Saturday, December 26, 2009

ഒബാമ ഭരണകൂടത്തിലെ ഇന്ത്യനമേരിക്കന്‍ വംശജരില്‍ മലയാളി പ്രാതിനിധ്യം ഇല്ലാത്തതെന്തുകൊണ്ട് ?

ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്‍സിംഗിന്റെ അമേരിക്കന്‍ പര്യടന വേളയില്‍ വൈറ്റ് ഹൗസിലെ ഇന്ത്യന്‍ പ്രാതിനിദ്ധ്യം ഏറെ ശ്രദ്ധേയമായത് ഇന്ത്യക്കാരായ എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതായിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ അധികാരത്തില്‍ വന്നതിനുശേഷം 26 ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ വിവിധ തസ്തികകളില്‍ അവരോധിച്ചത് ഇന്ത്യക്കാരുടെ അര്‍പ്പണമനോഭാവത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം എത്രത്തോളം ദൃഢമാണെന്നതിന്റെ തെളിവാണ്.

ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ കടന്നു കൂടിയിട്ടുള്ള ഇന്ത്യന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെ പേരുവിവരങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഒരു സത്യം മനസ്സിലാക്കാം. ഒരു മലയാളിയുടെ പേരുപോലും അതില്‍ കാണാന്‍ കഴിയില്ല. അഭ്യസ്ഥവിദ്യരും, അദ്ധ്വാനശീലരും, പ്രഗത്ഭരുമാണെന്ന് അഭിമാനം കൊള്ളുന്ന മലയാളികള്‍ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള തന്ത്രപ്രധാനമായ പദവികളില്‍ നേട്ടം കൈവരിക്കാത്തത്? അല്ലെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കത് അപ്രാപ്യമാകുന്നു? സ്വാര്‍ഥതയാണോ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്താന്‍ മലയാളികള്‍ക്ക് വിലങ്ങു തടിയാകുന്നത്?

ലോകം പുരോഗതിയിലേക്ക് കുതിക്കുമ്പോഴും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മുഖം തിരിക്കാനാണ് മലയാളികളായ നാം ശ്രമിക്കുന്നത്. തന്നെയുമല്ല, ഇതര ഭാരതീയ ജനവിഭാഗങ്ങള്‍ പൗരസ്ത്യത്തില്‍നിന്ന് പാശ്ചാത്യത്തിലേക്കുള്ള ജീവിതവ്യതിയാനത്തിന് നല്‍കിയ കാഴ്ചപ്പാടല്ല മലയാളി ജനവിഭാഗത്തിലുള്ളത്. അതുകൊണ്ടായിരിക്കാം വെറും കലാ-സാംസ്ക്കാരിക വേദികളിലും മതസംഘടനകളിലും മാത്രമായി മലയാളികള്‍ ഒതുങ്ങിക്കൂടിയത്. ദേശീയ സംഘടനകളിലും പ്രാദേശിക സംഘടനകളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടായിരിക്കാം പഞ്ചായത്ത്, കരയോഗം, ജില്ല, ഗ്രാമം, മുതലായവയുടെ പേരില്‍ പല മലയാളി സംഘടനകളും കൂണുകള്‍പോലെ ദിനംപ്രതി മുളച്ചു പൊങ്ങുന്നത്. പക്ഷേ, ദേശീയമായി അമേരിക്കന്‍ മലയാളികള്‍ക്കെല്ലാം ഗുണകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനു പകരം അവയൊക്കെ ചില തല്‍പരകക്ഷികളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കുകയോ അവരവരുടെ ജന്മസ്ഥലങ്ങളുടെ ഉന്നമനത്തിലും ക്ഷേമത്തിലും മാത്രമായി നിലകൊള്ളുകയോ ചെയ്യുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്.

