Friday, February 24, 2012

അമേരിക്കയിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഭീകര പ്രവര്‍ത്തകരോ?

2009ല്‍ റിലീസായ ഒരു ഹിന്ദി സിനിമ നെറ്റ്‌ഫ്‌ളിക്‌സിലൂടെ ഈയ്യിടെ കാണാനിടയായി. യാഷ്‌രാജ്‌ ഫിലിംസിനുവേണ്ടി കബീര്‍ ഖാന്‍ സംവിധാനം ചെയ്‌ത ആദിത്യ ചോപ്ര നിര്‍മ്മിച്ച `ന്യൂയോര്‍ക്ക്‌' എന്ന ഈ സിനിമ ന്യൂയോര്‍ക്ക്‌, ന്യൂജെഴ്‌സി, പെന്‍സില്‍വേനിയ എന്നിവിടങ്ങളില്‍ വെച്ചാണ്‌ ചിത്രീകരണം നടത്തിയിരിക്കുന്നത്‌. 2001 സെപ്‌തംബര്‍ പതിനൊന്നിലെ ഭീകരാക്രമണത്തിനുശേഷം ആരെങ്കിലും ഒരു ചെറിയ ക്യാമറയുമായി ന്യൂയോര്‍ക്ക്‌ നഗരത്തിലൂടെ നടന്നാല്‍ പോലീസിന്റെ പിടിയിലാകുന്ന അവസ്ഥയുണ്ടായിട്ടും, ഇങ്ങനെയൊരു ബോളിവുഡ്‌ ത്രില്ലര്‍ സിനിമ അമേരിക്കയില്‍, അതും വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ സ്ഥിതി ചെയ്‌തിരുന്ന ന്യൂയോര്‍ക്ക്‌ നഗരത്തില്‍, ചിത്രീകരിച്ചതു തന്നെ ഒരു അത്ഭുതമായി തോന്നി.

ജോണ്‍ എബ്രഹാം, കത്രീന കയ്‌ഫ്‌, നീല്‍ നിതിന്‍ മുകേഷ്‌, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഈ സിനിമ മുസ്ലീം തീവ്രവാദികള്‍ അമേരിക്കയില്‍ നടത്തിയിരുന്ന അല്ലെങ്കില്‍ നടത്താന്‍ സാദ്ധ്യതയുള്ള ഭീകരപ്രവര്‍ത്തനങ്ങളെ ആസ്‌പദമാക്കി നിര്‍മ്മിച്ചിരിക്കുന്നതാണ്‌. അതോടൊപ്പം, മുസ്ലീം പേരുള്ളവര്‍ ഭീകരപ്രവര്‍ത്തകരാകാന്‍ സാദ്ധ്യതയുണ്ട്‌ എന്ന അമേരിക്കയുടെ മുന്‍വിധിയെ തുറന്നു കാണിക്കുകയും ചോദ്യം ചെയ്യപ്പെടുന്നവരെ ഭീകരവാദിയായി മുദ്രകുത്തി അകാരണമായി ജയിലിലടയ്‌ക്കാനുള്ള അധികാരം ഉണ്ടെന്ന്‌ തെളിയിക്കുന്ന വസ്‌തുതകളിലേക്ക്‌ വിരല്‍ ചൂണ്ടുന്നതുമാണ്‌.

അമേരിക്കയിലെ ചില യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഇ-മെയിലുകളും അവരുമായി ബന്ധമുള്ള വെബ്‌സൈറ്റുകളും എഫ്‌.ബി.ഐ.യുടെ നിരീക്ഷണത്തിലാണെന്നുള്ള വാര്‍ത്തയും
ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ ബ്ലൂംബര്‍ഗിന്റെ ഇപ്പോള്‍ പുറത്തിറങ്ങിയ പ്രസ്‌താവനയും കൂട്ടി വായിക്കുമ്പോള്‍ മേല്‌പറഞ്ഞ ന്യൂയോര്‍ക്ക്‌ എന്ന സിനിമയുടെ കഥാതന്തു നൂറു ശതമാനം ശരിയാണെന്ന്‌ സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.

സിനിമ തുടങ്ങുന്നത്‌ 
ന്യൂയോര്‍ക്ക്‌ സിറ്റിയിലൂടെ ഒരു ടാക്‌സി ഓടുന്നതാണ്‌. പോലീസും എഫ്‌.ബി.ഐ. ഏജന്റുമാരും പുറകെയും ഒരു?ഹെലിക്കോപ്‌റ്റര്‍ മുകളിലൂടെയും ടാക്‌സിയെ പിന്തുടരുന്നു. അവസാനം ടാക്‌സി നിര്‍ത്തുന്നതോടെ ഒമര്‍ എന്ന ചെറുപ്പക്കാരന്‍ (നീല്‍ നിതിന്‍ മുകേഷ്‌) പുറത്തിറങ്ങുകയും തോക്കുധാരികളായ എഫ്‌.ബി.ഐ. ഏജന്റുമാര്‍ ചുറ്റും വളഞ്ഞ്‌ കാറിന്റെ ട്രങ്ക്‌ തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അതാ ട്രങ്കില്‍ കുറെ  ആയുധങ്ങള്‍ !! ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഒമറിനെ അറസ്റ്റു ചെയ്യുന്നു. `എന്റെതല്ല ഇവയൊന്നും, എനിക്കറിയില്ല ഇതെവിടെ നിന്നു വന്നു എന്ന്‌' ഒമര്‍ കെഞ്ചുന്നുണ്ടെങ്കിലും എഫ്‌.ബി.ഐ. ഏജന്റുമാര്‍ അതൊന്നും ചെവിക്കൊള്ളാതെ ഒമറിനേയും കൊണ്ട്‌ ഒരു അജ്ഞാത കേന്ദ്രത്തിലേക്ക്‌ പോകുന്നു.

