സൂര്യനസ്ഥമിച്ച ദുബായ് വേള്‍ഡ്
ലോകം കണ്ണും കാതും കൂര്‍പ്പിച്ച് ഇന്ന് ഉറ്റുനോക്കുന്നത് ദുബായിലേക്കാണ്. സാമ്പത്തിക മാന്ദ്യത്തില്‍ കൂപ്പുകുത്തിയ അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചകളേക്കാള്‍ ഭയാനകമാണ് ദുബായ് വേള്‍ഡിന്റെ തകര്‍ച്ച. അതിവേഗം ബഹുദൂരം എന്നു വരുത്തിത്തിര്‍ക്കാന്‍ ദുബായ് ഭരണാധികാരികള്‍ പല പ്രസ്ഥാവനകളും ഇതിനോടകം ഇറക്കിക്കഴിഞ്ഞു. ദുബായ് പതിവിലും വേഗത്തില്‍ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും എമിറേറ്റ്സിന്റെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്നുമൊക്കെ ഭരണാധികാരികള്‍ പറയുന്നുണ്ടെങ്കിലും, നിജസ്ഥിതി എന്താണെന്ന് ആര്‍ക്കും പറയാന്‍ പറ്റാത്ത അവസ്ഥയാണെന്നതാണ് സത്യം. നമ്മുടെ മുഖ്യമന്ത്രി അച്ച്യുദാനന്ദന്റെ ഒരു പ്രസ്ഥാവനയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ദുബായ് വേള്‍ഡിന്റെ തകര്‍ച്ച പുറംലോകം അറിയുന്നതിനു ഏതാനും ദിവസങ്ങള്‍ മുന്‍പാണ് അച്ച്യുദാനന്ദന്റെ പ്രസ്ഥാവന പുറത്തുവന്നതെന്നാണ് ഏറെ രസകരം. 'ദുബായിക്ക് കാശില്ല, ടീകോമിന്റെ കൈയിലും കാശില്ല' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ജനം അത്ര പ്രാധാന്യം നല്‍കിയില്ലെന്നു മാത്രമല്ല, ഒരു വിഡ്ഡിയുടെ ജല്പനങ്ങളായി അതിനെ കാണുകയും ചെയ്തു.
ദുബായ് വേള്‍ഡിന്റെ തകര്‍ച്ചയെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അധികവും തെറ്റിദ്ധാരണ മൂലമാണെന്നും പ്രതിസന്ധിയെ അതിജിവിക്കാന്‍ ദുബായ് ക്ക് കരുത്തുണ്ടെന്നുമൊക്കെ ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറയുന്നുണ്ടെങ്കിലും, കാര്യങ്ങള്‍ അത്ര നിസ്സാരമാക്കി തള്ളിക്കളയുവാന്‍ എമിറേറ്റ്സില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ തയ്യാറല്ല. കാരണം, അവരുടെ നിലനില്പിന്റെ പ്രശ്നം കൂടിയാണ് ഈ തകര്‍ച്ച. പ്രത്യക്ഷമായി റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായിരിക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതെന്ന് പറയുന്നതെങ്കിലും, പരോക്ഷമായി എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്കും അതു ബാധിക്കുമെന്നാണ് സത്യം. പലരും അങ്കലാപ്പിലാണുതാനും. ജിവിത പ്രാരാബ്ധങ്ങള്‍ക്ക് ശമനം തേടി ഒട്ടേറെ കഷ്ടപ്പെട്ടും പണം ചെലവാക്കിയും അവിടെയെത്തിയ പലരേയും ഏറ്റവും ഭയപ്പെടുന്നത് മറ്റൊന്നുമല്ല, ജോലി നഷ്ടപ്പെട്ട് വെറുംകൈയോടെ നാട്ടില്‍ തിരിച്ചെത്തിയാല്‍ നേരിടേണ്ടിവരുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ചിന്തയാണ്. വെറും ചിന്തയില്‍ മാത്രം അവസാനിക്കുന്നതല്ല പലരുടേയും പ്രശ്നം.