അമേരിക്കന്‍ മലയാളികളുടെ കൂട്ടായ്മയായ ഒരു ദേശീയ സംഘടനകളാണ് ഇപ്പോള്‍ മത്സരിച്ച് ജനസേവനത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. ഒന്ന് രണ്ടായപ്പോള്‍ മത്സരത്തിന് വീറും വാശിയും കൂടുന്നത് സ്വാഭാവികം. ഈ മത്സരങ്ങള്‍ക്ക് അന്തം വിട്ട് നില്ക്കുന്ന സാധാരണ മലയാളികള്‍ ചോദിക്കുന്ന ചോദ്യമാണ് "എന്തിന്, ആര്‍ക്കു വേണ്ടി...?" നേതൃസ്ഥാനം നേടാന്‍ വാശിയേറിയ ചൂതാട്ടത്തിനൊടുവില്‍ പരസ്പരം പഴിചാരി വീണ്ടും അടുത്ത അങ്കത്തിന് കോപ്പു കൂട്ടുന്നതല്ലാതെ, അവരോട് സഹകരിക്കുന്ന, അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന, മലയാളി സമൂഹത്തിന് കാര്യക്ഷമമായി എന്തെങ്കിലും ചെയ്യാനുള്ള ഒരു കര്‍മ്മപരിപാടിയും അവരുടെ പ്രകടനപത്രികയില്‍ കാണുന്നില്ലെന്നതാണ് സത്യം.

അടുത്ത പ്രസിഡന്റ് ആരാകണം, കണ്‍വന്‍ഷന്‍ എവിടെ നടത്തണം, ഏതു തരം സദ്യ വിളമ്പണം, കേരളത്തില്‍ നിന്ന് എത്ര മന്ത്രിമാരെ കൊണ്ടുവരണം, അവര്‍ക്ക് എവിടെയൊക്കെ സ്വീകരണച്ചടങ്ങുകള്‍ സംഘടിപ്പിക്കണം, ഫോട്ടൊ എടുക്കുമ്പോള്‍ ആരൊക്കെ കൂടെ നില്‍ക്കണം, എന്നൊക്കെയല്ലാതെ അവരെ നേതാവാക്കിയ അമേരിക്കന്‍ മലയാളികള്‍ക്ക് പ്രത്യുപകാരമായി കൊടുക്കാവുന്ന ക്രിയാത്മകമായ യാതൊരു പദ്ധതിയും ആരുടേയും മനസ്സിലില്ല. അമേരിക്കയിലേക്ക് കുടിയേറി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മലയാളികളുടെ വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ ഭിന്നിപ്പിച്ച് ഭരണം എന്ന തത്വം സ്വീകരിക്കാതെ ഐകമത്യം മഹാബലം എന്ന സന്ദേശമാണ് ദേശീയ നേതൃത്വം സ്വീകരിക്കേത്.

അമേരിക്കയില്‍ നമുക്കു കിട്ടിയ അംഗീകാരവും ആനുകൂല്ല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയും, സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ അന്യസംസ്ഥാനക്കാര്‍ നേടിയെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥാനലബ്ധികള്‍ മലയാളികള്‍ക്കും നേടിയെടുക്കാന്‍ കഴിയുമെന്ന് തീര്‍ച്ചയാണ്. അത് നടപ്പിലാകണമെങ്കില്‍ മലയാളികളില്‍നിന്ന് പിരിച്ചെടുത്ത പണം മുടക്കി കേരളത്തില്‍ നിന്നുള്ള മന്ത്രിമാരേയും എം.എല്‍.എ.മാരേയും ഇറക്കുമതി ചെയ്യാതെ വാഷിംഗ്ടണില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. മലയാളികളുടെ സാന്നിദ്ധ്യവും അവരുടെ അംഗബലവും സംഘടനാ ശക്തിയും സ്വാധീനവും അമേരിക്കന്‍ ഭരണ സിരാകേന്ദ്രങ്ങളില്‍ ബോധ്യപ്പെടുത്തണമെങ്കില്‍, മലയാളി സംഘടനകളുടെ തലപ്പത്ത് അവരോധിച്ചിരിക്കുന്ന നേതാക്കള്‍ ബുദ്ധിപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ ജനം ഇവരെ തിരസ്ക്കരിക്കുന്ന കാലം വിദൂരമല്ല.