ഒമറിന്റെ സുഹൃത്തും കോളേജില്‍ സഹപാഠിയുമായിരുന്ന, തീവ്രവാദിയെന്നു എഫ്‌.ബി.ഐ. സംശയിക്കുന്ന, സമീര്‍ ഷേയ്‌ക്കിന്റെ (ജോണ്‍ എബ്രഹാം) പ്രവര്‍ത്തനങ്ങള്‍ ചാരപ്പണിയിലൂടെ നിരീക്ഷിക്കാന്‍ ഒമറിനെ ഉപയോഗിക്കാനായിരുന്നു എഫ്‌.ബി.ഐ. ഈ കെണി വെച്ചതെന്ന്‌ പിന്നീട്‌ ഈ സിനിമയിലൂടെ നമുക്ക്‌ മനസ്സിലാക്കാം.

ഒമറിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യാന്‍ നിയോഗിച്ചിരിക്കുന്നത്‌ ഇന്ത്യക്കാരനായ രോഷന്‍ (ഇര്‍ഫാന്‍ ഖാന്‍) എന്ന ഏജന്റിനെയാണ്‌. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒമര്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും എഫ്‌.ബി.ഐ.യ്‌ക്ക്‌ സ്വീകാര്യമല്ല.  ദിവസങ്ങളോളം ഒമറിനെ ഏകാന്ത തടവിലിട്ട്‌ പീഡിപ്പിക്കുന്നു. അവസാനം ഏജന്റ്‌ ചോദിക്കുന്നു `നീ ആദ്യമായി അമേരിക്കയില്‍ വന്നതെന്നാണ്‌....എന്തിനു വന്നു?' ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനാണ്‌ വന്നതെന്നു പറഞ്ഞപ്പോള്‍ സുഹൃത്തുക്കളെക്കുറിച്ചായി ചോദ്യം. എല്ലാ സുഹൃത്തുക്കളുടേയും പേരു പറഞ്ഞപ്പോള്‍ എന്തുകൊണ്ട്‌ ഒരാളുടെ പേരു വിട്ടുപോയി എന്നായി. ആ വിട്ടു പോയ ആളുടെ പേര്‌ സാം എന്ന്‌ വിളിക്കുന്ന സമീര്‍ ഷേയ്‌ക്ക്‌ ആണെന്നും അയാളെക്കുറിച്ച്‌ പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കോളേജ്‌ ജീവിതകാലം ഫ്‌ളാഷ്‌ ബാക്ക്‌. ആദ്യമായി കോളേജിലെത്തിയപ്പോള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌ കൗണ്‍സലര്‍ മായ (കത്രീന കയ്‌ഫ്‌) എന്ന പെണ്‍കുട്ടി സ്വീകരിക്കാനെത്തിയതും, സമീര്‍ ഷെയ്‌ക്കിനെ പരിചയപ്പെടുന്നതും, മായയെ താന്‍ പ്രണയിക്കുന്നതും, അവസാനം സമീര്‍ ഷെയ്‌ക്കുമായി അവള്‍ക്ക്‌ അടുപ്പമുണ്ടെന്നറിഞ്ഞപ്പോള്‍ നിരാശനായി പിന്തിരിഞ്ഞതുമെല്ലാം ഒമര്‍ വിവരിക്കുന്നു. സമീര്‍ ഷെയ്‌ക്ക്‌ മായയെ വിവാഹം കഴിച്ചെന്നും അവര്‍ക്കൊരു കുട്ടിയുണ്ടെന്നും ഇപ്പോള്‍ ന്യൂജെഴ്‌സിയില്‍ താമസിക്കുന്നുണ്ടെന്നുമൊക്കെ എഫ്‌.ബി.ഐ. ഏജന്റ്‌ പറഞ്ഞപ്പോള്‍ ഒമര്‍ ഞെട്ടുന്നു. അവസാനം സമീറുമായി വീണ്ടും സന്ധിച്ച്‌ പഴയ ബന്ധം പുതുക്കി അവന്റെ വീട്ടില്‍ തന്നെ താമസിച്ച്‌ അവന്റെ ഓരോ ചലനങ്ങളും തങ്ങളെ അറിയിച്ചാല്‍ വെറുതെ വിടാമെന്ന വാഗ്‌ദാനവും നല്‍കി എഫ്‌.ബി.ഐ. തന്നെ ഒമറിനെ മായയുമായി സന്ധിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കുന്നു.

