Tuesday, November 24, 2009

എനിക്ക് വേണം അമ്പിളിമാമന്‍

“അച്ഛാ, എനിക്കാ അമ്പിളിമാമനെ പിടിച്ചു തരാവോ?” അച്ഛന്റെ തോളിലിരുന്ന് നിലാവുള്ള രാത്രിയില്‍ പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനെ നോക്കി കൊച്ചരിപ്പല്ലുകള്‍ കാണിച്ച് കുസ്രുതികളായ കുഞ്ഞുങ്ങള്‍ ചോദിക്കുന്ന ചോദ്യമാണിത്. ആകാശം നിറയെ കണ്ണുചിമ്മി നില്‍ക്കുന്ന നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രഭാപൂരം ചൊരിഞ്ഞു നില്‍ക്കുന്ന ആ പൂര്‍‍ണ്ണചന്ദ്രനെ കൈയില്‍ കിട്ടിയാല്‍ കൊള്ളാമെന്നു തോന്നുന്ന കുഞ്ഞുങ്ങള്‍ക്കറിയില്ലല്ലോ അവരുടെ ആഗ്രഹം ഒരിക്കലും നിറവേറാന്‍ പോകുന്നില്ല എന്ന്. നിഷ്കളങ്കമാണ് അവരുടെ ആവശ്യം. എന്നാല്‍, തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണെന്നും കുഞ്ഞിന്റെ ആവശ്യം നിറവേട്ടറ്റേണ്ടത് തന്റെ കടമയാണെന്നും സങ്കല്പിച്ച് തോട്ടിയുമായി തെങ്ങിന്റെ മണ്ടയില്‍ കയറുന്ന പിതാക്കന്മാരെക്കുറിച്ച് ലോകത്താരും ഇതുവരെ കേട്ടിരിക്കാനിടയില്ല. എന്നാല്‍ നമ്മുടെ കേരളത്തില്‍ അതും അതും ഒരിക്കന്‍ നടന്നു.

നെയ്യാറ്റിന്‍കര സ്വദേശി മീശ മുളയ്ക്കാത്ത പയ്യന്‍സ് കുട്ടിക്കുബേരനെന്നറിയപ്പെട്ട ശബരീനാഥിന് സ്വന്തം അച്ഛന്‍ അമ്പിളി മാമനെ പിടിച്ചുകൊടുത്ത് പുലിവാലായ കഥ ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്ലസ്സ് ടു പരീക്ഷ തോറ്റ ഈ പയ്യന്‍സിന് പെട്ടെന്ന് കോടീശ്വരനാകാന്‍ മോഹമുദിച്ചപ്പോള്‍ സ്വന്തം അച്ഛന്‍ തന്നെ അതിന് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്തു. ഒരു മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ കോണ്‍ഗ്രസ്സ് നേതാവിന്റെ അനുയായിയായ ശബരീനാഥിന്റെ അച്ഛന്‍ രാജനും മാതാവ് അംബികയും മകനെ വളര്‍ത്തി വലുതാക്കിയത് വളരെ പ്രതീക്ഷകളോടെയായിരിക്കാം. എല്ലാ മാതാപിതാക്കളേയും പോലെ മകന്‍ പഠിച്ച് വലിയവനാകണം എന്നും ആ മാതാപിതാക്കള്‍ ആഗ്രഹിച്ചിരിക്കാം. പക്ഷേ, സുഖലോലുപതയില്‍ മുങ്ങിത്തുടിച്ച് ആകാശത്തോളം ഉയരണമെന്ന അത്യാഗ്രഹം അവരുടെ മകനെ തട്ടിപ്പിന്റെ ലോകത്തിലേക്കാണ് ആകര്‍ഷിച്ചത്. എങ്ങനേയും പണമുണ്ടാക്കണമെന്ന അത്യാര്‍ത്തി അയാളെ വഴിവിട്ട മാര്‍ഗങ്ങളിലേക്ക് നയിച്ചു. ലക്ഷ്യം മാര്‍ഗം എന്തുമാകാം എന്ന് ഈ ചെറുപ്പക്കാരന് ഓതിക്കൊടുക്കാന്‍ രാഷ്ട്രീയക്കാരും പോലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്കു മാനേജര്‍മാരും രംഗത്തു വന്നു.