Comments Posted By Readers


താംതരികിടതോം
ആരു പറഞ്ഞു മലയാളി ഇല്ലാന്ന് ? കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൌസില്‍ ദീപാവലി ആഘോഷിച്ചപ്പോള്‍ കംമ്പകെട്ട്ടുകാരന്‍ തൃശുര്കാരന്‍ വറീത് ജോസായിരുന്നു .ഹ കഷ്ടം... അവിടെ പള്ളി കമ്മറ്റി ,അമ്പലകമ്മറ്റി ,അമ്മിണി ഓമന,ഫോകാന ഒന്നുമില്ലല്ലോ മലയാളിയേ അങ്ങോട്ട്‌ വരവേല്‍ക്കാന്‍.

ഒബാമ
ഒബാമക്ക് വിവരം ഉണ്ട്..മലയാളികളെ അവിടെ നിയമിച്ചാല്‍ പിന്നെ അവിടെ നമ്മുടെ പിള്ളേര് കുറ്റിചോരാക്കും ..എന്തായാലും ഒബാമക്ക് വിവരമുണ്ട് കേട്ടോ...........

മല്ലു
അസൂയയും പരധൂഷണവും നിര്‍ത്തിയാല്‍ തന്നെ മലയാളിക്ക് ഒരു വില കിട്ടും അതിനാല്‍ ..നന്നായാല്‍ മലയാലീസേ കൊള്ളാം..............

സുദെര്‍ശന്‍
മലയാളിക്ക് എവിടെ പോയാലും സ്വന്തമായി ഒരു അടയാളം അല്ലെങ്കില്‍ അനന്യത വേണമെന്നല്ലാതെ മറ്റൊരു ചിന്തയും കാണുന്നില്ല. ഇതിനു പറ്റിയ രണ്ടു വേദികളാണ് മതവും അസോസിഷെനുകളും. അമേരിക്കയിലെ ചര്‍ച്ച്ചുകളം മറ്റു സ്ഘടനകളും രാഷ്ട്ര നിര്‍മ്മാണത്തില്‍ വളെരെ തല്പ്പരിയത്തോടെ പങ്കെടെക്കുന്നു. എന്നാല്‍ അമേരിക്കയിലെ മലയാളി ചര്‍ച്ചുകളും മറ്റു സ്ഘടനകളും ഇതില്‍ എത്ര മാത്രം പങ്കാളികളാണ്? ഇന്നെത്തെ ഹെല്‍ത്ത് കെയര്‍ രിഫോമഷ്നെ കുറിച്ചോ കുടിയേറ്റ നിയമങ്ങളെ കുറിച്ചോ ഇവര്‍ക്ക് എന്ത് അറിയാം? കാരണം സ്വന്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപെട്ട് കഴിഞ്ഞാല്‍ ഈ രാഷ്ട്രത്തിന് എന്ത് സംബവിച്ച്ചാലും അത് മലയാളിക്ക് ബാധകമല്ല എന്ന മനോഭാവമാണ്. നോര്‍ത്ത് ഇന്ത്യന്‍സിന്റെ സാനിധ്യം ഒബാമ ഭരണകൂടത്തില്‍ വളെരെ പ്രകടമാണ്. മലയാളിക്കും ഇത് സാദ്ധ്യ്മാകണം. അതിനു കഴിവുള്ളവരെ കണ്ടുപിടിക്കുക, അവരുടെ അമേരിക്ക എന്ന ചിറ്റമ്മയെകുറിച്ചുള്ള സകലപ്പ്‌ങ്ങള്‍ എന്തെന്നരിയുക, അവരെ കലവറ ഇല്ലാതെ പിന്തുണക്കുക. രാഷ്ട്ര്യത്തെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ തിരുത്തുക. കേരളത്തില്‍ നിന്ന് വന്നെവേരെല്ലാം നിങ്ങള്‍ കട്ടികൂടുന്ന കൊപ്രാന്ച്ങ്ങളെ അതേപടി അങ്ങികരിക്കുന്നു എന്ന് തെറ്റ് ധരിക്കപെടതിരിക്കുക. അതിനായി മറ്റുള്ളവര്‍ തന്നെ കുറിച്ച് തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാനുള്ള ആകാംഷ വച്ചു പുലര്‍ത്തുക ഇങ്ങനെയൊക്കെ ചെയ്യുംമ്പോള്‍ ഞങ്ങള്‍ നിങ്ങളെ നേതാവ് എന്ന് വിളിക്കും. കുറെ മന്ത്രിമരേം സിനിമ നടന്മാരേം പൊക്കി കൊണ്ട് നടന്നു പൊന്നാട അണിയിപ്പിച്ചു പടം അടിക്കടി പത്രത്തില്‍ ഇട്ടാല്‍ നേതാവികില്ല. "എവിടെ സ്നേഹം ഉണ്ടോ അവിടെ അധികാര മോഹം കുറഞ്ഞിരിക്കും എവിടെ അധികാര മോഹം ഉണ്ടോ അവിടെ സ്നേഹം നിശബ്ദം ആയിരിക്കും. ഒന്ന് മറ്റൊന്നിന്‍റെ നിഴല്‍ മാത്രം" എന്ന കാര്‍ള്‍ ജ്ങ്ങിന്റെ വാക്കുകള്‍ ഇവിടെ സ്മരണീയം ആണ്. മലയാളിക്ക് പരസ്പര സ്നേഹവും ബഹുമാനവും, സ്വന്തമായി അടയാളം സ്രഷ്ട്ടിക്കാനുള്ള ശ്രമത്തില്‍ നഷ്ടമായിരിക്കുന്നു.