ഒരാളെ കുടുക്കാന്‍ അയാളുടെ തന്നെ പരിചയക്കാരെയോ ബന്ധുക്കളെയോ ഉപയോഗിക്കുന്ന ഈ ഗൂഢതന്ത്രമാണ്‌ ഇവിടെയും പയറ്റുന്നത്‌. സുഹൃത്തിന്റെ വീട്ടില്‍ താമസം തുടങ്ങിയ ഒമറിന്‌ സമീര്‍ തീവ്രവാദിയാണെന്ന്‌ സ്ഥിരീകരിക്കാനുള്ള?യാതൊരു തെളിവുകളും കിട്ടിയില്ലെന്നു മാത്രമല്ല, കണ്‍സ്‌ട്രക്‌ഷന്‍ കോണ്‍ട്രാക്‌റ്റ്‌ ബിസിനസ്സ്‌ നടത്തിയിരുന്ന സമീറിനെ അകാരണമായി ഒരിക്കല്‍ എഫ്‌.ബി.ഐ. തടവിലാക്കി ക്രൂരമായി പീഡിപ്പിക്കപ്പെട്ട്‌ ഒന്‍പതു മാസങ്ങള്‍ക്കുശേഷം തെളിവിന്റെ അഭാവത്തില്‍ നിരപരാധിയാണെന്ന്‌ പ്രഖ്യാപിച്ച്‌ വെറുടെ വിട്ടതാണെന്നും മനസ്സിലായത്‌.

മനുഷ്യാവകാശ പ്രവര്‍ത്തകയായ മായയും സമീറും മകനുമൊത്ത്‌ സന്തോഷപ്രദമായ ജീവിതം നയിക്കുമ്പോഴാണ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം കഴിഞ്ഞ്‌ പത്തു ദിവസത്തിനുശേഷം തീവ്രവാദിയായി മുദ്രകുത്തപ്പെട്ട്‌ സമീറിനെ എഫ്‌.ബി.ഐ. കസ്റ്റഡിയിലെടുക്കുന്നത്‌. മുസ്ലീം പേരുതന്നെ മുഖ്യകാരണം. ഈ വിവരം ഒമര്‍ എഫ്‌.ബി.ഐ. ഏജന്റിനോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. `പാട്രിയറ്റ്‌ ആക്‌റ്റ്‌ പ്രകാരം ഞങ്ങള്‍ക്ക്‌ ആരേയും എവിടെ വെച്ചും എപ്പോള്‍ വേണമെങ്കിലും കാരണമില്ലാതെ കസ്റ്റഡിയിലെടുക്കാം, ചോദ്യം ചെയ്യാം, ഭത്സിക്കാം. നീ ഞങ്ങളോട്‌ സഹകരിച്ചില്ലെങ്കില്‍ നിന്റെയും ഗതി അതു തന്നെയാകും.' എന്ന്‌.

ജയിലിലായ സമീര്‍ അവിടെവെച്ചാണ്‌ തീവ്രവാദ പ്രവര്‍ത്തകരായ ചില മുസ്ലീം തടവുകാരെ പരിചയപ്പെടുന്നതും അവര്‍ വഴി ബ്രൂക്ക്‌ലിനിലുള്ള മറ്റു ചില അറബ്‌ വംശജരുമായി പരിചയപ്പെടാനിടയാകുകയും പിന്നീട്‌ തീവ്രവാദിയാകുകയും ചെയ്യുന്നത്‌. തന്നെ അകാരണമായി തടവില്‍ വെക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത എഫ്‌.ബി.ഐ.യോട്‌ പകരം വീട്ടുന്നതിനായി സമീര്‍ കോണ്‍ട്രാക്‌റ്റര്‍ പണികള്‍ക്കായി മന്‍ഹാട്ടനിലെ എഫ്‌.ബി.ഐ. ആസ്ഥാന മന്ദിരത്തിലെ പണി ഏറ്റെടുക്കുകയും അവിടെ വെച്ച്‌ ആ കെട്ടിടം തകര്‍ക്കാന്‍ പദ്ധതി തയ്യാറാക്കുകയും അവസാനം എഫ്‌.ബി.ഐ.യുടേയും ന്യൂയോര്‍ക്ക്‌ പോലീസിന്റേയും വെടിയുണ്ടയേറ്റ്‌ മരണപ്പെടുകയും ചെയ്യുന്നതാണ്‌ കഥയുടെ ഇതിവൃത്തം. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മായയും എഫ്‌.ബി.ഐ. സ്‌നൈപ്പേഴ്‌സിന്റെ വെടിയുണ്ടയേറ്റ്‌ പിടഞ്ഞു മരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ നിരപരാധികളെ സംശയത്തിന്റെ പേരില്‍ തടവിലാക്കി ക്രൂരമായ പീഢനത്തിനിരയാക്കുക വഴി തീവ്രവാദികളെ വാര്‍ത്തെടുക്കുകയായിരുന്നു പാട്രിയറ്റ്‌ ആക്‌റ്റിന്റെ മറവില്‍ ചെയ്‌തിരുന്നത്‌. ആയിരക്കണക്കിനു പേരെ ഇതുപോലെ രക്ഷസാക്ഷികളാക്കുകയും ചെയ്‌തിട്ടുണ്ട്‌.?

