Sunday, February 7, 2010

തകരുന്ന കുടുംബ ബന്ധങ്ങള്‍


"മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന്" പഴമക്കാര്‍ പറയാറുണ്ട്. ആറ്റുനോറ്റു വളര്‍ത്തി വലുതാക്കിയ മക്കള്‍ അവസാനം മാതാപിതാക്കളെ തള്ളിപ്പറയുമ്പോള്‍ അതുവരെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരുന്ന ശുഭപ്രതീക്ഷകളെല്ലാം തകര്‍ന്നു തരിപ്പണമാകുന്നു. മാമ്പൂവിന്‍റേയും ഗതി ഇതു തന്നെ. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അതു തന്നെ. അനന്തരാവകാശികളില്ലാതെ വരുമ്പോഴാണ് കുടുംബം അന്യം നിന്നുപോകുന്നു എന്നു പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കുടുംബസംവിധാനം നേരിടുന്ന വലിയ ഭീഷണി അനന്തരാവ കാശികളുടെ അഭാവമല്ല; മനുഷ്യരാശിയില്‍ വലിയ പ്രത്യാഘാതമുണ്ടായേക്കാവുന്ന കുടുംബ ബന്ധങ്ങളിലെ നിരാകരണമാണ്. 

തിരക്കുപിടിച്ച ജീവിതചര്യകള്‍ക്കിടയില്‍ സ്വന്തം കുഞ്ഞുങ്ങളെ വേണ്ടവിധം പരിചരിക്കാനോ അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാനോ സമയം കണ്ടെത്താത്ത മാതാപിതാക്കള്‍, വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ അവരില്‍നിന്ന് അകന്നുപോകുന്നതും അറിയുന്നില്ല. തന്മൂലം ഉത്തരദ്രുവവും ദക്ഷിണ ദ്രുവവും പോലെ ഒരു കൂരക്കീഴില്‍ എല്ലാവരും കഴിയേണ്ടിവരുന്നു. പലരും പറയുന്ന ഒരു കാര്യമാണ് മക്കളോടുള്ള സ്നേഹം മനസ്സില്‍ മതിയെന്ന്. അത് തീര്‍ത്തും തെറ്റാണ്. ചുമയും സ്നേഹവും ഒളിച്ചു വെക്കയ്ക്കതെന്ന് പറയാറുണ്ട്. സ്നേഹം മനസ്സില്‍ സൂക്ഷിച്ചു വെക്കേണ്ട ഒന്നല്ല. തന്നെ മാതാപിതാക്കള്‍ സ്നേഹിക്കുന്നുണ്ടെന്ന് കുട്ടി അറിയണം. സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന രക്ഷിതാക്കള്‍ മക്കളില്‍ നിന്ന് സ്നേഹം ലഭിക്കണമെന്ന് ആശിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല.

