Saturday, February 6, 2021

ലോകം ഉറ്റുനോക്കുന്ന ഇന്ത്യ

 


മറ്റേതൊരു ഇന്ത്യൻ പ്രധാനമന്ത്രിയേക്കാളും നരേന്ദ്ര മോദി അന്താരാഷ്ട്ര അംഗീകാരത്തിനായി കൊതിക്കുന്ന വ്യക്തിയാണ്. ലോകം 'ഹൗഡി മോദി'യെ ഒരു സംഘടിത പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായിട്ടല്ല, മറിച്ച് സ്വമേധയാ സ്നേഹത്തോടും ബഹുമാനത്തോടും കൂടി ഉരുവിടണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇന്ത്യയിൽ അദ്ദേഹത്തിന്റെ ശക്തിപ്രഭാവം പ്രധാനമായിരുന്നു. അതോടൊപ്പം തന്നെ ലോകത്തിന്റെ പ്രശംസയും അതിലേറെ പ്രധാനമായിരുന്നു. ജനപ്രീതിയുടെ ഒരു വേലിയേറ്റമാണ് അദ്ദേഹത്തെ ഉന്നതങ്ങളിലെത്തിച്ചത്. ആ ഉന്നതി അവിടെത്തന്നെ നിലനിർത്താനുള്ള തന്ത്രം മെനയേണ്ടത് അതിലേറെ പ്രധാനമായിരുന്നു. ഹ്യൂസ്റ്റണില്‍ സംഘടിപ്പിച്ച ഏറ്റവും ചെലവേറിയ 'ഹൗഡി മോദി' തരംഗം ഇപ്പോള്‍ ജനങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയി. ഇന്ന് ലോകത്തെ പല ഭാഗങ്ങളിൽ നിന്നും ഇന്ത്യയെ ഉറ്റുനോക്കുന്നത് മോദിയിലൂടെയാണ്. നയരൂപീകരണത്തിന് അദ്ദേഹം സ്വീകരിച്ച വഴി സാമുദായിക ദ്രൂവീകരണമായിരുന്നു എന്ന് ലോകം മനസ്സിലാക്കി വരുന്നു.

നിലവിലെ കർഷകരുടെ പ്രക്ഷോഭവും അത് മോദി കൈകാര്യം ചെയ്ത രീതിയും കൂടുതൽ നീരസം ക്ഷണിച്ചു വരുത്തി. സമരം ചെയ്യുന്ന കർഷകർക്ക് അവരുടെ ചിട്ടയായ പെരുമാറ്റം കാരണം പല രാജ്യങ്ങളിൽ നിന്നും ഗണ്യമായ പിന്തുണ ലഭിച്ചതിൽ അതിശയിക്കാനില്ല. വിദേശ വിമർശകരെ ഖാലിസ്ഥാനികളെന്ന് വിശേഷിപ്പിക്കുകയായിരുന്നു ബിജെപി നടത്തിയ ഏറ്റവും വലിയ തന്ത്രപരമായ തെറ്റ്. പഞ്ചാബിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിച്ച മൗലിക വാദ സിഖ് വിഘടനവാദ പ്രസ്ഥാനത്തിന് ഇന്ത്യയിൽ ഒരിക്കലും വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 

