ഫെബ്രുവരി 14-ന് അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും മാർച്ച് 8-ന് അരുൺ ഗോയൽ രാജിവെക്കുകയും ചെയ്തതു മുതൽ
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനിശ്ചിതത്വത്തില്‍ തുടരുകയായിരുന്നു. ഗോയൽ രാജി വെച്ചത് ബിജെപി ടിക്കറ്റിൽ മത്സരിക്കാനാണെന്നത് ഊഹാപോഹങ്ങളിലൊന്നാണ്. എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതികമായി ഒരു തിരഞ്ഞെടുപ്പ് കമ്മീഷണർ ഉണ്ടായാലും തിരഞ്ഞെടുപ്പ് നടത്താൻ ഇസിക്ക് കഴിയും. എന്നാൽ, വിരമിച്ച ബ്യൂറോക്രാറ്റുകളായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീർ സന്ധുവിനെയും കമ്മീഷണര്‍മാരായി നിയമിച്ച് രണ്ട് ഒഴിവുകൾ നികത്തപ്പെട്ടത് ആശ്വാസകരമാണ്.
വാസ്‌തവത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന അന്തരിച്ച ടി.എൻ.ശേഷൻ്റെ ചിറകുകളരിയാന്‍ വേണ്ടി മാത്രമാണ് ഇസിയെ ഒരു ബഹു അംഗ സമിതിയാക്കിയത്. നിയമനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ, ലോക്‌സഭയിലെ കോൺഗ്രസ് നേതാവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സെലക്ഷൻ കമ്മിറ്റി അംഗവുമായ അധീർ രഞ്ജൻ ചൗധരി രണ്ട് നിഗൂഢമായ പ്രസ്താവനകൾ നടത്തി. 200-ഓളം അപേക്ഷകരിൽ നിന്ന് ആറ് സ്ഥാനാർത്ഥികൾ എങ്ങനെയാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതെന്ന് തനിക്കറിയില്ലെന്നും, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നെങ്കിൽ എന്ന് അദ്ദേഹം ആഗ്രഹിച്ചുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിയും അദ്ദേഹം നോമിനേറ്റ് ചെയ്ത ക്യാബിനറ്റ് മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ചേർന്ന് സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്ന നിയമത്തെ തുടർന്നാണ് സിജെഐയെ ഒഴിവാക്കിയത്. കാബിനറ്റ് മന്ത്രി നേരിട്ട് പ്രധാനമന്ത്രിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, പ്രധാനമന്ത്രിയെ ആശ്രയിക്കാതെ അദ്ദേഹം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പ്രതിപക്ഷ നേതാവ് ചർച്ചകൾക്ക് വെറും മൂകസാക്ഷിയായി തുടരും.
സമിതിയിൽ ചീഫ് ജസ്റ്റിസിനെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കിയ ജുഡീഷ്യൽ ഉത്തരവ് മറികടക്കാനായിരുന്നു 2023ലെ നിയമം കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ കുറ്റമറ്റ സത്യസന്ധതയുള്ളവരായിരിക്കണമെന്നും സീസറിൻ്റെ ഭാര്യയെപ്പോലെ സംശയത്തിന് അതീതരായിരിക്കണമെന്നും പറയാതെ വയ്യ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സും (എഡിആർ) ഒരു വ്യക്തിഗത ഹരജിക്കാരനായ ഡോ ജയ താക്കൂറും സമർപ്പിച്ച ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. കേസിൽ കോടതി എങ്ങനെ തീരുമാനമെടുക്കുമെന്ന് ആർക്കും അറിയില്ല.
ഒരു സാഹചര്യത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കരുത്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ അവരുടെ ആദ്യ റൗണ്ട് പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു. എന്നിരുന്നാലും, വരും വർഷങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബാധകമായ നയപരമായ തീരുമാനം എടുക്കുന്നതിൽ നിന്ന് ഇത് സുപ്രീം കോടതിയെ തടയരുത്.
No comments:
Post a Comment