പ്രവാചകനായ മുഹമ്മദ് നബി (സ)യുടെ തിരുകേശത്തെക്കുറിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവന മതനിന്ദയാണെന്നാരോപിച്ച് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം സി.പി.എമ്മിനും പിണറായി വിജയനുമെതിരായി ജിഹാദ് മുഴക്കുന്നത് തികച്ചും അപലപനീയമാണ്.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരാണ് മുസ്ലീം സമുദായത്തെ ഒന്നടങ്കം അവഹേളിക്കുന്ന `തിരുകേശ' പ്രശ്‌നത്തിന്റെ ഉപജ്ഞാതാവ്. അതില്‍ പിണറായി വിജയന് യാതൊരു പങ്കുമില്ല. ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നും നബി (സ)യുടെ മുടി കത്തിച്ചാല്‍ കത്തുകയില്ല എന്നുമൊക്കെ ഖുര്‍-ആനെ ഉദ്ധരിച്ച് അന്ധവിശ്വാസികള്‍ പ്രചരിപ്പിക്കുന്നതാണ്‍്. അതിനെയാണ് പിണറായി വിജയന്‍ ചോദ്യം ചെയ്‌തിരിക്കുന്നത്. മുസ്ലീം സമുദായത്തിലെ ഭൂരിഭാഗവും ഈ അന്ധവിശ്വാസത്തെ എതിര്‍ക്കുന്നവരാണ്. കാന്തപുരം മുസ്ല്യാര്‍ക്ക് ഈ തിരുകേശം എവിടെ നിന്നു കിട്ടി, അതിലൊളിഞ്ഞിരിക്കുന്ന ഗൂഢതന്ത്രങ്ങള്‍ എന്തൊക്കെ എന്ന് അന്വേഷിക്കേണ്ടതാണ്.
പ്രവാചകന്റെ മുടിയായാലും നഖമായാലും അവയൊക്കെ ബോഡി വേസ്റ്റാണെന്ന പിണറായിയുടെ പ്രസ്‌താവനയെ മതനിന്ദയായി വ്യാഖ്യാനിക്കുന്ന ഒരു വിഭാഗം സുന്നികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം പറഞ്ഞതല്ലേ ശരി എന്ന് ഒരുവട്ടം കൂടി ആലോചിക്കാനുള്ള സാമാന്യബോധം ഇല്ലാതെ പോയതാണ് ഇക്കൂട്ടര്‍ക്ക് പറ്റിയ തെറ്റ്. പ്രവാചകന്റെ ഒരു ഫോട്ടോ പോലും ലഭ്യമല്ലാതെന്നിരിക്കെ എവിടെ നിന്നോ കുറെ മുടി സംഘടിപ്പിച്ച് അത് പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്ന കാന്തപുരമാണോ അതോ ആ സത്യം വിളിച്ചു പറഞ്ഞ പിണറായി വിജയനാണോ യഥാര്‍ത്ഥ പ്രതി എന്ന് നാം ആലോചിക്കണം.
മുഹമ്മദ് നബിയെ അപമാനിച്ചുവെന്ന് ആരോപിക്കപ്പെട്ട് തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയ ഇസ്ലാമിന്റെ കാവലാളുകളെന്ന് വിശേഷിപ്പിക്കപ്പെട്ട ആ തീവ്രവാദികളുടെ ഗണത്തില്‍ പെട്ടവരെന്തേ ഈ തിരുമുടി വിവാദ നായകന്‍ അബൂബക്കര്‍ മുസ്ല്യാരെ വെറുതെ വിട്ടു? ശത്രുക്കളോടുപോലും അനീതി കാണിക്കരുതെന്ന് നിഷ്‌ക്കര്‍ഷിച്ചിരുന്ന, തന്നെ പരമാവധി ദ്രോഹിച്ച നാട്ടുകാര്‍ക്കുപോലും പട്ടിണിക്കാലത്ത് ധാന്യങ്ങള്‍ കൊടുത്തയച്ചിരുന്ന, ദിനംപ്രതി തന്നെ നിന്ദിച്ച ജൂതസ്‌ത്രീയെ അവരുടെ രോഗസമയത്ത് ചെന്നു കണ്ട് സ്‌നേഹപരിഗണനകള്‍ അറിയിച്ചിരുന്ന പ്രവാചക ശ്രേഷ്‌ഠനെ നിന്ദിച്ചു എന്ന് ആരോപിച്ചാണ് പ്രൊഫസറുടെ കൈ വെട്ടിമാറ്റിയത്.
