അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പഞ്ചാബിൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ശ്രമങ്ങൾ യുപിയിലെ വോട്ടർമാർ നിരസിച്ചു. ഇപ്പോൾ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ തോൽവിയിൽ നിന്ന് 'പാഠം പഠിക്കുമെന്ന' പതിവു പല്ലവിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
എട്ടു വര്‍ഷം മുമ്പ്, അതായത് 2014 മുതല്‍, തുടങ്ങിയ കോണ്‍ഗ്രസിന്റെ കണ്ടക ശനി ഒരു കരിനിഴല്‍ പോലെ അവരെ പിന്തുടരുകയാണ്. നേതാക്കള്‍ തലങ്ങും വിലങ്ങും ഓടി നടന്ന് പ്രയത്നിച്ചിട്ടും അവർക്ക് പൊതുജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ട
പ്രതാപം വീണ്ടെടുക്കാൻ കഴിയുന്നില്ല. ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതു തുതന്നെ ആവർത്തിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ, ഗാന്ധി കുടുംബത്തിലെ അംഗവും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നേരിട്ടു തന്നെ അവരുടെ മുഴുവൻ കഴിവും പ്രയോഗിച്ചിട്ടും കോൺഗ്രസിന്റെ സീറ്റ് എണ്ണവും വോട്ട് ശതമാനവും കുറയുകയുകയാണ് ചെയ്തത്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് കുമാർ ലല്ലുവിനു പോലും പിടിച്ചുനില്‍ക്കാനായില്ല.
ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന ഒരേയൊരു സംസ്ഥാനത്തിൽ പോലും കാല്‍ വഴുതി. നേതാക്കൾ തമ്മിലുള്ള ആഭ്യന്തര കലഹവും വിഴുപ്പലക്കലുമാണ് കോണ്‍ഗ്രസിനെ പതനത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസില്‍ തന്നെ മുറുമുറുപ്പുണ്ട്. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി ഏത് തിരഞ്ഞെടുപ്പ് വരുമ്പോഴും കോണ്‍ഗ്രസില്‍ അധികാരത്തേയും സ്ഥാനമാനങ്ങളെയും ചൊല്ലി കലഹം ആരംഭിക്കുകയായി. ഫലമോ, അവര്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ വഴിമാറി പോകുകയും ചെയ്യും.
ഈ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ടായിരുന്ന ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഫലം തഥൈവ. പഞ്ചാബിൽ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി മത്സരിച്ച രണ്ട് നിയമസഭാ സീറ്റുകളിലും അദ്ദേഹം പരാജയപ്പെട്ടു. പഞ്ചാബ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനും പരാജയം നേരിടേണ്ടി വന്നു. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന ഹരീഷ് റാവത്തും പരാജയം രുചിച്ചറിഞ്ഞു.
കോണ്‍ഗ്രസ്സില്‍ തോല്‍വി എന്നത് ഒരു തുടര്‍ക്കഥയായി തുടര്‍ന്നുകോണ്ടേയിരിക്കുന്നു. ഓരോ തോല്‍വി ഏറ്റുവാങ്ങുമ്പോഴും "ഈ തോല്‍വിയില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിക്കും" എന്ന നേതാക്കളുടെ പതിവ് പല്ലവി ആവര്‍ത്തിക്കുകയും ചെയ്യും. തോല്‍വിയില്‍ നിന്ന് ഇവര്‍ എന്തു പാഠമാണ് പഠിച്ചതെന്ന് അടുത്ത തോല്‍വി വരുമ്പോഴാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. "എന്തിനാണമ്മാവാ എന്നെ തല്ലുന്നത്, ഞാന്‍ നേരെയാവില്ല" എന്നു പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവസ്ഥ. എത്ര തോറ്റാലും അവര്‍ നേരെയാവില്ല എന്ന് ചുരുക്കം.
ഇപ്പോഴത്തെ തോൽവിയിലും, "ജനങ്ങളുടെ തീരുമാനം വിനയപൂർവ്വം അംഗീകരിക്കുന്നു, അതിൽ നിന്ന് പാഠം ഉൾക്കൊള്ളും" എന്നാണ് മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി പറയുന്നത്. കൂടാതെ, എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും നന്ദി പറയുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഠിന പ്രയത്നം ചെയ്തു എന്നു പറയുന്നതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?