അന്തപ്പായി
തൃശൂര്കാരെ കാരെ കുറ്റം പറയരുത് അവര് നല്ല മനുഷിയരാന്. പാര എന്താണെന്നു ചോതിച്ച്ചാല്‍ അവര്‍ക്കറിയില്ല. അമേരിക്കയിലെ മിക്ക പ്രശ്നങ്ങളും തെക്കംതിരുവിതാംകൂര്‍കാരാണ് ഉണ്ടാക്കന്നത്. വെടിക്കെട്ടില്‍ അച്ച്ചയെന്‍മാരെ തോപ്പിക്കാന്‍ ആര്‍ക്കാ പറ്റ. മുന്നോട്ടു നട കിടാവേ ഇവന്മാരുടെ വെടികെട്ടു കണ്ടു നിന്നാല്‍ നമ്മള് പട്ടിണി ആകും ങ്ങ! നട കിടാവേ.

കിഷോര്‍
ഇതില്‍ വലിയ അത്ഭുതമൊന്നും ഇല്ല. നമ്മള്‍ കേരളീയരുടെ സംസ്ക്കാരം ഒബാമ എങ്ങനെയോ മനസ്സിലാക്കി നിയമപരമായി ഇതില്‍ എന്തു തെറ്റ്? മലയാളിയുടെ തല തിരിഞ്ഞ അച്ചടക്ക ബോധം അദ്ദേഹം ഒരു വലിയ കാര്യമായി എടുതുവെന്ന് തോന്നുന്നു.

അനില്‍ കുമാര്‍
ഒരു ശരാശരി മലയാളിയെ പെറ്റമ്മയിൽ നിന്നും പിറന്ന നാടിന്റെ കരകളിൽ നിന്നും ദൂരെ കടലുകൾക്കപ്പുറത്തെ അമേരിക്കയിലേക്ക് എടുത്തെറിയുന്നത് ആരാണ്? നേടാനും വെട്ടിപ്പിടിക്കാനും നിശ്ചയിച്ച് വന്നവരുടെ ചെറു ശതമാനത്തെ ഒഴിച്ചു നിർത്തിയാൽ പണം വാരാനും കോടീശ്വരരാകാനുമുള്ള ദുരാഗ്രഹമല്ലേ കാരണം.

ദാസപ്പന്‍
കേരളം സാംസ്കാരികമായി വിദ്യാഭ്യാസപരമായും ഏറ്റവും ഉന്നത ശ്രേണിയിലാണെന്നാണ് ഓരോ മലയാളിയും പരസ്യമായി അഹങ്കരിക്കുന്നത്. എന്നാല്‍ ഗുജരാതികളുടെയും സിഖ്കാരുടെയും മുന്നില്‍ നാം ഒന്നുമല്ല എന്ന് അടിവരയിടും വിധം കാര്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു.

