Saturday, November 28, 2009

നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ

“ഞങ്ങടെ പോലീസ് ഞങ്ങളെ തല്യാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസ്സേ....” ഇത് കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാരെ നോക്കി വിളിച്ചു പറയുന്ന മുദ്രാവാക്യം. "ധീരാ വീരാ നേതാവേ ധീരതയോടെ നയിച്ചോളൂ....ലക്ഷം ലക്ഷം പിന്നാലേ...” ഇത് നേതാവിന്റെ വാലില്‍ തൂങ്ങി അണികള്‍ വിളിച്ചു പറയുന്ന മുദ്രാവാക്യം. മുദ്രാവാക്യങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് നമ്മുടെ കേരളമെന്ന് മനസ്സിലാകണമെങ്കില്‍ അങ്ങ് കാസര്‍ഗോഡു മുതല്‍ കന്യാകുമാരിവരെ യാത്ര ചെയ്യണമെന്നില്ല. ചുമ്മാ ഒന്ന് പുറത്തോട്ടിറങ്ങിയാല്‍ മതി. കേള്‍ക്കാന്‍ ഇമ്പമുള്ളതും ഷഡ്ജവും ബൃഗയും ശ്രൂതിയുമൊക്കെ ഒത്തുചേര്‍ന്ന നല്ല രസികന്‍ മുദ്രാവാക്യങ്ങള്‍ നമുക്കു കേള്‍ക്കാം. മുദ്രാവാക്യങ്ങള്‍ക്ക് കാരണങ്ങള്‍ പലതാകാം. എല്ലാം ഓരോ കാര്യസാദ്ധ്യതകള്‍ക്കായി ഉപയോഗിക്കുന്നു. അവയില്‍ നിരുപദ്രവകാരികളും ഉപദ്രവകാരികളുമുണ്ട്. അതങ്ങ് കേരളത്തില്‍. എന്നാല്‍ വ്യത്യസ്ഥമായ രീതിയില്‍, മുഷ്ടി ചുരുട്ടാതെ, മുദ്രാവാക്യങ്ങളില്ലാതെ കാര്യങ്ങള്‍ നേടിയെടുക്കലാണ് അമേരിക്കയിലെ സമരമുറകള്‍. എത്ര വലിയ ആനക്കാര്യമാണെങ്കിലും, തിരഞ്ഞെടുത്ത ഏതാനും പേര്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഒരു ബാനര്‍ കഴുത്തില്‍ കെട്ടിത്തൂക്കി തെക്കു വടക്ക് നടക്കും. അത്ര തന്നെ. പക്ഷേ, തനി കേരളാ സ്റ്റൈലിലൊരു കീ ജയ് വിളിക്കും, ഗോ ബാക്ക് വിളിക്കും, വാടാ പോടാ വിളിക്കും ഈയടുത്ത കാലത്ത് എനിക്ക് ദൃക് സാക്ഷിയാകേണ്ടി വന്നു. ഞാന്‍ താമസിക്കുന്ന ഏരിയായിലെ മലയാളി അസോസിയേഷന്റെ വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന ഭാരവാഹികളും ഏതാനും അംഗങ്ങളുമാണ് കീജയ് വിളിയുടെ ഉപജ്ഞാതാക്കളാണെന്നുള്ളതാണ് ഏറെ രസകരം.

മേല്പറഞ്ഞ സംഘടനയുടെ പ്രവൃത്തികളില്‍ അതൃപ്തരായവരും, വ്യത്യസ്ഥ കാഴ്ചപ്പാടുകളുമുള്ള ഏതാനും ചിലര്‍ ചേര്‍ന്ന് മറ്റൊരു സംഘടനയ്ക്ക് രൂപം നല്കുന്നതായിരുന്നു വേദി. അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കുറെ പേര്‍ രംഗത്തു വന്നിരുന്നു. (എന്നാല്‍ പിന്നീടവര്‍ കാലു മാറിയെന്നും അതല്ല മേല്പറഞ്ഞ സംഘടനാ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ട് മാറിയതാണെന്നും പിന്നാമ്പുറ സംസാരം).