2014 വരെ പ്രതാപത്തിലിരുന്ന കോണ്‍ഗ്രസ്സിന് എവിടെയാണ് അടിപതറിയതെന്ന് നേതൃത്വം മനസ്സിലാക്കാതെ പോയതാണ് തുടരെത്തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങാന്‍ കാരണം. ജനങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതും തന്മൂലം അവരുടെ മനസ്സുകളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നു പോയതുമാണ് ഒന്നാമത്തെ തെറ്റ്. രണ്ടാമത്തേത് അധികാര ദുര്‍മോഹികളുടെ തള്ളിക്കയറ്റവും, സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പരസ്പരം ചെളി വാരിയെറിയുന്ന പ്രവണതയും.
കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ഒരു "മുങ്ങുന്ന കപ്പല്‍" പോലെയാണ്. ഈ അടുത്ത നാളുകളില്‍ നമ്മളിൽ പലരും അത് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. കോൺഗ്രസിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രവുമായി ഏതാണ്ട് സമാന്തരമായിരുന്നു.
കോൺഗ്രസ് നേതാക്കൾ "ഇന്ത്യയുടെ നേതാക്കളായിരുന്നു." ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വലിയൊരു ഭാഗവും ഈ "മഹത്തായ പാർട്ടി" യോട് കടപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാർട്ടി മാത്രമല്ല, വ്യത്യസ്ത ചിന്താധാരകൾ ഒരുമിച്ച് നിലനിന്നിരുന്ന ഒരു സംഘടനയായിരുന്നു.
ഗാന്ധി മുതൽ ജിന്ന വരെ, നെഹ്‌റു മുതൽ സുഭാഷ് ചന്ദ്രബോസ് വരെ, ലോകമാന്യ ബാൽ ഗംഗാധർ തിലക് മുതൽ ഗോപാല കൃഷ്ണ ഗോഖലേ വരെ, ആശയപരമായി പരസ്‌പരം വ്യത്യസ്തമായ ധ്രുവങ്ങളിലായിരുന്നെങ്കിലും, അവര്‍ ഒരു പാർട്ടിയായി നിലകൊണ്ടിരുന്നു എന്നു മാത്രമല്ല, ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയെ തന്നെ നിർവചിക്കുകയും ചെയ്തു. കോൺഗ്രസിന്റെ സംഘടനാ ഘടന വളരെ ആഴത്തിൽ വേരൂന്നിയതും വേരോട്ടമുള്ളതുമായിരുന്നു. അത് ഗാന്ധിയൻ ആദർശവാദത്തിന്റെ ഭാഗമായി താഴെത്തട്ടിൽ വരെ എത്തി.
പക്ഷേ, ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താനും കോണ്‍ഗ്രസിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാനും ഇന്നത്തെ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന കോൺഗ്രസിന്റെ പേരിൽ ജനങ്ങൾ വോട്ട് ചെയ്തതാണ് കേന്ദ്രത്തിലും സംസ്ഥാന തലത്തിലും കോൺഗ്രസിന്റെ ആധിപത്യത്തിന്റെ ഭൂരിഭാഗവും. ജനങ്ങൾക്ക് പാർട്ടിയോട് ഏറെക്കുറെ കടപ്പാടുണ്ടായിരുന്നതുകൊണ്ട് അവരെ അധികാരത്തിൽ തിരികെ കൊണ്ടുവരുന്നത് തുടരുകയും ചെയ്തു. സ്വരാജ്യവും (സ്വയംഭരണം) ഗാന്ധി ഉപയോഗിച്ചിരുന്ന രാമരാജ്യത്തിന്റെ (രാമന്റെ വിചിത്രമായ ഭരണം) നാളുകളും സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിൽ ജനങ്ങള്‍ കാത്തിരുന്നു.
