ഭീകരതയുടെ പിന്നാമ്പുറം
"നസീര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ അവനു ലഭിക്കണം." ഇതു പറഞ്ഞത് ബാംഗ്ലൂര്‍ സ്ഫോടനക്കേസിന്‍ ഒളിവില്‍ കഴിഞ്ഞ് ഇപ്പോള്‍ മേഘാലയയിലെ ഷില്ലോംഗില്‍ നിന്ന് അറസ്റ്റിലായ മലയാളി ഭീകരന്‍ തടിയന്റവിട നസീറിന്റെ പിതാവ് കണ്ണൂര്‍ മരയ്ക്കാര്‍കണ്ടി അബ്ദുല്‍മജീദ് ആണ്. "നസീര്‍ തങ്ങളെ ചതിക്കുകയായിരുന്നു എന്നും, തങ്ങളുടെ ദാരിദ്രവും മതവിശ്വാസവും ചൂഷണം ചെയ്യുകയായിരുന്നു എന്നും, സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് തങ്ങളുടെ കുടുംബത്തെ വഞ്ചിക്കുകയായിരുന്നു" എന്നും നസീറിന്റെ ഭാര്യ പറയുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കാശ്മീരില്‍ തീവ്രവാദികളും അതിര്‍ത്തി സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ജില്ലയിലെ തയ്യില്‍ സ്വദേശി മുഹമ്മദ് ഫയാസിന്റെ ഉമ്മ ഫൗസിയ മകന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് പ്രതികരിച്ചത് ഇങ്ങനെയാണ് - "രാജ്യദ്രോഹിയായ മകന്റെ മൃദദേഹം എനിക്കു കാണേണ്ട." തടിയന്റവിട നസീറും സംഘവും പരിശീലിപ്പിച്ച് തീവ്രവാദപ്രവര്‍ത്തനത്തിനായി അതിര്‍ത്തിയിലേക്ക് പറഞ്ഞുവിട്ട യുവാക്കളിലൊരുവനായിരുന്നു ഈ മുഹമ്മദ് ഫയാസ്.
സ്വന്തം മക്കള്‍ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും വഴിമാറിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് രാജ്യത്തെ എല്ലാ മുസ്ല്ലിം മാതാപിതാക്കളും മതപുരോഹിതരും മതമേലദ്ധ്യക്ഷന്മാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭ്യസ്ഥവിദ്യരും സാമാന്യം അറിവും പരിജ്ഞാനവുമുള്ള മുസ്ല്ലിം യുവാക്കള്‍ എന്തുകൊണ്ട് തീവ്രവാദ മാര്‍ഗ്ഗം സ്വീകരിക്കുന്നു എന്നും, അവരെ എങ്ങനെ അതില്‍നിന്ന് മോചിപ്പിക്കാം എന്നും മതനേതാക്കളും പ്രസ്ഥാനങ്ങളും കൂലങ്കഷമായി ചിന്തിക്കണം. മതമൂല്യങ്ങളേയും ആചാരാനുഷ്ടാനങ്ങളേയും പരസ്പരം തിരിച്ചറിയാനും ആദരിക്കാനും അവരെ പഠിപ്പിക്കുകയും, സാംസ്ക്കാരികമായും സാമൂഹികപരമായും അവരെ ബോധവാരാക്കി ഉത്തമ പൗരന്മാരാക്കാന്‍ സഹായിക്കുവാനുള്ള പദ്ധതികള്‍ അസൂത്രണം ചെയ്താല്‍ ഒരു പരിധിവരെ ഇന്ന് ഇസ്ലാം നേരിടുന്ന, വിശ്വാസങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന ഭിന്നതയും മതവിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാക്കുകയും, തദ്വാരാ മുസ്ല്ലിം യുവജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാനും അവരെ ധാര്‍മ്മിക ബോധമുള്ള നല്ല ശമരിയാക്കാരായി വാര്‍ത്തെടുക്കുവാനും കഴിയും.
