ഉത്തർപ്രദേശിൽ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിന്റെ പ്രിയങ്കാഗാന്ധിയുമൊക്കെ വന്‍ പ്രചാരണം നടത്തിയെങ്കിലും അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി ചരിത്ര വിജയം നേടിയത്. 37 വർഷത്തിന് ശേഷം ഭരിക്കുന്ന പാർട്ടി ഭരണം ആവർത്തിക്കുന്നു. ബിജെപി 255 സീറ്റുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ മാത്രമാണ് നേടിയത്. മാര്‍ച്ച് 23-ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കാനിരിക്കുകയാണ്.
എന്തുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്നതെന്നതിന് വിവിധ കാരണങ്ങളാണ് ഇതര പാര്‍ട്ടികള്‍ നിരത്തുന്നത്. അതില്‍ ആദ്യത്തേത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) അട്ടിമറിയാണ്. മാർച്ച് 8 ന് (യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന്), ഇവിഎമ്മുകളെച്ചൊല്ലി ഒരു കോലാഹലം നടക്കുകയും ചെയ്തു. വാരാണസിയിലെ വോട്ടെണ്ണലിന് 48 മണിക്കൂർ മുമ്പ് ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചെന്നും, ഇവിഎമ്മുകൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് അനധികൃതമായി മാറ്റാനുള്ള ശ്രമം നടന്നെന്നും സമാജ്‌വാദി പാർട്ടി മേധാവി ആരോപിച്ചു. അദ്ദേഹം പുറത്തുവിട്ട വീഡിയോകളിൽ, ഒരു ടെമ്പോയിൽ നിരവധി ഇവിഎം ബോക്സുകൾ നിരത്തി വെച്ചിരിക്കുന്നതും, ടെമ്പോയ്ക്ക് ചുറ്റും വൻ ജനക്കൂട്ടം ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതും കാണാമായിരുന്നു.
പക്ഷെ, സംഭവം വിവാദമായതോടെ വാരാണസി ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ കൗശൽ രാജ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞത് മാണ്ഡിയിലെ എഫ്‌സിഐ ഗോഡൗണിൽ നിന്ന് ഇ.വി.എമ്മുകള്‍ പരിശീലനത്തിനായി യു.പി കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ്. ചില രാഷ്ട്രീയ പാർട്ടികൾ ഇത്തരം ഇ.വി.എമ്മുകൾ കയറ്റിയ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇ.വി.എമ്മുകൾ എന്ന് പറഞ്ഞ് കുപ്രചരണങ്ങൾ നടത്തി എന്നും അദ്ദേഹം ആരോപിച്ചു.
സത്യത്തില്‍ ഇവിഎമ്മുകളില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന തന്ത്രം അധിക കാലം തുടരാനാവില്ല എന്ന് തിരിച്ചറിവുണ്ടായ ബിജെപി, കളം മാറ്റി ചവിട്ടി ജനങ്ങളുടെ വോട്ട് തങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മറ്റൊരു തന്ത്രം ആവിഷ്ക്കരിച്ചിട്ടുണ്ടായിരുന്നു എന്നത് അധികമാരുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല. യുപിയിലെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വിവിധ ബാങ്കുകളാണെന്നതിനുള്ള തെളിവായി ചില കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
എങ്ങനെയാണ് ബിജെപിയുടെ വിജയത്തിനു പിന്നില്‍ ബാങ്കുകള്‍ പ്രവര്‍ത്തിച്ചത് എന്ന് പരിശോധിക്കാം. കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടർമാരുമായും ചെയര്‍മാന്മാരുമായും നിരന്തരം ഇടപഴകിയിരുന്ന മന്ത്രിയാണ് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്‍. പ്രധാനമന്ത്രിയുടെ പേരില്‍ അറിയപ്പെടാന്‍ ആസൂത്രണം ചെയ്തിട്ടുള്ള നിരവധി സ്കീമുകള്‍ നടപ്പിലാക്കാന്‍ നിര്‍മ്മല സീതാരാമന്‍ തന്റെ സ്വാധീനം ഉപയോഗിച്ചു. പത്രസമ്മേളനങ്ങളിലൂടെയും മറ്റു നിരവധി മാര്‍ഗങ്ങളിലൂടെയും ഉയർന്നുവന്ന സമ്മർദ്ദങ്ങള്‍, അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ള സ്കീമുകൾക്ക് കീഴിൽ വായ്പ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുകയും, അതുവഴി നിരവധി ‘ലോൺ മേളകൾ’ നടത്താന്‍ നിര്‍ബ്ബന്ധിതരാക്കുകയും ചെയ്തു.