കേരളത്തില്‍ ഇന്നു കണ്ടുവരുന്ന എല്ലാ അസാന്മാര്‍ഗിക വ്രുത്തികളുടേയും അടിവേരുകള്‍ക്ക് വളം വെച്ചുകൊടുക്കുന്നത് മാറിമാറിവരുന്ന ഭരണകൂടങ്ങളാണെന്നും തെളിവുകള്‍ അനവധി. മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാത്ത കേവലം ആര്‍ത്തിയുടെ വക്താക്കളായിത്തീര്‍ന്നിരിക്കുന്നു നമ്മുടെ ജനനായകരിലധികവും.പഠിച്ച് ഉന്നതങ്ങളിലെത്തണമെന്ന് ആഗ്രഹിച്ച് അവസാനം അതു മുടങ്ങി ആരോടൊക്കെയോ പണം കടം വാങ്ങി നാടുവിട്ട ശബരീനാഥ് ഒന്നര വര്‍ഷം കഴിഞ്ഞ് തിരിച്ചെത്തിയത് കോടീശ്വരനായിട്ടായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട് “ഇവനിത്രയും പണം എവിടെ നിന്നു കിട്ടി” എന്ന്. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ജീവിതായോധനത്തിനായി നെട്ടോട്ടമോടുന്ന നമ്മുടെ കേരളത്തില്‍, വെറും “സിക്സ്ത്തും ഗുസ്ത്തിയും” മാത്രമുള്ള ശബരീനാഥ് നാടുവിട്ട് ഒന്നര വര്‍ഷം കഴിഞ്ഞ് ആഡംബര കാറില്‍ വന്നിട്ടും, കോടികളുടെ ആസ്തിയുള്ളവനാണെന്നറിഞ്ഞിട്ടും ആരും ഒന്നും ചോദിക്കാനോ അന്വേഷിക്കാനോ മുതിര്‍ന്നില്ല എന്നു കേള്‍ക്കുമ്പോള്‍ ആരുടേയും നെറ്റി ചുളിയും. നാട്ടില്‍ തൊഴിലും പണിയും കിട്ടാതെ വരുമ്പോള്‍ കിടപ്പാടം പണയപ്പെടുത്തിയും കൊള്ളപ്പലിശയ്ക്കു പണം കടമെടുത്തും എത്രയോ പേര്‍ സ്വപ്നഭൂമിയെന്നു വിശേഷിപ്പിക്കുന്ന ഗള്‍ഫു നാടുകളിലേക്കു പോകുന്നു. പ്രതീക്ഷിച്ച ജോലി ലഭിക്കാതെ വരുമ്പോള്‍ കിട്ടിയതുകൊണ്ട് തൃപ്തിപ്പെട്ട് രാപകല്‍ അധ്വാനിച്ചു കഷ്ടപ്പെട്ട് വീടു പുലര്‍ത്തുന്ന അവര്‍ വല്ലപ്പോഴും സ്വന്തം നാട്ടിലെത്തിയാല്‍ ചൂഷണവര്‍ഗ്ഗം അവരെ കൊത്തിപ്പറിക്കുന്നു. ജീവിതം മുഴുവന്‍ മണലാരണ്യങ്ങളിലെ കൊടും ചൂടില്‍ ഹോമിച്ച് എത്രയോ പേര്‍ ഇന്നും ജീവിക്കുന്നു. വെറും ഒന്നര വര്‍ഷം എവിടെയോ മറഞ്ഞുനിന്ന് കോടീശ്വരനാകാന്‍ പറ്റിയ സ്ഥലം കേരളമാണെങ്കില്‍ എന്തിന് ഗള്‍ഫില്‍ പോകണം? അവിടെയാണ് കേരള സംസ്ഥാനത്തിന്റെ സാന്മാര്‍ഗികവും അസാന്മാര്‍ഗികവും വേര്‍തിരിച്ചറിയുന്നത്. അസാന്മര്‍ഗീകതയിലൂടെ പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവരാണ് അദ്ധ്വാനിച്ചു പണമുണ്ടാക്കുന്നത്. അങ്ങനെയുള്ളവരെ കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ക്കു വേണ്ട. സാന്മാര്‍ഗികതയിലൂടെ അല്പം പണമുണ്ടാക്കിയാല്‍ അവരെ ചൂഷണം ചെയ്യാന്‍ ഏതു കരുക്കള്‍ നീക്കാനും എല്ലാവരും റെഡി. അസാന്മാര്‍ഗികതയിലൂടെ പണമുണ്ടാക്കാന്‍ കഴിയുന്നവരെയാണ് ഇന്ന് കേരളത്തിനാവശ്യം. അതുകൊണ്ടു മാത്രമാണ് സന്തോഷ് മാധവന്മാരും ശബരീനാഥന്മാരുമൊക്കെ കേരളത്തില്‍ തഴച്ചു കൊഴുത്തു വളര്‍ന്നത്. കാരണം വളക്കൂറുള്ള മണ്ണാണ് അവര്‍ക്കു ലഭിക്കുന്നത്. അവരുണ്ടാക്കുന്ന കോടികളാണ് പോലീസിനേയും രാഷ്ട്രീയക്കാരേയും തടിപ്പിച്ചു കൊഴുപ്പിക്കുന്നതും.