ഇപ്പോള്‍ പിടിയിലായ നസീറും ബന്ധുവായ ഷഫാസും ഭീകരരായല്ല ജനിച്ചത്. അവരുടെ മാതാപിതാക്കളും ഭീകരരായിരുന്നില്ല. ചെറുപ്പത്തില്‍ സാധാരണ കുട്ടികളെപ്പോലെ വളരെ അനുസരണശീലമുണ്ടായിരുന്ന നസീര്‍ ചില കൂട്ടുകെട്ടുകളില്‍ കുടുങ്ങിയാണ് ഭീകരവാദിയായത് എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും നെറ്റി ചുളിയും. കേരളത്തില്‍ എത്രയോ കുട്ടികള്‍ കൂട്ടുകൂടി നടക്കുന്നു. അവരൊക്കെ ഭീകരരാകുമോ എന്ന ചോദ്യവും ഉയര്‍ന്നുവന്നേക്കാം. മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയാണ്, അവരുടെ പെരുമാറ്റത്തില്‍ സംശയങ്ങള്‍ നിഴലിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ട കടമ മാതാപിതാക്കള്‍ക്കുണ്ട്. നസീറിന്റെ ജീവചരിത്രം പഠിപ്പിക്കുന്ന ഗുണപാഠമാണത്. ബാംഗ്ലൂരിന്റെ വിവിധഭാഗങ്ങളില്‍ പതിനൊന്നു ബോംബുകള്‍ വെച്ച നസീറും സംഘവും ഒരു തരത്തിലും ദയ അര്‍ഹിക്കുന്നില്ല. പാക്കിസ്ഥാന്റെ ഭീകരസംഘടനയായ ലഷ്കര്‍-ഇ-തോയിബക്കുവേണ്ടി സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്ത നസീറിനെപ്പോലെയുള്ള കൊടുംഭീകരര്‍ക്ക് നസീറിന്റെ പിതാവ് പറഞ്ഞതുപോലെ മാതൃകാപരമായ ശിക്ഷ, അതായത് വധശിക്ഷ, തന്നെ കൊടുക്കണം. വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന എല്ലാ മുസ്ല്ലീം യുവാക്കള്‍ക്കും ഒരു പാഠമായിരിക്കട്ടേ ഇവരുടെ ശിക്ഷാവിധി.
ബാംഗ്ലൂര്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് നസീറും ബന്ധു ഷഫാസും സമ്മതിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആക്രമണങ്ങള്‍ അവരല്ല നടത്തിയതെന്ന അവരുടെ മൊഴിയില്‍ എത്രമാത്രം സത്യമുണ്ടെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇവര്‍ പി.ഡി.പി. പ്രവര്‍ത്തകരായിരുന്നു എന്നും ഇവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും പാര്‍ട്ടിയാണ് ചെയ്തുകൊടുത്തിരുന്നതെന്നുമുള്ള വിവരങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ പി.ഡി.പി. എന്ന സംഘടനയേയും അന്വേഷണവിധേയമാക്കണം. തീപ്പൊരി പ്രസംഗം കൊണ്ട് ജനങ്ങളെ കൈയിലെടുക്കുന്ന അബ്ദുള്‍നാസര്‍ മദനി ചെറുപ്പക്കാരെ വശീകരിച്ച് വശത്താക്കാന്‍ അതിസമര്‍ത്ഥനാണ്. തീവ്രവാദ പ്രവത്തനങ്ങളുടെ പേരില്‍ നോട്ടപ്പുള്ളിയായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മദനിയും കുടുംബവും മുസ്ലീം യുവാക്കളെ റിക്രൂട്ടു ചെയ്യുന്നതും അവരുടെയിടയില്‍ മതതീവ്രവാദം വളര്‍ത്തിയെടുക്കുന്നതും ഇസ്ലാം മതത്തെ രക്ഷിക്കാനല്ല. ഇസ്ലാം മതത്തിന്റെ രക്ഷകരായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മതനേതാക്കള്‍ പരോക്ഷമായെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. അവരതിന് മാതൃകയാക്കുന്നത് ദുര്‍വ്യാഖ്യാനം