സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയുടെ ജനാലക്കരുകില്‍ നിന്നുകൊണ്ട് ഞാന്‍ പുറത്തേക്കു നോക്കി. അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒന്നുമല്ലാതെ ഞാന്‍ കാലുകുത്തിയ ആ നഗരം ഇന്ന് ഏറെ മാറിയിരിക്കുന്നു, ഞാനും. കാലത്തിന്‍റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ, അതോ ഈ നഗരം എന്നെ മാറ്റിയതോ?
ആരോ വന്നു തോളത്തു തട്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ ഡോക്ടറാണ്. മലയാളിയായ ഡോ. ഏബ്രഹാം തോമസ്. അദ്ദേഹത്തെ പരിചയപ്പെട്ടത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതി. യാന്ത്രികമായ ഈ ജീവിതത്തില്‍ കടന്നുവരുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍.
"എന്താ കിനാവു കാണുകയാണോ അതോ നിലാവു കണ്ട് ആസ്വദിക്കുകയാണോ?"
ഡോക്ടറുടെ ചോദ്യം എന്നെ നിസ്സംഗതയിലാഴ്ത്തി.
"മനസ്സു മുരടിച്ച ഞാന്‍ എങ്ങനെയാ ഡോക്ടറേ കിനാവു കാണുന്നത്. ചുറ്റുപാടും കുറെ ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ടെന്നല്ലാതെ നിലാവെന്ന് പറയുന്നതൊന്നുണ്ടോ?"
"താന്‍ സമാധാനമായിരിക്കൂ. ഞങ്ങളെക്കൊണ്ട് കഴിയാവുന്നതുപോലെയൊക്കെ ചെയ്യുന്നുണ്ട്. പിന്നെ, തനിക്കറിയാമല്ലോ ഈ സ്റ്റേജില്‍ നിന്നൊരു റിക്കവറി.....! എനി വേ, ലെറ്റസ് ഹോപ്പ് ഫോര്‍ ദ ബെസ്റ്റ്...."
തോളത്തു തട്ടി ഡോക്ടര്‍ നടന്നു നീങ്ങി.
ജനാലയോടു ചേര്‍ത്തിട്ടിരിക്കുന്ന കസേരയില്‍ ഞാന്‍ വീണ്ടും ഇരുന്നു. തളര്‍ന്നുറങ്ങുന്ന അവളുടെ മുഖത്തേക്കു നോക്കാന്‍ പോലും സാധിക്കാതെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു.
പാവം, എത്ര മാത്രം ക്ഷീണിച്ചിരിക്കുന്നു അവള്‍. മരുന്നുകളുടെ റിയാക്‌ഷനാകാം മുഖം വല്ലാതെ കരുവാളിച്ചിട്ടുണ്ട്. ഐ.സി.യു.വിലും മുറിയിലുമായി നിന്ന് അവളെ കാണാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?, അറിയില്ല. ഞാന്‍ വീണ്ടും എഴുന്നേറ്റു ജനാലയ്ക്കരുകില്‍ പോയി നിന്നു. പകല്‍ ചൂടിന്‍റെ ആധിക്യത്തില്‍ നിന്ന് മോചനം നേടി മഹാനഗരം തളര്‍ന്നുറങ്ങുകയാണ്. ഞാന്‍ മാത്രം ഇതാ ഇവിടെ ഉറക്കം വരാതെ തളര്‍ന്നുറങ്ങുന്ന തന്‍റെ പ്രിയതമയേയും മഹാനഗരത്തേയും കണ്ടുകൊണ്ടിരിക്കുന്നു. മുറിയില്‍ നിന്നിറങ്ങി ഇടനാഴിയിലൂടെ നടന്ന് വെറുതെ പുറത്തേക്കിറങ്ങി. ആ സമയത്ത് മുഖത്തടിച്ച കാറ്റിനു ഓര്‍മ്മകളുടെ ഒരു സുഗന്ധമുണ്ടെന്നെനിക്കു വെറുതെ തോന്നി. മനസ്സ് ഒരല്പം പിറകോട്ടു പോയ പോലെ.
അവള്‍ ഒരിക്കലും ഒന്നിലും അധികം സന്തോഷിച്ചിരുന്നില്ല. പണമില്ലാതിരുന്നപ്പോഴും കൈനിറയെ സമ്പത്തായപ്പോഴും എല്ലാം അവള്‍ക്ക് ഒരേ ഭാവമായിരുന്നു. എന്നെ മാറ്റിയ ഈ നഗരത്തിന് അവളെ ഒന്നു തൊടാന്‍ പോലും പറ്റിയില്ലല്ലോ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. ഈ മഹാനഗരത്തെ ഒരിക്കലും അവള്‍ സ്നേഹിച്ചിരുന്നില്ല. പേടിയായിരുന്നു അവള്‍ക്ക്, നഗരത്തിന്‍റെ തിരക്കുകളെ, വളര്‍ച്ചയെ. കാരണം, ഈ നഗരം ഒരിക്കല്‍ തന്‍റെ ഭാര്‍ത്താവിനേയും മകളേയും തന്നില്‍ നിന്ന് തട്ടിയെടുക്കുമെന്നവള്‍ ഭയപ്പെട്ടിരുന്നു. ഇന്ന് അതും സംഭവിച്ചിരിക്കുന്നു.
ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നഗരത്തിലെത്തിയ താന്‍ മാറ്റത്തിന്‍റെ കുത്തൊഴുക്കിലൂടെ ഒഴുകി നഗരജീവിതത്തിലലിഞ്ഞു. പിന്നെ മകള്‍, അവളും ഈ നഗരത്തിന്‍റെ തിരക്കുകളില്‍ അലിഞ്ഞില്ലാതായില്ലേ...! ഒരിക്കല്‍ അവള്‍ പറഞ്ഞത് ശരിയാണെന്നെനിക്കു തോന്നി.... "നമുക്കുള്ളതെല്ലാം ഊറ്റിക്കുടിക്കുന്ന യക്ഷിയുടെ ഭാവമാണ് ഈ നഗരത്തിന്.." എന്ന്.
സെല്‍ഫോണില്‍ ഞാന്‍ ഒന്നുകൂടി മോളുടെ നമ്പര്‍ ഡയല്‍ ചെയ്തു. വോയ്സ്മെയിലിലേക്കാണ് ഇപ്പോഴും കോള്‍ പോകുന്നത്. ഒന്നുകില്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരിക്കാം അല്ലെങ്കില്‍ പരിധിക്കു പുറത്തായിരിക്കാം...! അവളും ഞങ്ങളുടെ പരിധിക്കു പുറത്തുപോയിട്ട് ഏറെയായി. തമ്മില്‍ കണ്ടിട്ട് നാളുകളാകുന്നു. കൃത്യമായി പറഞ്ഞാല്‍, ജനുവരി ഒന്നാം തിയ്യതിയാണ് അവളെ അവസാനമായി കണ്ടത്. പുതുവര്‍ഷാഘോഷത്തിന്‍റെ ലഹരിയിറങ്ങാതെ വീട്ടിലേക്ക് കയറി വന്ന മകളെ, ജന്മം നല്‍കിയ പിതാവ് വഴക്കു പറഞ്ഞു എന്ന കാരണവുമായി അവള്‍ വീടു വിട്ടിറങ്ങിയത് അന്നായിരുന്നു. അന്നത്തെ ആ സംഭവമാണ് ഞങ്ങളുടെ ജീവിതത്തെ തന്നെ ആകെ തകിടം മറിച്ചത്.
വെറും രണ്ടു വയസ്സുള്ളപ്പോള്‍, തന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങി ഒരായിരം കുസൃതിച്ചോദ്യങ്ങളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അമേരിക്കയെന്ന സ്വപ്നഭൂവിലേക്ക് പറന്നുയര്‍ന്നപ്പോള്‍ വിചാരിച്ചിരുന്നില്ല ഒരിക്കല്‍ ആ കുസൃതിക്കുടുക്ക ഞങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുമെന്ന്.
ന്യൂയോര്‍ക്കിലെ യോങ്കേഴ്സില്‍ അമ്മാമ്മയോടൊപ്പം താമസിച്ചുകൊണ്ടുതന്നെ ഞാന്‍ ജോലിക്ക് ശ്രമിച്ചു. മോളുടെ ബേബി സിറ്റിംഗും മറ്റും ഭാരിച്ച പണിയായതുകൊണ്ട് ഭാര്യയെ തത്ക്കാലം ജോലിക്കു വിടേണ്ടെന്ന് അമ്മാമ്മ തന്നെ നിര്‍ദ്ദേശിച്ചു. യോങ്കേഴ്സില്‍ തന്നെയുള്ള സ്റ്റ്യുവാര്‍ട്ട് സ്റ്റാമ്പിംഗ് കമ്പനിയില്‍ താത്ക്കാലികമായി ഒരു ജോലി തരപ്പെടുത്തി തന്നത് അച്ചായന്‍റെ ഒരു സുഹൃത്തായിരുന്നു. ഞാന്‍ ജോലി കഴിഞ്ഞു വരുന്നതുവരെ മോള്‍ കാത്തിരിക്കും. ഓവര്‍ടൈം ഉള്ള ദിവസം വൈകിയാണ് വീട്ടിലെത്താറുള്ളതെങ്കിലും ഞാന്‍ വരുന്നതുവരെ മോള്‍ കാത്തിരിക്കുമായിരുന്നു. എന്‍റെ കൂടെയല്ലാതെ അവള്‍ ഭക്ഷണം കഴിക്കില്ല.'മോളെ ഇങ്ങനെ വഷളാക്കുന്നത് ഡാഡി തന്നെയാ..' ഭാര്യ ഇടക്കിടെ പരിഭവം പറയും.