പോറ്റി വളര്‍ത്തി വലുതാക്കി മാനുഷിക ബന്ധങ്ങള്‍ മാനിക്കുന്ന, ഉത്തരവാദിത്വവും ധാര്‍മ്മിക പ്രതി ബദ്ധതയും സംസ്ക്കാരവും സാമൂഹിക ബോധവുമുള്ള മനുഷ്യനായി മാറ്റുന്ന കുടുംബത്തെ ഒരനാശാസ്യസ്ഥാപനമായി ആധുനിക യുവജനത വിലയിരുത്തുന്നു. അല്ലെങ്കില്‍ അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിന്‍റെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കുന്ന കേരളം നേരിടുവാന്‍ പോകുന്നത്. ദൈവവിശ്വാസമില്ലാത്ത ഭരണാധികാരികള്‍ ഒരു ദേശം ഭരിച്ചാല്‍ ജനങ്ങളെങ്ങനെ ദൈവവിശ്വാസികളാകും? പാര്‍ട്ടിയംഗങ്ങളായ ജനപ്രതിനിധികള്‍ മതാ ചാരങ്ങളിലോ മതചടങ്ങുകളിലോ പങ്കെടുക്കരുതെന്ന പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അസംബന്ധമെന്നേ പറയാന്‍ കഴിയൂ. കുടുംബസംവിധാനത്തിന്‍റെ സാധുതയെ നേരത്തേ നിരാകരിച്ചത് മാര്‍ക്സിസ്റ്റ് ദര്‍ശനമാണ്. സ്വകാര്യ സ്വത്തിന്‍റെ സൃഷ്ടിയാണ് കുടുംബം എന്നാണവരുടെ കണ്ടെത്തല്‍. വ്യക്തികള്‍ വിഭവങ്ങളും ഉല്പാദനോപാധികളും സമ്പാദിച്ച് സ്വന്തം ഉടമസ്ഥതയിലാക്കാന്‍ തുടങ്ങിയപ്പോള്‍ ആ ഉടമസ്ഥത നിലനിര്‍ത്താന്‍ ആവിഷ്ക്കരിക്കപ്പെട്ട സംവിധാനമാണ് കുടുംബം. സ്വകാര്യ ഉടമസ്ഥത നിര്‍മാര്‍ജനം ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി നിലവില്‍ വരികയും ചെയ്യുമ്പോള്‍ ഭരണകൂടം എന്നപോലെ കുടുംബവും സ്വയം ഇല്ലാതാകുമത്രേ. പക്ഷേ, കമ്മ്യൂണിസം സ്വയം ഇല്ലാതായെങ്കിലും ഒരിടത്തും കുടുംബം ഇല്ലാതായിട്ടില്ല. കുടുംബ ബന്ധങ്ങള്‍ക്ക് ഏറ്റവും വിലകല്‍പ്പിക്കുന്നത് കേരളീയരാണെന്ന് വേണമെങ്കില്‍ പറയാം. ആ കുടുംബ ബന്ധങ്ങളെ വേരോടെ പിഴുതെറിയാനും അതുവഴി കുടുംബശിഥിലീകരണം നേരിടേണ്ടിവരുന്ന അവസ്ഥയിലേക്കാണ് സര്‍ക്കാരിന്‍റെ പുതിയ നയം വ്യക്തമാകുന്നത്. എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തില്‍ ഇടതു സര്‍ക്കാര്‍ പാഠ്യപദ്ധതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളര്‍ന്നു വരുന്ന കുട്ടികളെ നിരീശ്വരവാദികളാക്കാനും, കുടുംബ മര്യാദയില്ലാത്തവരാക്കാനും ഉദ്ദേശിച്ചുകൊണ്ടു തന്നെയാണ്. ഓരോ വ്യക്തികളുടെയും ദൈവ-മതവിശ്വാസങ്ങളില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വീണതുകൊണ്ടാണല്ലോ അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരും ഡോ. മനോജിനെപ്പോലെയുള്ള വരും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയത്.

കുടുംബത്തില്‍ പിറക്കുകയും മാതാപിതാക്കളുടെ സശ്രദ്ധമായ പരിചരണത്തില്‍ വളര്‍ന്നു വലുതാകുകയും ചെയ്തവര്‍ അവസാനം തിരിഞ്ഞുനിന്ന് കുടുംബത്തെ ആക്ഷേപിക്കുകയും, ദൈവവിശ്വാസികളല്ലാതാകുകയും ചെയ്താലത്തെ അവസ്ഥ അതിഭീകരമായിരിക്കും. ഈയ്യിടെ തിരുവനന്തപുരത്ത് വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച "കാണാതാകുന്ന പെണ്‍കുട്ടികള്‍, പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍" എന്ന ശില്‍പശാലയില്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ജേക്കബ് പുന്നൂസ് നടത്തിയ പ്രസ്ഥാവന ഏറെ ശ്രദ്ധേയമാണ്. കുടുംബങ്ങളില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും സ്കൂളില്‍ അധ്യാപകരോടുമുള്ള ബന്ധത്തിലുണ്ടാകുന്ന തകര്‍ച്ചയുടെ ഫലമാണത്രേ കുട്ടികള്‍ ഒളിച്ചോടിപ്പോകുന്നതിന്‍റെ മുഖ്യകാരണം.

