Wednesday, August 4, 2010
ചിങ്ങമാസം വന്നുചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും
മീശമാധവന്‍ എന്ന സിനിമയില്‍ ദിലീപ് ആടിപ്പാടിത്തകര്‍ക്കുന്ന ഈ ഗാനം മലയാളിയുടെ മനസ്സില്‍നിന്ന് മാഞ്ഞുപോകാന്‍ ഇടയില്ല. ഈ പാട്ടിനെ അന്വര്‍ത്ഥമാക്കി ചിങ്ങമാസത്തില്‍ സ്വന്തമാകാന്‍ രണ്ടു മിഥുനങ്ങള്‍ കാത്തിരിക്കുന്നു. അപവാദങ്ങളുടേയും ആരോപണങ്ങളുടേയും പ്രത്യാരോപണങ്ങളുടേയും കളിക്കൂട്ടുകാരനായ ശശി തരൂരും അദ്ദേഹത്തിന്റെ മന്ത്രിപ്പണി തെറിക്കാന്‍ കാരണക്കാരിയായ സുനന്ദ പുഷ്‌ക്കറുമാണ് ആ മിഥുനങ്ങള്‍. ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും ചിങ്ങമാസത്തില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണത്രേ.
ഇന്ത്യന്‍ ദേശീയഗാനാലാപന വേളയില്‍ നെഞ്ചത്ത് കൈവെക്കണമെന്ന പ്രസ്ഥാവനമുതല്‍ കന്നുകാലി പ്രയോഗം വരെ നടത്തി കോണ്‍ഗ്രസ്സുകാരുടെ കണ്ണിലെ കരടായി മാറിയ തരൂര്‍ അതില്‍ നിന്നൊക്കെ രക്ഷപ്പെട്ടത് വേഷ്ടിയുടുത്തും ക്രിക്കറ്റ് കളിച്ചും പരസ്യമായി തണ്ണിമത്തന്‍ തിന്നും നാട്ടുകാരിലൊരാളാണ് താനെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയതിനുശേഷമാണ്. പക്ഷേ, അവിടംകൊണ്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. ഡല്‍ഹിയിലെ ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് താമസം മാറ്റാന്‍ സോണിയാ ഗാന്ധി ഓര്‍ഡര്‍ കൊടുത്തതിനുശേഷം അപവാദങ്ങളില്‍ ചെന്നു ചാടരുതെന്ന് മുന്നറിയിപ്പും കൊടുത്തിരുന്നു. എന്നാല്‍ വിവാദനായകന് വീണ്ടും അറം പറ്റി. ഏറ്റവും ഒടുവില്‍ സംഭവിച്ചത് കൊച്ചി ഐ.പി.എല്‍. വിവാദത്തിലകപ്പെട്ടതാണ്. അതോടെ വിദേശകാര്യ സഹമന്ത്രിസ്ഥാനവും പോയി. `കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം' എന്നു പറഞ്ഞതുപോലെ ഇവിടെ കാമിനി മൂലമാണ് തരൂരിന്റെ പണി പോയത്. കൊച്ചി ഐ.പി.എല്‍. ലേലത്തില്‍ സുനന്ദ പുഷ്‌ക്കര്‍ എന്ന കാശ്‌മീരി സ്വദേശിനി പങ്കെടുത്തത് തരൂരിന്റെ ബിനാമിയായിട്ടായിരുന്നു എന്നാണ് ആരോപണം. അവരത് നിഷേധിച്ചുവെങ്കിലും പിന്നീട് പല വേദികളിലും അവരിരുവരും കുശലം പറയുന്നതും കൊക്കുരുമ്മിയിരിക്കുന്നതും കണ്ടുതുടങ്ങി. ഞങ്ങള്‍ വെറും `ഫ്രന്‍ഡ്‌സ്' ആണെന്ന പ്രസ്ഥാവനകളും ഇടക്കിടെ വന്നുകൊണ്ടിരുന്നു.
രണ്ടുപേരും വിവാഹിതരാകാന്‍ പോകുന്നു എന്ന ഊഹാപോഹം നേരത്തെതന്നെ ശക്തമായിരുന്നെങ്കിലും ഇരുവരും അത് നിഷേധിക്കുമ്പോള്‍തന്നെ ബംഗലൂരുവില്‍ വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടായിരുന്നു. പക്ഷേ, അതും പിന്നീട് മാറ്റിവെച്ചു. ഏതായാലും സുനന്ദയുടേയും തരൂരിന്റേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഒരു ചടങ്ങായിരിക്കുമത്രേ വിവാഹം. തരൂരിനെ ജയിപ്പിച്ചുവിട്ട തിരുവനന്തപുരത്തുകാരെ നിരാശപ്പെടുത്തുന്നതാണ് വിവാഹ സല്‍ക്കാരം മുംബൈയിലും ഡല്‍ഹിയിലും വെച്ച് നടത്താന്‍ തീരുമാനിച്ചത്. ഏതായാലും ചിങ്ങം ഒന്നിന് വിവാഹം നടക്കുമെന്നാണ് അറിയുന്നത്. ഇനി ശരി തരൂരിന് ധൈര്യമായി പാടി നടക്കാം...`ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും.' പക്ഷേ, ഇപ്പോഴും ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്നു. ഐ.പി.എല്‍. ലേലത്തില്‍ സുനന്ദ പുഷ്‌ക്കറിനെ തരൂര്‍ വഴിവിട്ട് സഹായിച്ചിരുന്നോ സുനന്ദയെ സ്വന്തമാക്കാന്‍ മന്ത്രിപ്പണി പോലും കളയാന്‍ സന്നദ്ധനായ ശശി തരൂര്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ ജയിപ്പിച്ചുവിട്ട വോട്ടര്‍മാരെ കബളിപ്പിക്കുകയായിരുന്നില്ലേ.
Subscribe to:
Post Comments (Atom)
No comments:
Post a Comment