തപാലില്‍ ഒരു ക്ഷണക്കത്ത് കിട്ടിയതുകൊണ്ടും ഉഗ്രനൊരു ശാപ്പാടും കിട്ടുമെന്നും അറിഞ്ഞതുകൊണ്ടാണ് ഉത്സാഹത്തോടെ ഈയുള്ളവന്‍ പോയത്. സ്ഥലത്തെ ഒരു മലയാളി ഹോട്ടലിലെ ഫുഡ് ആണെന്ന് കേട്ടപ്പോള്‍ എന്തു കുന്തമായാലും പോകാമെന്നു വെച്ചു. കാരണം ഫുഡ്ഡെന്ന് കേട്ടാല്‍ കമഴ്ന്ന് വീഴാത്ത മലയാളികളൂണ്ടോ. തന്നെയുമല്ല, മേല്പറഞ്ഞ ഹോട്ടലിലെ ബിരിയാണി പോപ്പുലറാണുതാനും. കുളിച്ച് കുട്ടപ്പനായി ലേഖകന്‍ ഹാളിന്റെ കവാടത്തിലെത്തിയപ്പോള്‍ അല്പം പന്തികേട് തോന്നാതിരുന്നില്ല. കാരണം, അകത്തു നില്‍ക്കുന്ന ചില നേതാക്കന്മാരുടെ തനിസ്വഭാവം അറിയാമെന്നുള്ളതുകൊണ്ടുതന്നെ. ഏതായാലും അകത്തുകയറി. പണ്ടൊക്കെ നാട്ടില്‍ കല്യാണം വിളിച്ചാല്‍ അപ്പനും അമ്മയും മക്കളുമെല്ലാം കൂട്ടത്തോടെ പോകുന്നൊരു പതിവുണ്ട്. ഏതാണ്ട് അതുപോലെയായിരുന്നു ഹാളിലെ തിരക്ക്. മേല്പറഞ്ഞ സംഘടനയിലെ പ്രസിഡന്റടക്കം എല്ലാവരും, അവരുടെ ഭാര്യ (ഭര്‍ത്താവ്)മാരും ബന്ധുക്കളും കസേരകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലാവരുടേയും മുഖത്ത് ഒരു ഗൂഢസ്മിതം തത്തിക്കളിക്കുന്നുമുണ്ട്. ഹാളിന്റെ മൂലയില്‍ ബിരിയാണിയും അതിന്റെ സ്‌പെയര്‍ പാര്‍ട്ട്‌സുകളും കണ്ടു. എന്റെ ആഗമനം സംഘാടകരെ അറിയിച്ചു. അറിയുന്ന പലരും സദസ്സിലിരിപ്പുണ്ട്. പക്ഷേ, എല്ലാവരുടേയും മുഖത്തൊരു അഷ്ക്കത. സംസാരിക്കാനൊരു വൈക്ലബ്ബ്യം.

സംഘാടകരും ക്ഷണിക്കപ്പെട്ട അതിഥികളും ഹാളിലേക്ക് പ്രവേശിച്ചയുടനെ സദസ്സിലിരുന്ന മേല്പറഞ്ഞ നേതാക്കളും കുടുംബാംഗങ്ങളും കൂകിക്കൊണ്ട് ചാടിയെഴുന്നേറ്റു. കൂകലില്‍ പി.എച്ച്.ഡി. എടുത്തിട്ടുള്ളവരാണ് മലയാളികളെന്ന് എവിടെയോ ഞാന്‍ വായിച്ചിട്ടുണ്ട്. അവരുടെ വിചിത്ര സ്വഭാവങ്ങളിലൊന്നാണ് കൂകലിനോടുള്ള താല്പര്യമത്രേ. സങ്കടം വന്നാലും കൂകും, സന്തോഷം വന്നാലും കൂകും. തിയ്യേറ്ററില്‍ കറന്റുപോയാല്‍ മലയാളികള്‍ ഒന്നടങ്കം കൂകും. നിയമസഭയിലും ഈ കൂകല്‍ കേള്‍ക്കാം. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് ഏറ്റവും അടിസ്ഥാനപരമായ ഒരു അവകാശമായിട്ടാണ് മലയാളി കൂവലിനെ കരുതുന്നത്. ഞാന്‍ കേട്ടത് ആണും പെണ്ണും ഒരുമിച്ച കൂകലാണ്. ഞങ്ങളുടെ നാട്ടില്‍ കുറുക്കന്മാര്‍ ഓലിയിടുന്നതുപോലെ.

എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനുമുന്‍പ് വന്നവരെ വളഞ്ഞിട്ടു പിടിച്ച് തലങ്ങും വിലങ്ങും ചോദ്യം ചെയ്യലും അട്ടഹാസങ്ങളും അസഭ്യം പറയലും തുടങ്ങി. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ആരും തയ്യാറല്ലെന്ന് മാത്രമല്ല അവരെ ഒന്ന് ഇരിക്കാന്‍ പോലും സമ്മതിക്കുന്നില്ല. അന്യസംഥാനങ്ങളില്‍ നിന്ന് വന്നവരെ, മുഖപരിചയം പോലുമില്ലാത്തവര്‍ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ ക്രോസ്സ് വിസ്താരം ചെയ്യുന്നതു കണ്ടപ്പോള്‍ ഈയുള്ളവന്റെ ഉള്ളൊന്നു കാളി. വിവിധ മാദ്ധ്യമങ്ങളിലും, ഏഷ്യാനെറ്റ് പോലുള്ള ചാനലുകളിലും പലപ്പോഴും കാണാറുള്ള, സാമൂഹികരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ആതുരശുഷ്രൂഷാ മേഖലകളിലും അറിയപ്പെടുന്ന ഒരു വനിതയുടെ നേരെ സ്ഥലത്തെ ഒരു മാന്യന്റെ ചോദ്യം കേട്ടപ്പോള്‍ ഈയുള്ളവന്‍ ഞെട്ടി. "ഹു ആര്‍ യു....?” ആദ്യത്തെ ചോദ്യത്തിന് ആ വനിത സൗമ്യതയോടെ ഉത്തരം പറഞ്ഞു..."ഐ ആം ..സോ ആന്റ് സോ.....” അതു മനസ്സിലായി, “വാട്ട് ഡു യു ഡു ഫോര്‍ ലിവിംഗ്..?” അടുത്ത ചോദ്യം. "മനസ്സിലായില്ല....!” വനിതയുടെ വിനീത മായ മറുപടി. "ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മനസ്സിലാകില്ലേ....ജീവിക്കാന്‍ എന്താ ചെയ്യുന്നതെന്ന്..?” മാന്യന്റെ ചോദ്യം കേട്ട് അവരൊന്നു പതറി. ഞാന്‍ ചെന്ന് ആ മഹതി ആരാണെന്നും എന്താണ് ജോലി എന്നുമൊക്കെ പറഞ്ഞപ്പോള്‍ വനിതയെ വിട്ട് ആ വിദ്വാന്‍ മറ്റൊരാളുടെ നേരെ തിരിഞ്ഞൊരു ചോദ്യം...."താനാണോടോ പാഷാണത്തിലെ കൃമി...?” സത്യം പറയാമല്ലോ ഞാനാദ്യമായിട്ടാണ് അങ്ങനെയൊരു പദപ്രയോഗം കേള്‍ക്കുന്നത്. "പാഷാണത്തിലെ കൃമിയോ....!!” അതിഥികളായെത്തിയവരില്‍ ആരേയും ഒരു ഗ്ലാസ്സ് വെള്ളംപോലും കുടിക്കാനുള്ള സാവകാശം കൊടുക്കാതെ നേതാക്കന്മാരും ശിങ്കിടികളും ഹാളിലിട്ട് വട്ടം കറക്കി തിമര്‍ത്താടി. തല്ലിനു പോകുമ്പോള്‍ വീഡിയോ ക്യാമറയുമായി പോകുന്ന അപൂര്‍വ്വ കാഴ്ചയും ഞാനവിടെ കണ്ടു. ഇടത്തെ കൈകൊണ്ട് പാംകോഡര്‍ പൊക്കിപ്പിടിച്ച് വലത്തെ കൈകൊണ്ട് തട്ടും തടുക്കലും കണ്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

