Wednesday, August 4, 2010

ഊട്ടിയ കൈകള്‍കൊണ്ട്‌ ഉദകക്രിയ ചെയ്യുന്നവര്‍

പ്രണയിക്കുന്നവര്‍ക്ക്‌ ഒരുമിച്ചു ചേരാനും ഒരുമിച്ചു ജീവിക്കാനും ഭരണഘടന അനുശാസിക്കുന്ന ഏക രാഷ്ട്രമെന്ന്‌ അഭിമാനം കൊള്ളുന്ന ഭാരതത്തിന്റെ അഖണ്‌ഠതക്ക്‌ കോട്ടം തട്ടുന്ന വിചിത്രമായ സംഭവങ്ങളാണ്‌ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. പ്രണയിതാക്കള്‍ കുടുംബങ്ങളിലെ എതിര്‍പ്പുകള്‍ ഭയന്ന്‌ ഒളിച്ചോടുക, ആത്മഹത്യ ചെയ്യുക എന്നീ പ്രവണതകളാണ്‌ കേരളത്തില്‍ കണ്ടുവരുന്നതെങ്കില്‍ വടക്കേ ഇന്ത്യയില്‍ നേരെ തിരിച്ചാണ്‌ സംഭവിക്കുന്നത്‌. `ലവ്‌ ജിഹാദ്‌' എന്ന പേരില്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ കേരളത്തില്‍ ഉടലെടുത്തുവെങ്കിലും പ്രണയിതാക്കളെ അരുംകൊല ചെയ്‌ത സംഭവങ്ങള്‍ കേട്ടിട്ടില്ല. 

കൊല്ലും കൊലയും ആത്മഹത്യകളും ഇന്ന്‌ ജനങ്ങള്‍ക്ക്‌?പുത്തരിയല്ല. കൊച്ചുകുട്ടികളില്‍പോലും അവ യാതൊരു ചലനവും സൃഷ്ടിക്കുന്നുമില്ല. കാരണം, ചാനലുകളിലും, സിനിമകളിലും സീരിയലുകളിലും നിത്യേന വളരെ ലാഘവത്തോടെ കാണുന്ന സംഭവങ്ങളാണവ. വീട്ടില്‍ നിന്നിറങ്ങിയാല്‍ തിരിച്ചുവരുന്നതുവരെ ആരുംതന്നെ സുരക്ഷിതരല്ല എന്ന്‌ പറയുമെങ്കിലും, ഇന്ന്‌ വീടുകള്‍പോലും സുരക്ഷിതമല്ല എന്ന സ്ഥിതിവിശേഷമാണ്‌. പുറത്ത്‌ ഗുണ്ടകളും അകത്ത്‌ മാതാപിതാക്കളും ബന്ധുക്കളും കൊലയാളികളായിത്തീര്‍ന്നാലുള്ള അവസ്ഥ അചിന്തനീയമാണ്‌. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ വിവിധ സാഹചര്യങ്ങളില്‍ ശ്വാസം മുട്ടിയും തീപൊള്ളലേറ്റും ശരീരം നിശ്ചേഷ്ടമാവുന്നത്‌ ഹൃദയഭേദകമാണെങ്കിലും വടക്കേ ഇന്ത്യയിലും തലസ്ഥാനമായ ഡല്‍ഹിയിലും നടന്നുവരുന്ന നിത്യസംഭവങ്ങളാണിവ.