യാഥാസ്ഥിതിക സുന്നികളില്‍ ഒരു വിഭാഗം കാന്തപുരം മുസ്ല്യാരെ നവോത്ഥാന നായകനായും പരിഷ്‌ക്കര്‍ത്താവുമായി കാണുമ്പോള്‍, മറുവിഭാഗം കാണുന്നത് നേരെ മറിച്ചാണ്. നവോത്ഥാനം എന്ന പരികല്‌പനയുടെ ദാര്‍ശനിക വിവക്ഷ എന്തായിരുന്നാലും ഒരു വിഭാഗത്തിന്റെ മാനസികവും സാമൂഹികവും ഭൗതികവുമായ വളര്‍ച്ച സാമൂഹിക ശാസ്‌ത്രത്തിന്റെ വിശകലന മാനദണ്ഡപ്രകാരം നവോത്ഥാനം തന്നെയാണ്. ഈ അര്‍ത്ഥത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കേരളത്തിലെ യാഥാസ്ഥിതിക സുന്നികളുടെ നവോത്ഥാന നായകനാണെന്ന് പറയുന്നതിലും ശരിയുണ്ട്.
പ്രവാചകന്റെ മുടിക്കും നഖത്തിനുമല്ല പിന്‍ഗാമികള്‍ മുന്‍ഗണന കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന പിണറായിയുടെ പ്രസ്‌താവനയാണ് ശരി. കാന്തപുരം ഒരു നവോത്ഥാന നായകാനായിരിക്കാം. അദ്ദേഹം സുന്നികളുടെ ആത്മീയ ഗുരുവായിരിക്കാം. പക്ഷേ, ഈ അടുത്ത നാളുകളില്‍ അദ്ദേഹം ചെയ്‌തു കുട്ടിയ വിക്രിയകള്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യപ്പെടുകയായിരുന്നു.
പ്രവാചകന്റെ മുടിയാണെന്നു പറഞ്ഞ് ആ മുടി സൂക്ഷിക്കുവാന്‍ 40 കോടി രൂപ മുടക്കി ഒരു പള്ളി പണിയാന്‍ തയ്യാറായതാണ് അദ്ദേഹത്തിനു പറ്റിയ അബദ്ധം. അതു മനസ്സിലാക്കി തെറ്റു തിരുത്താനല്ല അദ്ദേഹവും അനുയായികളും ചെയ്‌തത്. പകരം വിമര്‍ശിക്കുന്നവരെ ഭത്സിക്കാനും തമസ്‌ക്കരിക്കാനുമാണ് തുനിഞ്ഞത്. മതപരമായ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വെച്ചുപുലര്‍ത്തിക്കൊണ്ടുതന്നെ സമുദായത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ സാധ്യമാകുന്നത്ര ഒന്നിക്കാനുള്ള പ്രവണത കേരളത്തിലെ മുസ്ലീങ്ങള്‍ കാണിച്ചിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ പിണറായി പറഞ്ഞതും അതുതന്നെയാണ്. `നിങ്ങളുടെ വിശ്വാസത്തെ ആരും ചോദ്യം ചെയ്യുന്നില്ല, പക്ഷെ, പ്രവൃത്തികളെയാണ് ചോദ്യം ചെയ്യുന്നത്' എന്ന് അദ്ദേഹം പറഞ്ഞതില്‍ എന്താണ് തെറ്റ്?
ഇസ്ലാം മതത്തെക്കുറിച്ച് സംവദിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ലോകസമാധാനം കാംക്ഷിക്കുന്ന ഒരു തുറന്ന മതമാണ് ഇസ്ലാം. മാന്യമായ വിമര്‍ശനവും ആര്‍ക്കും ആകാം. പ്രവാചകനെയോ മതത്തെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്നു മാത്രം. തിരുകേശത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ കാന്തപുരം ബാധ്യസ്ഥനാണ്. മുപ്പത്തി മുക്കോടി രാഷ്ട്രീയക്കാര്‍ക്കും പന്തീരായിരം കപട സന്യാസിമാര്‍ക്കും പതിനായിരത്തൊന്ന് മനുഷ്യ ദൈവങ്ങള്‍ക്കും ഇന്ത്യാ മഹാരാജ്യത്ത് ജനങ്ങളെ വഞ്ചിച്ച് ജീവിക്കാമെങ്കില്‍ കാന്തപുരം മുസ്ല്യാര്‍ക്ക് എന്തുകൊണ്ട് പറ്റില്ല എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ? തിരുകേശത്തിന്റെ വിശ്വാസ്യത അവര്‍ക്ക് ബോധ്യപ്പെടുംവരെയെങ്കിലും.