"ഞാന്‍ ജീന്‍സ് ഇട്ടുപോയി. തുണിയാണുടുത്തിരുന്നതെങ്കില്‍ തുണി പൊക്കിക്കാണിച്ചേനേ......” ജീന്‍സില്‍ കൈവെച്ചുകൊണ്ട് സ്ഥലത്തെ മറ്റൊരു പ്രധാന പയ്യന്‍സിന്റെ കമന്റ് കേട്ടപ്പോള്‍ തുണിപൊക്കലിന് പേരുകേട്ട കേരള നിയമസഭയാണ് ഓര്‍മ്മ വന്നത്. പാവം ഉമ്മന്‍ ചാണ്ടി...! അങ്ങേരുപോലും ഇതുവരെ തുണിപൊക്കിക്കാണിച്ചിട്ടില്ല. ഇതാ ഇവിടെ അമേരിക്കയില്‍ ഒരുത്തന്‍ അതിന് തയ്യാറായി നടക്കുന്നു. പണ്ട് നമ്മുടെ മുരളീധരന്‍ സുരേഷ് ഉണ്ണിത്താന്റെ ഉടുമുണ്ടുരിഞ്ഞെടുത്ത കഥ കേട്ടിട്ടുണ്ട്. ഇവനാരെടാ മുരളീധരന്റെ "ഡിക്ക്" പാര്‍ട്ടിക്കാരനോ എന്ന് ഒരു നിമിഷം ഞാന്‍ ചിന്തിച്ചുപോയി. "ധീരാ വീരാ നേതാവേ....ധീരതയോടെ നയിച്ചോളൂ....ലക്ഷം ലക്ഷം പിന്നാലേ...." എന്ന അണികളുടെ വാക്കുകേട്ട് ഇറങ്ങിത്തിരിച്ച നേതാക്കള്‍ അണികള്‍ കാലു വാരിയതറിയാതെ അണ്ടി കളഞ്ഞ അണ്ണാന്മാരെപ്പോലെ മെഴുക്കസ്യാ എന്ന മട്ടില്‍ നില്‍ക്കുന്നു. കൂടെ നടന്നവന്‍ കാലില്‍ ചവിട്ടി, പുറകില്‍ നിന്ന് കുത്തി, കുതികാല്‍ വെട്ടി, മീന്‍ കണ്ട അരയന്‍ എന്നൊക്കെയുള്ള മലയാളികളുടെ ക്വാളിഫിക്കേഷന്‍സിന്റേയും പഴഞ്ചൊല്ലുകളുടെയെല്ലാം ദൃശ്യാവിഷ്ക്കാരം നേരില്‍ കാണാണുള്ള മഹാഭാഗ്യവും എനിക്കു കിട്ടി.

"ഇത് അമേരിക്കയാണ്. ദിനംപ്രതി കൂണുകള്‍ പോലെ സംഘടനകള്‍ മുളച്ചു വരുന്നുമുണ്ട്. ഇവിടെ എല്ലാവര്‍ക്കും അതിന് സ്വാതന്ത്ര്യവുമുണ്ട്." സംഘാടകരില്‍ ഒരാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. "അതങ്ങ് പള്ളീപ്പോയി പറഞ്ഞാ മതി. ഞങ്ങളിവിടെയുള്ളപ്പോള്‍ മറ്റൊന്നു തുടങ്ങാന്‍ ആരേയും സമ്മതിക്കില്ല...” ഇതു കേട്ടപ്പോള്‍ ഞാന്‍ മറ്റൊരാളോടു പറഞ്ഞു..."യു.ഡി.എഫിന്റെ സംസ്ഥാന സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ പിണറായിയേയും കൊടിയേരിയേയും ആരെങ്കിലും വിളിക്കുമോ..?” കേട്ടയാള്‍ക്ക് അത് "ക്ഷ ബോധിച്ചു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന മലയാളികള്‍ അമേരിക്കയിലുമുണ്ടെന്നുള്ളത് നേരില്‍ കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ കൊല്ലാന്‍ തോന്നി. വിളിച്ചു വരുത്തിയ അതിഥികളെ അപമാനിച്ചു വിട്ട നേതാക്കളില്‍ ചിലര്‍ ബഹളമെല്ലാം കഴിഞ്ഞ് ബിരിയാണി വെട്ടി വിഴുങ്ങുന്നതു കണ്ടപ്പോള്‍ പണ്ടാരാണ്ട് പറഞ്ഞ ഒരു പഴങ്കഥ ഓര്‍മ്മ വന്നു. "നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ.....”




No comments:

Post a Comment