കാലങ്ങള്‍ കഴിഞ്ഞു. മെട്രോ സബ്‌വേയില്‍ തരക്കേടില്ലാത്ത ജോലി ലഭിച്ചപ്പോള്‍ ഒരു വീടു വേണമെന്ന ആഗ്രഹവും മുളച്ചു. എല്‍മ്സ്ഫോര്‍ഡില്‍ ഒരു വീട് ശരിയാകുന്നതുവരെ അമ്മാമ്മയുടെ സഹായം ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. മോള്‍ വളര്‍ന്ന് കൗമാരത്തിലേക്ക് കടന്നതുമുതല്‍ ഭാര്യയുടെ അങ്കലാപ്പും വര്‍ദ്ധിച്ചു വന്നു. അതൊക്കെ വെറും തോന്നലാണെന്നും ഒട്ടും പരിഭ്രമം വെണ്ടെന്നും ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
എല്‍മ്സ്ഫോര്‍ഡില്‍ താമസം തുടങ്ങിയതിനു ശേഷമാണ് മോളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സ്കൂളില്‍ നിന്ന് വൈകി വരുന്നത് ഒരു പതിവാക്കിയപ്പോള്‍ അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴാണ് ആദ്യത്തെ പൊട്ടിത്തെറി...
"Dad, I am not a baby any more. I know what I am doing... "
പെട്ടെന്നുള്ള മോളുടെ പ്രതികരണം എന്നെ വല്ലാതെ അലട്ടി. എന്താണിങ്ങനെ? ഞാന്‍ സ്വയം ചോദിച്ചു.
"അച്ചായനെന്തിനാ ഇങ്ങനെ ടെന്‍ഷനടിക്കുന്നത്? സ്കൂളില്‍ അവള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കാണുമായിരിക്കും...... വല്ല ഹോം വര്‍ക്കോ എക്സ്ട്രാ ക്ലാസ്സോ അങ്ങനെ വല്ലതും..."
ഒരിക്കല്‍ ഞാന്‍ ഉപദേശിക്കുമായിരുന്ന ഭാര്യ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും.
പക്ഷെ, അത്യാവശ്യമായി ഗൈഡന്‍സ് കൗണ്‍സിലര്‍ക്ക് എന്നെ കാണണമെന്നുള്ള സന്ദേശം ലഭിച്ചപ്പോള്‍ എനിക്കാകെ ടെന്‍ഷനായി. പറഞ്ഞ ദിവസം സ്കൂളില്‍ ചെന്നു.
"Your daughter has been skipping classes and her attendance is poor at this time...."
പിന്നീട് അവര്‍ പറഞ്ഞതൊന്നും കേള്‍ക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു. അന്നാണ് എന്‍റെ സര്‍വ്വ നിയന്ത്രണങ്ങളും വിട്ട് മോളോട് പരുഷമായി സംസാരിക്കേണ്ടി വന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. സ്കൂള്‍ സമയങ്ങളില്‍ മോളെ ഒരു സ്പാനിഷ് ചെറുപ്പക്കാരന്‍റെ കൂടെ പല സ്ഥലങ്ങളിലും വെച്ച് കാണാറുണ്ടെന്ന കാര്യം സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. "ദൈവമേ, കാര്യങ്ങള്‍ കൈവിട്ടു പോകുകയാണോ?"
ഭാര്യയോട് വിവരങ്ങള്‍ പറയേണ്ടെന്നു തീരുമാനിച്ചു. പക്ഷെ, അവള്‍ ജോലി ചെയ്യുന്ന വെസ്റ്റ്ചെസ്റ്റര്‍ മെഡിക്കല്‍ സെന്‍ററില്‍ മലയാളികളെല്ലാവരും വിവരങ്ങള്‍ അറിഞ്ഞു. ഒരു ദിവസം ജോലി കഴിഞ്ഞ് അവള്‍ വന്നത് വളരെ മൂഡിയായിട്ടായിരുന്നു. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവള്‍ വിതുമ്പി.
"ഞാന്‍ അന്നേ അച്ചായനോട് പറഞ്ഞതല്ലേ ഫിഫ്ത്ത് ഗ്രേഡ് കഴിഞ്ഞാലുടനെ മോളെ നാട്ടില്‍ പഠിപ്പിക്കാമെന്ന്?"
അവളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു.
"എന്തെങ്കിലും ഒരു വഴി നമുക്ക് കണ്ടു പിടിക്കാം. നീ സമാധാനമായിരിക്ക്..." ഞാനവളെ സമാധാനിപ്പിച്ചു.
