Wednesday, December 16, 2009

ലവ് ജിഹാദ് - സത്യവും മിഥ്യയും



കേരളത്തില്‍ ഉടലെടുത്ത ലവ് ജിഹാദിസവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും, ഇപ്പോള്‍ ഹൈക്കോടതി കണ്ടെത്തിയ നിഗമനങ്ങളും തികച്ചും ഫാഷിസത്തില്‍നിന്നുടലെടുത്തതാണ്. കേരളത്തിലെ സവര്‍ണ്ണ ക്രൈസ്തവര്‍ കൈയ്യാളുന്ന ചില മാദ്ധ്യമങ്ങളും ഈ ഗൂഢാലോചനയില്‍ പങ്കെടുക്കുകയും, കത്തോലിക്കാ സഭയും, എന്‍.എസ്സ്.എസ്സും, എസ്.എന്‍.ഡി.പി.യും ഒത്തുചേര്‍ന്ന് ഫാഷിസ്റ്റുകളോട് തോളോടു തോള്‍ ചേര്‍ന്നു നിന്ന് ഈ അവസരം ബീഭത്സമായി ഉപയോഗപ്പെടുത്തുകയുമായിരുന്നു. ഈ സമുദായങ്ങളൊന്നും തന്നെ മുസ്ലീം വിരുദ്ധ വര്‍ഗീയവാദികളല്ല എന്നുള്ളതാണ് വളരെ വിചിത്രമായ ഒരു സത്യം. എന്നിട്ടുമെന്തിനാണ് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രചാരണ സ്‌ഫോടനം ഇവര്‍ നടത്തിയത്?

സമുദായങ്ങളെ അതിവര്‍ത്തിക്കുന്ന പ്രണയങ്ങളും വിവാഹങ്ങളും മാത്രമല്ല, മതം മാറ്റങ്ങളും കേരളത്തിലെന്നല്ല ഇന്ത്യയിലെല്ലായിടത്തും സജീവമായി സംഭവിക്കുന്നുണ്ട്. സമുദായങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണ് ഇവ വരുത്തി വെക്കുന്നത്. ഒരു ഈഴവനോ നായരോ സവര്‍ണ്ണ കൃസ്ത്യാനിയോ മതം മാറിയാല്‍ അത് ആ സമുദായത്തെ സംബന്ധിച്ചിടത്തോളം പരിഹാരമില്ലാത്ത നഷ്ടമാണ്. കാരണം, ഒരിക്കലും പുതുതായൊരാളെ ഈഴവനാക്കാനോ നായരാക്കാനോ സവര്‍ണ്ണ കൃസ്ത്യാനിയാക്കാനോ കഴിയില്ല. കേരളത്തിലെ കത്തോലിക്കാ സഭ മിഷനറി പ്രവര്‍ത്തനങ്ങളേക്കാള്‍ വംശ വിശുദ്ധിയില്‍ വിശ്വസിക്കുന്നവരാണ്.

വംശ സാമൂഹിക ഘടനയില്‍ വളരെ ജൈവികമായി ഇസ്ലാം നടത്തിക്കൊണ്ടിരിക്കുന്ന വിധ്വംസകതകളെ തടയിടുക എന്നതായിരുന്നു ഈ പ്രചാരണത്തിന്റെ യഥാര്‍ത്ഥ ഉന്നം. മുസ്ലിം ആണ്‍ക്കുട്ടികള്‍ സഹോദര സമുദായങ്ങളിലെ (കൃസ്തീയര്‍) പെണ്‍ക്കുട്ടികളെ വിവാഹം കഴിക്കു കയും അതുവഴി അവര്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്യുക മാത്രമല്ല സംഭവിക്കുന്നത്. മുസ്ലീം പെണ്‍ക്കുട്ടികള്‍ അമുസ്ലീം പുരുഷന്മാരെ സ്‌നേഹിക്കുകയും അവര്‍ മതം മാറി ഇസ്ലാമിലേക്ക് വരികയും ചെയ്യുണ്ട്്. പക്ഷേ, മൊത്തം വംശം വിട്ടുപോകലിനെ തടയിടാന്‍ പെട്ടെന്ന് ചെലവാകുന്ന ചേരുവകളോടുകൂടിയ ഒരു കഥ അവര്‍ നിര്‍മ്മിച്ചെടുക്കുകയായിരുന്നു.