മേല്‌പറഞ്ഞ സിനിമയുടെ ഇതിവൃത്തത്തിലൂടെ സഞ്ചരിച്ചാല്‍ അമേരിക്കയുടെ മനുഷ്യാവകാശ ധ്വംസനത്തിന്റെ ഞെട്ടിക്കുന്ന രഹസ്യങ്ങളാണ്‌ നമുക്ക്‌ കിട്ടുന്നത്‌. തീവ്രവാദിയെന്ന്‌ മുദ്രയടിച്ച്‌ പ്രത്യേക സെല്ലുകളില്‍ താമസിപ്പിച്ചിരിക്കുന്ന തടവു പുള്ളികളെ കൈകാര്യം ചെയ്യുന്ന രീതി ഈ സിനിമയില്‍ കാണിക്കുന്നുണ്ട്‌. ചാക്കുകൊണ്ട്‌ തല മൂടിക്കെട്ടി ബാത്ത്‌ റൂമിലെ ക്ലോസറ്റില്‍ മുക്കിപ്പിടിച്ച്‌ രണ്ടു പോലീസുകാര്‍ അതിന്മേല്‍ മൂത്രമൊഴിക്കുന്നതു മുതല്‍ പൂര്‍ണ്ണ നഗ്നരാക്കി പട്ടിക്കൂടുപോലെയുള്ള ഇരുമ്പുകൂട്ടില്‍ കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച്‌ ചുരുട്ടിക്കൂട്ടി ഇട്ടിരിക്കുന്നതുവരെ നമുക്കു കാണാം. 
ന്യൂയോര്‍ക്ക്‌ സിറ്റി പോലീസിന്റെ മര്‍ദ്ദനമുറകളും നമ്മെ കാണിക്കുന്നു. കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തകയായ മായയെ അപമാനിക്കുന്നതും കാണാം.

ന്യൂയോര്‍ക്ക്‌ സിറ്റി മേയര്‍ മൈക്കള്‍ ബ്ലൂംബര്‍ഗ്‌ ഇപ്പോള്‍ സംശയത്തിന്റെ വലയത്തിലാക്കിയിരിക്കുന്ന യേല്‍, കൊളമ്പിയ, യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വാനിയ, സിറാക്കൂസ്‌ യൂണിവേഴ്‌സിറ്റി, 
ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി, ക്ലാര്‍ക്‌സണ്‍ യൂണിവേഴ്‌സിറ്റി, ന്യൂവാര്‍ക്ക്‌-ന്യൂ ബ്രന്‍സ്‌വിക്‌ കാമ്പസസ്‌ ഓഫ്‌ റട്‌ജേഴ്‌സ്‌, സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്ക്‌ കാമ്പസസ്‌ ഓഫ്‌ ബഫലോ, ആല്‍ബനി, സ്റ്റോണി ബ്രൂക്ക്‌ ആന്റ്‌ പോസ്റ്റ്‌ഡാം, ക്വീന്‍സ്‌ കോളേജ്‌, ബറൂച്‌ കോളേജ്‌, ബ്രൂക്ക്‌ലിന്‍ കോളേജ്‌, ലാ ഗാര്‍ഡിയ കമ്മ}ണിറ്റി കോളേജ്‌ മുതലായ കോളേജുകളിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടേ ഇ-മെയിലുകളും വെബ്‌ സൈറ്റുകളും നിരീക്ഷണത്തിനു വിധേയമാക്കുകയും, അത്‌ ന്യായീകരിച്ച്‌ മേയര്‍?പ്രസ്‌താവനയിറക്കുകയും ചെയ്‌തതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്‌. മുസ്ലീങ്ങളെ ഇപ്പോഴും അമേരിക്ക സംശയദൃഷ്ടിയോടെയാണ്‌ വീക്ഷിക്കുന്നത്‌. മനുഷ്യാവകാശത്തെക്കുറിച്ച്‌ ലോകമൊട്ടാകെ ഗീര്‍വാണം മുഴക്കുമ്പോഴും, ഏതെങ്കിലും രാജ്യം മനുഷ്യാവകാശ ലംഘനം നടത്തിയാല്‍ അവരെ ശിക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന അമേരിക്കയില്‍ നിരപരാധികളായ അനേകം മനുഷ്യജീവനുകള്‍ ഹോമിക്കപ്പെടുന്നുണ്ടെന്ന്‌ ആരും അറിയുന്നില്ല. 

കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക്‌ ലോംഗ്‌ ഐലന്റില്‍ നിന്നുള്ള അമേരിക്കന്‍ കൊണ്‍ഗ്രസ്സ്‌മാന്‍ പീറ്റര്‍ കിംഗിന്റെ മുസ്ലീം വിരുദ്ധ നടപടി അമേരിക്കയിലെ വിവിധ മുസ്ലീം സംഘടനകള്‍ മാത്രമല്ല, ലോകമൊട്ടുക്കുള്ള മുസ്ലീം സമൂഹം ഏറെ ഉദ്‌ഘണ്‌ഠയോടെയാണ്‌ വീക്ഷിച്ചത്‌. /11 ന്റെ പേരുപറഞ്ഞ്‌ ഒരു സമുദായത്തെ മുഴുവന്‍ ഭീകരവാദികളായി മുദ്രകുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം അമേരിക്കയിലെ മുസ്ലീം മതവിശ്വാസികളില്‍ ഏറെ അങ്കലാപ്പ്‌ സൃഷ്ടിച്ചിരുന്നു. സ്വാര്‍ത്ഥ താല്‌പര്യങ്ങള്‍ക്കുവേണ്ടി വിവേകശൂന്യമായ നിലപാടുകളിലൂടെ മുസ്ലീങ്ങള്‍ക്കെതിരെയും മുസ്ലീം പ്രസ്ഥാനങ്ങള്‍ക്കെതിരേയും വ്യാപകവും സംഘടിതവുമായ ആക്ഷേപങ്ങളും ആരോപണങ്ങളും അഴിച്ചുവിടാനുള്ള ഒരു കുത്സിത ശ്രമമായിരുന്നോ അതെന്നും സംശയിച്ചിരുന്നു.

ന്യൂയോര്‍ക്ക്‌ ലോംഗ്‌ ഐലന്റിലെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ തന്നെയുള്ള, അദ്ദേഹത്തോട്‌ ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന, അനേകം മുസ്ലീങ്ങള്‍ അവിശ്വസനീയതയൊടെയാണ്‌ ഈ സംഭവത്തെ നോക്കിക്കണ്ടത്‌. അവരോട്‌ സൗഹൃദം പുലര്‍ത്തുകയും, അത്താഴ വിരുന്നുകളില്‍ സംബന്ധിക്കുകയും, പള്ളികള്‍ സന്ദര്‍ശിക്കുകയും ചെയ്‌തിരുന്ന ഈ കോണ്‍ഗ്രസ്സ്‌മാന്‍, ഒരു സുപ്രഭാതത്തില്‍ മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്നും, അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും ഇതര രാജ്യങ്ങളിലുമുള്ള അല്‍-ക്വയ്‌ദ പ്രവര്‍ത്തകരെ അമേരിക്ക ഉന്മൂലനാശം ചെയ്‌തുകൊണ്ടിരിക്കുന്നതുകൊണ്ട്‌ അവരിപ്പോള്‍ അമേരിക്കയിലെ തന്നെ മുസ്ലീങ്ങളുടെ ഒത്താശയോടെ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണെന്നും, അതുകൊണ്ട്‌ അമേരിക്കയിലുള്ള എല്ലാ മുസ്ലീങ്ങളേയും സംശയിക്കണമെന്നുമുള്ള ആരോപണവുമായി മുന്നോട്ടു വന്നത്‌ അവിശ്വസനീയമാണെന്ന്‌ അദ്ദേഹത്തെ വളരെ അടുത്തറിയാവുന്നവര്‍ അഭിപ്രായപ്പെടുന്നു. ബ്ലൂംബര്‍ഗ്‌ നിരത്തുന്ന ന്യായീകരണവും അതുതന്നെ. ഇപ്പോള്‍ 
ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റികളിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ ഇ-മെയില്‍, വെബ്‌ സൈറ്റുകള്‍ മുതലായവ നിരീക്ഷിക്ഷണ വിധേയമാക്കുന്നതിന്റെ പുറകിലെ രഹസ്യവും ഇതായിരിക്കാം.

മുസ്ലീമായതുകൊണ്ട്‌ എപ്പോഴും സംശയിക്കണമെന്നും, ഇസ്ലാം മതാചാരപ്രകാരം ജീവിക്കുന്നവരെ ഏറ്റവും കൂടുതല്‍ സൂക്ഷിക്കണമെന്നുമുള്ള സമ്പ്രദായം രാജ്യസംസ്‌ക്കാരത്തിന്‌ യോജിച്ചതല്ല. അത്തരം സമീപനം മൗലികാവകാശ ലംഘനത്തിന്‌ കാരണമായേക്കാം. മുസ്ലീം വിരുദ്ധത പടര്‍ന്നു പിടിക്കുവാന്‍ കാരണക്കാര്‍ തന്നെയാണ്‌ ഈ വിരുദ്ധതയ്‌ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്‌. പീറ്റര്‍ കിംഗിന്റെ അതേ പാതയാണ്‌ ഇപ്പോള്‍ മേയര്‍ ബ്ലൂംബര്‍ഗും പിന്തുടരുന്നത്‌. 