‘പ്രധാനമന്ത്രി ജൻ ധൻ യോജന’, ‘പിഎം മുദ്ര യോജന’, ‘പിഎം സ്വനിധി’, ‘അടൽ പെൻഷൻ യോജന’ എന്നീ സ്കീമുകളുടെ കണക്കുകള്‍ തന്നെ ഒന്നു പരിശോധിക്കാം. പ്രധാനമന്ത്രി ‘ജൻധൻ യോജന’യ്ക്ക് കീഴിൽ 44.23 കോടി അക്കൗണ്ടുകൾ തുറന്നതിൽ 34.9 കോടി പൊതുമേഖലാ ബാങ്കുകളും, 8.05 കോടി അക്കൗണ്ടുകൾ പൊതുമേഖലയുടെ കീഴിലുള്ള ആർആർബികളും തുറന്നപ്പോൾ, സ്വകാര്യ ബാങ്കുകൾ വെറും 1.28 കോടി അക്കൗണ്ടുകൾ മാത്രമാണ് തുറന്നത്. സീറോ ബാലൻസ് ഉള്ള ഒരു അക്കൗണ്ട് തുറക്കാൻ ഈ സ്കീം ജനങ്ങളെ അനുവദിക്കുന്നു. ഈ പദ്ധതി പ്രകാരം 29.54 കോടി അക്കൗണ്ടുകൾ ഗ്രാമീണ, അർദ്ധ നഗര ശാഖകളിലായി തുറന്നതില്‍, 24.61 കോടി അക്കൗണ്ടുകൾ സ്ത്രീകളാണ് തുറന്നത്. പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് കീഴിൽ 31.28 കോടി റുപേ കാർഡുകൾ വിതരണം ചെയ്തു. അതുവഴി അക്കൗണ്ട് ഉടമകൾക്ക് 5000 രൂപയുടെ ക്രെഡിറ്റ് ലഭിക്കും.
ഉത്തര്‍പ്രദേശില്‍ മാത്രം 7,86,65,390 അക്കൗണ്ടുകൾ തുറന്നതിൽ 5,33,66,913 പേർക്ക് റുപേ കാർഡ് നൽകിയിട്ടുണ്ട്. 7.8 കോടി അക്കൗണ്ടുകൾ എന്നു വെച്ചാല്‍ അതൊരു വലിയ സംഖ്യ തന്നെയാണ്!
‘പിഎം മുദ്ര ലോൺ’ പദ്ധതിക്ക് കീഴിലുള്ള ‘ശിശു’ സ്കീമില്‍ ഒരാള്‍ക്ക് 50000 രൂപവരെ വായ്പ ലഭിക്കുമ്പോള്‍, ‘കിഷോര്‍’ സ്കീമിന് കീഴിൽ 5 ലക്ഷം രൂപയും, ‘തരുണ്‍’ സ്കീമിന് കീഴിൽ 10 ലക്ഷം രൂപ വരെയും വായപ ലഭിക്കുന്നു. രാജ്യത്ത് ഇതുവരെ മൊത്തത്തിൽ 339332942 വായ്പകൾ നൽകിയിട്ടുണ്ടെന്നാണ് കണക്ക്. അതായത് 34 കോടി വായ്പക്കാർക്ക് 1826042.57 കോടി രൂപ വായ്പ അനുവദിച്ചു.
യുപിയിൽ 2019-20 വർഷത്തിൽ മാത്രം 5861422 വായ്പകളിലൂടെ 30949.36 കോടി അനുവദിച്ചു. ഇത് രാജ്യത്തുടനീളം 337495.53 കോടി രൂപ വായ്പയുള്ള 62247606 അക്കൗണ്ടുകളിൽ നിന്നാണ്. യുപിയിൽ ഏകദേശം 3.4 കോടി വായ്പക്കാർ 182604.2 കോടി രൂപ വായ്പ എടുത്തിട്ടുണ്ട്.
2011ലെ സെൻസസ് പ്രകാരം യുപിയിൽ 3.34 കോടി കുടുംബങ്ങളാണുള്ളത്. അതായത്, യുപിയിലെ അത്രയും കുടുംബങ്ങള്‍ക്ക് ബാങ്ക് ലോണ്‍ സാധിതമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രെഡിറ്റ് നൽകാൻ തയ്യാറുള്ള 3.34 കോടി കുടുംബങ്ങള്‍!