ഒരു യാഥാര്‍ത്ഥ്യത്തിന്റെ മുകളിലാണ് ഈ കഥ കെട്ടിപ്പൊക്കിയത്. ആ യാഥാര്‍ത്ഥ്യം ധാരാളം പെണ്‍ക്കുട്ടികളും ആണ്‍ക്കുട്ടികളുമൊക്കെ വംശങ്ങള്‍ വിട്ട് ഇസ്ലാം മതം സ്വീകരിക്കുന്നുണ്ടെന്നതാണ്്. കക്ഷി ഇസ്ലാമായതുകൊണ്ട്് തീവ്രവാദം, ആത്മഹത്യാ സ്ക്വാഡ്, ലഷ്കര്‍-ഇ-തായിബ, ഭീകരവാദം, പാക്കിസ്ഥാന്‍ മുതലായ ചേരുവകള്‍ ചേര്‍ത്ത് ഫലപ്രദമായി അവതരിപ്പിക്കുകയായിരുന്നു. എന്തുകൊണ്ട്് അമുസ്ലീം ചെറുപ്പക്കാരെ പ്രണയിച്ച് ഇസ്ലാം മതത്തിലേക്ക് മതം മാറ്റുന്ന പെണ്‍ ജിഹാദികളെക്കുറിച്ച് അപസര്‍പ്പക കഥാകാരന്മാര്‍ ഒന്നും പറയാതിരുന്നത് എന്നാലോചിച്ചാല്‍ അത് കഥയുടെ ശില്പത്തിനും മുറുക്കത്തിനും അയവു വരുത്തും എന്നതുകൊണ്ടാണ്.

കേരളത്തിലെ സമുദായ സംഘടനാ നേതൃത്വങ്ങള്‍ ലവ് ജിഹാദ് എന്ന വ്യാജ പേരില്‍ വ്യവഹരിച്ച സാമൂഹിക പ്രതിഭാസം എന്തുകൊണ്ടുണ്ടാകുന്നു എന്ന് സ്വയം ആലോചിക്കേണ്ടതുണ്ട്. അങ്ങനെ ആലോചിക്കുകയും സ്വന്തം സമുദായങ്ങളെ നവീകരിക്കാന്‍ ശ്രമിക്കുന്നതിന് പകരം രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഗുണകരമായ ഒരു ഫലവും ആര്‍ക്കും ലഭിക്കാന്‍ പോകുന്നില്ല. ഇന്ത്യ ശക്തവും സുരക്ഷിതവും വികസിതവുമാകാനാണ് യഥാര്‍ത്ഥത്തില്‍ "ഭാരതീയര്‍ എന്ന് അവകാശപ്പെടുന്നവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആരേയും അകാരണമായി സംശയിക്കാതെയും ആരുടെ നേരേയും നിഴല്‍ യുദ്ധം നടത്താതെയും എല്ലാവരേയും ഒരുമിച്ചു കൊണ്ടുവരാനുള്ള തന്ത്രം അവര്‍ ആവിഷ്ക്കരിച്ചേ മതിയാവൂ. അല്ലാത്തപക്ഷം അനിവാര്യമായ തകര്‍ച്ചയില്‍ നിന്നവരെ രക്ഷിക്കാന്‍ ഒരു ലവ് ജിഹാദിനും സാധിക്കില്ല.


