2021, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ഇതള്‍ വിരിയുന്ന ഓണ സ്മൃതികള്‍

 


ഓണപ്പൂവേ….. ഓണപ്പൂവേ…..

ടെലിവിഷന്‍ ചാനലുകളില്‍ നിന്ന് ഒഴുകിയെത്തുന്ന ഓണപ്പാട്ടിന്റെ ഈരടികള്‍ വാര്‍ദ്ധക്യ മനസ്സുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ ചിറക് വിടര്‍ത്തുമ്പോള്‍ ഓണനാളുകളില്‍ ചാനലുകള്‍ ഒരുക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രങ്ങളിലേക്ക് ഒതുങ്ങുകയാവും പുതുതലമുറ. അവര്‍ക്ക് ഓണവും ഓണാഘോഷങ്ങളും ഓണത്തപ്പനുമൊക്കെ സമയം കൊല്ലി സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ മാത്രം.

തൂശനിലയുടെ അരികില്‍ വിളമ്പുന്ന ഓലനും കാളനും തീയലുമെല്ലാം പ്ലാസ്റ്റിക് ഇലകളില്‍ വിളമ്പുന്ന ഇന്‍സ്റ്റന്റ് ഓണക്കിറ്റുകള്‍ക്ക് വഴി മാറിക്കഴിഞ്ഞു. എങ്കിലും ഇന്‍സ്റ്റന്റ് സദ്യവട്ടങ്ങളുടെ രുചിയും ഫ്ലവര്‍ ഷോപ്പുകളിലെ പൂക്കള്‍ കൊണ്ട് ഒരുക്കുന്ന അത്തപ്പൂക്കള മത്സരങ്ങളും പുതു തലമുറയ്ക്ക് ഓണസ്മൃതികള്‍ ഇത്തിരിയെങ്കിലും പകരുന്നുണ്ട് എന്ന് പറയാതെ വയ്യ.

തൊടിയിലെ ചെടികളില്‍ നിന്ന് തുമ്പയും തുളസിയും തെച്ചിയും….. തുടങ്ങി കാക്കപ്പൂ വരെ പൂക്കുട്ടകളില്‍ ശേഖരിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങി നടന്നതും, അത്തം മുതല്‍ തിരുവോണം വരെ നടുമുറ്റത്തെ ചാണകം മെഴുകിയ പൂത്തറയില്‍ പൂക്കളമൊരുക്കിയും തുമ്പി തുള്ളിയും ഓണപ്പുടവ ചുറ്റിയും കൈകൊട്ടിക്കളിച്ചും ആഘോഷങ്ങള്‍ പങ്കു വെച്ച നാളുകള്‍ മുത്തശ്ശിമാര്‍ അയവിറക്കുമ്പോള്‍ കൈവെള്ളയ്ക്കുള്ളില്‍ പ്രിയപ്പെട്ട എന്തോ പോലെ കൊണ്ടുനടക്കുന്ന മൊബൈല്‍ ഫോണുകളിലൂടെ ഓണ സന്ദേശങ്ങള്‍ അയക്കുന്ന തിരക്കിലാവും കൊച്ചുമക്കള്‍. കാലത്തിന്റെ മാറ്റം ഓണത്തിലും ഓണാഘോഷങ്ങളിലും മാറിമറിഞ്ഞെങ്കിലും മലയാളിയാണോ അവിടെ ഓണമുണ്ടാവും…. ഓണാഘോഷവും. മലയാള മനസ്സില്‍ ആവണി പൊന്‍‌പുലരികളുടെ വസന്തം നിറച്ച് വീണ്ടും ഒരു ഓണക്കാലം കൂടി കടന്നുവരികയായി.

എന്നാല്‍ 2020-ലെ ഓണം ‘ഡിജിറ്റല്‍ ഓണം’ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കാരണം, ഉത്രാടമായിട്ടും മലയാളികള്‍ ആശങ്കയോടെയാണ് തിരുവോണത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്. കോവിഡ് മഹാമാരി കാരണം കര്‍ശന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം പുറത്തിറങ്ങാന്‍. ഏതെങ്കിലും വിധത്തില്‍ അശ്രദ്ധയുണ്ടായാല്‍ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഒരേസമയം നിരവധിപേർ ഒത്തുകൂടുന്നത് ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കലും മാസ്ക് ധരിക്കലുമൊക്കെ തിരുവോണത്തിന്റെ പ്രസക്തിയും ശോഭയും നഷ്ടപ്പെടുത്തും. അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് ഓണം ആഘോഷിക്കാനുള്ള സന്ദേശമാണ് ഈ കോവിഡ് കാലം മലയാളിക്ക് നൽകുന്നത്.

പൂക്കളമൊരുക്കാന്‍ പൂവു നുള്ളുന്ന കുഞ്ഞുങ്ങളുടെ ആരവങ്ങളും കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലെ കിളിജൂജനങ്ങളും ഇന്ന് നാട്ടിന്‍‌പുറങ്ങളില്‍ പോലും അന്യമാവുകയാണ്. ഒത്തുചേരലിന്റേയും പങ്കുവെയ്ക്കലിന്റേയും മധുരാനുഭവങ്ങള്‍ നല്‍കിയിരുന്ന ഓണക്കാലത്തുപോലും ബന്ധങ്ങളുടെ തീവ്രത നിലനിര്‍ത്താന്‍ നമുക്കിപ്പോള്‍ കഴിയുന്നില്ല. എങ്കിലും, മലയാളിയുടെ മനസ്സില്‍ നിന്ന് ഓണവും അതിന്റെ ചേതോഹര വര്‍ണ്ണങ്ങളും മായുന്നില്ല.

നന്മകള്‍ പൂവിളിയുണര്‍ത്തുന്ന ഓണമാകട്ടേ അടുത്ത വര്‍ഷങ്ങളില്‍ നമുക്ക് വിരുന്നു വരുന്നതെന്ന് പ്രത്യാശിക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍….!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