സമയബന്ധിതമായി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുമ്പോള്‍ അതിന്റെ ദുരിതം പേറേണ്ടിവരുന്നത് സാധാരണക്കാരാണ്. പൊട്ടിയ പൈപ്പുകള്‍ നന്നാക്കാനും, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കാനും, തെരുവുവിളക്കുകള്‍ കത്തിക്കാനും, ആശുപത്രികളില്‍ ഡോകുര്‍മാരുടെ സേവനം ലഭ്യമാക്കാനും ജനങ്ങള്‍ മുറവിളി കൂട്ടേണ്ടിവരുന്നത് സര്‍ക്കാര്‍ വകുപ്പുകള്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ അലംഭാവം കാണിക്കുന്നതിനാലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനാസ്ഥയാണ് സംസ്ഥാനമൊട്ടാകെ പകര്‍ച്ചവ്യാധി പടരാന്‍ പ്രധാന കാരണം. പല തരത്തിലുള്ള പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ആളുകള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ മാത്രം ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നാല്‍ അതിനെ എങ്ങനെ ഭരണമായി കണക്കാക്കും? ഇത്തവണ കാലവര്‍ഷമുണ്ടാവില്ല എന്ന ധാരണ കൊണ്ടാവാം മഴ തുടങ്ങും മുമ്പ് പൂര്‍ത്തിയാക്കേണ്ട ശുചീകരണം ഇത്തവണ മുടങ്ങിയത്. ഏത് സാഹചര്യത്തിലും, ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം പനി ബാധിച്ചു. എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് നിരവധി പേര്‍ ഇതിനകം മരിച്ചു.
സംസ്ഥാനത്ത് പ്രതിദിനം 1200ഓളം പേര്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുവെന്നാണ് കണക്ക്. പേവിഷബാധ ഉണ്ടെങ്കിലും ഇല്ലെങ്കിലും നായയില്‍ നിന്ന് ചെറിയ പോറല്‍ ഉണ്ടായാല്‍ പോലും പേവിഷബാധയ്ക്കെതിരെ വാക്സിനേഷന്‍ ആവശ്യമാണ്. വാക്സിനേഷന്‍ എടുക്കാതെ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ ദാരുണമായ കഥകളുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കാര്യക്ഷമമായ ഒരു പദ്ധതിയും അധികാരികളുടെ പക്കലില്ല എന്നത് ഖേദകരമാണ്. വാക്സിന്‍ വില്‍പനയിലൂടെ വന്‍ ലാഭം കൊയ്യുന്ന ഒരു ലോബി ഇതിനു പിന്നില്‍ ഉണ്ടെന്നറിഞ്ഞാല്‍ ഞെട്ടും. ഈ മാസം മാത്രം കാല്‍ ലക്ഷത്തിലേറെപ്പേര്‍ തെരുവുനായ്ക്കളുടെ കടിയേറ്റു ചികിത്സ തേടേണ്ടിവന്നു. ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിക്കാന്‍ കോടതി തയാറായത് പ്രതീക്ഷയ്ക്ക് വക നല്‍കിയിട്ടുണ്ട്. അധികാരികള്‍ ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ അവഗണിക്കാതെ നിര്‍വ്വഹിച്ചാല്‍ ജനജീവിതത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളും എളുപ്പത്തില്‍ പരിഹരിക്കപ്പെടും. ഇക്കാര്യത്തില്‍ വീഴ്ച വരുമ്പോള്‍ ജനജീവിതം താറുമാറാകും.
വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പലയിടത്തും പൊതുവഴികള്‍ കുഴിച്ചിട്ടിരിക്കുന്നത് കാണാം. പല ആവശ്യങ്ങള്‍ക്കും റോഡുകള്‍ കുഴിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതാണ് ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം. തലസ്ഥാന നഗരിയില്‍ പലയിടത്തും റോഡുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നു. ഭരണ കേന്ദ്രത്തിന്റെ മൂക്കിന് താഴെ പോലും സമയബന്ധിതമായി പണി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല. ആനയറയിലെ ഒരു കവലയിലെ നുറിലധികം കുടുംബങ്ങള്‍ക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത വിധം കൂറ്റന്‍ പൈപ്പുകള്‍ റോഡില്‍ ഇട്ടതായി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. കുഴിയെടുക്കുന്ന യന്ത്രം തകരാറിലായതിനാല്‍ പണി നിര്‍ത്തിവച്ചിരിക്കുകയാണ്. രണ്ടര മാസമായി പ്രദേശവാസികള്‍ ഈ ദുരിതം അനുഭവിക്കുകയാണെന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്. ഉത്തരവാദിത്തപ്പെട്ടവരാരും പണി വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. നഗരത്തിലെ ചില പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. മധ്യ വേനലവധിക്കാലത്താണ് ഇതെല്ലാം ചെയ്തിരുന്നതെങ്കില്‍ കൂട്ടികള്‍ക്കെങ്കിലും ഈ ദുരിതം നേരിടേണ്ടി വരില്ലായിരുന്നു. ഒരു പദ്ധതിയും പ്ലാനുമില്ലാതെയാണ് നഗരാസൂത്രകര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. കാര്യങ്ങള്‍ ചിട്ടയോടെ ചെയ്യുന്നതില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. അവരെ അത് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഇച്ഛാശക്തിയുള്ള ആരുമില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
No comments:
Post a Comment