കള്ളപ്പണം കൊണ്ട് ബിസിനസ്സ് നടത്താനും അതുവഴി സ്വന്തം സാമ്രാജ്യംവരെ പടുത്തയര്‍ത്തുവാനും പറ്റിയ വളക്കൂറുള്ള മണ്ണാണത്രേ കേരളം. ആര്‍ക്കും എന്തും ചെയ്യാം. മന്ത്രിമാരും പോലീസും നിയമ നിര്‍മ്മാതാക്കളും മാത്രമല്ല ഹൈക്കോടതി ജഡ്ജിമാര്‍ വരെ അതിനുള്ള ഒത്താശ ചെയ്തു തരും. ഇന്ന് കേരളമാകെ ഉയര്‍ന്നുപൊങ്ങുന്ന ഫ്ലാറ്റ് സമുച്ചയങ്ങളിലധികവും ഹവാലാ പണമോ കള്ളപ്പണമോ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണെന്ന് കേന്ദ്ര ഇന്റലിജന്‍സുവരെ സമ്മതിച്ചിട്ടുള്ളതാണ്. കേരളം ഭൂമാഫിയ മൊത്തമായി വാങ്ങിക്കൂട്ടുകയാണെന്ന് മുഖ്യമന്ത്രി അച്യുദാനന്ദന്‍ പലതവണ പറയുകയും ചെയ്തതാണ്.

ശബരീനാഥിന്റെ ഇടപാടുകള്‍ ഏറെയും മതിയായ രേഖകളില്ലാതെയായിരുന്നു എന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ മേല്‍പറഞ്ഞ ഉദ്യോഗസ്ഥവ്രുന്ദത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടിലേക്ക് വിരല്‍ ചൂണ്ടുന്നു. സാധാരണക്കാരനായ ഒരാളോ വിദേശമലയാളിയോ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ബാങ്കുകാര്‍ ആവശ്യപ്പെടുന്ന രേഖകളും അവര്‍ പൂര്‍ത്തീകരിക്കേണ്ടതായ നിയമപരമായ കാര്യങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് ഐ.ഡി.ബി.ഐ., എച്ച്.ഡി.എഫ്.സി., ധനലക്ഷ്മി, ഐ.സി.ഐ.സി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവര്‍ നിഷ്പ്രയാസം ശബരീനാഥിന്റെ കോടിക്കണക്കിനു രൂപയുടെ വിനിമയം നടത്തിയതെന്നു കേള്‍ക്കുമ്പോള്‍ ഈ ബാങ്കുകള്‍ എത്രത്തോളം വിശ്വാസയോഗ്യമാണെന്ന ചോദ്യമുയരുന്നു. കള്ളപ്പണമായാലും ഹവാലയായാലും “ഞങ്ങള്‍ക്കും കിട്ടണം പണം” എന്ന തത്വമല്ലേ ഇവര്‍ സ്വീകരിച്ചത്.