ഒരു പ്രവാസി
മലയാളിയുടെ മുമ്പിൽ കാലങ്ങളായി നിലനിൽക്കുന്നത് പ്രവാസത്തെ അനിവാര്യതയാക്കുന്ന സ്വഭാവമെന്നതാണ് നമ്മുടെ ഒരു ദുരവസ്ഥ. ഗ്രൂപ്പിസവും പാരവെയ്പ്പും മൂലമുള്ള സങ്കീർണമായ വലക്കണ്ണികളിലാണ് നാം കുരുങ്ങിക്കിടക്കുന്നത്. അത് കൊണ്ടാവാം ഇതര സമൂഹങ്ങളെ അപേക്ഷിച്ച് മലയാളി സാനിധ്യം പ്രവാസമണ്ണിലെവിടെയും നിറഞ്ഞു നിൽക്കാത്തത്.

Experience is the teacher
പണ്ട് ജോയി ചെറിയാന്‍ എന്നൊരു കൊച്ചിക്കാരനെ റീഗന്‍ ഈക്ക്വല്‍ എംപ്ലോയെമെന്റ്റ് കംമ്മിഷേനെര്‍ ആയി നിയമിച്ചപ്പോള്‍, അതിനു മുന്‍പുള്ള എഫ് ഐ റിപ്പോര്‍ട്ട്‌നു തടസ്സമായി നിന്നത് വളരെ അധികം ആക്ഷേപങ്ങളാണ്. അതില്‍ പ്രദാനം അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ്‌കാരന്‍ ആണെന്നുള്ളതാണ്. ആക്ഷേപം അയച്ചവരില്‍ പലരും മലയാളികളും. ശ്രി ജോയി ചെറിയാന്റെ പ്രസംഗം കേട്ട ഒരു ആളാണ് ഇത് എഴുതുന്നത്‌. ആദ്ദേഹം പറഞ്ഞത് ഞാന്‍ ഒരു മലയാളി ആണ് നിങ്ങളുടെ ഒരു പ്രതിനിതി എന്ന നിലയില്‍ ഞാന്‍ ഒരിക്കലും ഉത്തരവാദിത്വം ഇല്ലാതെ പെരുമാരുകയില്ല, നേരെമറിച്ച് ഞാന്‍ നിങളുടെ ഒരു സഹായ ഹസ്തം ആയിരിക്കും . ദയവു ചെയിതു ഇല്ലാത്ത കഥകള്‍ എഴുതി അയക്കരുത് . മലയാളികളുടെ വളരെ പരിതാപകരമായ അവസ്ഥയുടെ പ്രതിധോനികള്‍ ആ വാക്കുകളില്‍ ഉണ്ടായിര്രുന്നു. ഈ രാജിയെത്തു നമ്മളുടെ അടുത്ത തലമുറ വേര് ഊന്നെണം എങ്കില്‍ നാം മാതൃക ആകുക. അമേരിക്കന്‍ പൊളിറ്റിക്സ്, നിയമം തുടങ്ങിയവയില്‍ വ്യക്തമായ അറിവുള്ളവരും , നമ്മളുടെ ആവശ്യങ്ങള്‍ അറിഞ്ഞു അതിനെ നിയമ നിര്‍മ്മാണത്തിന്റെ സഭകളില്‍ എത്തിക്കാന്‍ പ്രാപ്ത്തി ഉള്ളവേരേം തിരെഞെടുക്കുക. നമ്മളുടെ പത്രത്തിലും ടീവിയിലും ഒക്കെ വരുന്ന വാര്‍ത്തകള്‍ കുറെ മലയാളികള്‍ കാണുകയും അതിനെ കുറിച്ചു നമ്മളോട് പറയുമ്പോള്‍ ഒരു ചെറു സന്തോഷം ലഭിക്കുകയും അല്‍പ്പ സമയത്തിനുള്ളില്‍ നാം വിസ്മരിക്കപെടുകയും ചെയ്യും. കഴിയുമെങ്കില്‍ സി എന്‍ എന്‍ ലോ സി ബി സ്, എന്‍ ബി സി തുടങ്ങിയ ചാനലുകല്ലൂടെ ഇന്ത്യന്‍ അമേരിക്കന്‍ ശബ്ധമായ് മാറാന്‍ ശ്രമിക്കുക തീര്‍ച്ചയായും നിങ്ങളറിയാതെ ഞങള്‍ നിങ്ങളെ നേതാവാക്കി മാറ്റും. ചരിത്ര സത്യം അതാണ് വിളിച്ചു പറയുന്നത്. എന്തൊക്കെ ആയാലും ഇന്ത്യന്‍സിന് എന്നും അഭിമാനിക്കാവുന്ന ഒരു വ്യക്തി ആണ് ലൂസിയാന ഗവര്നെര്‍ ശ്രി. ജിണ്ടാല്‍.

