനാവില്‍ പണമില്ലെങ്കിലും വേണ്ടില്ല കടം വാങ്ങിയെങ്കിലും ഭഗവാന്റെ സ്വത്ത്‌ സംരക്ഷിക്കുകതന്നെ ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്ത ഉമ്മന്‍ചാണ്ടിക്ക്‌ തലവേദന സൃഷ്ടിച്ചുകൊണ്ട്‌?അതാ വി.എസ്സ്‌. വീണ്ടും തന്റെ സ്വതസിദ്ധമായ ശൈലിയുമായി രംഗത്തെത്തി.

ഇത്തവണ വി.എസ്സി.ന്റെ ചൂണ്ടയില്‍ കൊത്തിയത്‌ കുഞ്ഞാലിക്കുട്ടിയോ, മുനീറോ അല്ല. സാക്ഷാല്‍ ഉത്രാടം തിരുനാള്‍ മഹാരാജാവ്‌ തന്നെ. `രാജാവ്‌ കള്ളനാണെന്ന്‌' വിളിച്ചു പറയാന്‍ വി.എസ്സിന്‌ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പാല്‌പായസവും നിവേദ്യവുമൊക്കെയാണെന്നു പറഞ്ഞ്‌ രാജാവും കുടുംബാംഗങ്ങളും പാത്രങ്ങളിലാക്കി കൊട്ടാരത്തിലേക്ക ്‌ കൊണ്ടുപോകുന്നത്‌ ക്ഷേത്രത്തിലെ സ്വര്‍ണ്ണവും വെള്ളിയുമൊക്കെയാണെന്നാണ്‌ വി.എസ്സിന്റെ കണ്ടുപിടുത്തം ! നിലവറകളിലുള്ള സ്വത്തുക്കളെല്ലാം അവര്‍ കട്ടുകൊണ്ടു പോകുകയാണെന്നും വി.എസ്സ്‌ പറയുന്നു. വി.എസ്സ്‌. നടത്തിയ മറ്റു പ്രസ്‌താവനകളൊക്കെ തള്ളിക്കളഞ്ഞാലും, ഈ പ്രസ്‌താവന അല്‌പം അതിരു കടന്നതായിപ്പോയില്ലേ എന്ന്‌ ജനങ്ങള്‍ ചിന്തിച്ചെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുമോ

ആര്‍ക്കെങ്കിലും ആരെയെങ്കിലും ആക്ഷേപിക്കണമെങ്കിലോ അപഹാസ്യരാക്കണമെങ്കിലോ വി.എസ്സിനെ ചെന്ന്‌ കണ്ട്‌ ഒരു വെള്ളക്കടലാസില്‍ എഴുതിക്കൊടുത്താല്‍ മതി. നിമിഷങ്ങള്‍ക്കകം അദ്ദേഹം പത്രസമ്മേളനം നടത്തി നാടാകെ നാറ്റിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ ക്ഷേത്രത്തില്‍ നിന്ന്‌ പിരിച്ചു വിട്ട രണ്ട്‌ ജീവനക്കാര്‍ പറഞ്ഞതുകൊണ്ടാണ്‌ താനത്‌ പറഞ്ഞതെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ നിന്ന്‌ മനസ്സിലാകുന്നത്‌.

