ബലിപെരുന്നാള്‍ അഗ്നിപരീക്ഷകളുടെ വിജയം
ദൈവത്തിനു മുന്നില്‍ സര്‍വ്വവും സമര്‍പ്പിച്ച പ്രവാചകശ്രേഷ്ടന്‍ ഇബ്രാഹിം നബിയുടെ (അബ്രഹാമിന്റെ) അഗ്നിപരീക്ഷകളുടെ വിജയമാണ് ബക്രീദ് അഥവാ ബലിപെരുന്നാളായി ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ ആഘോഷിക്കുന്നത്. ഇബ്രാഹിമിന്റെ ജീവിതസായാന്തനത്തില്‍ പത്നി ഹാജറയിലുണ്ടായ ഇസ്മാഈല്‍ കൗമാരത്തിലെത്തിയപ്പോള്‍ ഒരു വലിയ പരീക്ഷണം അവരെത്തേടിയെത്തുകയുണ്ടായി. സ്വന്തം പുത്രനെ ബലിയര്‍പ്പിക്കുവാന്‍ ദൈവം ഒരു സ്വപ്നദര്‍ശനത്തിലൂടെ ഇബ്രാഹിമിനോടാവശ്യപ്പെട്ടു. തന്റെ ജീവന്റെ ജീവനായ പ്രിയ പുത്രനെ ബലിയര്‍പ്പിക്കാന്‍ ദൈവകല്പനയായിട്ടും പ്രവാചകശ്രേഷ്ടന്റെ ഹൃദയം വ്യതിചലിച്ചില്ല. ചഞ്ചലചിത്തനാകാതെ ദൈവാജ്ഞ നിറവേറ്റാന്‍ അദ്ദേഹം തയ്യാറായി. അദ്ദേഹം സ്വപുത്രനെ വിളിച്ചു പറഞ്ഞു….”പ്രിയപുത്രാ, നിന്നെ ബലിയര്‍പ്പിക്കണമെന്ന് എനിക്ക് സ്വപ്നദര്‍ശനമുണ്ടായിരുന്നു. ഇതേപ്പറ്റി നിനക്കെന്തു തോന്നുന്നു?” മറുപടിയായി ഇസ്മാഈല്‍ പറഞ്ഞു…”പിതാവേ, അങ്ങ് ആജ്ഞ നടപ്പാക്കിയാലും. ഞാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ക്ഷമാശീലനാകുന്നത് അങ്ങേക്ക് കാണാം.” ഇബ്രാഹിം നബി പുത്രനായ ഇസ്മാഈലിനേയും കൊണ്ട് മര്‍വാ കുന്നിലെത്തി. ബലിയര്‍പ്പിക്കുന്നതിന് മകനെ ചരിച്ചുകിടത്തി, കഴുത്തിലേക്ക് മൂര്‍ച്ചയേറിയ കത്തിയിറക്കാന് ഉയര്‍ത്തി. അപ്പോഴതാ ഒരു അശരീരിപോലെ ദൈവകല്പന….”ഓ ഇബ്രാഹിം, നീ നിന്റെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുന്നു. സജ്ജനങ്ങള്‍ക്കു ദൈവം ഇങ്ങനെയാണ് പ്രതിഫലം നല്‍കുക. ഇതു വ്യക്തമായൊരു പരീക്ഷണമാണ്. പകരം ബലിയര്‍പ്പിക്കുന്നതിന് നാം ഒരു വിശിഷ്ടമൃഗത്തെ പ്രദാനം ചെയ്യുന്നു….” ഇബ്രാഹിമിന്റേയും ഇസ്മാഈലിന്റേയും ത്യാഗോജ്ജ്വല ചരിത്രമാണ് ബലിപെരുന്നാളിന്റെ പശ്ചാത്തലം. ഹിജ്റ വര്‍ഷത്തിലെ അവസാനമാസം ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികള്‍ക്ക് ഒരു പെരുന്നാള്‍കൂടി സമ്മാനിക്കുകയാണ് ദുല്‍ഹജ്ജ് മാസം പത്താം നാളിലെ ഈദുല്‍ അസ്ഹാ.