കുഞ്ചന്‍ നമ്പിയാര്‍
"കുണ്ട് കിണറ്റില്‍ തവള കുഞ്ഞിനു കുന്നിനു മീതെ പറക്കാന്‍ മോഹം, ചൊട്ട ചാണ്‍വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കും കോഴികള്‍, ഗരുഡ്നു പിറകെ ചിറകും വീശി ഗഗ്ഗനെ ഗമനം വാഞ്ചിക്കുന്നു" അതെ നാം എല്ലാം നമ്മളുടെ കഴിവുകള്‍ എന്തെന്ന് ആദ്യം തിരിച്ചറിയുക.

ടോം
മലയാളിയെ കുറിച്ചു ഒബാമക്ക് ഒന്നും അറിയില്ല കാരണം മലയാളികള്‍ ഇപ്പഴും അസോസിയേഷേനുകളില്‍ കറങ്ങി നില്‍ക്കുകയാണ്. മലയാളി എന്ന് പറഞ്ഞാല്‍ വാലില്‍ വിഷം ഉള്ള ഒരു തേള്‍ ആണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

ചിന്മയന്‍
പരസ്യമായി അഹങ്കരിക്കുന്നതാണ് മലയാളിക്ക് പരാജയത്തിനു കാരണമായി തീര്‍ന്നിരിക്കുന്നത് . അഹങ്കാരം ഉള്ളിടത്ത് വിജയത്തിന് സാധ്യത ഇല്ല . താണ നിലത്തല്ലേ ദാസപ്പാ നീര് ഓടുകയുള്ളൂ.

ചാക്കോ മത്തായി
ഐകമത്യം മഹാബലം എന്നതിന് പകരം മദ്യം മഹാബലം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കണ്ടില്ലേ കേരളം ഇരുപത്തി ഏഴു കോടിയുടെ അകത്താക്കി കഴിഞ്ഞു. അവേരേല്ലാം ഞങ്ങളുടെ സഹോധര്ങ്ങളാണ്. ഞാന്‍ കണക്കു കൂട്ടി നോക്കി ഒരാള് ഒന്‍പതു രൂപയുടെ കള്ളാണ് കേറ്റിയത് കേരളത്തിലെ ആബാല വ്രദ്ധ ജനങ്ങളും അടിച്ചു പൂസായി ഇരിക്കുകയാണ് എല്ലാരും ഓരോ നേതാക്കന്മാരാണ് അവര്‍ക്ക് ഓരോ ജില്ലയും ഭരിക്കാനുള്ള രാജ്യമായി കൊടുക്കണം അമേരിക്കന്‍ മലയാളീ അസോസിഷെനില്‍ നിന്നും പി. എച് . ഡി എടുത്ത ആള്‍ക്കാരെ കേരളത്തിലേക്ക് നാടുകടത്തി അവരെ പഠിപ്പിക്കാനും എങ്ങനാണ് ഭരിക്കണ്ടത് എന്ന് പറഞ്ഞുകൊടുക്കണം ( ഒഴിക്കടി അമ്മിണികുട്ടി ). എന്റെ മോന്‍ പിറന്നു വീണത്‌ ഫൊക്കാനയുടെ പുല്‍ തോട്ടിലില അവനു യേശു ദേവന്റെ മുഖവും ജൂദാസിന്റെ സ്വഭാവും ആണ് ഒരു നേതാവിന്റെ എല്ലാ ഗുണവും ഉണ്ട് പാരക്കു പാര സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഹ്രദയം പറിച്ചു കൊടുക്കും എവിടെ കിട്ടും ഇങ്ങോനൊരു നേതാവിനെ ഇന്ന് ക്രിസ്മസയോത് കൊണ്ട് അവന്‍ കേരളത്തിലാ എന്റെ കര്‍ത്താവെ അവനെ കാത്തോണേ. 
     



   






No comments:

Post a Comment