Comments Posted By Readers
ജേക്കബ്‌  
ലൌജിഹാദ് വിഷയത്തില്‍ എനിക്ക് ഏറ്റവും രസകരമായിതോന്നിയത് നമ്മുടെ കത്തോലിക്ക അഛന്മാരുടെ അധോസഭയുടെ നിലപാടാണ്. ഓരുപക്ഷെ ഇന്നു കേരളത്തില്‍ ഈ വിഷയം ഇത്രയും വിഷലിപ്ത്മായ അവസ്തയുണ്ടാക്കിയത് ഇവരുടെ നിലപാടാണ്. ഇവരുടെ ഇടയലേഖനത്തിന്റെ കോപ്പിയാണ് സംഘ്പരിവാര്‍ സംഘടനകള്‍ പോലും ഇന്ത്യയിലൊട്ടാകെ ഉപയോഗിക്കുന്നത്.
ചാക്കോച്ചന്‍  
ശരിയായ പല വഴികളും ഉണ്ടായിട്ടും ഇവിടെ ലൌജിഹാദിന്റെ പേരും പറഞ്ഞ് മുതലെടുപ്പ് നടത്താനുള്ള ചില വര്‍ഗ്ഗീയ സംഘടനകളുടെ കുത്സിത ശ്രമങ്ങള്‍ കേരളജനത തിരിചറിയുക തന്നെ ചെയ്യും. ഒരര്‍ഥത്തില്‍ ഈ വര്‍ഗ്ഗീയ സംഘ്ടനകള്‍ സ്വന്തം സമുദായത്തിലെ തന്നെ നമ്മുടെ സഹോദരിമാരെ അപമാനിക്കുകയാണ് ചെയ്യുന്നത്.
മുസ്തഫ
നൂറ്റാണ്ടുകളായി നമ്മള്‍ മലയാളികള്‍ ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം ഇല്ലായ്മ ചെയ്യാനുള്ള കുബുദ്ദികളുടെ കുത്സിത ശ്രമം നമ്മള്‍ ഒറ്റക്കെട്ടായി തകര്‍ക്കണം. ലൌജിഹാദ് പോലുള്ള നാണംകെട്ട രീതിയിലുള്ള മതം മാറ്റം നടക്കുന്നുണ്ടെങ്കില്‍ തീര്‍ചയായും അവരെ ജന മധ്യത്തില്‍ മാത്ര്കാപരമായി ശിക്ഷിക്കണം. പ്രേമമെന്ന അനിര്‍വചനീയമായ ആ പവിത്രവികാരത്തെ മത പ്രചാരണത്തിനുപയോഗിക്കുന്നത് അങ്ങേ അറ്റം ലജ്ജാകരമാണ്‍‍
സോദ്ദേശൻ
അങിനെയൊന്നുമില്ലായെന്നും എങ്കിലും അന്വേഷിക്കണമല്ലൊ എന്ന് വിചാരിച്ച് കേരളാ പോലീസ് തുടങ്ങിയ അന്വേഷണം ഒടുവിൽ തുറിച്ചുനോക്കുന്ന സത്യത്തിൽ എത്തുകയും ചെയ്ത തിനു ശേഷം ഹൈക്കൊടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്മേൽ കോടതി വാദം കേട്ടതിനുശേഷം പുറപ്പെടുവിച്ച ഉത്തരവാണോ വിശ്വസിക്കണ്ടത്, അതോ ഒരു മുഖ മില്ലാത്ത ഏതോ മതവിശ്വാസിയുടെ ജല്പനങ്ങളോ/ ഇസ്ലാം ഇന്നു ലോകത്തിനു തന്നെ വിനയായിരിക്കുന്നത് തിരുത്തുവാനാണ് അവർ നോക്കെണ്ടത്.
ബഷീറിക്ക  
ഒരു മുസ്ലിമിനു ഒരു രാജ്യദ്രോഹിയാവാനൊക്കില്ല. രാജ്യ ദ്രോഹിയാവുന്നവന്‍ മുസ്ലിമുമല്ല. ഇന്ത്യയില്‍ മുസ്ലിമിന് പീഡനമുണ്ട്‌. മര്‍ദ്ദനവും അവഗണനയുമുണ്ട്. വര്‍ഗീയലഹളയും കലഹവുമുണ്ട്. ഇതിനെല്ലാം മുന്നിലുള്ളവര്‍, കലാപങ്ങള്‍ നയിച്ചവര്‍ ആയിരങ്ങളെ കൊലചെയ്തവര്‍, അന്വേഷണ കമ്മീഷനുകള്‍ പ്രതിപട്ടികയില്‍ ചുണ്ടിക്കാട്ടിയവര്‍ എല്ലാവരും സസുഖം വാഴുകയാണ് .
മുന്‍ഷി  
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രേമമെന്ന ദൈവീക വികാരത്തിനെതിരെ കൊലവിളിക്കുന്നവര്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരായാലും ഏത് സംഘ്ടനയില്‍ പെട്ടവരായാലും അവരെ പ്രബുദ്ദ കേരള സമൂഹം തികഞ്ഞ അവഞ്ജയോടെ തന്നെ തള്ളിക്കളയും എന്ന് നമുക്ക് പ്രത്യാശിക്കാം.
തോമസ്‌
ഇങ്ങിനെ ഊഹാപോഹങ്ങളുടെ അടിസ്താനത്തില്‍ കോടതികള്‍ വിധിക്കാനും അഭിപ്രായം പറയാനും തുടങ്ങിയാല്‍ നാട്ടിലെ അവസ്ത എന്തകും?

ഇര്‍ഷാദ്
ലൌജിഹാദ് നടന്നു എന്നു പറഞ്ഞ സമുദായിക നേതാക്കന്മാര്‍ എന്തുകൊണ്ട് തെളിവു നിരത്തിയില്ല? ആരെങ്കിലും തൊടുത്തുവിടുന്ന പച്ചക്കള്ളങ്ങള്‍ക്കു നിറം പിടിപ്പിച്ച കഥയെഴുതലായി മാധ്യമ പ്രവര്‍ത്തനം.
ലേഖകന്‍
ഈ ലേഖനം എഴുതിയതിനു ശേഷം കേരള ഹൈക്കോടതി മറ്റൊരു വിധി കൂടി പ്രസ്താവിച്ചു. ലവ് ജിഹാദ് കേരളത്തിലുണ്ടെന്ന് കണ്ടെത്തിയത് ജസ്റ്റിസ് കെ.ടി. ശങ്കരനായിരുന്നു. എന്നാല്‍ അങ്ങനെ ഒരു പ്രതിഭാസം ഇല്ല എന്നും, ഇത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്താന്‍ പോലീസ് സൃഷ്ടിച്ച കേസാണിതെന്നും, അതുകൊണ്ട് തുടര്‍നടപടികള്‍ നിര്‍ത്തി വെയ്ക്കാന്‍ ജസ്റ്റിസ് ശശിധരന്‍ നമ്പ്യാര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുകയാണ്


No comments:

Post a Comment