"ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമോ...?"
"കേരളം ഒരു ഭ്രാന്താലയം" എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് എത്രയോ ശരിയാണെന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്‍ കൊട്ടിക്കലാശങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും നമുക്കു തോന്നുന്നതില്‍ അത്ബുധപ്പെടേണ്ടതില്ല. എന്നാല്‍, കേരളമല്ല ഇന്ത്യ തന്നെ ഒരു ഭ്രാന്താലയമാണെന്ന് വിശേഷിപ്പിക്കാവുന്ന സംഭവവികാസങ്ങളാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ സവര്‍ണ്ണ മേധാവിത്വവും ജാതി-മത ഉച്ചനീചത്വങ്ങളും കൊടികുത്തി വാഴുന്നതു കണ്ടാണ് സ്വാമി വിവേകാനന്ദന്‍ അന്ന് അങ്ങനെ പറഞ്ഞതെങ്കില്‍, അതേ സംഭവ വികാസങ്ങളാണ് നൂറു വര്‍ഷങ്ങള്‍ക്കുശേഷവും ഇന്ന് ഭാരതമൊട്ടാകെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
അധികാരത്തിനും ആധിപത്യത്തിനും വേണ്ടി മത്സരം നടത്തുന്ന രാഷ്ട്രീയ ശക്തികള്‍ അവരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തവരെ വരുതിയിലാക്കാന്‍ ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ക്കുള്ളിലാക്കി വില പേശുന്നു. എന്നിട്ടും വഴങ്ങാത്തവരെ മതമേലദ്ധ്യക്ഷന്മാരുടെ പിന്‍ബലം കൊണ്ട് ബലിയാടുകളാക്കുന്നു. ഒരു മതത്തെ തകര്‍ക്കുവാനും അവരുടെ വിശ്വാസങ്ങളും മതമൂല്യങ്ങളും വിഷലിപ്തമാക്കി ഭിന്നതയുണ്ടാക്കാനും അവരെ തമ്മിലടിപ്പിക്കാനും ഇതര മതസ്ഥരെ ഉപയോഗിക്കുന്നു. അതിന്റെ പരിണിതഫലമോ മതസഹിഷ്ണുതയോടെ, പരസ്പരസ്നേഹത്തോടെ, വിശ്വാസത്തോടെ വസിച്ചിരുന്ന ജനസമൂഹം ഇന്ന് അവരവരുടെ ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മില്‍ തല്ലുന്നു.
പരസ്പരവിശ്വാസവും, ബഹുമാനവും നഷ്ടപ്പെട്ട ജനസമൂഹം ഭാരതസംസ്ക്കാരത്തേയും മൂല്യതയേയും ഇപ്പോള്‍ വെല്ലുവിളിക്കുകയാണ്. ദേശീയഗാനത്തെ ആക്ഷേപിക്കുകയും, അതേച്ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യംവരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനെ പുകഴ്ത്തിയും ബ്രിട്ടീഷ് രാജ്ഞിക്ക് സ്തുതി പാടിയും കഴിഞ്ഞിരുന്ന കാലഘട്ടങ്ങളില്‍, ഭാരതത്തെ പുകഴ്ത്തി ബങ്കിംഗ്ചന്ദ്ര ചാറ്റര്‍ജിയുടെ ആശയത്തില്‍ മുളപൊട്ടിയ 'വന്ദേമാതര'മാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ബ്രിട്ടീഷ് അധിനിവേശക്കാലത്ത് രചിച്ച വന്ദേമാതരത്തിനെതിരെ മുസ്ലിം, ക്രിസ്ത്യന്‍, പാഴ്സി, സിഖ് വംശജര്‍ അക്കാലത്ത് രംഗത്തു വന്നെങ്കിലും കാലക്രമേണ ആ എതിര്‍പ്പുകള്‍ അലിഞ്ഞില്ലാതായി എന്ന് ചരിത്രം പറയുന്നു. ഹിന്ദു ദൈവങ്ങളെ പുകഴ്ത്തുന്ന അനേകം വാക്കുകളും വചനങ്ങളും അതില്‍ ഉള്‍ക്കൊള്ളിട്ടുണ്ടെന്നതായിരുന്നു കാരണം. മതേതര ഇന്ത്യയുടെ ഐക്യത്തിന് കളങ്കമേല്‍ക്കാതിരിക്കാനായിരിക്കണം സ്കൂളുകളില്‍ ജാതിമതഭേദമന്യേ എല്ലാ കുട്ടികളും ഇന്നുവരെ വന്ദേമാതരം ആലപിച്ചുകൊണ്ടിരുന്നത്.