വിമർശകരെ ഖാലിസ്ഥാനികളായി മുദ്രയടിച്ച് തള്ളിക്കളയുന്നതിലൂടെ മോദിയും അനുയായികളും സ്വന്തം നിലപാട് ദുർബലപ്പെടുത്തുകയായിരുന്നു. പാർലമെന്റ് പാസാക്കിയ പ്രസക്തമായ മൂന്ന് കാര്‍ഷിക നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് അതിന്റെ നയങ്ങൾ എന്നാണ് സർക്കാരിന്റെ നിലപാട്. ഇത് സാങ്കേതികമായി ശരിയായിരിക്കാം. എന്നാൽ, ബില്ലുകൾ പാസാക്കിയ രീതി എല്ലാവരും സംശയാസ്പദമായാണ് കണ്ടത്. രാജ്യസഭയിൽ വോട്ടെടുപ്പ് നടത്താന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ഡപ്യൂട്ടി ചെയർമാൻ വോയ്‌സ് വോട്ട് ഉപയോഗിച്ച് നിയമം പാസാക്കുകയായിരുന്നു. അതിന് അദ്ദേഹം നല്‍കിയ ന്യായീകരണമാകട്ടേ ഏറെ വിചിത്രവും.!! "ഒരു വശം മറ്റേ വശത്തേക്കാള്‍ ഉറക്കെ ഒച്ച വെച്ചു" എന്നായിരുന്നു ഡപ്യൂട്ടി ചെയര്‍മാന്റെ വിശദീകരണം. എന്തുതന്നെയായാലും, കാർഷിക മേഖലയെ “നിയന്ത്രിക്കാൻ” സർക്കാർ ഓർഡിനൻസ് പാത സ്വീകരിച്ചു. ബിജെപി സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ സൗകര്യപൂര്‍‌വ്വം പാർലമെന്റ് ഉപയോഗിക്കുന്നു, അല്ലാത്തപ്പോള്‍ ഒരു വശത്തേക്ക് മാറ്റി വെക്കുന്നു. 

ഇന്ത്യയിലും വിദേശത്തും കർഷകർക്ക് വ്യാപകമായ പിന്തുണയാണ് നേടിക്കൊടുത്തത്.  പ്രാഥമികമായി, രണ്ട് കാരണങ്ങളാലാണ് അവരത് നേടിയത്. അവരുടെ ആവശ്യങ്ങളുടെ ന്യായബോധവും അവരുടെ പ്രചാരണത്തിന്റെ സമാധാനപരമായ സ്വഭാവവുമാണ് അവര്‍ക്ക് ആ നേട്ടം കൈവരിക്കാനായത്. വിചിത്രമെന്നു പറയട്ടെ, സർക്കാർ എവിടെയും ഒരു പ്രശ്നവും കാണുന്നില്ലെന്ന് നടിച്ചു. റിപ്പബ്ലിക് ദിനം വരെ ഇത് തുടർന്നു. പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള കര്‍ഷകരും പ്രതിനിധികളും മാർച്ച്‌ നടത്തി. അധികാരികൾക്ക് സഹിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതലായിരുന്നു അത്. ഗവൺമെന്റിന്റെ ഏജന്റുമാർ നടപടിയെടുക്കുകയും ഒടുവിൽ കണ്ണീർവാതകവും ജലപീരങ്കികളും ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും കൃഷിക്കാർ പിന്മാറാന്‍ കൂട്ടാക്കിയില്ല. കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്മാറ്റാന്‍ മോഡി സർക്കാർ രണ്ട് വർഷത്തേക്ക് നിയമങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കാമെന്ന വാഗ്ദാനം നല്‍കിയെങ്കിലും അതും വിലപ്പോയില്ല. കാരണം, അത് സര്‍ക്കാരിന്റെ തന്ത്രമായിരുന്നുവെന്ന് കര്‍ഷകര്‍ക്ക് ബോധ്യമായതു തന്നെ. 

രണ്ട് വർഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് സര്‍ക്കാര്‍ പരാമർശിച്ചില്ല. കര്‍ഷകരുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്ന് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും അതും കര്‍ഷകര്‍ക്ക് സ്വീകാര്യമല്ലായിരുന്നു. കാരണം, കമ്മിറ്റിയില്‍ സര്‍ക്കാര്‍ അനുകൂലികളായിരുന്നു എന്നതു തന്നെ. പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുമെന്ന സർക്കാരിന്റെ വാദം ആര്‍ക്കും ബോധ്യമായില്ല എന്നതാണ് മോദി സര്‍ക്കാരിന് കിട്ടിയ മറ്റൊരു പ്രഹരം. പുതിയ നിയമങ്ങൾ തങ്ങളുടെ ഉൽ‌പ്പന്നങ്ങളുടെ വില കുറയ്ക്കുമെന്നും കോർപ്പറേറ്റ് ഏറ്റെടുക്കൽ‌ ഭീഷണി നേരിടുമെന്നും കർഷകർ‌ക്ക് അറിയാമായിരുന്നു. ഈ സർക്കാർ വലിയ പരിഷ്കരണത്തിലൂടെ മുന്നോട്ടുവച്ച രീതി  സ്വേച്ഛാധിപത്യപരമായിരുന്നു എന്നതാണ് രാഷ്ട്രീയ വശം. ഇന്ത്യയെയും ഇന്ത്യയെ ഭരിക്കുന്നവരെയും ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണ്. തന്റെ ധിക്കാരപരമായ സമീപനം മൂലം മൂല്യത്തകർച്ച  അനുഭവപ്പെടുന്നത് മോദിക്ക് ഒരു പുതിയ അനുഭവമായിരിക്കണം.

