പേരിലൊളിച്ചിരിക്കുന്ന പൊല്ലാപ്പ്
വളര്‍ത്തുകയും പിളര്‍ത്തുകയും പിളര്‍ത്തുന്തോറും വളര്‍ത്തുകയും വളര്‍ന്നു വരുന്നതിനെ വേരോടെ പിഴുതെറിയുകയും ചെയ്യുന്ന ജീവികള്‍ക്ക് ഗിന്നസ് ബുക്കില്‍ ഇടം കൊടുത്താല്‍ തീര്‍ച്ചയായും അത് മലയാളികള്‍ക്ക് കിട്ടുമെന്ന് ഉറപ്പാണ്. നാലാള്‍ കൂടിയാല്‍ ഒരു സംഘടന തല്ലിക്കൂട്ടുകയും അതില്‍ എട്ടുപേര്‍ ചേര്‍ന്നാല്‍ രണ്ടു പേര്‍ മാറിനിന്ന് പാരപണിയാനും മിടുക്കര്‍ മലയാളികള്‍ തന്നെ.
ഒന്നു വെച്ചാല്‍ മൂന്ന് മൂന്നുവെച്ചാല്‍ ആറ് എന്ന് ഉത്സവപ്പറമ്പുകളിലെ ആന-മയില്‍-ഒട്ടകക്കളിക്കാരെപ്പോലെയാണ് ഇന്ന് അമേരിക്കന്‍ മലയാളികള്‍ സംഘടനകളുണ്ടാക്കുന്നത്. ആരെങ്കിലും ഏതെങ്കിലും നല്ല കാര്യത്തിനുവേണ്ടി ഒരു ചെല്ലപ്പേരില്‍ ഒരു അസോസിയേഷനുണ്ടാക്കി അതൊന്നു പച്ച പിടിച്ചു വരുമ്പോഴായിരിക്കും ചിലര്‍ക്ക് ചൊറിച്ചില്‍ കയറുന്നത്. ഉടനെ തുടങ്ങും അവര്‍ മറ്റൊരെണ്ണം. വേറെ ചിലര്‍ തൊഴുത്തില്‍ കെട്ടിയിട്ട പട്ടിയെപ്പോലെയാണ്. സ്വയം പുല്ലു തിന്നുകയുമില്ല പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല. ഇതൊരു സാംക്രമിക രോഗമായി അമേരിക്കയാകെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് പേരുകളുമായാണ് മിക്ക സംഘടനകളും മുളച്ചുപൊങ്ങുന്നതെന്നാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ സാദാ ജനങ്ങള്‍ കണ്‍ഫ്യൂഷനിലുമാകും. ഏതൊരു അസോസിയേഷനെടുത്തു നോക്കിയാലും അപരന്മാരുടെ അതിപ്രസരവും കാണാം. മീന, കീന, അമ്മ, ആമ, മാമ, ഫൊക്കാന, ഫോമാ....പേരുകള്‍ അനവധി. കൂട്ടിയും കിഴിച്ചും ഹരിച്ചും ഗണിച്ചും എങ്ങനെ തിരിച്ചും മറിച്ചും നോക്കിയാലും കിട്ടുന്ന ഉത്തരം ഒന്നു തന്നെ. "പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍..."
ഒരു പേരിലെന്തിരിക്കുന്നു എന്ന് ഒരു പക്ഷേ ചോദിച്ചേക്കാം. പേരിലാണല്ലോ എല്ലാം അടങ്ങിയിരിക്കുന്നത്. ഉചിതമായ പേരിട്ടില്ലെങ്കില്‍ ചിലപ്പോള്‍ അതിന്റെ ഉടമസ്ഥര്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടീവരുമെന്ന് ഈയ്യടുത്ത നാളുകളലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ജര്‍മ്മനിയിലൊരു പതിനാറുകാരനെ ഒരു ദന്ത ഡോക്ടര്‍ ചികിത്സ നിഷേധിച്ചു. കാരണമെന്തെന്നോ അവന്റെ പേര് ജിഹാദ് എന്നായിരുന്നു. ജിഹാദ് എന്ന പദം എല്ലാ അമുസ്ലീങ്ങള്‍ക്കുമെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് താന്‍ വിശ്വസിക്കുന്നു എന്നും അതിനാലാണ് ചികിത്സ നിഷേധിച്ചതെന്നും ഡോക്ടര്‍ വിശദീകരിച്ചത്രേ. ഒരു പേരിന്റെ പേരിലുള്ള പൊല്ലാപ്പ് നോക്കണേ. മമ്മൂട്ടിയെ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചത് പേരിലൊളിഞ്ഞിരുന്ന പൊല്ലാപ്പായിരുന്നു. മുഹമ്മദ് ഇസ്മയില്‍ എന്ന പേരുകാരന്‍ ഒരു ഭീകരനാണെന്ന് ഹോംലാന്റ് സെക്യൂരിറ്റിയുടെ ലിസ്റ്റിലുണ്ട്. മമ്മൂട്ടി എന്ന സിനിമാപ്പേരുകാരന്റെ ഒറിജിനല്‍ പേര് മുഹമ്മദ് ഇസ്മയില്‍ എന്നാണ്. പാസ്പോര്‍ട്ടിലും അതേ പേരു തന്നെ. ബോളിവുഡ് താരം ഷാരുഖ് ഖാനും സംഭവിച്ചതതു തന്നെ. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചത് പേരിലെ ഖാന്‍ ആണ്. എന്നുവെച്ച് ഇവര്‍ രണ്ടുപേരും പേരുമാറ്റാന്‍ തയ്യാറാകുമോ? ഇല്ല. അതവരുടെ ജന്മാവകാശമാണ്. കാരണവന്മാര്‍ ആശീര്‍വദിച്ചനുഗ്രഹിച്ചിട്ട പേര്. പക്ഷേ, അമേരിക്കയില്‍ ചില സംഘടനകള്‍ അങ്ങനെയല്ല. എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നല്ല ശമരിയക്കാരായ ചിലര്‍ സദുദ്ദേശത്തോടെയുള്ള പേരുകളിട്ട് നല്ല രീതിയില്‍ സാമൂഹ്യസേവനം നടത്തുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ അസൂയ പൂണ്ട് അവര്‍ക്കിട്ട് പാരപണയാന്‍ അപരന്മാര്‍ രംഗത്തിറങ്ങി അതേപേരില്‍ അല്ലെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധമുള്ള പേരുകളിട്ട് മറ്റൊരെണ്ണം തല്ലിക്കൂട്ടുമ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലങ്ങോളമിങ്ങോളം മെയ്ഡ് ബൈ യു.എസ്.എ. എന്ന ലേബലില്‍ പലതരം ഉല്പന്നങ്ങള്‍ വിറ്റ് കോടികള്‍ നേടിയ ഒരു കമ്പനിയുണ്ടായിരുന്നു. ആരു കണ്ടാലും കൊതിച്ചുപോകുന്ന ആ ഉല്പന്നങ്ങള്‍ ചൂടപ്പം പോലെയാണ് മാര്‍ക്കറ്റുകളില്‍ വിറ്റഴിഞ്ഞത്. ബോംബെ, ഡല്‍ഹി, കല്‍ക്കത്ത മുതലായ വലിയ സിറ്റികളിലായിരുന്നു ഏറ്റവും കൂടുതല്‍ വില്പന നടന്നത്. കാരണം അമേരിക്കന്‍ നിര്‍മ്മിതമായ ഉല്പന്നങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്നത് മഹാഭാഗ്യമല്ലെ. പക്ഷെ, അവയൊന്നും അമേരിക്കന്‍ നിര്‍മ്മിതമല്ലെന്നും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നും വളരെ വൈകിയാണ് ജനങ്ങളും സര്‍ക്കാരും അറിയുന്നതുതന്നെ. കണ്‍സ്യൂമേഴ്സിനെ കബളിപ്പിച്ചതിനും, വ്യാജ പേരില്‍ ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ചതിനും വിറ്റഴിച്ചതിനും അന്ന് അമേരിക്കന്‍ അധികൃതരും ഇന്ത്യന്‍ അധികൃതരും കേസ് കൊടുത്ത് കമ്പനി പൂട്ടിക്കാനുള്ള യജ്ഞം തുടങ്ങിയപ്പോഴാണ് അവര്‍ ശരിക്കും ഞെട്ടിയത്. കമ്പനി തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. 'ഞങ്ങള്‍ ആരേയും വഞ്ചിച്ചിട്ടില്ല, ഒരു ഉല്പന്നവും വ്യാജപ്പേരില്‍ നിര്‍മ്മിച്ചിട്ടില്ല, വിറ്റിട്ടില്ല. മെയ്ഡ് ഇന്‍ യു.എസ്.എ. എന്നല്ല മെയ്ഡ് ബൈ യു.എസ്.എ. എന്നാണ് ഉല്പന്നങ്ങളില്‍ എഴുതിയിരിക്കുന്നത്.' ബോബെയിലെവിടെയോ ഉല്ലാസ് നഗര്‍ എന്നൊരു സ്ഥലമുണ്ട്. അവിടത്തെ സിന്ധി സമുദായക്കാരുടെ സംഘടനയായ ഉല്ലാസ് നഗര്‍ സിന്ധി അസോസിയേഷന്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്കാണ് സംഘടനയുടെ തന്നെ ഷോര്‍ട്ട് ഫോം ആയ യു.എസ്.എ. എന്നെഴുതിയതത്രേ. നോക്കണേ ഒരു 'ഇന്‍ മാറി ബൈ' ആയപ്പോഴത്തെ പൊല്ലാപ്പ്.