ആ പ്രതീക്ഷയില്‍ വർഷങ്ങളോളം കാത്തിരുന്ന ജനങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം. സ്വരാജ്യമോ രാമരാജ്യമോ ഉണ്ടായില്ലെന്നു മാത്രമല്ല, കോണ്‍ഗ്രസില്‍ സ്വജനപക്ഷപാതവും അഴിമതിയും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ഏകദേശം 37 വർഷം രാജ്യം ഭരിച്ച മൂന്ന് പ്രധാനമന്ത്രിമാരുടെ കുടുംബം രാമരാജ്യമല്ല, ഒരു കുടുംബത്തിന്റെ രാജ് (ഗാന്ധി കുടുംബം) ആയിരുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. 21-ാം നൂറ്റാണ്ടിലെ മറ്റൊരു 10 വർഷത്തെ ഭരണവും പ്രധാനമായും ഗാന്ധി-നെഹ്‌റു രാജവംശത്തിന്റെ നേതൃത്വത്തിലായിരുന്നു എന്നതും ചരിത്ര സത്യം. ഇപ്പോഴും മൂന്നു ഗാന്ധി കുടുംബാംഗങ്ങളുടെ കൈകളിലാണ് (സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര) കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍. അതായത് കുടുംബാധിപത്യം. ഈ മൂന്ന് ഗാന്ധിമാരാണ് ഇപ്പോഴത്തെ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നത്. ഇവർക്കൊന്നും ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ചും കൃത്യമായ അറിവില്ല. അവർ ഇന്ത്യയിലാണെങ്കിലും ഇന്ത്യയിൽ ജനിച്ചവരാണെങ്കിലും അവർ കൂടുതൽ പാശ്ചാത്യവൽക്കരിക്കപ്പെട്ടവരാണ്.
കോൺഗ്രസുകാരുടേതല്ല, ഗാന്ധിമാരുടെ പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. അവരുടെ കല്പന മാത്രമാണ് പാർട്ടിയിൽ നടക്കുന്നത്. മറ്റേതൊരു നേതാവിനെയും പാർട്ടിയിൽ ഉയർത്തിക്കൊണ്ടു വരാന്‍ ഗാന്ധി കുടുംബം അനുവദിക്കില്ല. കാരണം, അവർ പാർട്ടിയിൽ കൂടുതൽ ശക്തരാകുമെന്ന് ഭയപ്പെടുന്നു എന്നതു തന്നെ. അതേ സമയം, ഈ മൂന്ന് ഗാന്ധിമാരും പാർട്ടിയെ നയിക്കാന്‍ കെല്പില്ലാത്തവരാണെന്നത് മറ്റൊരു സത്യം. അതുകൊണ്ടാണ് നേതാക്കളെല്ലാം ഒന്നൊന്നായി പാർട്ടിയെ വിട്ട് പച്ചപ്പ് തേടി പോകുന്നത്.
2021-ലാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി "ജി23" എന്ന പേരിലറിയപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്ത് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കോൺഗ്രസ് ദുർബലമായെന്ന് മുതിർന്ന നേതാക്കൾ തുറന്നടിക്കുകയും ചെയ്തു. ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ വിളിച്ച വിമതയോഗത്തിലാണ് ഗുലാംനബി ആസാദ്, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, യുപി പിസിസി അദ്ധ്യക്ഷനായിരുന്ന രാജ് ബബ്ബർ, വിവേക് തൻഖ തുടങ്ങിയവരാണ് കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തിയത്. അത് വന്‍ വിവാദമാകുകയും ചെയ്തു.