സൂര്യനസ്ഥമിക്കാത്ത സാമ്രാജ്യമെന്ന് ബ്രിട്ടീഷുകാരെ വിശേഷിപ്പിച്ചിരുന്നെങ്കില്‍ 'സൂര്യനസ്ഥമിക്കാത്ത ദുബായ് വേള്‍ഡ്' എന്നാണ് ദുബായ് വേള്‍ഡിനെ വിശേഷിപ്പിച്ചിരുന്നത്. അമിതമായ ആത്മവിശ്വാസം ആപത്തിലേക്ക് നയിക്കുമെന്ന ആപ്തവാക്യം അന്വര്‍ത്ഥമായപോലെയാണ് ദുബായ് വേള്‍ഡിന്റെ പതനം. ഈ പതനത്തില്‍നിന്ന് കരകയറുവാന്‍ കാലങ്ങള്‍തന്നെ എടുക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളിയം ബിസിനസ്സില്‍നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ലോകമൊട്ടാകെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് നടത്തി ലാഭം കൊയ്യാമെന്ന മോഹമാണ് ഈ തകര്‍ച്ചക്ക് കാരണമെന്നും അവര്‍ പറയുന്നു. 2006ല്‍ അമേരിക്കയിലെ ആറു തുറമുഖങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ദുബായ് വേള്‍ഡിന്റെ അമേരിക്കന്‍ സാമ്രാജ്യത്തിലേക്കുള്ള കാല്‍ വെയ്പ്പിന് തുടക്കമിട്ടത്. ന്യൂയോര്‍ക്ക് തുറമുഖം, ഫ്ലോറിഡയിലെ മയാമി തുറമുഖം, ന്യൂ ജഴ്സിയിലെ പോര്‍ട്ട് എലിസബത്ത്, ഫിലഡല്‍ഫിയ, ന്യൂ ഓര്‍ലിന്‍സ്, ബാള്‍ട്ടിമൂര്‍ എന്നീ തുറമുഖങ്ങള്‍ ഏറ്റെടുക്കുകവഴി അമേരിക്കയുടെ തന്ത്രപ്രധാനമായ തുറമുഖ വ്യവസായം ദുബായ് വേള്‍ഡിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയെന്നു പറയാം. ന്യയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ നിന്ന് ഏകദേശം 40 മൈലകലെയുള്ള സാരറ്റോഗ സ് പ്രിംഗ്സ് എന്ന പ്രകൃതിരമണീയമായ സ്ഥലം വിനോദസഞ്ചാരികളുടെ വിഹാരകേന്ദ്രമാണെന്നു പറയാം. പ്രകൃതിരമണീയമായ ഈ സ്ഥലം ഒഴിവു സമയങ്ങള്‍ ചിലവഴിക്കാനും മൗണ്ടന്‍ ഹൈക്കിംഗ്, മൗണ്ടന്‍ ബൈക്കിംഗ്, സ്കീയിംഗ് മുതലായ കായിക വിനോദങ്ങള്‍ക്കും, തടാകങ്ങളില്‍ ഉല്ലാസനൗകയില്‍ യാത്ര നടത്തുവാനും പറ്റിയ സ്ഥലമാണ്. ന്യൂയോര്‍ക്കിലെ അപ്സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് അനേക തവണ ഞാന്‍ പോയിട്ടുണ്ട്. മലകളാലും കാട്ടരുവികളാലും ചോളവയലുകളാലും ചുറ്റപ്പെട്ട, പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ സ്ഥലം കുതിരപ്പന്തയത്തിനും കുതിരക്കച്ചവടത്തിനും പേരുകേട്ടതാണ്. ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് തിരക്കേറിയ നഗരങ്ങളില്‍നിന്ന് അനേകം മൈലുകളകലെ മലനിരകളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലവും ദുബായ് വേള്‍ഡിന്റെ കൈപ്പിടിയിലൊതുങ്ങി എന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. അബൂദബിയുടെ പങ്കാളിത്തത്തോടെ നാലര ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കി ഗ്ലോബല്‍ ഫൗണ്ടറീസ് എന്ന കംപ്യൂട്ടര്‍ ചിപ്പ് പ്ലാന്റിന്റെ നിര്‍മ്മാണം തൊട്ടടുത്തുള്ള മാള്‍ട്ട, സ്റ്റില്‍വാട്ടര്‍ എന്നീ സ്ഥലങ്ങളിലും തുടക്കമിട്ടുകൊണ്ടാണ് ദുബായ് വേള്‍ഡിന്റെ ഈ മലയോരമേഖലയിലേക്കുള്ള കടന്നു വരവ്. ഇവിടെയുള്ള 106 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കുതിരാലയവും അനുബന്ധ സ്ഥാപനങ്ങളും ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനു സ്വന്തം. കൂടാതെ, 36 നെല്‍സണ്‍ അവന്യൂവിലെ ഗ്രീന്‍ ട്രെയിനിംഗ് സെന്റര്‍ എന്ന കുതിര ലേല സ്ഥലവും ദുബായ് വേള്‍ഡിനു വേണ്ടി ഈ ഭരണാധികാരി വാങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, പതിനേഴര മില്യന്‍ ഡോളര്‍ ചിലവിട്ട് അവിടെ സ്ഥിതി ചെയ്യുന്ന കുതിരയെ പരിശീലിപ്പിക്കുന്ന സ്ഥാപനമായ ഫാസിംഗ്-ടിപ്ടന്‍ പുതുക്കിപ്പണിയുകയും ചെയ്തു.
ഗ്ലോബല്‍ ഫൗണ്ടറീസ് എന്ന കംപ്യൂട്ടര്‍ ചിപ്പ് ഫാക്ടറിയുടേയും അനുബന്ധ ഘടകങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 800 മില്യന്‍ ഡോളര്‍ ചെലവു വരുന്ന പ്രോജക്ടിന്റെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന സമയത്താണ് ദുബായ് വേള്‍ഡിന്റെ തകര്‍ച്ചയെക്കുറിച്ച് തദ്ദേശവാസികള്‍ക്ക് അറിയിപ്പു കിട്ടുന്നത്. യു.എ.യില്‍ മാത്രമല്ല ഇങ്ങിവിടെയും അനേകരാണ് ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്നത്. അതിരുവിട്ട ആത്മവിശ്വാസവും അശാസ്ത്രീയമായ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് സംരംഭവും ഏല്പിച്ച ആഘാതത്തില്‍ നിന്ന് ദുബായ് വേള്‍ഡ് മുക്തി പ്രാപിക്കുമെന്നും ജിജ്ഞാസയോടെ കാത്തിരിക്കുന്ന അനേകരുടെ സംശയങ്ങള്‍ ദുരീകരിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.
No comments:
Post a Comment