Sunday, December 11, 2011

നഴ്‌സുമാരെ തല്ലാന്‍ കേരളത്തിലും ക്വട്ടേഷന്‍ സംഘം?

കൊച്ചിയിലെ അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട്‌ സമരം ചെയ്‌ത നഴ്‌സുമാരെ ആശുപത്രി ജീവനക്കാരും ചില ഗുണ്ടകളും ചേര്‍ന്ന്‌ തല്ലിച്ചതച്ചെന്ന വാര്‍ത്ത ഞെട്ടലുളവാക്കി. സ്വന്തം സ്ഥാപനത്തില്‍ ആതുരശുശ്രൂഷകരായി സേവനം ചെയ്യുന്നവരെ ആക്രമിക്കുവാന്‍ ആശുപത്രി അധികൃതര്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.

ഇന്ത്യയിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ടിക്കുന്ന നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പൊതുജനശ്രദ്ധയാകര്‍ഷിച്ചത്‌ ഡല്‍ഹിയിലെ സമരത്തില്‍ നിന്നാണ്‌. പിന്നീടത്‌ ഇന്ത്യയൊട്ടാകെ പ്രചരിക്കുകയും, അതില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ വിവിധ സംസ്ഥാനങ്ങളില്‍ നഴ്‌സുമാര്‍ തങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുവാന്‍ സമരമുറകളിലേക്ക്‌ തിരിയുകയുമായിരുന്നു.

കോളിളക്കം സൃഷ്ടിച്ച, മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന, തൊടുപുഴ സ്വദേശിനി ബീന എന്ന നഴ്‌സിന്റെ ആത്മഹത്യയില്‍ അധികൃതര്‍ പതറിയെങ്കിലും വീണ്ടും പഴയ രീതിയായ കൈയ്യേറ്റത്തിലേക്ക്‌ ആശുപത്രി അധികൃതര്‍ തിരിയുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഇപ്പോള്‍ അമൃതയില്‍ സംഭവിച്ചത്‌. അടുത്ത കാലത്ത്‌ കൊല്ലത്തെ ശങ്കേഴ്‌സ്‌ ആശുപത്രിയിലും സമാന സംഭവം നടന്നിരുന്നു. അവിടെയും ക്വട്ടേഷന്‍ സംഘത്തെയാണ്‌ ആശുപത്രി അധികൃതര്‍ നിയോഗിച്ചത്‌. ആനുകൂല്ല്യങ്ങള്‍ക്കുവേണ്ടി പണിമുടക്കിയ നഴ്‌സുമാരെ പുറത്തുനിന്നെത്തിയ ഗുണ്ടാ സംഘം ആക്രമിക്കുകയും ഗര്‍ഭിണിയായ ഒരു സ്റ്റാഫ്‌ നഴ്‌സിന്‌ പരിക്കേല്‌ക്കുകയും ചെയ്‌തിരുന്നു.

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്ന ഏതാനും ആശുപത്രികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും അനുവദിച്ചു കൊടുക്കുന്നതുകൊണ്ട്‌ സ്ഥാപനത്തിന്‌ ദോഷമല്ല മറിച്ച്‌ യശസ്സ്‌ കൂടുകയേ ഉള്ളൂ എന്ന ബോധോദയമാണ്‌ അധികൃതരെ അതിന്‌ പ്രേരിപ്പിക്കുന്നത്‌. പക്ഷേ, നഴ്‌സുമാര്‍ അടിമകളാണെന്ന ധാരണയില്‍ അവരോട്‌ പ്രതികാരബുദ്ധിയോടെ പെരുമാറാനാണ്‌ ഭൂരിഭാഗം അധികൃതരും ശ്രമിക്കുന്നത്‌.

കഴിഞ്ഞ മാസം കടിഞ്ഞൂല്‍ പ്രസവത്തിന്‌ അഭിഷേക്‌ ബച്ചന്റെ ഭാര്യയും ബോളിവുഡ്‌ സുന്ദരിയുമായ ഐശ്വര്യ റായിയെ മുബൈയിലെ സെവന്‍സ്‌ഹില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ മുതലെടുത്ത്‌ അതേ ആശുപത്രിയില്‍ നാളുകളായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ അവരുടെ സമര തന്ത്രം കൗശലപൂര്‍വ്വം വഴിതിരിച്ചുവിട്ട്‌ ആശുപത്രി അധികൃതരെ വട്ടം കറക്കി ആനുകൂല്ല്യങ്ങള്‍ നേടിയെടുത്തത്‌ വാര്‍ത്തയായിരുന്നു.