ഈ നഗരത്തിന്‍റെ കാപട്യം മകളെ ഞങ്ങളില്‍ നിന്നകറ്റുമെന്ന് ഒരുപക്ഷെ അവള്‍ മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. എന്നാല്‍ അവളുടെ വാക്കുകള്‍ക്ക് ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ ആകുലതയ്ക്കപ്പുറമുള്ള പ്രാധാന്യം ഞാന്‍ കൊടുത്തില്ല. കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ന് എനിക്കൊപ്പം ഈ ഹോസ്പിറ്റലില്‍ അമ്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്‍റെ മകളും ഉണ്ടാകുമായിരുന്നു.
സുഹൃത്തുക്കളായ ചെറിയാനോടും ഫിലിപ്പിനോടും സംസാരിച്ചിരിക്കെ മകളുടെ പ്രശ്നവും പങ്കുവെച്ചു. കുടുംബപരമായ പല കാര്യങ്ങളിലും അവരുടെ ഉപദേശം എനിക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട്.
"അലക്സേ, കുട്ടികളുടെ ഈ പ്രായമാണ് എല്ലാ മാതാപിതാക്കളേയും ഉത്ക്കണ്ഠാകുലരാക്കുന്നത്. തനിക്ക് മോളെ നാട്ടില്‍ പഠിപ്പിക്കാനായിരുന്നു താത്പര്യമായിരുന്നെങ്കില്‍ അത് വളരെ നേരത്തേ ആകാമായിരുന്നു. ഇനിയിപ്പോള്‍..... ഇറ്റ് ഈസ് ടൂ ലേറ്റ്. മോള്‍ നാട്ടില്‍ വരുമോ എന്നു കണ്ടറിയണം." ഫിലിപ്പ് പറഞ്ഞു നിര്‍ത്തി.
"ഒരു കാര്യം ചെയ്യൂ. ഏതായാലും നാട്ടിലേക്ക് ഒരു വെക്കേഷന്‍ പ്ലാന്‍ ചെയ്ത് മോളെ നാട്ടിലേക്ക് കൊണ്ടു പോ. പ്ലസ് ടൂവിന് കോട്ടയത്തെ ഏതെങ്കിലും നല്ലൊരു സ്കൂള്‍ കണ്ടുപിടിച്ച് അവിടെ അഡ്മിഷന്‍ തരപ്പെടുത്താം. അതു കഴിഞ്ഞാല്‍ നല്ല കോളേജുകളും നാട്ടിലുണ്ടല്ലോ. അഡ്മിഷന്‍റെ കാര്യമൊക്കെ എനിക്ക് വിട്ടുതന്നേക്കൂ. പിന്നെ മോളെ നാട്ടില്‍ പഠിപ്പിക്കാനാണ് കൊണ്ടുപോകുന്നതെന്ന് ഒരു കാരണവശാലും മോള്‍ അറിയരുത്. അവിടെ ചെന്നതിനു ശേഷം മാത്രമേ അറിയാവൂ. സ്കൂളില്‍ നിന്ന് ടി.സി. പോലും ഇപ്പോള്‍ വാങ്ങരുത്."
ചെറിയാന്‍റെ അഭിപ്രായം കേട്ടപ്പോള്‍ എനിക്കും അതു നല്ല ഐഡിയയാണെന്നു തോന്നി. ഭാര്യയോടു മാത്രം വിവരങ്ങള്‍ പറഞ്ഞു. സംഗതി രഹസ്യമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.
സ്കൂള്‍ വെക്കേഷന്‍ അടുത്തു. അതിനു മുന്‍പു തന്നെ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ച് ടിക്കറ്റെല്ലാം ഏര്‍പ്പാടു ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ ദിവസവും അടുത്തു. മോള്‍ക്ക് യാതൊരു സംശയത്തിനും ഇടകൊടുക്കാതെ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നീക്കിയത്.
ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ ടെന്‍ഷനായിരുന്നു. മോളെങ്ങാന്‍ വിവരമറിഞ്ഞാല്‍ എല്ലാം കുഴഞ്ഞതുതന്നെ. പക്ഷെ, അതുണ്ടായില്ല. ഞങ്ങളെ യാത്രയയക്കാന്‍ ഫിലിപ്പും ചെറിയാനും അവരുടെ കുടുംബവും എത്തിയിരുന്നു. ഫിലിപ്പിന്‍റെ മകള്‍ ജൂലിയും മകന്‍ ജിന്‍സും ചെറിയാന്‍റെ മകള്‍ സീനയും കൂട്ടത്തിലുണ്ട്. ബോര്‍ഡിംഗ് പാസ്സെടുത്ത് എല്ലാവരും കോഫി ബാറിനടുത്തേക്ക് നടന്നു.