ചെയ്ത ഖുര്‍-ആന്‍ സൂക്തങ്ങളും നബി വചനങ്ങളും മറ്റുമാണ്. ഒരു സമഗ്രാധിപത്യ പ്രത്യയശാസ്ത്രമായി ഇസ്ലാമിനെ അവതരിപ്പിച്ച സംഘടനകള്‍ ഇരുപതാം നൂറ്റാണ്ടിലുണ്ടായിരുന്നു. "ശരീഅത്ത്" എന്ന ഇസ്ലാമിക വ്യക്തിഗത നിയമവ്യവസ്ഥ ഈശ്വരദത്തമാണെന്നും, അതുമാത്രമാണ് മാനവരാശി സ്വീകരിക്കേണ്ടതെന്നും അവ സിദ്ധാന്തിക്കുന്നു. ഈ പ്രത്യയശാസ്ത്രം ഒരു ദേശരാഷ്ട്രീയത്തില്‍ പ്രയോഗിക്കുമ്പോഴാണ് "ഇസ്ലാമിക രാഷ്ട്രം" എന്ന സങ്കല്പനമുണ്ടാകുന്നത്. ലോകത്താകമാനം ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ് ഓരോ മുസ്ലീമിന്റേയും കടമ എന്ന് സിദ്ധാന്തിക്കുന്ന മതതീവ്രവാദികളാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്ത് ഭീകരവാദികളെ സൃഷ്ടിക്കുന്നത്. ഇസ്ലാമിന്റെ ആധിപത്യം ഭുമിയില്‍ സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും മുസ്ലീങ്ങള്‍ തൃപ്തിപ്പെട്ടുകൂടാ എന്നും അതിനുവേണ്ടി കൊല്ലാനും ചാവാനുമുള്ള മന:സ്ഥിതി നസീറിനെപ്പോലെയുള്ള യുവാക്കളില്‍ വളര്‍ത്തിയെടുക്കുവാന്‍ ചില മതമേലദ്ധ്യക്ഷന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മുസ്ലീം വിശ്വാസികളല്ലാത്തവരെയെല്ലാം കൊന്നൊടുക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. അല്‍-ക്വയ്ദ, താലിബാന്‍, ലഷ്കര്‍-ഇ-തൊയിബ മുതലായ, ലോകത്താകമാനം പടര്‍ന്നു വളരുന്ന, ഭികരരുടെ ലക്ഷ്യവും, അഭ്യസ്ഥവിദ്യരായ കേരളത്തിലെ മുസ്ല്ലീം യുവാക്കളെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും ആകര്‍ഷിക്കുന്ന ഘടകവും അതുതന്നെ.
ജമ്മു കാശ്മീരിലും ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും മാത്രമായി ഒതുങ്ങയിരുന്ന തീവ്രവാദികള്‍ക്ക് കേരളമാണ് ഇപ്പോള്‍ പറുദീസ. പണത്തിനോടുള്ള അത്യാര്‍ത്തിയോ മതവൈര്യം തലയില്‍ കയറി മത്തുപിടിച്ചിട്ടോ എന്തോ, കേരളത്തിലെ മുസ്ലീം യുവാക്കളാണ് ഇന്ന് ആഗോള ഭീകരരായി മുദ്രകുത്തപ്പെട്ടിരിക്കുന്നത്. ഭരണകൂടവും നിയമപാലകരും മാത്രം വിചാരിച്ചാല്‍ തീവ്രവാദസ്വഭാവമുള്ള യുവ മുസ്ലീം ജനതയെ മാനസാന്തരപ്പെടുത്തുവാന്‍ കഴിയുകയില്ല. എല്ലാവിധ മര്‍ദ്ദനത്തേയും ഹിംസയേയും ഭീകരവാദത്തേയും ഇസ്ല്ലാം ശക്തമായി അപലപിക്കുന്നു എന്നും, ഭീകരവാദത്തിന് അടിത്തറയായി വര്‍ത്തിക്കുന്ന പ്രത്യയശാസ്ത്രം ഏതെന്ന് തിരിച്ചറിഞ്ഞ് അത് തിരസ്ക്കരിക്കാന്‍ മുസ്ലീം യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്.
അയ്യോ ഇങ്ങനെ ഒക്കെ എഴുതല്ലേ !!! കോടതിയാ ... അവര്‍ക്കും എന്ത് തീരുമാനിക്കാമല്ലോ .. മിണ്ടിയാല്‍ കോടതി അലക്ഷ്യത്തിന് കേസ് വരും .. അമേരിക്കയില്‍ ഇരുന്നു ധൈര്യത്തില്‍ പറഞ്ഞോ പക്ഷെ ഞാന്‍ ഒന്നും മിണ്ടുന്നില്ല ...
ReplyDelete