തലസ്ഥാനത്ത് പത്തേക്കര്‍ സ്ഥലത്ത് 1500 കോടി മുടക്കി ടോട്ടല്‍ സിറ്റി എന്ന പേരില്‍ മറ്റൊരു തലസ്ഥാന നഗരി പണിയുന്നതിന്റെ പണിപ്പുരയിലായിരുന്നു ഈ ഇരുപത്തൊന്നുകാരനെന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ നടുങ്ങും. അംബരചുംബികളായ ഫ്ലാറ്റുകള്‍, പാര്‍ക്ക്, മള്‍ട്ടിപ്ലക്സ്, ഫ്ലോട്ടിംഗ് റസ്റ്റോറന്റുകള്‍, നീന്തല്‍ക്കുളം മുതലായ സൗകര്യങ്ങളും അത്യാധുനിക സൗകര്യങ്ങളുള്ള ഈ സിറ്റി വമ്പന്‍സ്രാവുകളുടെ ഭാവനയില്‍ ഉരുത്തിരിഞ്ഞതല്ല. പ്ലസ്സ് ടൂ തോറ്റ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളിലുടലെടുത്ത ആശയമാണ്. അതിനവന്‍ കോടികള്‍ ഒഴുക്കി. ഈ കോടികള്‍ സമാഹരിച്ചതോ സമൂഹത്തിലെ ഉന്നതരില്‍നിന്നും. മകന്റെ ഉയര്‍ച്ച കണ്ട് അമിതാവേശം പൂണ്ട മാതാപിതാക്കള്‍ നാട്ടിലുള്ള നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ നിക്ഷേപമായി വാങ്ങി മകന് കൊടുത്തു. ഈ രക്ഷകര്‍ത്താക്കളാണ് അമ്പിളിമാമനെ പിടിക്കാന്‍ തോട്ടിയുമായി തെങ്ങിന്റെ മണ്ടയില്‍ കയറിയവര്‍. അല്പമെങ്കിലും സമാന്യബുദ്ധിയുള്ളവരായിരുന്നു അവരെങ്കില്‍ പത്തുപതിനാലു ആഡംബര കാറുകളിലായി കോടിക്കണക്കിനു രൂപയുമായി ചെത്തിനടക്കുന്ന സ്വന്തം മകന്റെ വരുമാന സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന കട്ടിലിലാണ് മകന്‍ കിടന്നുറങ്ങുന്നതെന്ന് അവര്‍ കണ്ടില്ലെന്നുണ്ടോ? ബോംബേ അധോലോക മാഫിയാ സംഘങ്ങളെപ്പോലും വെല്ലുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ഈ ചെറുപ്പക്കാരന്‍ ചെയ്തെങ്കില്‍, അയാള്‍‍ക്ക് എല്ലാ ഒത്താശകളും ചെയ്യാന്‍ മന്ത്രി, പോലീസ്, നിയമപാലകര്‍ കൂട്ടുനിന്നെങ്കില്‍ കേരളം അധികം താമസിയാതെ ഭീകരരുടേയും മാഫിയകളുടേയും പറുദീസയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. പണത്തിനോടുള്ള അത്യാര്‍ത്തി ഇന്നത്തെ യുവജനങ്ങളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അവര്‍ക്ക് ഊര്‍ജ്ജം പകരാന്‍ ശബരീനാഥിനെപ്പോലുള്ളവരുടെ പ്രവര്‍ത്തികള്‍തന്നെ ധാരാളം. ജീവിതം ആനന്ദിക്കാനും ആസ്വദിക്കാനും മാത്രമാണെന്നും മറ്റു സാമൂഹിക ബാധ്യതകളൊന്നും നമുക്കില്ലെന്നും അവര്‍ ചിന്തിക്കുന്നു. ഈ യുവസമൂഹം ഉയര്‍ത്തുന്ന സാമൂഹികസാംസ്ക്കാരിക മലിനീകരണമാണ് സാമ്പത്തിക താല്പര്യങ്ങളായി രൂപാന്തരപ്പെടുന്നത്.