കേരളത്തില്‍ ഇന്ന് നടക്കുന്ന അക്രമങ്ങള്‍, കൊള്ള, കൊലപാതകം മുതലായവയുടെ പ്രഭവസ്ഥാനം കുടുംബങ്ങളില്‍ തന്നെയാണ്. കുടുംബങ്ങളിലെ സ്നേഹ നിരാസമാണ് കുട്ടികളെ ക്രൂരന്മാരും സാമൂഹികവിരുദ്ധരുമാക്കുന്നത്. താരതമ്യേന അവര്‍ സ്വാര്‍ത്ഥരും സ്വന്തം സുഖലോലുപതകള്‍ക്ക് വിഘ്നമാകുന്ന എന്തിനേയും നിഷ്ക്കരുണം ഇല്ലായ്മചെയ്യുവാനും മടിക്കാത്തവരായി മാറുകയും ചെയ്യുന്നു. കേരളത്തില്‍ മാതാപിതാക്കളും സഹോദരന്മാരും ഭാര്യാഭര്‍ത്താക്കന്മാരും പരസ്പരവിശ്വാസം നഷ്ടപ്പെട്ടവരായി ജീവിക്കുന്നതും പരസ്പരം കഴുത്തുവെട്ടുന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നതും മേല്‍പറഞ്ഞ കുടുംബ പ്രശ്നങ്ങളില്‍നിന്ന് ഉടലെടുത്തതാണ്. പഴയ കാലത്തുണ്ടായിരുന്ന രൂപക്കൂടും, പ്രാര്‍ത്ഥനാമുറികളും, നിസ്ക്കാരപ്പായയുമൊക്കെ അപ്രത്യക്ഷമാകുകയും ടെലിവിഷന്‍ സെറ്റുകള്‍ തത്സ്ഥാനത്ത് സ്ഥാപിക്കുകയും, മാതാപിതാക്കളും മക്കളും ഒന്നിച്ചിരുന്ന് സ്ന്ധ്യാപ്രാര്‍ത്ഥന ചൊല്ലിയിരുന്ന സമയം ചാനലുകാര്‍ കൈയ്യടക്കുകയും ചെയ്തതോടെ കുടുംബജീവിതം ഒരു റിയാലിറ്റി ഷോ പോലെയായി. സന്ധ്യമയങ്ങുംനേരം സന്ധ്യാനാമങ്ങള്‍ കേട്ടിരുന്ന വീടുകളിലിന്ന് അട്ടഹാസവും, ആക്രോശവും, കൊലവിളികളുമാണ് മുഴങ്ങുന്നത്. കുരിശു വരച്ചും, നാമം ജപിച്ചും, നിസ്ക്കരിച്ചും, യാസീന്‍ ഓതിയും വീടിന്‍റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നവര്‍ ടെലിവിഷന്‍ സ്ക്രീനില്‍ മിന്നിമറയുന്ന മായാജാലങ്ങളില്‍ കണ്ണും നട്ട് കണ്ണീരൊഴുക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു. യാതൊരു മാനദണ്ഡവുമില്ലാതെ, ചില വികലമനസ്സുകളില്‍ ഉരുത്തിരിയുന്ന വികട കഥകള്‍ സീരിയലുകളാക്കി ചാനലുകാര്‍ക്ക് വിറ്റ് കാശാക്കുന്ന മന്ദബുദ്ധികളായ സീരിയല്‍ നിര്‍മ്മാതാക്കള്‍ക്ക് ഓരോ കുടുംബങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളും തിരസ്ക്കരണങ്ങളും ഒരു പ്രശ്നമേ അല്ല. യാതൊരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാതെ ചാനലുകാര്‍ മത്സരിച്ച് ഓരോ സീരിയലുകളും പ്രദര്‍ശിപ്പിക്കുമ്പോള്‍ സമൂഹത്തില്‍ അവര്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എത്ര ഗൗരവമുള്ള താണെന്ന് മനസ്സിലാക്കുന്നുമില്ല.  

കുട്ടികളുടെ സ്വഭാവത്തിലും പഠനരീതിയിലും മാറ്റങ്ങള്‍ വരുന്നത് നിരീക്ഷിച്ച് യഥാസമയം പ്രതിവിധി കണ്ടെത്തി അവരെ നല്ല രീതിയില്‍ നയിക്കേണ്ട ബാദ്ധ്യത മാതാപിതാക്കള്‍ക്കാണ്. കുടുംബത്തില്‍ നിന്ന് സ്നേഹവും സംരക്ഷണവും ലഭിക്കാതെ വരുമ്പോള്‍ അവര്‍ മൊബൈല്‍ ഫോണിലും, ചാറ്റിംഗിലും, സൈബര്‍ കഫേകളിലും അഭയം കണ്ടെത്തുകയും കുടുംബ ബന്ധങ്ങളില്‍നിന്ന് അകന്ന് അവരുടേതായ ലോകത്തില്‍ വിലയം പ്രാപിക്കുകയും ചെയ്യുന്നു. 

No comments:

Post a Comment