ഞെട്ടിപ്പിക്കുന്ന സത്യം
ഓരോ പ്രാവശ്യവും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ സാമ്രാജ്യത്വ ശക്തികളെ പഴിചാരി ഭരണകൂടം രക്ഷപ്പെടുകയാണ് പതിവ്. പ്രത്യക്ഷമായി അമേരിക്കയെയാണ് ലക്ഷ്യമിടുന്നതെന്ന തോന്നലില്ലെങ്കിലും പരോക്ഷമായി അതാണ് സത്യം. ഇന്ത്യയെ അസ്ഥിരീകരിക്കുക എന്ന ലക്ഷ്യത്തോടെ അങ്ങേയറ്റം ആസൂത്രിതമായി, സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെയാണ് മുംബൈ ഭീകരാക്രമണം നടന്നതെന്നും, ആഗോള ഭീകരവാദത്തിന്റെ മൂലധന ദൗത്യമാണ് മുംബൈ ആക്രമണമെന്നൊക്കെ പ്രചരിപ്പിച്ചവര്‍ ഏറെയാണ്. അമേരിക്കന്‍ അജണ്ടക്കൊത്ത് ഇന്ത്യ മാറിയത് ആഗോള ഭീകരവാദത്തിന്റെ ഒരു ടാര്‍ജറ്റ് കേന്ദ്രമായി ഇന്ത്യയെ മാറ്റിയെടുക്കാനായിരുന്നു എന്നും പ്രചരണം നടന്നു. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷും പിന്‍ഗാമിയായ ഒബാമയും ഇന്ത്യക്ക് നല്‍കിയിട്ടുള്ള സഹായവാഗ്ദാനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്നും, അഫ്ഗാനിസ്ഥാനില്‍ അല്‍ഖയിദയെ തകര്‍ക്കാന്‍ ഇന്ത്യയെ കൂട്ടുപിടിക്കുമെന്നും, തദ്വാരാ അമേരിക്കന്‍ സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി ഇന്ത്യയെ അസ്ഥിരീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രചരണം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ സത്യത്തില്‍ സംഭവിച്ചതെന്താണ് ..?
ഇപ്പോള്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. കസ്റ്റഡിയിലെടുത്തിട്ടുള്ള ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും, പാക്കിസ്ഥാന്‍ വംശജനായ തഹാവൂര്‍ റാണയും വര്‍ഷങ്ങളായി ഇന്ത്യയില്‍ പലതവണ സന്ദര്‍ശനം നടത്തി ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കി വന്നിരുന്ന കൊടുംഭീകരനാണെന്ന് അമേരിക്ക തന്നെയാണ് കണ്ടുപിടിച്ചതും വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയതും. മുംബൈ, കൊച്ചി, ഡല്‍ഹി മുതലായ നഗരങ്ങളില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കറെ തയിബ എന്ന ഭീകരസംഘടന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അമേരിക്കയുടെ എഫ്.ബി.ഐ. പല തവണ ഇന്ത്യക്ക് മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും അവയൊക്കെ സാമ്രാജ്യത്വ ശക്തികളുടെ ധ്വംസനമായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ ചെയ്തിരുന്നത്. ഇപ്പോള്‍ അമേരിക്ക കൈമാറിയ വിവരങ്ങളുടെ ചുവടു പിടിച്ച് നെട്ടോട്ടമോടുകയാണ് ഇന്ത്യ. അമേരിക്ക പറഞ്ഞതെല്ലാം ശരിയായിരുന്നു എന്ന് അവര്‍ക്ക് വൈകിയെങ്കിലും മനസ്സിലായിത്തുടങ്ങി. എന്തൊരു വിരോധാഭാസം....!!