എല്ലാ വീട്ടിലും കുറഞ്ഞത് 2 പേരെങ്കിലും ബാങ്കുകളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അവര്‍ക്ക് വായ്പകള്‍ ലഭിക്കാനും പ്രയാസമില്ല. ഈ വായ്പകളാകട്ടേ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്റർപ്രൈസസിന് (CGTMSE) കീഴിലാണെന്നതാണ് ഏറ്റവും പ്രധാനം. അതായത്, വായ്പ എടുത്തവര്‍ അത് തിരിച്ചടച്ചില്ലെങ്കിലും വായ്പയെടുത്തവരെ ബാങ്കുകൾക്ക് ബുദ്ധിമുട്ടിക്കാനാവില്ല എന്ന് അര്‍ത്ഥം. പിന്നാക്കവും അവികസിതവുമായ ഒരു സംസ്ഥാനത്ത്, ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും എളുപ്പത്തില്‍ വായ്പകളെടുക്കാനും അവരെടുക്കുന്ന വായ്പകള്‍ സുരക്ഷിതമാക്കുന്നതിനും, ഇനി തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും, അതിന് കാരണക്കാരായവരോട് ജനങ്ങൾ തീർച്ചയായും കടപ്പെട്ടിരിക്കുന്നു.
വഴിയോരക്കച്ചവടക്കാർക്ക് വേണ്ടിയുള്ള ‘പ്രധാനമന്ത്രി സ്വനിധി’ സ്കീമിന് കീഴിൽ, രാജ്യത്ത് 3341012 തെരുവ് കച്ചവടക്കാർക്കാണ് പരിരക്ഷ ലഭിച്ചിരിക്കുന്നത്. 2022 ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഈ വഴിയോരക്കച്ചവടക്കാരില്‍ 7.8 ലക്ഷം പേര്‍ യുപിയിൽ നിന്നുള്ളവരാണ്.
ആർഎസ്‌എസിന്റെ പിന്തുണയോടെയാണ് എല്ലാ വീടുകളിലും എത്തി ഭരണകക്ഷി പ്രചരണം നടത്തിയിരുന്നത്. പ്രവര്‍ത്തകരെക്കൂടാതെ സോഷ്യല്‍ മീഡിയയും യഥേഷ്ടം ഇതിനായി ഉപയോഗിച്ചു. ഇതെല്ലാം “മോദിജിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് സാധിതമായതെന്ന്” ജനങ്ങളെ പറഞ്ഞു ധരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതാണ് യു പി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാന്‍ സഹായകമായത്.
2019-2022 വരെയുള്ള ‘അടൽ പെൻഷൻ യോജന’യ്ക്ക് കീഴിൽ, യുപിയിൽ 18 മുതൽ 40 വരെ പ്രായമുള്ള 507.23 ലക്ഷം പേർക്ക് പരിരക്ഷ ലഭിച്ചിട്ടുണ്ട്. കുറഞ്ഞ പ്രീമിയമുള്ള പെൻഷൻ പദ്ധതിയാണിത്. അവിടെയും അടൽ ബിഹാരി വാജ്‌പേയിയുടെയും മോദിയുടേയും പേരുകളാണ് വ്യാപകമായി ഉപയോഗിച്ചതെന്നത് ശ്രദ്ധേയമാണ്.
2021 ജൂണ്‍ മാസത്തില്‍ മാത്രം 31,542 മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (MSME) വിപുലീകരണത്തിനായി യു പി സര്‍ക്കാര്‍ മൊത്തം 2,505.58 കോടി രൂപയാണ് വായ്പ നൽകിയത്. അതോടൊപ്പം, ‘ഒരു ജില്ല-ഒരു ഉൽപ്പന്നം’ (ODOP) പദ്ധതിക്ക് കീഴിലുള്ള ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി സർക്കാർ ഒരു പ്രത്യേക പോർട്ടൽ ആരംഭിക്കുകയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഒരു പൊതു സൗകര്യ കേന്ദ്രത്തിന് തറക്കല്ലിടുകയും ചെയ്തു. അതേ വര്‍ഷം ജൂലൈ മാസത്തില്‍ സംസ്ഥാനത്തെ 75 ജില്ലകളിലും സമാനമായ വായ്പാ മേളകൾ സംഘടിപ്പിച്ചു.
2021 സാമ്പത്തിക വർഷത്തിൽ 13 ലക്ഷം എംഎസ്എംഇകൾക്ക് 42,700 കോടി രൂപയാണ് യു.പി. സര്‍ക്കാര്‍ വായ്പ നൽകിയത്.
മിക്ക എംഎസ്എംഇകളെയും വിശദമായ ഓഡിറ്റ് രേഖകൾ സൂക്ഷിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ യൂണിയൻ ബജറ്റിൽ, 2 കോടി വരെ വിറ്റുവരവുള്ള ചെറുകിട ബിസിനസ് യൂണിറ്റുകൾക്ക് മുൻകാല ഒരു കോടിയിൽ നിന്ന് നികുതി ഇളവുകൾ സർക്കാർ ഉയർത്തി.
