Tuesday, January 19, 2021

ജോ ബൈഡന്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 


വാഷിംഗ്ടണ്‍:  ഇന്ന് - ജനുവരി 20 ബുധനാഴ്ച - നടക്കുന്ന യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റേയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെയും ഉദ്ഘാടനം മറ്റ് പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായിയിരിക്കും. കോവിഡ് -19 കേസുകൾ, ജനുവരി 6 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്നവർ ക്യാപ്റ്റോള്‍ മന്ദിരത്തിനു നേരെ നടത്തിയ ആക്രമണം, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കാനുള്ള ട്രംപിന്റെ പദ്ധതി എന്നിവയാണ് വ്യത്യസ്ഥത പുലര്‍ത്തുന്നത്.

അമേരിക്കയുടെ 46-ാം പ്രസിഡന്റായി അധികാരമേല്‍ക്കാനുള്ള സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ക്കായി ബൈഡന്‍ ഇന്നലെ വൈകീട്ട് വാഷിങ്ടണിലെത്തി. അധികാരമേല്‍ക്കുന്ന ചടങ്ങിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ചിട്ട തെറ്റാതെ നടക്കുമെങ്കിലും എല്ലാം വെര്‍ച്വലാണ്.

ഇന്ത്യൻ വംശജ കൂടിയായ കമല ഹാരീസ് അമേരിക്കയുടെ 49-ാം വൈസ് പ്രസിഡന്റായും ഇന്ന് ചുമതലയേൽക്കും. അമേരിക്കയുടെ 231 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന വനിതയും ആഫ്രോ ഏഷ്യൻ വംശജയുമാണ് കമലാ ഹാരിസ്.

വാഷിംഗ്ടണിലെത്തിയ ജോ ബൈഡന്‍ ആദ്യം സന്ദര്‍ശിച്ചത് ലിങ്കണ്‍ മെമ്മോറിയലായിരുന്നു. ‘ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് മുറിവുകള്‍ ഉണക്കുമെന്നും’ അദ്ദേഹം പറഞ്ഞു. ഒപ്പം കോവിഡ് ബാധിച്ച് മരിച്ച എല്ലാ യുഎസ് പൗരൻമാര്‍ക്കും ജോ ബൈഡന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

കോവിഡ് പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ സ്‌ഥാനാരോഹണ ചടങ്ങിനു ശേഷമുള്ള പ്രത്യേക വിരുന്നും പരേഡും ഒഴിവാക്കി. സ്‌ഥാനമൊഴിയുന്ന ഡോണള്‍ഡ് ട്രംപ് ഒഴിച്ച്, ജീവിച്ചിരിക്കുന്ന എല്ലാ മുന്‍ പ്രസിഡണ്ടുമാരും ചടങ്ങില്‍ പങ്കെടുക്കും. ആരോഗ്യ കാരണങ്ങളാല്‍ ജിമ്മി കാര്‍ട്ടര്‍ വിട്ടുനിന്നേക്കും. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ചടങ്ങിൽ പങ്കെടുക്കും.

സത്യപ്രതിജ്‌ഞക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്. വാഷിംഗ്ടണ്‍ ഡിസിയിലേക്ക് സാധാരണയായി ഉപയോഗിക്കുന്ന തന്റെ ആംട്രാക്ക് ട്രെയിനില്‍ എത്തിച്ചേരാന്നായിരുന്നു ബൈഡന്റെ പദ്ധതി. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അത് ഉപേക്ഷിച്ച് സ്വകാര്യ വിമാനത്തിലാണ് അദ്ദേഹവും പത്നി ഡോ. ജില്‍ ബൈഡനും എത്തിയത്.

അമേരിക്കന്‍ ദേശീയഗാനത്തോടെയാകും ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിൽ ആദ്യം പ്രഥമ വനിത ഡോ. ജിൽ ബൈഡൻ ജനങ്ങളെ അഭിസംബോധന ചെയ്യും. ആദ്യം കമല ഹാരിസ് ആകും സത്യപ്രതിജ്ഞ ചെയ്യുക. പിന്നീട് ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കൃത്യമായ ആരംഭ സമയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പരിപാടി രാവിലെ 11 മണിയോടെ ക്യാപിറ്റോളിന്റെ വെസ്റ്റ് ഫ്രണ്ടില്‍  ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജോർജ്ജ്ടൗൺ സർവകലാശാലയുടെ മുൻ പ്രസിഡന്റും ബൈഡന്‍ കുടുംബത്തിന്റെ ഉറ്റ സുഹൃത്തുമായ ജെസ്യൂട്ട് പുരോഹിതനായ റവ. ലിയോ ജെ. ഒ ദൊനോവന്റെ പ്രബോധനത്തോടെയാണ് നടപടികൾ ആരംഭിക്കുക. ജോർജിയയിലെ സൗത്ത് ഫുൾട്ടണിലെ അഗ്നിശമന സേനയുടെ ക്യാപ്റ്റനാകുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ വനിതാ അഗ്നിശമന സേനാംഗമായ ആൻഡ്രിയ ഹാൾ 'Pledge of Allegiance' ചൊല്ലും. 

