പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘വിമോചന ദിന’ത്തിൽ, അതായത് ഏപ്രിൽ 2 ന് പ്രഖ്യാപിച്ച ‘ടിറ്റ് ഫോർ ടാറ്റ്’ താരിഫുകൾ നിയമവിരുദ്ധമാണെന്ന് യു എസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് പ്രഖ്യാപിച്ചത് അദ്ദേഹത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. ട്രംപ് പ്രസിഡന്റായ ഉടൻ തന്നെ 1977 ലെ സാമ്പത്തിക അടിയന്തരാവസ്ഥാ അധികാര നിയമം പ്രകാരം അദ്ദേഹം രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അദ്ദേഹത്തില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരങ്ങൾ ഉപയോഗിച്ച് (അതോ ദുരുപയോഗമോ), കോൺഗ്രസിൽ പോകാതെ തന്നെ വിവിധ രാജ്യങ്ങളുടെ മേല്‍ അദ്ദേഹം ഏകപക്ഷീയമായ നികുതി ചുമത്തുകയായിരുന്നു.
എന്നാൽ, ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നത് യുഎസ് ഭരണഘടന പ്രകാരം മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം നിയന്ത്രിക്കാൻ കോൺഗ്രസിന് മാത്രമേ അവകാശമുള്ളൂ എന്നാണ്. ട്രംപ് ഭരണകൂടം ‘തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർ’ക്കെതിരെ പുതിയൊരു പ്രചാരണം ആരംഭിക്കുകയും പുതിയ തീരുമാനത്തെ വെല്ലുവിളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ ട്രംപിന്റെ മുഴുവൻ താരിഫ് യുദ്ധവും തുലാസിൽ തൂങ്ങിക്കിടക്കുകയാണ്.
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട യു എസ് കോണ്‍ഗ്രസില്‍ സമര്‍പ്പിക്കാതെ വിവിധ രാജ്യങ്ങൾക്ക് മേൽ ഏകപക്ഷീയമായ തീരുവ ചുമത്താൻ ട്രംപ് അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചതാണ് അദ്ദേഹത്തിനു തന്നെ വിനയായിരിക്കുന്നത്.
ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകളുടെ നിയമപരമായ അടിത്തറയെ വിവാദപരമാക്കി, വ്യാപാര സമൂഹത്തിൽ പുതിയ അനിശ്ചിതത്വം സൃഷ്ടിച്ചു. മറുവശത്ത്, ഇലോൺ മസ്‌ക് തന്റെ ഭരണകൂടത്തോട് വിട പറഞ്ഞതോടെ ട്രംപിന് മറ്റൊരു തിരിച്ചടിയും നേരിട്ടു. ട്രംപ് കോൺഗ്രസിന് മുന്നിൽ ‘ബിഗ് ആന്റ് ബ്യൂട്ടിഫുള്‍’ നികുതി ഇളവ് നിർദ്ദേശം മുന്നോട്ടു വെച്ചെങ്കിലും, മസ്‌ക് അതിനോട് യോജിച്ചില്ല. സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം മസ്കിന് ലഭിച്ചു. നികുതി ഇളവുകൾ ഈ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം കരുതി. ഈ വിധത്തിൽ, “ഭരണത്തിൽ കാര്യക്ഷമത കൊണ്ടുവരിക” എന്ന ട്രംപിന്റെ അജണ്ടയും അനിശ്ചിതത്വത്തിലാണ്.
ട്രംപിന്റെ ആവശ്യങ്ങൾക്ക് എതിർപ്പില്ലാതെ വഴങ്ങുന്നതിൽ അനാവശ്യമായ തിടുക്കം കാണിച്ച രാജ്യങ്ങൾക്ക് ഈ പുതിയ സാഹചര്യങ്ങൾ ഏറ്റവും അസ്വസ്ഥമായ സാഹചര്യം സൃഷ്ടിക്കും. അതേസമയം, ക്ഷമ കാണിച്ച/കാണിക്കുന്ന രാജ്യങ്ങൾ ഭാവിയിലെ വിലപേശലുകളിൽ മെച്ചപ്പെട്ട നിലയിലായിരിക്കും. തുടക്കം മുതൽ തന്നെ താരിഫ് യുദ്ധത്തെക്കുറിച്ച് അമേരിക്കയ്ക്കുള്ളിൽ സമവായമുണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഡമോക്രാറ്റിക് പാർട്ടിയിലെ ഒരു വലിയ വിഭാഗവും ധനകാര്യ, ബിസിനസ് ലോകത്തെ പ്രധാന സ്ഥാപനങ്ങളും വ്യക്തികളും ഇതിനെ പരസ്യമായി എതിർത്തിരുന്നു.
ടിറ്റ്-ഫോർ-ടാറ്റ് താരിഫുകൾക്കെതിരായ ഏഴ് ഹർജികൾ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നുണ്ട്, അതിൽ ഒന്നിലാണ് ഇപ്പോൾ തീരുമാനമുണ്ടായത്. അതിനാൽ, അസ്ഥിരത നിലനിൽക്കും. ഇത് അമേരിക്കയ്ക്കും ലോക വ്യാപാരത്തിനും മോശം വാർത്തയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