മലയിന്‍കീഴ് പഞ്ചായത്തിന്റെ അനുമതിപോലുമില്ലാതെ പഞ്ചനക്ഷത്ര റിസോര്‍ട്ടിന്റെ പണി പൂര്‍ത്തിയാക്കണമെങ്കില്‍ ഈ ചെറുപ്പക്കാരന്റെ രാഷ്ട്രീയ-പോലീസ് ബന്ധത്തിന്റെ ആഴത്തെക്കുറിച്ച് ഊഹിക്കാവുന്നതേ ഉള്ളൂ. കൂടെ പഠിച്ച കാമുകിക്ക് 20 ലക്ഷം രൂപ വിലവരുന്ന ബി.എം.ഡബ്ലിയൂ. കാര്‍, പിതാവിന് ആഡംബര കാര്‍, തന്നെ “ബിസിനസ്സ് പഠിപ്പിച്ച ചേച്ചിക്ക്” ബെന്‍സ് കാര്‍ തുടങ്ങി അഞ്ചു കോടിയോളം രൂപ വിലവരുന്ന പന്ത്രണ്ട് ലക്ഷ്വറി കാറുകളാണ് ഇയാള്‍ വാങ്ങിക്കൂട്ടിയതെന്നു കേള്‍ക്കുമ്പോള്‍ ഇതെല്ലാം കേരളത്തിലാണോ നടന്നത് അതോ വല്ല അത്ഭുതദ്വീപിലാണോ എന്നു തോന്നിപ്പോകും. സിനിമാ നടി റോമയെ ഉള്‍പ്പെടുത്തി സംഗീത ആല്‍ബവും ഇയ്യാള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ കളക്ടര്‍മാരടക്കം 48 വി.ഐ.പി.കള്‍ ശബരീനാഥിന്റെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചിരുന്നത്രേ. ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്തതുകൊണ്ട് കിടപ്പാടം വിറ്റ് പണം നല്‍കിയവരും വഴിയാധാരമായി. ഇതില്‍ നിന്നെല്ലാം ഒരു കാര്യം മനസ്സിലാക്കാം. പണത്തിനോടുള്ള അത്യാര്‍ത്തി താഴേത്തട്ടുമുതല്‍ അങ്ങു മേലേത്തട്ടുവരെയുള്ളവര്‍ക്കുവരെ ജ്വരമായി തലയ്ക്കു പിടിച്ചതുകൊണ്ടാണ് ഈ ശബരീനാഥിനെപ്പോലെയുള്ളവര്‍ കേരളത്തിലെ വളക്കൂറുള്ള മണ്ണില്‍ തഴച്ചു വളരുന്നത്. വേണ്ടവിധത്തില്‍ പരിപാലിക്കാനും വെള്ളവും വളവും സമയാസമയങ്ങളില്‍ നല്‍കാനും പോലീസും നിയമപാലകരും സര്‍ക്കാരും കൂട്ടിനുണ്ടെങ്കില്‍ ആര്‍ക്കും “ഗോഡ്സ് ഓണ്‍ കണ്‍ട്രിയെ സ്വന്തം കണ്‍ട്രിയാക്കാം.: അദ്ധ്വാനിച്ചു കുടുമ്പം പോറ്റുന്നവര്‍ മരമണ്ടന്മാര്‍. ഇപ്പോഴിതാ പരോളിലിറങ്ങിയ ശബരീനാഥിന്റെ ആഡംബര കാറുകള്‍ ലേലം ചെയ്യാന്‍ ക്വട്ടേഷന്‍ സംഘം സമ്മതിക്കുന്നില്ലത്രേ...എന്തു പോലീസ്...എന്തു നിയമം..!
********************************