സമാധാനകാംക്ഷികളായ അമേരിക്കയിലെ മുസ്ലീം സമൂഹം ഒരിക്കലും അവരെ ദത്തെടുത്ത രാഷ്ട്രത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയില്ല. ഏതൊരു സമുദായത്തിലേയും പോലെ നികൃഷ്ടര്‍ മുസ്ലീം സമുദായത്തിലുമുണ്ട്‌. അവര്‍ ചെയ്യുന്ന നിഷ്‌ഠൂരതക്ക്‌ മുസ്ലീം സമുദായത്തെ ഒന്നടങ്കം കുറ്റവാളികളാക്കുകയോ സംശയദൃഷ്ടിയോടെ അമേരിക്കന്‍ ജനപ്രതിനിധികള്‍ നോക്കിക്കാണുകയോ ചെയ്യുമ്പോള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്തുവാനുള്ള ധാര്‍മ്മികബോധമെങ്കിലും ഇവിടത്തെ സംഘടനകള്‍ക്കും നേതാക്കള്‍ക്കും വേണം.

Wednesday, February 22, 2012

പിണറായിയും തിരുകേശവും


പ്രവാചകനായ മുഹമ്മദ്‌ നബി (സ)യുടെ തിരുകേശത്തെക്കുറിച്ച്‌ പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവന മതനിന്ദയാണെന്നാരോപിച്ച്‌ മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം സി.പി.എമ്മിനും പിണറായി വിജയനുമെതിരായി ജിഹാദ്‌ മുഴക്കുന്നത്‌ തികച്ചും അപലപനീയമാണ്‌. 

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ്‌ മുസ്ലീം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന `തിരുകേശ' പ്രശ്‌നത്തിന്റെ ഉപജ്ഞാതാവ്‌. അതില്‍ പിണറായി വിജയന്‌ യാതൊരു പങ്കുമില്ല. ഏത്‌ മുടിയും കത്തിച്ചാല്‍ കത്തുമെന്നും നബി (സ)യുടെ മുടി കത്തിച്ചാല്‍ കത്തുകയില്ല എന്നുമൊക്കെ ഖുര്‍-ആനെ ഉദ്ധരിച്ച്‌ അന്ധവിശ്വാസികള്‍ പ്രചരിപ്പിക്കുന്നതാണ്‍്‌. അതിനെയാണ്‌ പിണറായി വിജയന്‍ ചോദ്യം ചെയ്‌തിരിക്കുന്നത്‌. മുസ്ലീം സമുദായത്തിലെ ഭൂരിഭാഗവും ഈ അന്ധവിശ്വാസത്തെ എതിര്‍ക്കുന്നവരാണ്‌. കാന്തപുരം മുസ്ല്യാര്‍ക്ക്‌ ഈ തിരുകേശം എവിടെ നിന്നു കിട്ടി, അതിലൊളിഞ്ഞിരിക്കുന്ന ഗൂഢതന്ത്രങ്ങള്‍ എന്തൊക്കെ എന്ന്‌ അന്വേഷിക്കേണ്ടതാണ്‌.

പ്രവാചകന്റെ മുടിയായാലും നഖമായാലും അവയൊക്കെ ബോഡി വേസ്റ്റാണെന്ന പിണറായിയുടെ പ്രസ്‌താവനയെ മതനിന്ദയായി വ്യാഖ്യാനിക്കുന്ന ഒരു വിഭാഗം സുന്നികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. അദ്ദേഹം പറഞ്ഞതല്ലേ ശരി എന്ന്‌ ഒരുവട്ടം കൂടി ആലോചിക്കാനുള്ള സാമാന്യബോധം ഇല്ലാതെ പോയതാണ്‌ ഇക്കൂട്ടര്‍ക്ക്‌ പറ്റിയ തെറ്റ്‌. പ്രവാചകന്റെ ഒരു ഫോട്ടോ പോലും ലഭ്യമല്ലാതെന്നിരിക്കെ എവിടെ നിന്നോ കുറെ മുടി സംഘടിപ്പിച്ച്‌ അത്‌ പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞ്‌ ജനങ്ങളെ വഞ്ചിക്കുന്ന കാന്തപുരമാണോ അതോ ആ സത്യം വിളിച്ചു പറഞ്ഞ പിണറായി വിജയനാണോ യഥാര്‍ത്ഥ പ്രതി എന്ന്‌ നാം ആലോചിക്കണം. 

മുഹമ്മദ്‌ നബിയെ അപമാനിച്ചുവെന്ന്‌ ആരോപിക്കപ്പെട്ട്‌ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയ ഇസ്ലാമിന്റെ കാവലാളുകളെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ആ തീവ്രവാദികളുടെ ഗണത്തില്‍ പെട്ടവരെന്തേ ഈ തിരുമുടി വിവാദ നായകന്‍ അബൂബക്കര്‍ മുസ്ല്യാരെ വെറുതെ വിട്ടു? ശത്രുക്കളോടുപോലും അനീതി കാണിക്കരുതെന്ന്‌ നിഷ്‌ക്കര്‍ഷിച്ചിരുന്ന, തന്നെ പരമാവധി ദ്രോഹിച്ച നാട്ടുകാര്‍ക്കുപോലും പട്ടിണിക്കാലത്ത്‌ ധാന്യങ്ങള്‍ കൊടുത്തയച്ചിരുന്ന, ദിനംപ്രതി തന്നെ നിന്ദിച്ച ജൂതസ്‌ത്രീയെ അവരുടെ രോഗസമയത്ത്‌ ചെന്നു കണ്ട്‌ സ്‌നേഹപരിഗണനകള്‍ അറിയിച്ചിരുന്ന പ്രവാചക ശ്രേഷ്‌ഠനെ നിന്ദിച്ചു എന്ന്‌ ആരോപിച്ചാണ്‌ പ്രൊഫസറുടെ കൈ വെട്ടിമാറ്റിയത്‌. 