കുട്ടികള്‍ മൂന്നു പേരും ചിപ്സും സോഡയുമായി കുറെ മാറിയിരുന്ന് അവരുടെ ലോകത്തില്‍ ലയിച്ച് എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും മറ്റും ചെയ്യുന്നത് അകലെയിരുന്ന് ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. ഇടയ്ക്ക് മോളുടെ സെല്‍ഫോണില്‍ ആരോ വിളിച്ചതായി തോന്നി. അവള്‍ മറ്റുള്ളവരുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നതും ഫോണില്‍ ആരോടോ ഗൗരവമായി സംസാരിക്കുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു. ഫോണ്‍ സംഭാഷണം നിര്‍ത്തി അവള്‍ തിരിച്ചുവന്ന് ചെറിയാന്‍റേയും ഫിലിപ്പിന്‍റേയും മക്കളുമായി എന്തോ കാര്യമായ ചര്‍ച്ച നടത്തുന്നതു കണ്ടപ്പോള്‍ എന്‍റെ ഉള്ളൊന്നു കാളി. മകള്‍ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. "ദൈവമേ, ഞങ്ങളുടെ ഈ യാത്രയെക്കുറിച്ച് ആരെങ്കിലും അവള്‍ക്ക് സൂചന കൊടുത്തുകാണുമോ?"
ബോര്‍ഡിംഗിനുള്ള സമയമായി. ഞങ്ങള്‍ മൂന്നു പേരും യാത്ര പറഞ്ഞ് നേരെ സെക്യൂരിറ്റി ചെക്കിംഗിനായി നീങ്ങി. അതുവരെ കാണാത്ത ഒരു ഭാവമാറ്റം മോളുടെ മുഖത്ത് പ്രകടമായിരുന്നു. എന്നാല്‍ യാതൊരു ഭാവഭേദവും കാണിക്കാതെ അവളും ഞങ്ങളെ അനുഗമിച്ചു. സെക്യൂരിറ്റി ചെക്കിംഗിന് ക്യൂവില്‍ നിന്നിരുന്ന ഞങ്ങളുടെ ഊഴം വന്നു. ഓരോ യാത്രക്കാരേയും നിരീക്ഷിച്ചുകൊണ്ട് നിന്നിരുന്ന എയര്‍പോര്‍ട്ട് പോലീസ് ഞങ്ങളെ ക്യൂവില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. പക്ഷെ നിസ്സംഗതയോടെ മോള്‍ മാറി നിന്നപ്പോള്‍ സംഗതി അത്ര പന്തിയല്ലെന്ന് എനിക്കു തോന്നി.
ഇമിഗ്രേഷന്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ഞാനും ഭാര്യയും നിന്നു വിയര്‍ത്തു. മകളെ അവളുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായി നാടുകടത്താന്‍ ശ്രമിച്ച ഞങ്ങളെ അറസ്റ്റു ചെയ്യുകയാണെന്നും, അതിന്‍റെ പേരില്‍ അവര്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും അറിഞ്ഞപ്പോള്‍ ഭാര്യ മോഹാലസ്യപ്പെട്ടു വീണു. ഞങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് തിരിച്ചുപോയ ചെറിയാനെ ഉടന്‍ തന്നെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഞങ്ങളെ ഡിറ്റന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുകയും മകളെ അവരുടെ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തതോടെ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു തോന്നി. മകളുടെ ബോയ് ഫ്രണ്ടായിരുന്നു എയര്‍പോര്‍ട്ട് അധികൃതരെ വിളിച്ച് വിവരം ധരിപ്പിച്ചതെന്നും, അയാളെ ഞങ്ങളുടെ രഹസ്യ പ്ലാനിനെക്കുറിച്ച് അറിയിച്ചത് ഫിലിപ്പിന്‍റെ മകള്‍ ജൂലിയായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ആദ്യമായി ആ കുടുംബത്തോട് വെറുപ്പു തോന്നി. ഭൂമി കീഴ്മേല്‍ മറിയുകയാണോ ദൈവമേ.... ഞാന്‍ സ്വയം ശപിച്ചു.