ഈ എംഎസ്എംഇകൾക്ക് അവരുടെ മുൻ ബാലൻസ് ഷീറ്റുകളുടെ അടിസ്ഥാനത്തിൽ ഒരു ഉപദ്രവവും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടായിരുന്നു. തന്നെയുമല്ല, പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികൾക്ക് കീഴിൽ സമര്‍പ്പിച്ചിട്ടുള്ള, തീര്‍പ്പാക്കാത്ത അപേക്ഷകള്‍ ബാങ്ക് തലത്തിൽ സ്വീകരിച്ച് എത്രയും പെട്ടെന്ന് തീർപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (എസ്‌എൽബിസി) സ്റ്റിയറിംഗ് സബ് കമ്മിറ്റി നൽകുകയും ചെയ്തു.
എംഎസ്എംഇ ‘സതി’ ആപ്പിൽ ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകൾ തീർപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി. യുപിയിലെ മൊത്തം ‘ജൻധൻ’ അക്കൗണ്ടുകളില്‍ 41.16 ശതമാനം ബാങ്ക് അക്കൗണ്ടുകളും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്ക്ക് (പിഎംഎസ്ബിവൈ) കീഴിലാണ്.
മോദി ആരാധനയിൽ ജനങ്ങൾക്കിടയില്‍ വിശ്വാസമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞതാണ് അവരുടെ വിജയരഹസ്യം. രസകരമെന്നു പറയട്ടെ, സർക്കാർ പണം ചെലവഴിക്കാതെ തന്നെ, പൊതുമേഖലാ ബാങ്കുകളിലൂടെയാണ് ഇത് നേടിയെടുത്തത്. അതുകൊണ്ടാണ് ഓരോ വിജയത്തിനു ശേഷവും എല്ലാ ദരിദ്രരിലേക്കും സഹായം എത്തിക്കുന്നതിനെക്കുറിച്ച് മോദി ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അതായത് “കൈ നനയാതെ മീന്‍ പിടിക്കുന്ന” രീതി.
തിരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല വർഷം മുഴുവനും പ്രവർത്തിക്കുന്ന സംവിധാനമാണ് ബിജെപിയുടേത്. തന്ത്രങ്ങള്‍ മെനയാനും എതിരാളിയെ നിഷ്പ്രഭരാക്കാനും കഴിവുള്ള പ്രവര്‍ത്തകരും മാത്രമല്ല, ഇന്ത്യയിലെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളിലും സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ “ദേശവിരുദ്ധർ” എന്ന് മുദ്രകുത്തി ജയിലിലടയ്ക്കുന്നത്. അതുകൊണ്ടാണ് മോദി സർക്കാരിലെ മന്ത്രിമാർ പകർച്ചവ്യാധി രൂക്ഷമായപ്പോൾ സ്വതന്ത്ര മാധ്യമങ്ങളെ എങ്ങനെ “നിർവീര്യമാക്കാം” എന്ന് തലപുകഞ്ഞാലോചിച്ചതും ഇതര പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാന്‍ ശ്രമിച്ചതും.
“അക്രമത്തിന്റെ ഏറ്റവും മോശമായ രൂപമാണ് ദാരിദ്ര്യ”മെന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. എന്നാൽ, ജനങ്ങളെ ദരിദ്രരാക്കി അവർക്ക് ചില ആനുകൂല്യങ്ങൾ നൽകി വോട്ടു നേടുന്നത് രാഷ്ട്രീയക്കാരുടെ തന്ത്രമാണ്. വാസ്തവത്തിൽ, ഭൂരിഭാഗം വൻകിട കോർപ്പറേഷനുകളും തങ്ങളുടെ പ്രവർത്തനങ്ങൾ എന്തുകൊണ്ടാണ് ഒരു മൂന്നാം ലോക രാജ്യത്തേക്ക് മാറ്റാൻ ആഗ്രഹിക്കുന്നത്? അവിടെ ദരിദ്രരായ ജനങ്ങളാണെന്നും കുറഞ്ഞ വേതനം നല്‍കിയാല്‍ മതി എന്നുമുള്ള ചിന്തയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. എന്നിട്ടോ, ഏതു പരിതാപകരമായ അവസ്ഥയിലും കമ്പനിയുടെ ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ പ്രേരിതരാകുന്നു. ഒരു ഉല്പന്നം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായതിന്റെ പലമടങ്ങ് വിലയ്ക്ക് അവ ഓപ്പൺ മാർക്കറ്റിൽ വിൽക്കുന്നു. ദരിദ്രരുടെ വിയര്‍പ്പില്‍ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. യുപിയില്‍ ബിജെപിയും ആ തന്ത്രമാണ് ഉപയോഗിച്ചത്. ബാങ്കുകളെ ഉപയോഗിച്ച്, അവരുടെ പണം കൊണ്ട് പാവപ്പെട്ടവരേയും ദരിദ്രരേയും വിലയ്ക്കു വാങ്ങി അവരുടെ വോട്ടുകൊണ്ട് സ്വന്തം നിലനില്പ് ഭദ്രമാക്കി എന്നു മാത്രം.