യാഥാസ്ഥിതിക സുന്നികളില്‍ ഒരു വിഭാഗം കാന്തപുരം മുസ്ല്യാരെ നവോത്ഥാന നായകനായും പരിഷ്‌ക്കര്‍ത്താവുമായി കാണുമ്പോള്‍, മറുവിഭാഗം കാണുന്നത്‌ നേരെ മറിച്ചാണ്‌. നവോത്ഥാനം എന്ന പരികല്‌പനയുടെ ദാര്‍ശനിക വിവക്ഷ എന്തായിരുന്നാലും ഒരു വിഭാഗത്തിന്റെ മാനസികവും സാമൂഹികവും ഭൗതികവുമായ വളര്‍ച്ച സാമൂഹിക ശാസ്‌ത്രത്തിന്റെ വിശകലന മാനദണ്ഡപ്രകാരം നവോത്ഥാനം തന്നെയാണ്‌. ഈ അര്‍ത്ഥത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കേരളത്തിലെ യാഥാസ്ഥിതിക സുന്നികളുടെ നവോത്ഥാന നായകനാണെന്ന്‌ പറയുന്നതിലും ശരിയുണ്ട്‌.

പ്രവാചകന്റെ മുടിക്കും നഖത്തിനുമല്ല പിന്‍ഗാമികള്‍ മുന്‍ഗണന കൊടുക്കേണ്ടത്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ്‌ പ്രാധാന്യം കൊടുക്കേണ്ടതെന്ന പിണറായിയുടെ പ്രസ്‌താവനയാണ്‌ ശരി. കാന്തപുരം ഒരു നവോത്ഥാന നായകാനായിരിക്കാം. അദ്ദേഹം സുന്നികളുടെ ആത്മീയ ഗുരുവായിരിക്കാം. പക്ഷേ, ഈ അടുത്ത നാളുകളില്‍ അദ്ദേഹം ചെയ്‌തു കുട്ടിയ വിക്രിയകള്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. 

പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞ്‌ ആ മുടി സൂക്ഷിക്കുവാന്‍ 40 കോടി രൂപ മുടക്കി ഒരു പള്ളി പണിയാന്‍ തയ്യാറായതാണ്‌ അദ്ദേഹത്തിനു പറ്റിയ അബദ്ധം. അതു മനസ്സിലാക്കി തെറ്റു തിരുത്താനല്ല അദ്ദേഹവും അനുയായികളും ചെയ്‌തത്‌. പകരം വിമര്‍ശിക്കുന്നവരെ ഭത്സിക്കാനും തമസ്‌ക്കരിക്കാനുമാണ്‌ തുനിഞ്ഞത്‌. മതപരമായ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ സമുദായത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ സാധ്യമാകുന്നത്ര ഒന്നിക്കാനുള്ള പ്രവണത കേരളത്തിലെ മുസ്ലീങ്ങള്‍ കാണിച്ചിട്ടുണ്ട്‌. ഒരര്‍ത്ഥത്തില്‍ പിണറായി പറഞ്ഞതും അതുതന്നെയാണ്‌. `നിങ്ങളുടെ വിശ്വാസത്തെ ആരും ചോദ്യം ചെയ്യുന്നില്ല, പക്ഷെ, പ്രവൃത്തികളെയാണ്‌ ചോദ്യം ചെയ്യുന്നത്‌' എന്ന്‌ അദ്ദേഹം പറഞ്ഞതില്‍ എന്താണ്‌ തെറ്റ്‌? 

ഇസ്ലാം മതത്തെക്കുറിച്ച്‌ സംവദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. ലോകസമാധാനം കാംക്ഷിക്കുന്ന ഒരു തുറന്ന മതമാണ്‌ ഇസ്ലാം. മാന്യമായ വിമര്‍ശനവും ആര്‍ക്കും ആകാം. പ്രവാചകനെയോ മതത്തെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്നു മാത്രം. തിരുകേശത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ കാന്തപുരം ബാധ്യസ്ഥനാണ്‌. മുപ്പത്തി മുക്കോടി രാഷ്ട്രീയക്കാര്‍ക്കും പന്തീരായിരം കപട സന്യാസിമാര്‍ക്കും പതിനായിരത്തൊന്ന്‌ മനുഷ്യ ദൈവങ്ങള്‍ക്കും ഇന്ത്യാ മഹാരാജ്യത്ത്‌ ജനങ്ങളെ വഞ്ചിച്ച്‌ ജീവിക്കാമെങ്കില്‍ കാന്തപുരം മുസ്ല്യാര്‍ക്ക്‌ എന്തുകൊണ്ട്‌ പറ്റില്ല എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? തിരുകേശത്തിന്റെ വിശ്വാസ്യത അവര്‍ക്ക്‌ ബോധ്യപ്പെടുംവരെയെങ്കിലും.