കേസും കോടതിയുമൊക്കെയായി ഏകദേശം ഒരു വര്‍ഷത്തോളം അങ്ങനെ കഴിഞ്ഞു. ഇതിനോടകം മകളുടെ മേല്‍ എന്‍റെ അവകാശങ്ങള്‍ക്ക് കോടതി കടിഞ്ഞാണിട്ടു. ഒരു പിതാവിന്‍റെ അവകാശങ്ങളുടെ മേലുള്ള അതിരുവിട്ട കടന്നുകയറ്റമായിരുന്നു അത്. വികലമായ അമേരിക്കന്‍ കുടുംബ ജീവിതത്തെക്കുറിച്ചോര്‍ത്ത് എന്‍റെ മനസ്സ് വ്യാകുലപ്പെട്ടു. എന്നെപ്പോലെ എത്രയോ ഹതഭാഗ്യരായ മാതാപിതാക്കള്‍ നിസ്സഹായാവസ്ഥയില്‍ ജീവിക്കുന്നുണ്ടാകാം. സംസ്ക്കാര സമ്പന്നമായ, പവിത്രമായ കുടുംബമെന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്താവുന്ന എത്ര കുടുംബങ്ങളുണ്ട് ഇന്ന് അമേരിക്കയില്‍? മാതാപിതാക്കള്‍ വെറും രക്ഷകര്‍ത്താക്കള്‍ മാത്രമാകുന്ന പ്രവണതയാണല്ലോ എല്ലായിടത്തും കാണുന്നത്. നിസ്സഹായരായ മാതാപിതാക്കള്‍ നിസ്സംഗത പാലിക്കേണ്ടി വരുന്ന അവസ്ഥ ! തമ്മില്‍ പൊരുത്തപ്പെടാനാവാത്ത വ്യത്യസ്ഥ സംസ്ക്കാര രീതികളുമായി, കുറ്റാരോപണങ്ങളും ശത്രുതാ മനോഭാവവുമായി ഒരുമിച്ചൊരു കൂരയില്‍ കഴിയേണ്ടിവരുന്നതുകൊണ്ടാണ് വളരെയധികം മലയാളി കുടുംബങ്ങള്‍ മുകള്‍പ്പരപ്പില്‍ പച്ച പിടിച്ച അഗ്നിപര്‍വ്വതങ്ങള്‍ പോലെ കഴിയേണ്ടി വരുന്നത്.
മാതാപിതാക്കളെ തെല്ലും ഭയപ്പെടാതെ എവിടെയും എപ്പോഴും സഞ്ചരിക്കാനുള്ള ഒരു ലൈസന്‍സായി കോടതിയുത്തരവു മാറിയപ്പോള്‍ ആറ്റുനോറ്റു വളര്‍ത്തിയ സ്വന്തം പുത്രിയെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. അതോടൊപ്പം ഭാര്യയുടെ ആരോഗ്യവും നിത്യേനയെന്നോണം വഷളായിക്കൊണ്ടിരുന്നു. നിസ്സഹായാവസ്ഥയില്‍, തകര്‍ന്ന മനസ്സുമായി ഞാന്‍ ദിനങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരിക്കവേ ഒരു ഡിസംബര്‍ 31-നാണ് ആ സംഭവം നടന്നത്.
ബോയ്ഫ്രണ്ടിന്‍റെ കൂടെ പുതുവത്സരാഘോഷങ്ങളെല്ലാം കഴിഞ്ഞ് രാവിലെ രണ്ടു മണിക്കാണ് മകള്‍ വീട്ടിലേക്ക് കയറി വന്നത്. ഉള്ളില്‍ തീയുമായി കാത്തിരുന്ന ഭാര്യ നേരത്തെ കിടന്നുറങ്ങി. മകള്‍ എവിടെയായിരിക്കുമെന്ന് ഒരു നിശ്ചയവുമില്ലാതെ ഞാന്‍ ലിവിംഗ് റൂമില്‍ സോഫയിലിരുന്ന് ടി.വി.യിലെ ഓരോ ചാനലുകളും അലസമായി മാറ്റിക്കൊണ്ടിരുന്നു. മനസ്സിലെ മരവിപ്പ് മാറാന്‍ കൂട്ടിനായി അല്പം മദ്യവും അകത്താക്കിയിരുന്നു. രാത്രി പന്ത്രണ്ടു മണി... ഒരു മണി......