പത്തു വര്‍ഷത്തിനിടെ കോൺഗ്രസ് ദുർബലമായെന്നാണ് ആനന്ദ് ശർമ പറഞ്ഞത്. പുതിയ തലമുറയ്‌ക്ക് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും, വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും ഏറെ സഞ്ചരിച്ചാണ് പലരും ഇവിടെ വരെ എത്തിയതെന്നുമാണ് ആനന്ദ് ശര്‍മ്മ തുറന്നടിച്ചത്. അങ്ങനെ വന്നവരെയൊക്കെ അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നായിരുന്നു ആനന്ദ് ശര്‍മ്മ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടത്. കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചതോടെയാണ് ജി -23 നേതാക്കൾ 'വിമത'രായതും ശ്രദ്ധാകേന്ദ്രമായതും. പ്രവർത്തകസമിതി യോഗത്തിൽ എ കെ ആന്റണി അടക്കം ചിലര്‍ ഇവര്‍ക്കെതിരെ രംഗത്തെത്തുകയും ഗുലാംനബിയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കമാന്റ് അത് ചെയ്യുകയും ചെയ്തു. ഗുലാം നബി ആസാദിനേയും ആനന്ദ് ശര്‍മ്മയേയും സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ബിജെപിയെ ചെറുക്കുന്നതിൽ രാഹുൽ പരാജയമാണെന്ന നിലപാടായിരുന്നു വിമതര്‍ക്ക്. എ.കെ. ആന്റണിയെയും കെ.സി. വേണുഗോപാലിനെയും പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്തവര്‍ സോണിയയിലും രാഹുലിലും അമിതസ്വാധീനം ചെലുത്തുന്നതും വിമതനീക്കത്തെ പ്രചോദിപ്പിച്ചു.
ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ പരാജയം ഏറ്റു വാങ്ങി "തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാന്‍" കാത്തിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും. അതുകൊണ്ടാണല്ലോ "ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം" എന്ന് പ്രിയങ്കയ്ക്ക് പറയേണ്ടി വന്നത്. കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്തെന്നും, ജനങ്ങളുടെ പ്രശ്നങ്ങളിൽ പോരാടി എന്നുമൊക്കെയാണ് അവര്‍ പറയുന്നത്.
ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വിലയിരുത്തുന്നതിനായി കോണ്‍ഗ്രസിലെ അതേ ജി-23 നേതാക്കള്‍ വീണ്ടും യോഗം ചേര്‍ന്നിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, അഖിലേഷ് പ്രസാദ് സിംഗ്, മനീഷ് തിവാരി എന്നിവർ നേരിട്ടും ഡല്‍ഹിയില്‍ ഇല്ലാത്ത ചില നേതാക്കൾ വെര്‍ച്വലായും പങ്കെടുക്കുകയും ചെയ്തു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ മോശം പ്രകടനത്തെ കുറിച്ച് അവലോകനം ചെയ്യുമെന്നും, ഈ ജനവിധിയിൽ നിന്ന് പാർട്ടി പാഠം ഉൾക്കൊള്ളുമെന്നും ആത്മപരിശോധനയ്ക്ക് ശേഷം പുതിയ മാറ്റങ്ങളും തന്ത്രങ്ങളും കൊണ്ടുവരുമെന്നും നേതാക്കള്‍ പറയുന്നു. അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഉടൻ വിളിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുകയും ചെയ്തു. ഈ യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ ചർച്ച ചെയ്യുമത്രെ! വാദി തന്നെ പ്രതിയാകുന്ന തരത്തിലുള്ളതാണ് ഈ പ്രസ്താവന.