എപ്പോഴും എന്തെങ്കിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നത് ഒരുപക്ഷേ ഇന്ത്യന്‍ ജനതയില്‍ അല്പം കൂടുതലായിരിക്കുമെന്നു തോന്നുന്നു. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലെ ദിയോബന്ദില്‍ ഈയ്യിടെ ജാമിയത്-ഇ-ഉലമ ഹിന്ദ് എന്ന മുസ്ലിം സംഘടന വന്ദേമാതരത്തിനെതിരെ രംഗത്തു വന്നിരിക്കുന്നു. മുസ്ലിം സമുദായത്തേയും അവരുടെ വിശ്വാസങ്ങളേയും വ്രണപ്പെടുത്തുന്ന വരികളും വചനങ്ങളും വന്ദേമാതരത്തിലുണ്ടെന്നും, അതുകൊണ്ട് ഇസ്ലാം മത വിശ്വാസികളും അവരുടെ മക്കളും വന്ദേമാതരം ആലപിക്കരുതെന്നുമാണ് ഈ സംഘടന 'ഫത് വ' പുറപ്പെടുവിച്ചിരിക്കുന്നത്. അതിന്റെ പ്രതികരണമെന്നോണം മഹാരാഷ്ട്രയില്‍ ശിവസേനാ തലവന്‍ ബാല്‍താക്കറേയും, എക്സിക്യൂട്ടിവ് പ്രസിഡന്റ് ഉദ്ധവ് താക്കറേയും പുറപ്പെടുവിച്ചിരിക്കുന്ന പ്രസ്ഥാവന അതിലേറെ വിചിത്രമാണ്. വന്ദേമാതരം ആലപിക്കാന്‍ വിമുഖതയുള്ളവര്‍ പാക്കിസ്ഥാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നാണ് ഈ മതതീവ്രവാദി നേതാക്കളുടെ ആഹ്വാനം. മഹാരാഷ്ട്രയില്‍നിന്ന് അന്യസംസ്ഥാനക്കാരെ അടിച്ചോടിക്കാന്‍ പലതവണ ശ്രമിച്ചവരും, ഇപ്പോഴും അതിനുവേണ്ട സന്നാഹങ്ങളൊരുക്കുകയും ചെയ്യുന്നവരാണ് ശിവസേനക്കാര്‍ എന്ന സത്യവും ഇവിടെ പ്രസക്തമാണെന്നോര്‍ക്കണം.
ദേശീയതലത്തില്‍ തന്നെ വര്‍ഗ്ഗീയതക്ക് നിറം ചാര്‍ത്തുന്ന വന്‍ പ്രചരണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഒരു മതത്തെ അല്ലെങ്കില്‍ ജാതിയെ അവഹേളിക്കവാനും, ജനങ്ങളെ അവര്‍ക്കെതിരെ തിരിച്ചുവിടാനും വികല ചിന്താഗതി വെച്ചുപുലര്‍ത്തുന്ന ആര്‍ക്കും സാധിക്കും എന്നതിന് വ്യക്തമായ തെളിവായിരുന്നു നന്ദേഡ് സ്ഫോടനവും, മാലേഗാവ് സ്ഫോടനവും. മഹാരഷ്ട്രയില്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന സ്ഫോടനങ്ങളില്‍ സിമിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇസ്ലാമിക സംഘടനകളോ ആണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇസ്ലാം വിരുദ്ധ ലഘുലേഖകള്‍ പോലും വിതരണം ചെയ്തിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം തലന്‍ ഹേമന്ത് കാര്‍ക്കറെയുടെ അസാമാന്യ ബുദ്ധിസാമര്‍ദ്ധ്യംകൊണ്ടു മാത്രമാണ് യഥാര്‍ത്ഥ പ്രതികളായ കേണല്‍ പുരോഹിത്, സ്വാധി പ്രഞ്ജാ സിംഗ് മുതലായ ഹിന്ദു തീവ്ര വാദികളോടൊപ്പം, സനാതന്‍ സംസ്ഥ, ഹിന്ദു ജന്‍ ജാഗരണ്‍ സമിതി, ഗുരുകൃപാ പ്രതിഷ്ഠാന്‍ എന്നീ മതതീവ്രവാദ സംഘടനകളുടെ നേതാക്കളേയും പിടികൂറ്റിയത്. ഹിന്ദു തീവ്രവാദികള്‍ ഹിന്ദുക്കള്‍ക്കുനേരെ ഭീകരാക്രമണം നടത്തി മുസ്ലീങ്ങളാണ് ചെയ്തതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഹിന്ദു സമുദായം ഹിന്ദു ജാഗരണ്‍ സമിതിയും, ക്രൈസ്തവ സഭകള്‍ അവരുടേതായ ജാഗ്രതാ സമിതികളും രൂപീകരിക്കുകയും, ഇസ്ലാം മതനേതാക്കളും സംഘടനകളും പലതരം ഫത് വകളുമിറക്കി പരസ്പരം പോരിനിറങ്ങി രാജ്യത്തിന്റെ അഖണ്ഡതയെ കീറിമുറിക്കുമ്പോള്‍ ഭരണ തലപ്പത്ത് വെറും നോക്കുകുത്തികളായി മാറുന്ന ഭരണകര്‍ത്താക്കള്‍ ഒന്നോര്‍ക്കണം - ഒരു മതേതര രാഷ്ട്രമെന്ന ഭാരതത്തിന്റെ അടുത്തൂണിന് വെല്ലുവിളയായി രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍ വ്വതങ്ങള്‍ ഏതു നിമിഷവും പൊട്ടിത്തെറിക്കാം.വീണ്ടും ഇന്ത്യയെ വെട്ടിമുറിക്കപ്പെടാം
No comments:
Post a Comment