അബൂദബിയിലെ ഖസ്രജിയില്‍ നിന്നോ മുംബൈ മാര്‍ക്കറ്റിലെ ഏതോ വഴിവാണിഭക്കാരനില്‍ നിന്നോ കുറച്ചു മുടി കൈയില്‍ വന്നു ചേര്‍ന്നപ്പോള്‍ അത്‌ മുഹമ്മദ്‌ നബി (സ) യുടെ തിരുകേശമാണെന്ന്‌ പ്രഖ്യാപിച്ച്‌ മുസ്ലീം വിശ്വാസികളെ വഞ്ചിക്കുകയും, ആ കേശത്തിന്റെ പേരില്‍ പണപ്പിരിവ്‌ നടത്തി കോടികള്‍ സമ്പാദിക്കുകയും ചെയ്യുമ്പോള്‍ പിണറായി വിജയനെപ്പോലെയുള്ള രാഷ്ട്രീയ നേതാ ക്കള്‍ അതിനെ ചോദ്യം ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പ്രവാചകനായോ പുണ്യവാളനായോ മുദ്രയടിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ കെട്ടുകഥകളുണ്ടാക്കുകയും ചെയ്യുമ്പോള്‍ ധാര്‍മ്മിക ബോധമുള്ളവര്‍ പ്രതികരിക്കുമെന്നു തീര്‍ച്ച. 

മദീനയിലെ റൗളാ ഷരീഫില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യുടെ ചാരത്ത്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു എന്നെല്ലാം പ്രചരിപ്പിക്കുന്നത്‌ കാന്തപുരം മുസ്ലിയാരുടെ സ്വപ്‌ന പദ്ധതിയായ ശഅ്‌റേ മുബാറക്‌ മസ്‌ജിദിന്റെ പൂര്‍ത്തീകരണത്തിനായിരുന്നു. ഏകദേശം 40 കോടിയാണ്‌ ഈ പള്ളിക്കുവേണ്ടി അദ്ദേഹം ചിലവഴിക്കുന്നത്‌. അറബ്‌ നാടുകളിലെ ചില കോടീശ്വര അറബികളുടെ സഹായവും ഇദ്ദേഹത്തിനു കിട്ടുന്നുണ്ട്‌. പ്രവാചകന്റെ പേരു പറഞ്ഞ്‌ നിര്‍മ്മിക്കുന്ന ഈ പള്ളി അവസാനം കാന്തപുരത്തിന്റെ ഓര്‍മ്മയ്‌ക്കായി ഒരു തീര്‍ത്ഥാടന കേന്ദ്രമാകുകയും അതുവഴി വീണ്ടും കോടികള്‍ കൊയ്യാനുള്ള ഒരു ഗൂഢതന്ത്രമാണ്‌ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ആസൂത്രണം ചെയ്‌തു വരുന്നത്‌.

ലക്ഷക്കണക്കിന്‌ ജനങ്ങള്‍ പട്ടിണി കിടക്കുകയും കെട്ടിച്ചയക്കാന്‍ പണമില്ലാതെ പാവപ്പെട്ട പെണ്‍കുട്ടികള്‍ ജീവിതകാലം മുഴുവന്‍ നരകജീവിതം നയിക്കുന്ന നമ്മുടെ നാട്ടില്‍ നാല്‌പതു കോടി രൂപ മുടക്കി പള്ളി പണിയേണ്ട ആവശ്യമുണ്ടോ? അഥവാ തിരുകേശം സത്യമാണെങ്കില്‍ തന്നെ ഈന്തപ്പനയോലകളില്‍ അന്തിയുറങ്ങിയിരുന്ന നബി തിരുമേനിയുടെ തിരുകേശം സൂക്ഷിക്കാന്‍ നാല്‌പതു കോടി ചിലവാക്കേണ്ടതുണ്ടോ? `തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച്‌ ആഹാരം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന നബിവചനം മറന്നു ജീവിക്കുകയല്ല ഒരു വിശ്വാസി ചെയ്യേണ്ടത്‌.

ഒരു സാമുദായിക വിപത്ത്‌ എന്നതിലുപരി ഒരു സാമൂഹിക പ്രശ്‌നമായി തീരാവുന്ന ഈ നടപടി കാന്തപുരത്തിന്റെ തന്നെ അനുയായികളില്‍ പലരും സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. മുഹമ്മദ്‌ നബി (സ)യുടെ പേരില്‍ നടത്തുന്ന ഈ പ്രചരണം നബിയെ നിന്ദിക്കുന്നതിനു തുല്യമാണ്‌. കൈ വെട്ടാനോ കാലു വെട്ടാനോ ആരും തുനിയുന്നില്ല എന്നുള്ളതും വിരോധാഭാസമായി തോന്നുന്നു. മതമേലദ്ധ്യക്ഷന്മാരും, മതമൗലികവാദികളും, നിശ്ശബ്ദത പാലിക്കുന്നതും ദുരൂഹമാണ്‌.