December 2, 2009

എന്തിനാണമ്മാവാ എന്നെത്തല്ലുന്നത്, ഞാന്‍ നേരെയാകുകയില്ല എന്നു പറഞ്ഞതുപോലെ ഈ ശബരീനാഥ് നേരെയാകുകയില്ലെന്നുണ്ടോ? ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പ് ഇതാ ഈ പയ്യന്‍ വീണ്ടും ജയിലില്‍....ഇപ്രാവശ്യം പെണ്ണൂ കേസാണ്.

പതിനേഴര വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശബരിയും കൂട്ടുകാരായ പേരൂര്‍ക്കട സ്വദേശി അഭിലാഷ് (21), കുമാരപുരം പൊതുജനം റോഡില്‍ അലന്‍ (24) എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ശബരിനാഥ് ഉള്‍പ്പെടെ മൂന്നുപേരെയും തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എ.എം. ബഷീറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹാജരാക്കി. മൂവരെയും ഡിസംബര്‍ 14 വരെ റിമാന്‍ഡ്‌ചെയ്തു. അട്ടക്കുളങ്ങര സബ് ജയിലില്‍ ശത്രുക്കളാണ്. അതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്ന ശബരിനാഥിന്റെ അഭ്യര്‍ഥന കോടതി അംഗീകരിച്ചുവെന്നാണ് കേള്‍ക്കുന്നത്.
ശബരിയെ സെന്‍ട്രല്‍ ജയിലിലേക്കും കൂട്ടുകാരെ അട്ടക്കുളങ്ങര സബ് ജയിലിലേക്കും അയച്ചു. ശബരിയുടെ കാലടിയിലെ വീട്ടില്‍നിന്നും പിടിച്ചെടുത്ത തലയിണകള്‍, പായ, കെ.എല്‍. 01എ.സി. 1551 ഹ്യുണ്ടായ് അക്‌സന്റ് കാര്‍, ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ എന്നിവ കോടതിയില്‍ പോലീസ് ഹാജരാക്കിയെന്നു പറയുന്നു. പ്രതികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതിനും കൂട്ടബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. അഭിലാഷാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് വശീകരിച്ചതെന്നു പറയുന്നു. പെണ്‍കുട്ടിയെ കാലടിയിലെ വീട്ടില്‍ എത്തിച്ച ഇവര്‍ ശബരിക്കും അലനും പെണ്‍കുട്ടിയെ കാഴ്ചവെച്ചു. സ്‌കൂള്‍ യൂണിഫോമിലായിരുന്ന കുട്ടിയെ ആദ്യം അഭിലാഷും അതിനുശേഷം അലനും പീഡിപ്പിച്ചു. ശബരിനാഥ് കുട്ടിയെ കടന്നുപിടിച്ചെങ്കിലും എതിര്‍പ്പുകാരണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെന്നു പറയുന്നു.

ഈ പെണ്‍കുട്ടിയെന്താ മന്ദബുദ്ധിയാണോ. ഇത്രയും കോളിളക്കം സൃഷ്ടിച്ച ശബരീനാഥിന്റെ കൂടെ പോകാന്‍ എങ്ങനെ ധൈര്യം വന്നു...!!

No comments:

Post a Comment