അമേരിക്കയിലെങ്ങോ ജന്മമെടുത്ത വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പിതൃത്വത്തെ ചൊല്ലി കുറെ നാളുകളായി പൊട്ടലും ചീറ്റലും തുടങ്ങിയിട്ട്. സിംഗപ്പൂരും മലേഷ്യയും ദുബായിയുമൊക്കെ പിതൃത്വം ഏറ്റെടുക്കാന്‍ കുറെ നാളുകളായി പെടാപാടു പെടുകയായിരുന്നു. അമേരിക്കക്കാരുണ്ടോ വിടുന്നു. ലോക പോലീസ് സ്റ്റേഷന്‍ അമേരിക്കയിലല്ലേ സ്ഥിതി ചെയ്യുന്നത്. അമേരിക്ക പറഞ്ഞാല്‍ അപ്പീലില്ലല്ലോ...! അതുകൊണ്ടായിരിക്കാം ഇവിടത്തെ അച്ചായന്‍ പറഞ്ഞു 'പോ മോനെ ദിനേശാ..കളി എന്നോടൂ വേണ്ട. ഞാനാണവന്റെ അഛന്‍..' ഒടുവില്‍ അമേരിക്കനച്ചായനിട്ട് ഒരു പണികൊടുക്കാന്‍ ഡബ്ലിയു.എം.സി.യുടെ വളര്‍ത്തഛന്മാര്‍ തീരുമാനിച്ചു.
ആടിനേയും പശുവിനേയും വളര്‍ത്താന്‍ കൊടുക്കുന്ന ഏര്‍പ്പാട് പണ്ട് നാട്ടില്‍ നിലനിന്നിരുന്നു. ആരെങ്കിലും ഒരാള്‍ ഒരാട്ടിന്‍ കുട്ടിയേയൊ പശുക്കുട്ടിയേയൊ വളര്‍ത്താന്‍ കൊടുക്കും. അതിനെ വളര്‍ത്തി വലുതാക്കി പെറ്റു പെരുകുമ്പോള്‍ വളര്‍ത്തി വലുതാക്കിയവര്‍ക്ക് ഒരു ആട്ടിന്‍ കുട്ടിയേയോ പശുക്കുട്ടിയേയോ കിട്ടും. ബാക്കിയുള്ളവയെ ഒറിജിനലടക്കം ഉടമസ്ഥര്‍ക്ക് തിരിച്ചുകൊടുക്കണം. ഇതാണ് വ്യവസ്ഥ. ഇവിടെ ഡബ്ലിയു.എം.സി.യെ വളര്‍ത്താന്‍ വാങ്ങിക്കൊണ്ടൂപോയവര്‍ അവരുടെ സ്വന്തമെന്ന പേരില്‍ വളര്‍ത്തി വലുതാക്കി ഇപ്പോള്‍ പിതൃത്വവും കൈവശപ്പെടുത്താന്‍ നോക്കുകയാണ്. അമേരിക്കന്‍ അച്ചായനോടു പറഞ്ഞു - 'പോ മോനേ ദിനേശാ...ഞാനാണ് അവന്റെ അപ്പന്‍' എന്ന്. അടങ്ങിയിരിക്കാന്‍ അവര്‍ തയ്യാറല്ല. വക്കീല്‍ നോട്ടിസു വഴിയാണ് അമേരിക്കന്‍ അച്ചായനെ (അച്ചായന്മാരെ) കാര്യങ്ങള്‍ തെര്യപ്പെടുത്തിയിരിക്കുന്നത്.
വക്കീല്‍ നോട്ടിസില്‍ ഇളയഛന്മാരും, വെല്യഛന്മാരും, ഇളയമ്മമാരും, അമ്മായിമാരും ഒക്കെ ഒപ്പിട്ടിട്ടുണ്ട്.
നോട്ടീസ് പ്രകാരം വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ജനനം കേരളത്തിലാണെന്നും, ജനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ബോംബെയിലാണെന്നും, പൈതൃകമായിക്കിട്ടിയ വള്ളവും വലയും മുത്തുക്കുടയും സൂക്ഷിച്ചിരിക്കുന്നത് (ലോഗോ) ന്യൂജഴ്സിയിലാണെന്നും, മേലില്‍ മേല്പറഞ്ഞ പേരില്‍ ഒരു ക്രയവിക്രയങ്ങളും നടത്തിയേക്കരുതെന്നുമാണ്. കേട്ടപ്പോള്‍ നല്ല തമാശ തോന്നി. അമേരിക്കയിലുള്ള ഭൂരിഭാഗം മലയാളികള്‍ക്കും ഇ-മെയില്‍ വഴി മേപ്പടി നോട്ടീസ് കിട്ടിക്കാണണം. എനിക്കു കിട്ടി ഒരെണ്ണം. കാര്യങ്ങളിങ്ങനെയൊക്കെ ആയ സ്ഥിതിക്ക് ഒരു സംശയം. യഥാര്‍ത്ഥത്തില്‍ ഈ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒറിജിനല്‍ പിതാവ് ആരാണ്? വല്ല ഡി.എന്‍.എ. ടെസ്റ്റും നടത്തിയാല്‍ സത്യം മനസ്സിലാക്കാന്‍ സാധിക്കുമോ? അതോ കോടതി കയറിയ ഫൊക്കാന ഫോമയായി തിരിച്ചു വന്നതുപോലെ മറ്റൊരു പേരില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനിതക മാറ്റം നടത്തി തിരിച്ചു വരുമോ? കാത്തിരിക്കാം.
No comments:
Post a Comment