`ബിഗ്‌ ബി'യുടെ മരുമകളാണ്‌ കുഞ്ഞു `ബി'ക്ക്‌ ജന്മം നല്‍കാന്‍ ആശുപത്രിയില്‍ എത്തിയത്‌. അപ്പോള്‍ മാധ്യമപ്പട ആശുപത്രിയുടെ ചുറ്റും തമ്പടിക്കുമെന്നും നഴ്‌സുമാര്‍ കണക്കുകൂട്ടി. `എ' ആയാലും `ബി' ആയാലും തങ്ങളുടെ ജീവല്‍പ്രശ്‌നമാണ്‌ വലുതെന്ന്‌ അവരും തീരുമാനിച്ച്‌ സമരമുറ ആരംഭിച്ചപ്പോഴാണ്‌ ആശുപത്രി അധികൃതര്‍ക്ക്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായത്‌. നഴ്‌സുമാരുടെ സമര കോലാഹലം തത്സമയ സംപ്രേക്ഷണത്തിലൂടെ ലോകമൊട്ടാകെ അറിഞ്ഞാല്‍ നാണക്കേടാണെന്നും, ആശുപത്രിയുടെ നിലനില്‌പിനെത്തന്നെ അതു ബാധിക്കുമെന്നും കരുതിയതുകൊണ്ടാകാം നഴ്‌സുമാരുമായി അവര്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറായതും അവരുടെ പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിക്കുകയും ചെയ്‌തത്‌. സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‌കുക, ശമ്പളത്തോടെയുള്ള ഒരു മാസത്തെ അവധി, ശമ്പള വര്‍ദ്ധന എന്നിത്യാദി ആവശ്യങ്ങളെല്ലാം അംഗീകരിച്ചു. അതോടെ സെവന്‍സ്‌ഹില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ രക്ഷപ്പെടുകയും ചെയ്‌തു.

നഴ്‌സുമാരെ ആക്രമിച്ച്‌ പരിക്കേല്‌പിക്കുകയും അവരെ ആക്രമിച്ച ഗുണ്ടകള്‍ തന്നെ അവരെ അതേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, അവര്‍ക്ക്‌ ചികിത്സ നിഷേധിക്കുകയും ചെയ്‌തെങ്കില്‍ അത്‌ ന്യായീകരിക്കാവുന്നതല്ല. ഒരു നഴ്‌സിനെ കാണാതായെന്ന വാര്‍ത്തയാണ്‌ സമരക്കാരെ ഏറെ പരിഭ്രാന്തരാക്കിയത്‌. പോലീസില്‍ പരാതി കൊടുത്തതനുസരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആ നഴ്‌സിനെ ആശുപത്രിയില്‍ തന്നെയുള്ള ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുന്നതായി കൊച്ചി സിറ്റി പോലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കണ്ടുപിടിച്ചു എന്ന്‌ കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്നത്‌ തീര്‍ച്ചയായും ഈ സ്ഥാപനങ്ങളുടെയെല്ലാം നിയന്ത്രണവും സംരക്ഷണവും ക്വട്ടേഷന്‍ സംഘത്തിന്റേയോ മാഫിയാ സംഘത്തിന്റെയോ കൈകളിലാണെന്നതാണ്‌. കേരള-കേന്ദ്ര സര്‍ക്കാരുകളുടെ അന്വേഷണവും ഇത്തരുണത്തില്‍ അനിവാര്യമാണ്‌. അക്രമികളെ അറസ്റ്റു ചെയ്യുകയും അതോടൊപ്പം ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌?കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

ന്യൂഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം വലിച്ചുകീറുകയും പ്രകോപനപരമായ രീതിയില്‍ പ്രിന്‍സിപ്പല്‍ പെരുമാറുകയുമാണ്‌ ചെയ്‌തതെങ്കില്‍, അമൃതാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ}ട്ടില്‍ ഒരു നഴ്‌സിനെ മറ്റൊരു ജീവനക്കാരന്‍ മുറിയില്‍ പൂട്ടിയിട്ട്‌ മര്‍ദ്ദിക്കുകയാണ്‌ ചെയ്‌തത്‌. ഈ രണ്ടു സംഭവങ്ങളും താരതമ്യം ചെയ്യുമ്പോള്‍ തമ്മില്‍ ഭേദം രാം മനോഹര്‍ ലോഹ്യ ആശുപത്രി തന്നെ.

ഇത്രയെല്ലാം അക്രമങ്ങള്‍ കൊച്ചിയുടെ ഹൃദയഭാഗത്ത്‌ സംഭവിച്ചിട്ടും കോഴിക്ക്‌ മുലവരുന്നതും, റോഡില്‍ പാറ മുളച്ചതും, ആലിന്‌ വാലു കിളിര്‍ത്തതുമൊക്കെ എക്‌സ്‌ക്ലൂസീവ്‌ ആയി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ചാനലുകാരും പത്ര മാധ്യമങ്ങളൊന്നും ഇതേക്കുറിച്ച്‌ കാര്യമായി റിപ്പോര്‍ട്ട്‌ ചെയ്‌തു കണ്ടില്ല. ഇങ്ങനെയുള്ള സംഭവങ്ങള്‍ സാമൂഹിക പ്രശ്‌നമായി കണ്ട്‌ വേണ്ടത്ര പ്രചരണം കൊടുത്തെങ്കിലേ ഭാവിയില്‍ ഇങ്ങനെയുള്ള അക്രമങ്ങക്ക്‌ തടയിടാനാകൂ.

`വിശ്വാസം, അതല്ലേ എല്ലാം......!!'




No comments:

Post a Comment