ഇന്ദിരാ ഗാന്ധിയുടെ ഭരണം ഏറെക്കുറെ ശക്തമായ കെട്ടുറപ്പിലായിരുന്നെങ്കിലും, അടിയന്തരാവസ്ഥ (1975-77) പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിക്കുകയും 1977-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തു. പക്ഷേ 1980-ൽ അധികാരത്തിൽ തിരിച്ചെത്തി. കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് അടിയന്തരാവസ്ഥ അതിരുകടന്നതുകൊണ്ടാണ്, അഴിമതിയുടെ പേരിലല്ല. എന്നാൽ, 1996ലെയും 2014ലെയും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടത് അഴിമതിയുടെ പേരിലാണ്. ആ പാർട്ടിയോട് ക്ഷമിക്കാൻ ജനങ്ങൾ ഇപ്പോള്‍ തയ്യാറല്ലെന്ന സൂചനയാണ് അടിക്കടി കോണ്‍ഗ്രസ് നേരിടുന്ന പരാജയത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
കോൺഗ്രസ് പാർട്ടിയുടെ പ്രധാന പ്രശ്നം അവർ കോൺഗ്രസിനെ നെഹ്‌റു-ഗാന്ധി കുടുംബവുമായി ബന്ധിപ്പിക്കുന്നു എന്നതാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പ്രാധാന്യം നഷ്‌ടപ്പെടുകയോ ജനപ്രീതിയില്ലാത്തവരാകുകയോ ചെയ്‌താൽ പാർട്ടിക്കും അത് ദോഷം ചെയ്യും. ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാർട്ടിയുടെ മേലുള്ള പിടി കളയാൻ ഗാന്ധി കുടുംബം ആഗ്രഹിക്കുന്നില്ല. ഓരോ സംസ്ഥാനങ്ങളിലും കോൺഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗാന്ധി കുടുംബത്തിന് ഇതേക്കുറിച്ച് ഒരു സൂചനയുമില്ല. അവർ പാർട്ടിയെ ശക്തിപ്പെടുത്തുകയോ ആ സംസ്ഥാനങ്ങളിൽ പാർട്ടിയെ പ്രസക്തമാക്കാൻ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. പകരം, അവരുടെ ഉപജാപക സംഘത്തിന്റെ തെറ്റായ ഉപദേശങ്ങള്‍ അപ്പാടെ വിഴുങ്ങി ജീവിക്കുന്നു.
നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ജീര്‍ണ്ണിച്ച അഞ്ചാം തലമുറയാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നത്. നെഹ്‌റുവും ഇന്ദിരാഗാന്ധിയും ശക്തരായ നേതാക്കളായി മാറിയത് അവരുടെ വ്യക്തിപരമായ സ്വാധീനവും യോഗ്യതയും കൊണ്ടാണ്. രാജീവ് ഗാന്ധിക്ക് ഗാന്ധിയുടെ കുടുംബപ്പേരിന്റെ നല്ല മനസ്സുണ്ടായിരുന്നു. എന്നാൽ, രാഹുലിന് ആ ഭാഗ്യം ലഭിച്ചില്ല. സോണിയ ഗാന്ധിയുടെ റിമോട്ട് കൺട്രോൾ ഭരണമാണ് പാർട്ടിയെ കൂടുതൽ തകർത്തുകൊണ്ടിരിക്കുന്നത്. ഗാന്ധി കുടുംബത്തിനും പിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. കോൺഗ്രസിനെ പിന്തുണയ്ക്കുന്നവർ കോൺഗ്രസിനെ തള്ളിപ്പറയാനും മറ്റ് പാർട്ടികളെ സ്വീകരിക്കാനും തുടങ്ങി.
മറ്റൊരു ചോദ്യം ഇവിടെ പ്രസക്തമാണ്. ആരാണ് ബിജെപിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടു വന്നത്? കോൺഗ്രസിന്റെ കെടുകാര്യസ്ഥതയും അഴിമതിക്കാരായ നേതാക്കളും സ്വജനപക്ഷപാതവും നെഹ്‌റു കുടുംബാധിപത്യവും തന്നെ. 543 അംഗ പാർലമെന്റിൽ 405 സീറ്റുകൾ നേടിയാണ് രാജീവ് ഗാന്ധി ചരിത്രമെഴുതിയത്. പിന്നീട് അദ്ദേഹത്തിന്റെ ഭരണം അഴിമതി ആരോപണങ്ങളിൽ മുങ്ങി. അദ്ദേഹത്തിന്റെ മരണശേഷം യുപിഎ 1 & 2 ഭരണകാലത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിലെത്തി. നിരവധി കേസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. ഇക്കാലത്ത് നേതാക്കൾ പലപ്പോഴും ദേശീയ വിരുദ്ധ വീക്ഷണങ്ങൾ സംസാരിക്കുന്നു. പാർട്ടി ഹൈക്കമാൻഡ് ആകട്ടേ അവയിലൊന്നും ശ്രദ്ധിക്കുന്നുമില്ല. കോൺഗ്രസിന് തിരുത്തൽ ആവശ്യമാണ്. നെഹ്റു കുടുംബത്തിൽ നിന്ന് പുറത്തു വന്നാലേ അത് സാധ്യമാകൂ.
No comments:
Post a Comment