Wednesday, January 7, 2009

കാഞ്ചനക്കൂട്ടിലെ രാപ്പാടി

ഭൂമിയിലെ പറുദീസയെന്ന് അതിശയോക്തിയില്ലാതെ പലരും പണ്ട് പ്രകീര്‍ത്തിച്ചിരുന്ന അമേരിക്കയിലാണ് ഞാന്‍ ജീവിക്കുന്നത്. സമ്പല്‍സമൃദ്ധിയുടേയും സുഖലോലുപതയുടേയും ഈ പറുദീസയില്‍, നുരഞ്ഞ് പൊന്തുന്ന മധുചഷകത്തിന്റെ ലഹരിയും, മാദകരാവുകളിലെ രോമാഞ്ചവും ആസ്വദിച്ച് ജനകോടികള്‍ ആനന്ദനൃത്തമാടുമ്പോഴും, കാഞ്ചനക്കൂട്ടിലെ രാപ്പാടിയെപ്പോലെ അറബിക്കടലിന്റെ കിഴക്കേ തീരത്തേക്കു നോക്കി ശോകാര്‍ദ്രഗാനവുമായി കഴിയാന്‍ എനിക്കെന്തേ ഇങ്ങനെയൊരു വിധി?

എന്റെ നാട്ടുകാര്‍ ഈ കുടിയേറ്റഭൂമിയില്‍ അന്ധമായ അനുകരണത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഒഴുകി അകലുന്നത് വെറുതെ നോക്കിനില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ ഞാനെന്നും പ്രതികരിച്ചിരുന്നു. എന്റെ പ്രതികരണപ്രവണത എനിക്ക് നേടിത്തന്നത് വിദ്വേഷം മാത്രമാണെന്ന് ഞാനറിഞ്ഞിരുന്നു. പക്ഷെ, എനിക്കൊരു മാനസാന്തരം ഒരിക്കലും ഉണ്ടായില്ല. അതിന്റെ പേരില്‍ എനിക്കു നഷ്മ്പ്പെട്ടത് സമൂഹത്തില്‍നിന്ന് കിട്ടുമായിരുന്ന കുറച്ചു വ്യര്‍ത്ഥമായ പ്രശംസകളാണ്. എനിക്ക് അനാകര്‍ഷകങ്ങളായ പ്രശസ്തികളുടെ പൊന്നാടകളാണ്. അതിനുവേണ്ടി ഞാന്‍ ചെയ്യേണ്ടിയിരുന്നത് ആത്മാര്‍ത്ഥതയില്ലാത്ത കുറച്ചു തൂവല്‍സ്പര്‍ശനങ്ങളായിരുന്നു. മലയാളികള്‍ക്കിടയില്‍ കാണുന്നതും കേള്‍ക്കുന്നതുമൊക്കെ അഭികാമ്യമെന്നും മലയാളിപ്രവണതകളൊക്കെ ഉദാത്തമെന്നും, പൈതൃക സംസ്ക്കാരത്തിന്റെ ശവസംസ്ക്കാരം ഈ പരിഷ്കൃത ലോകത്ത് നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് ഹല്ലേലുയ്യാ പാടണമെന്നുമൊക്കെ പറഞ്ഞിരുന്നെങ്കില്‍, ആ തൂവല്‍സ്പര്‍ശനങ്ങളില്‍ രോമാഞ്ചമണിയുന്നവര്‍ എനിക്ക് സ്നേഹാശ്ലേഷങ്ങള്‍ നല്‍കിയേനെ. പക്ഷേ, എനിക്കതിനു കഴിഞ്ഞില്ല. ഇനി കഴിയുമെന്നു തോന്നുന്നുമില്ല.

No comments:

Post a Comment