അബൂദബിയിലെ ഖസ്രജിയില്‍ നിന്നോ മുംബൈ മാര്‍ക്കറ്റിലെ ഏതോ വഴിവാണിഭക്കാരനില്‍ നിന്നോ കുറച്ചു മുടി കൈയില്‍ വന്നു ചേര്‍ന്നപ്പോള്‍ അത് മുഹമ്മദ് നബി (സ) യുടെ തിരുകേശമാണെന്ന് പ്രഖ്യാപിച്ച് മുസ്ലീം വിശ്വാസികളെ വഞ്ചിക്കുകയും, ആ കേശത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തി കോടികള്‍ സമ്പാദിക്കുകയും ചെയ്യുമ്പോള്‍ പിണറായി വിജയനെപ്പോലെയുള്ള രാഷ്ട്രീയ നേതാ ക്കള്‍ അതിനെ ചോദ്യം ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെ പ്രവാചകനായോ പുണ്യവാളനായോ മുദ്രയടിക്കാന്‍ അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ കെട്ടുകഥകളുണ്ടാക്കുകയും ചെയ്യുമ്പോള്‍ ധാര്‍മ്മിക ബോധമുള്ളവര്‍ പ്രതികരിക്കുമെന്നു തീര്‍ച്ച.
മദീനയിലെ റൗളാ ഷരീഫില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ചാരത്ത് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സ്വപ്‌നത്തില്‍ ദര്‍ശിച്ചു എന്നെല്ലാം പ്രചരിപ്പിക്കുന്നത് കാന്തപുരം മുസ്ലിയാരുടെ സ്വപ്‌ന പദ്ധതിയായ ശഅ്‌റേ മുബാറക് മസ്‌ജിദിന്റെ പൂര്‍ത്തീകരണത്തിനായിരുന്നു. ഏകദേശം 40 കോടിയാണ് ഈ പള്ളിക്കുവേണ്ടി അദ്ദേഹം ചിലവഴിക്കുന്നത്. അറബ് നാടുകളിലെ ചില കോടീശ്വര അറബികളുടെ സഹായവും ഇദ്ദേഹത്തിനു കിട്ടുന്നുണ്ട്. പ്രവാചകന്റെ പേരു പറഞ്ഞ് നിര്‍മ്മിക്കുന്ന ഈ പള്ളി അവസാനം കാന്തപുരത്തിന്റെ ഓര്‍മ്മയ്‌ക്കായി ഒരു തീര്‍ത്ഥാടന കേന്ദ്രമാകുകയും അതുവഴി വീണ്ടും കോടികള്‍ കൊയ്യാനുള്ള ഒരു ഗൂഢതന്ത്രമാണ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ ആസൂത്രണം ചെയ്‌തു വരുന്നത്.
ലക്ഷക്കണക്കിന് ജനങ്ങള്‍ പട്ടിണി കിടക്കുകയും കെട്ടിച്ചയക്കാന്‍ പണമില്ലാതെ പാവപ്പെട്ട പെണ്‍കുട്ടികള്‍ ജീവിതകാലം മുഴുവന്‍ നരകജീവിതം നയിക്കുന്ന നമ്മുടെ നാട്ടില്‍ നാല്‌പതു കോടി രൂപ മുടക്കി പള്ളി പണിയേണ്ട ആവശ്യമുണ്ടോ? അഥവാ തിരുകേശം സത്യമാണെങ്കില്‍ തന്നെ ഈന്തപ്പനയോലകളില്‍ അന്തിയുറങ്ങിയിരുന്ന നബി തിരുമേനിയുടെ തിരുകേശം സൂക്ഷിക്കാന്‍ നാല്‌പതു കോടി ചിലവാക്കേണ്ടതുണ്ടോ? `തന്റെ അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ആഹാരം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന നബിവചനം മറന്നു ജീവിക്കുകയല്ല ഒരു വിശ്വാസി ചെയ്യേണ്ടത്.
ഒരു സാമുദായിക വിപത്ത് എന്നതിലുപരി ഒരു സാമൂഹിക പ്രശ്‌നമായി തീരാവുന്ന ഈ നടപടി കാന്തപുരത്തിന്റെ തന്നെ അനുയായികളില്‍ പലരും സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. മുഹമ്മദ് നബി (സ)യുടെ പേരില്‍ നടത്തുന്ന ഈ പ്രചരണം നബിയെ നിന്ദിക്കുന്നതിനു തുല്യമാണ്. കൈ വെട്ടാനോ കാലു വെട്ടാനോ ആരും തുനിയുന്നില്ല എന്നുള്ളതും വിരോധാഭാസമായി തോന്നുന്നു. മതമേലദ്ധ്യക്ഷന്മാരും, മതമൗലികവാദികളും, നിശ്ശബ്ദത പാലിക്കുന്നതും ദുരൂഹമാണ്.
No comments:
Post a Comment