വൈസ് പ്രസിഡന്റായിരുന്നപ്പോൾ ഗാർഹിക പീഡന വിഷയങ്ങളിൽ ബൈഡനുമായി സഹകരിച്ച, 2020 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയ ലേഡി ഗാഗ ദേശീയഗാനം ആലപിക്കും.

2017 ൽ രാജ്യത്തെ ആദ്യത്തെ യുവ കവി പുരസ്കാര ജേതാവായ അമാന്‍ഡ ഗോർമാൻ, "ദി ഹിൽ വി ക്ലൈംബ്" എന്ന പേരിൽ ഒരു കവിത ചൊല്ലും. തുടര്‍ന്ന് ജെന്നിഫർ ലോപ്പസ് അവതരിപ്പിക്കുന്ന പരിപാടിയുണ്ടായിരിക്കും. 2009 ൽ ഒബാമയുടെ ഉദ്ഘാടന വേളയിലുണ്ടായിരുന്ന ബ്രൂക്‌സും പ്രകടനം നടത്തും.

ബൈഡന്‍ കുടുംബത്തിന്റെ ദീർഘകാല സുഹൃത്തായ ഡെലവെയറിലെ വിൽമിംഗ്ടണിലുള്ള ബെഥേൽ ആഫ്രിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിന്റെ പാസ്റ്റർ റവ. സിൽവെസ്റ്റർ ബീമാൻ ആശംസകൾ നേരും.

പാരമ്പര്യമനുസരിച്ച്, 12 മണി കഴിഞ്ഞയുടനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ബൈഡന്  സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 127 വര്‍ഷം പഴക്കമുള്ള, 5 ഇഞ്ച് കട്ടിയുള്ള ബൈഡന്‍ കുടുംബത്തിന്റെ ബൈബിളില്‍ ബൈഡന്‍ കൈവെച്ച് സത്യപ്രതിജ്ഞ ഏറ്റു ചൊല്ലും. അദ്ദേഹത്തിന്റെ പത്നി ജില്‍ ബൈഡനായിരിക്കും ബൈബിള്‍ കൈയ്യില്‍ പിടിക്കുക. 

ആദ്യത്തെ വനിത, ആദ്യത്തെ കറുത്ത അമേരിക്കൻ, ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് സുപ്രീം കോടതിയിലെ ആദ്യത്തെ ലാറ്റിനോ വംശജയായ ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഹാരിസിനെപ്പോലെ സോടോമയറും മുൻ പ്രോസിക്യൂട്ടറാണ്.

സോടോമേയറിന് വൈസ് പ്രസിഡന്റുമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത പരിചയമുണ്ട് - 2013 ൽ വൈസ് പ്രസിഡന്റായി ബൈഡന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത് സോടോമെയര്‍ ആയിരുന്നു. 

രണ്ട് ബൈബിളുകളിൽ ഹാരിസ് സത്യപ്രതിജ്ഞ ചെയ്യും - ഒന്ന് റെജീന ഷെൽട്ടൺ എന്ന അടുത്ത കുടുംബ സുഹൃത്തിന്റെ, മറ്റൊന്ന് തുർഗൂഡ് മാർഷലിന്റെ. രാജ്യത്തെ ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ സുപ്രീം കോടതി ജസ്റ്റിസായ മാർഷലിനെ തന്റെ റോള്‍ മോഡലുകളില്‍ ഒരാളായി ഹാരിസ് കാണുന്നു. 

"അമേരിക്ക യുണൈറ്റഡ്" എന്നായിരിക്കും ബൈഡന്റെ ഉദ്ഘാടന പ്രസംഗ വിഷയം. അതാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അദ്ദേഹം പ്രചരിപ്പിച്ച തീം. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അത് പ്രതിഫലിക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഐക്യത്തിനുപുറമെ, കോവിഡ്-19 മഹാമാരിയെക്കുറിച്ചും, പ്രതിരോധത്തെക്കുറിച്ചും, രോഗശാന്തിയെക്കുറിച്ചും സംസാരിക്കുമെന്നും, രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളെക്കുറിച്ച് വ്യക്തമായ രീതിയിൽ അദ്ദേഹം സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

No comments:

Post a Comment