ഒരു സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി ഇങ്ങനെയുള്ള പ്രസ്‌താവനകള്‍ വിളിച്ചു പറയുന്നത്‌ സാംസ്‌ക്കാരിക കേരളത്തിനും, ജനങ്ങള്‍ക്കും അപമാനമാണ്‌. വി.എസ്സിന്റെ പ്രസ്‌താവനക്കെതിരെ എതിര്‍പ്പുമായി രാജകുടുംബവും വിവിധ സംഘടനകളും രംഗത്തെത്തിയപ്പോള്‍, താന്‍ പറഞ്ഞത്‌ തിരുത്താനല്ല അദ്ദേഹം തുനിഞ്ഞത്‌. പറഞ്ഞത്‌ ന്യായീകരിക്കാനും വേണമെങ്കില്‍ സുപ്രീം കോടതി വരെ പോകാനും മടിക്കില്ലെന്നും തട്ടി വിട്ടു. നോക്കണേ കലികാലം.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന്‌ പാല്‌പായസത്തില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആക്ഷേപം തന്റേതല്ല, തനിക്കു ലഭിച്ച പരാതിയില്‍ ഒരെണ്ണം താന്‍ പറഞ്ഞെന്നേ ഉള്ളൂ എന്നൊക്കെ പറഞ്ഞാല്‍ ആരാണ്‌ വിശ്വസിക്കുക. കളവു നടന്നാല്‍ നേരെ പോലീസ്‌ സ്റ്റേഷനിലല്ലേ പരാതി പറയേണ്ടത്‌. ആരോപണമുന്നയിച്ച വ്യക്തി തന്നെ കോടതിയില്‍ പോകുമെന്ന്‌ പറയുന്നതിലെന്തു ന്യായം. വാദിയും, പ്രതിയും, പോലീസും, വക്കീലും, ജഡ്‌ജിയും ഒരാള്‍ തന്നെയായാലെങ്ങനെ നീതി ലഭിക്കും ഏതായാലും ഒരു തരംഗം സൃഷ്ടിക്കാന്‍ വി.എസ്സിന്‌ സാധിച്ചു.

ഉപജാപക സംഘങ്ങളാണോ സ്‌തുതിപാഠകരാണോ വി. എസ്സിനു സാരോപദേശങ്ങള്‍ നല്‌കുന്നതെന്നറിയില്ലെങ്കിലും,നഗ്നനായ രാജാവ്‌ അബദ്ധം തിരിച്ചറിഞ്ഞ്‌ നന്നാവാന്‍ തീരുമാനിച്ചപോലെ വി.എസ്സിനും തിരിച്ചറിവുണ്ടാകുമെന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.




2 comments:

  1. ചേട്ടന്‍ എന്തൊക്കെ പറഞ്ഞാലും വി.എസ്. കേരളീയര്‍ക്ക് പ്രിയപ്പെട്ടവന്‍ തന്നെ. പിന്നെ നഗ്നനാവാന്‍ പോകുന്നത് നിങ്ങടെ ചാണ്ടിയമ്മാവനാണ്‌ സാധ്യത. കാര്യങ്ങളുടെ പോക്ക് ആ വഴിക്കാട്ടോ..

    ReplyDelete
  2. എന്തിനാ മോനെ ദിനേശാ ഈ ഒളിച്ചുകളി. "അനോനി" യായ നീ ആരാണെന്ന് ഞാന്‍ കണ്ടുപിടിച്ചു. ശരിയായ പേരെഴുതി കമന്റ് ഇടുന്നതല്ലേ ആണത്തം? എന്തിനാ ഒളിഞ്ഞിരുന്നു കല്ലെറിയുന്നത്‌? അഭിപ്രായം പറയുന്നത് മുഖത്ത് നോക്കി പറയുന്നതാണ് എന്റെ രീതി. എന്റെ ബ്ലോഗുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളെയും പ്രൊമോട്ട് ചെയ്യാനുള്ളതല്ല. എന്റെ ഇതര ബ്ലോഗുകള്‍ വായിച്ചാല്‍ അത് മനസ്സിലാകും. എന്റെ മറ്റു ബ്ലോഗുകളിലൊന്നും അഭിപ്രായം എഴുതാതെ വീ.എസ്സിന്റെ പേര് കാണുന്ന ബ്ലോഗ്‌ കാണുമ്പോള്‍ ഇങ്ങനെ കലി തുള്ളുന്ന താങ്കള്‍ ഒരു കടുത്ത കമ്മ്യൂണിസ്റ്റാണെന്നും ഒരു സത്യനിഷേധി ആണെന്നും പറയുന്നതില്‍ തെറ്റുണ്ടോ?

    ReplyDelete