  തന്റെ വാക്ധോരണിയിലൂടെ ജനങ്ങളെ കൈയ്യിലെടുക്കുന്ന മോദിയുടെ പ്രസംഗങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചു കഴിഞ്ഞു. നാടകീയത ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. മറിച്ച് ഫലപ്രദമായ, പ്രയോജനകരമായ പരിഷ്കാരങ്ങളാണ് ജനങ്ങള്‍ക്കു വേണ്ടത്. 

സമരം ചെയ്യുന്ന കർഷകർ സ്വയം കാത്തുസൂക്ഷിച്ച അന്തസ്സ് ശ്രദ്ധിക്കാൻ മോദിക്ക് കഴിഞ്ഞില്ല. സമരത്തിനിടയില്‍  സ്വന്തമായി പാചകം ചെയ്യാൻ താല്പര്യപ്പെട്ട അവർക്ക് വാഗ്ദാനം ചെയ്ത ഭക്ഷണം പോലും അവർ മാന്യമായി നിരസിച്ചു.

തന്ത്രങ്ങള്‍ മെനയാന്‍ മിടുക്കനായ, മഹാനായ അമിത് ഷായെ എവിടെയും കാണാനില്ല. തന്റെ അടവുകളൊന്നും വിലപ്പോകാത്ത ഒരു മേഖലയാണിതെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കാം. ഒരു വർഷം 12,000 കർഷകർ ആത്മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അവർക്ക് തിരിച്ചടയ്ക്കാൻ കഴിയാത്ത കടങ്ങൾ, പരാജയപ്പെടുന്ന വിളകൾ, തെറ്റായ കണക്കുകൂട്ടലുകൾ - അവരെ നിരാശയിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങളുണ്ട്. അത്തരം വിനാശകരമായ വസ്തുതകൾ നമ്മുടെ പാർലമെന്റ് നടത്തുന്നവരിൽ പോലും മതിപ്പുളവാക്കുന്നില്ല. നിരവധി എംപിമാർ കർഷകരുടെ വിഷയത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുപോലും അതൊന്നും ചെവിക്കൊള്ളാതെ താന്‍‌പോരിമ കാണിക്കുന്ന മോദിയും അമിത് ഷായും നാളെ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് തീര്‍ച്ച.

 ഇത്തരം സാഹചര്യങ്ങളിൽ കൂട്ടുത്തരവാദിത്വത്തോടെ ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്. അതിനാണ് ജനങ്ങള്‍ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് അയച്ചത്. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ഒരു ചര്‍ച്ചയ്ക്ക് സർക്കാർ വിസമ്മതിക്കുകയും, കര്‍ഷകരുടെ ന്യായമായ അവകാശങ്ങളെ തിരസ്ക്കരിക്കുകയും ചെയ്യുന്നത് ജനാധിപത്യ പ്രക്രിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണ്. ചര്‍ച്ചയുമില്ല വിശദീകരണവുമില്ല. സര്‍ക്കാര്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്യുന്നു. ആരും ചോദിക്കാനില്ല. ചോദിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നു, അല്ലെങ്കില്‍ അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുന്നു...!   

ഇതല്ല ഭരണഘടനാ നിർമാതാക്കൾ വിഭാവനം ചെയ്തത്. ഈ നിലയിക് മുന്നോട്ടു പോകുന്നത് നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയുടെ പതനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

No comments:

Post a Comment