രണ്ടു മണി..! വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അല്പം മദ്യാലസ്യത്തിലായിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റു ! എന്‍റെ നോട്ടമോ ഭാവവ്യത്യാസമോ കണ്ടില്ലെന്നു നടിച്ച്, യാതൊരു കൂസലും കൂടാതെ അകത്തേക്ക് കയറി വന്ന മകളുടെ ചെകിട്ടത്തായിരുന്നു ആദ്യത്തെ അടി. അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്തില്‍ നിന്നു മുക്തയാകുന്നതിനു മുന്‍പേ എന്‍റെ കൈ വീണ്ടും ഉയര്‍ന്നു താണു. അതോടെ മകളുടെ സമനില തെറ്റി. പിന്നീട് നടന്നത് പിതാവിന്‍റേയും പുത്രിയുടേയും അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചുമുള്ള വാക്പയറ്റുകളും ചോദ്യോത്തരങ്ങളുടെ മാറ്റുരയ്ക്കലുകളുമായിരുന്നു. അതില്‍ വിജയിച്ചത് മകളും. ഒച്ചയും ബഹളവും കേട്ട് ഭാര്യ എഴുന്നേറ്റു വന്നതൊന്നും ഞാനറിഞ്ഞില്ല. കത്തിജ്വലിച്ചു നില്‍ക്കുന്ന മകളുടെ മുന്‍പില്‍ ഒരു മെഴുകുതിരി പോലെ ഞാന്‍ ഉരുകിയൊലിച്ചു. ധാര്‍മ്മിക ബോധം തെല്ലുമില്ലാതെയുള്ള അവളുടെ ചോദ്യശരങ്ങള്‍ക്കു മുന്‍പില്‍ ഞാനൊരു നെരിപ്പോടായി എരിഞ്ഞു. യുദ്ധത്തില്‍ തോറ്റ പടയാളിയെപ്പോലെ ഞാന്‍ ബെഡ്റൂമിലേക്ക് നടന്നു. ജീവശ്ചവം കണക്കെ കട്ടിലിലിരിക്കുന്ന ഭാര്യയുടെ ഒരായിരം ചോദ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന, ആ കരഞ്ഞു കലങ്ങിയ കണ്ണുകളെ അഭിമുഖീകരിക്കാന്‍ ഞാന്‍ പാടുപെട്ടു. എല്ലാ നിയന്ത്രണങ്ങളും ചങ്ങല പൊട്ടിച്ചു പുറത്തുചാടിയ നിമിഷങ്ങളായിരുന്നു അത്. ആ കാളരാത്രി ഞങ്ങള്‍ രണ്ടുപേരും ഉറങ്ങാതെ കഴിച്ചുകൂട്ടി. എപ്പോഴോ ഞാനൊന്നു മയങ്ങി.
എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. എഴുന്നേറ്റ് ലിവിംഗ് റൂമിലേക്കു നടന്നു. ഭാര്യയെ കാണുന്നില്ലല്ലോ...! കിച്ചനിലേക്ക് നടക്കുന്നതിനിടയില്‍ കണ്ടു മകളുടെ മുറിയുടെ വാതിലിന്നരികില്‍ ഭാര്യ കിടക്കുന്നു! ഓടിച്ചെന്ന് കുലുക്കി വിളിച്ചു. അനക്കമില്ല..! "ദൈവമേ, ഇതെന്തു പറ്റി.."
ഭാര്യയുടെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരിക്കുന്ന കടലാസ് അപ്പോഴാണ് കണ്ണില്‍പെട്ടത്. ഞാനതെടുത്തു വായിച്ചു..
"Mom and Dad, I can't tolerate this anymore. I am leaving...."
കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ. വീഴുമെന്നു തോന്നിയപ്പോള്‍ നിലത്തുതന്നെ കുത്തിയിരുന്നു. എത്രനേരം അങ്ങനെ ഇരുന്നെന്നറിയില്ല. കണ്ണു തുറന്നപ്പോള്‍ ഭാര്യ അപ്പോഴും അതേ കിടപ്പുതന്നെ. ഓടി കിച്ചനില്‍ നിന്ന് അല്പം തണുത്ത വെള്ളം കൊണ്ടുവന്നു മുഖത്തു തെളിച്ചു. അല്പം കഴിഞ്ഞപ്പോള്‍ അവള്‍ കണ്ണു തുറന്നു. ക്ഷീണിതയായി എന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അതു നേരിടാനുള്ള കരുത്തില്ലാതെ ഞാന്‍ മുഖം താഴ്ത്തി. ഒന്നും മിണ്ടാതെ അവള്‍ ബാത്ത് റൂമിലേക്ക് കയറി.