ഏറെ ശ്രദ്ധിക്കേണ്ട ഗൗരവമേറിയതും വിചിത്രവുമായ കാര്യമാണ് ഈ ഭീകരവാദികള്‍ അമേരിക്കയില്‍നിന്ന് സന്ദര്‍ശക വിസയില്‍ ഇന്ത്യയില്‍ പോയി ഭീകരപ്രവര്‍ത്തനം നടത്തിയെന്നുള്ളതാണ്. വര്‍ഷങ്ങളായി ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇവര്‍ക്ക് വിസ നല്‍കിയതോ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും..! പാക്ക് വംശജര്‍ക്ക് ഇന്ത്യന്‍ വിസ ലഭിക്കണമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക അനുമതി വേണമെന്നിരിക്കെ എങ്ങനെ ഇവര്‍ക്കുമാത്രം ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കി എന്ന് വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ വംശജരെ വിചിത്ര ജീവികളായി കാണുന്ന, അവരുടെ അപേക്ഷകള്‍ ചികഞ്ഞുകീറി സൂക്ഷ്മനിരീക്ഷണം നടത്തുന്ന, എംബസ്സി/കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എങ്ങനെ ഈ രണ്ടു വ്യക്തികള്‍ക്ക് "സ്പെഷ്യല്‍ സ്റ്റാറ്റസ്" പദവി നല്‍കി എന്നും അന്വേഷണവിധേയമാക്കണം. പ്രവാസികളെ അവഗണനയോടെ കാണുകയും വിവിധ ആവശ്യങ്ങള്‍ക്കായി എംബസ്സിയിലോ കോണ്‍സുലേറ്റിലോ ചെല്ലുന്നവരെ മുട്ടുന്യായങ്ങള്‍ പറഞ്ഞ് അവരെ കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്ന പ്രവണത ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്റെ ഒരു സ്ഥിരം പരിപാടിയാണ്. ഗള്‍ഫ് നാടുകളിലാണ് അവരുടെ ക്രൂരതകള്‍ക്ക് ബലിയാടുകളാകുന്നവരില്‍ ഏറെ പേരും. അമേരിക്കയിലും തഥൈവ. ഒരുതരം ധാര്‍ഷ്ട്യതയും കര്‍ക്കശ സ്വഭാവക്കാരുമാണ് ഭൂരിഭാഗം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥവൃന്ദം. എങ്കിലും, നല്ലവരും ഇല്ലായ്കയില്ല. ഇന്ത്യന്‍ വിസക്കുവേണ്ടി കോണ്‍സുലേറ്റിനെ സമീപിക്കുന്ന ഇന്ത്യന്‍ വംശജരെ അനാവശ്യമായ ചോദ്യം ചെയ്യലും അവരുടെ വിസ അപേക്ഷകള്‍ സൂക്ഷ്മനിരിക്ഷണം നടത്തുകയും ചെയ്യുന്ന അധികാരികള്‍ ഏതു മാനദണ്ഡമുപയോഗിച്ചാണ് ഭീകരവാദികളായ തഹാവൂര്‍ റാണക്കും ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കും വിസ നല്‍കിയതെന്നും വിശദീകരിക്കേണ്ടിയിരിക്കുന്നു. അതോ അവരുടെ അനുഭാവികള്‍ കോണ്‍സുലേറ്റില്‍ തന്നെയുണ്ടോ? ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ യഥേഷ്ടം സഞ്ചരിച്ച് ഭികരാക്രമണത്തിന് പദ്ധതി തയ്യാറാക്കി സ്വൈരവിഹാരം നടത്തിയ അവരെ എന്തുകൊണ്ട് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടുപിടിക്കാനായില്ല എന്നുള്ള സത്യം ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയുടെ മേല്‍ എല്ലാ കുറ്റങ്ങളും ചുമത്തി, ഇന്ത്യയെ തകര്‍ക്കുന്നത് അമേരിക്കയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പാടുപെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒരു തിരിച്ചടിയായിരിക്കുകയാണ് ഈ സംഭവം.
ഭീകര വാദികള്‍ പാവങ്ങളുടെ ജീവന് വിലപറയുമ്പോള്‍ മാത്രം ഉണരുന്ന ജാഗ്രത ആണ് നമുക്കുള്ളത്.....അത് വരെ ഉറക്കം നടിച്ചിരിക്കാം......ഇത് ഈ നാട്ടിലേ കാണൂ....
ReplyDelete