ഖുര്‍ആനും പ്രാവാചകരും നിര്‍ദ്ദേശിച്ച മാതൃകയില്‍ മുസ്ലീങ്ങള്‍ മതപരമായ അനുഷ്ടാനമായി ദുല്‍ഹജ്ജ് മാസം 8 മുതല്‍ 12 വരെ മാക്കയിലേക്ക് നടത്തുന്ന തീര്‍ത്ഥാടനവും അതോടനുബന്ധിച്ചുള്ള കര്‍മ്മങ്ങളും ഉള്‍പ്പെട്ട പരിശുദ്ധ ഹജ്ജ് കര്‍മ്മവും ഈ വേളയില്‍ നടക്കുന്നു. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് പരിശുദ്ധ ഹജ്ജ്. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റേയും അല്ലാഹുവിലുള്ള കീഴ്പ്പെടലിന്റേയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു. ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹജറ (ഹാഗര്‍), മകന് ഇസ്മാഈല്‍ (ഇശ്മായേല്‍) എന്നിവരുടെ ഓര്‍മ്മകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് ഹജ്ജിലെ മുഖ്യ കര്‍മ്മങ്ങള്‍.
“ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക, ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും” എന്നാണ് പ്രാവചകര്‍ അരുളിച്ചെയ്തിരിക്കുന്നത്. സത്യത്തിന്റെ നിത്യജ്യോതിസ്സായ ദൈവത്തിന്റേയും അവന്റെ ദൂതന്മാരായ പ്രവാചകരുടേയും അധ്യാപനങ്ങളെ തിരസ്ക്കരിച്ചതാണ് ഇന്നത്തെ ശിഥിലീകരണങ്ങള്ക്കും മലിനീകരണങ്ങള്‍ക്കും ഹേതുവായിരിക്കുന്നത്. ധര്‍മ്മം ക്ഷയിക്കുകയും സദാചാരം തിരോഭവിക്കുകയും മാനവിക ബന്ധങ്ങള്‍ ശിഥിലമാവുകയും അക്രമവും അനീതിയും വ്യാപകമാവുകയും ചെയ്യുമ്പോള്‍ ഭൂമിതന്നെ നരകതുല്യമാവുന്നതിനെക്കുറിച്ച് മാഹാന്മാരായ പ്രവാചകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വളരെ ഭീതിജനകവും അര്‍ത്ഥശൂന്യവുമായ ഒരവസ്ഥയായിരിക്കും ആര്‍ക്കും ഒരു രീതിയിലും നമ്മെ വേണ്ടാത്ത അവസ്ഥ വരുമ്പോള്‍. നന്മയും നീതിയും കൈവരിച്ചും ധര്‍മ്മവും പുണ്ണ്യവും സാധ്യമാകുന്നത്ര സ്വായത്തമാക്കിയും ദൈവപ്രീതി ലക്ഷ്യമാക്കി അവിശ്രമം പരിശ്രമിക്കുകയും അനവരതം അധ്വാനിക്കുകയും ചെയ്യേണ്ടവനാണ് മാനവന് എന്ന് എല്ലാ വിശുദ്ധഗ്രന്ഥങ്ങളും പ്രതിപാദിക്കുന്നു.
മനുഷ്യന്റെ ആര്‍ത്തിയും ദുരയും അവന്റെ ജീവിതത്തെ ദുര്‍ഘടവും ദുസ്സഹവുമാക്കുകയാണ്. പ്രപഞ്ചത്തിന്റേയും പ്രകൃതിയുടേയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന നൈതിക നവോത്ഥാനത്തിനു മാത്രമേ ഭൂമുഖത്തെ സമാധാന സമ്പൂര്‍ണ്ണമാക്കാന്‍ സാധിക്കൂ. ജാതിമതഭേദമന്യേ എല്ലാവരും സാഹോദര്യത്തോടെ ഒറ്റക്കെട്ടായി രാജ്യപുരോഗതിക്കും സമാധാനത്തിനും ശ്രമിക്കണമെന്നതാണ് ഈ ആഘോഷവേളയില്‍ നല്‍കാനുള്ള സന്ദേശം.
"പെരുന്നാൾ ആശംസകൾ..”
ReplyDelete