യാന്ത്രികമായി ഞങ്ങള്‍ ദിനങ്ങള്‍ തള്ളിനീക്കി. അവള്‍ എന്നോടു സംസാരിക്കുന്നതു തന്നെ വിരളമായി. എല്ലാം എന്‍റെ കുറ്റം കൊണ്ട് സംഭവിച്ചതാണെന്ന് അവള്‍ ചിന്തിക്കുന്നുണ്ടാകാം. മകളുടെ തിരോധാനം ഞങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. എവിടെയാണ് ഞങ്ങളുടെ പുന്നാര മോള്‍ എന്നുപോലും അറിയാന്‍ വയ്യാത്ത അവസ്ഥ. ഭാര്യയുടെ മൗനം അപകടകരമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, എന്തോ ദൃഢനിശ്ചയത്തിലായിരുന്നു അവള്‍. രാത്രിയില്‍ ഉറങ്ങാതെ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയുന്നത് പതിവ് കാഴ്ചയായി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിയുന്തോറും അവളുടെ ആരോഗ്യനിലയും വഷളായിക്കൊണ്ടിരുന്നു. ജോലിക്ക് പോകുന്നതുപോലും വിരളമായി. ചില ദിവസങ്ങളില്‍ ജോലിക്കു പോയാല്‍ ഉടനെ തിരിച്ചുപോരും. അവസാനം അമ്മാമ്മ തന്നെ മുന്‍കൈയ്യെടുത്താണ് ഈ ഹോസ്പിറ്റലിലെത്തിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, ഷുഗറും, ഡിപ്രഷനുമൊക്കെയായപ്പോള്‍ അസുഖത്തിന്‍റെ കാഠിന്യവും കൂടി. ലാബ് റിപ്പോര്‍ട്ടില്‍ എന്തോ സംശയം തോന്നിയതനുസരിച്ചാണ് കൂടുതല്‍ പരിശോധനയ്ക്കായി ഡോക്ടര്‍ റഫര്‍ ചെയ്തത്. ഡോക്ടര്‍ സംശയിച്ചതുപോലെ തന്നെ രക്താര്‍ബ്ബുദമെന്ന മാരകരോഗം അവളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന സത്യം ഞെട്ടലോടെയാണ് കേട്ടത്. എന്‍റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ആഴക്കടലിലെ പൊങ്ങുതടി പോലെ ഞാന്‍ ഒഴുകി നടന്നു. ആശ്വാസവാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിക്കാന്‍ പലരുമുണ്ടായിരുന്നു. ഭാര്യയുടെ മുഖത്തെ നിസ്സംഗത എന്നെ വല്ലാതെ ഉലച്ചു. മരണം അവള്‍ ചോദിച്ചു വാങ്ങാന്‍ തന്നെ തീരുമാനിച്ച രീതിയിലായിരുന്നു അവളുടെ പെരുമാറ്റവും സംസാരവുമെല്ലാം.
ഇതിനോടകം പല പ്രാവശ്യം ഞാന്‍ മോളുടെ സെല്‍ ഫോണിലേക്ക് വിളിച്ചു നോക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം ഫോണെടുത്തു. മമ്മി ഹോസ്പിറ്റലിലാണെന്ന് പറഞ്ഞപ്പോഴും ഒരു മൂളലായിരുന്നു മറുപടി. പെട്ടെന്ന് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യുകയും ചെയ്തു. തകര്‍ന്ന മനസ്സുമായി വിസിറ്റേഴ്സ് റൂമിലെ കസേരയിലിരുന്ന് എപ്പോഴാണ് ഉറങ്ങിയതെന്നറിഞ്ഞില്ല...!
ആരുടെയൊക്കെയോ കാല്‍പെരുമാറ്റം കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയിലേക്ക് ഡോക്ടര്‍മാരും നഴ്സുമാരും കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്തായിരിക്കും ഇത്ര എമര്‍ജന്‍സി! മറ്റൊരു പേഷ്യന്‍റും ആ മുറിയിലുണ്ട്. ആകാംക്ഷയുടെ നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. പെട്ടെന്ന് എല്ലാം നിശ്ശബ്ദമായ പോലെ ...!
ഡോക്ടര്‍ എബ്രഹാം മുറിയില്‍ നിന്നിറങ്ങി വരുന്നുണ്ട്. അടുത്തുവന്നു നിന്ന അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷെ അദ്ദേഹത്തിന്‍റെ മുഖം എല്ലാം പറയുന്നുണ്ടായിരുന്നു. അതെ, പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇക്കാലമത്രയും എന്നെ മുന്നോട്ടു നയിച്ച അവള്‍ ഇനിയില്ല. നിര്‍വ്വികാരനായി നിന്ന എന്‍റെ തോളില്‍ തട്ടി ഡോക്ടര്‍ നടന്നു നീങ്ങി. ഞാന്‍ മോളെ വിളിച്ചു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ മറ്റാരോ ആണ് ഫോണെടുത്തത്. മോളെവിടെ എന്നു ചോദിച്ചില്ല. ഫോണെടുത്ത കുട്ടിയോട് വിവരം പറഞ്ഞു. 'അറിയിച്ചേക്കാം' എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
വിവരങ്ങളറിഞ്ഞ് പലരും എത്തിത്തുടങ്ങി. അവരുടെ ആശ്വാസ വാക്കുകളൊന്നും ഞാന്‍ കേട്ടില്ല...! ഓരോ മുഖങ്ങളിലും ഞാനെന്‍റെ മകളെ തേടി..! ഇല്ല, അവളെ കണ്ടില്ല.. ! ആ സമയത്താണ് സെല്‍ഫോണ്‍ ശബ്ദിച്ചത്. മോളുടെ നമ്പറില്‍ നിന്ന് ടെക്സ്റ്റ് മെസ്സേജാണ്...!!
"Dad, my hearty condolences. Don't wait for me, I can't come....!"