ഇക്കഴിഞ്ഞ ഏപ്രില്‍ 29നാണ്‌?ഡല്‍ഹിയിലെ നിരുപമ പാഥക്‌ എന്ന 22കാരിയായ പത്രപ്രവര്‍ത്തക ദാരുണമായി കൊല ചെയ്യപ്പെട്ടത്‌. ആദ്യം അതൊരു ആത്മഹത്യയായി എഴുതിത്തള്ളാനുള്ള ശ്രമം നടന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതൊരു കൊലപാതകമാണെന്ന്‌ സ്ഥിരീകരിക്കുകയും നിരുപമയുടെ അമ്മ സുധാ പാഥക്കിനെ കൊലപാതകക്കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. പോലീസിന്റെ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ്‌ അതൊരു മാനം കാക്കല്‍ കൊലപാതകമാണെന്ന്‌ തെളിഞ്ഞത്‌. സ്വന്തം കുടുംബത്തിന്റെ മാനം കാക്കാന്‍ ഊട്ടി വളര്‍ത്തിയ മകളെ സ്വന്തം മാതാവ്‌ തന്നെ കൊല്ലുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്‌ പിന്നീട്‌ ജനം കേട്ടത്‌.മകള്‍ തങ്ങളേക്കാള്‍ താഴ്‌ന്ന ജാതിയില്‍പെട്ടവനും സഹപാഠിയുമായിരുന്ന പ്രിയഭന്‍ഷു രഞ്ചനുമായി പ്രണയത്തിലായിരുന്നു എന്നും അത്‌ തങ്ങള്‍ക്കും കുടുംബത്തിനും താങ്ങാവുന്നതിലപ്പുറമായിരുന്നു എന്നുമാണത്രേ ആ അമ്മ പോലീസിനോടൂ പറഞ്ഞത്‌.

അതിനുശേഷം മറ്റൊരു മാനം കാക്കല്‍ കൊലപാതകവും ഡല്‍ഹിയില്‍ അരങ്ങേറി. അതും ജാതിപ്രശ്‌നത്തില്‍ നിന്നുടലെടുത്തതായിരുന്നു. 19 വയസ്സുകാരിയായ ആഷാ സൈനിയേയും 21 കാരനായ കാമുകന്‍ യോഗേഷ്‌ ജാദവിനേയും വീട്ടിനുള്ളില്‍ കെട്ടിയിട്ട്‌ മണിക്കൂറുകളോളം ഇരുമ്പുദണ്ഡുകള്‍ കൊണ്ട്‌ അതിക്രൂരമായി മര്‍ദ്ദിച്ചതിനുശേഷം ഇരുമ്പു കസേരകളില്‍ ബന്ധിച്ച്‌ വൈദ|താഘാതമേല്‌പിച്ചാണ്‌ കൊലപ്പെടുത്തിയത്‌. കാമുകനുമായുള്ള സമ്പര്‍ക്കത്തിന്‌ തടയിടുവാന്‍ സ്വന്തം അമ്മാവന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ തിരക്കി കാമുകന്‍ എത്തിയതോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. രണ്ടുപേര്‍ക്കും വേര്‍പിരിയാന്‍ കഴിയില്ലെന്നറിയിച്ചതോടെ വിവാഹം കഴിച്ചു തരാം എന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ യോഗേഷിനെ വീട്ടിലേക്ക്‌ ക്ഷണിച്ചുവരുത്തിയതിനുശേഷമാണ്‌ പെണ്‍കുട്ടിയുടെ അഛനും അമ്മാവനും ചേര്‍ന്ന്‌ ഈ ക്രൂരകൃത്യം ചെയ്‌തത്‌. ചെയ്‌ത തെറ്റില്‍ യാതൊരു പശ്ചാത്താപവുമില്ലെന്ന്‌ രണ്ടുപേരും പോലീസിനോട്‌ പറഞ്ഞത്രേ.

ഇപ്പോഴിതാ ഉത്തര്‍പ്രദേശ്‌ സ്വദേശിനി 20കാരി സംഗീതയും ബന്ധുക്കളാല്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഡല്‍ഹിയ്‌ക്കടുത്ത്‌ നോയിഡയില്‍ ജോലി ചെയ്‌തിരുന്ന സംഗീതയും സഹപ്രവര്‍ത്തകന്‍ ദളിത്‌ വംശജനായ രവീന്ദറും പ്രണയത്തിലാകുകയും വീട്ടുകാരറയാതെ ഡല്‍ഹിയില്‍വെച്ച്‌ അവര്‍ വിവാഹിതരാകുകയും ചെയ്‌തു. ഈ വിവരം അറിയാതെ സംഗീതയുടെ വിവാഹം നടത്താന്‍ ഒരുങ്ങിയപ്പോഴാണ്‌ രവീന്ദറുമായുള്ള വിവാഹക്കാര്യം വീട്ടില്‍ പറയുന്നത്‌. ആദ്യം എതിര്‍ത്ത ബന്ധുക്കള്‍ ഒടുവില്‍ അത്‌ അംഗീകരിക്കുകയും സംഗീതയെ രവീന്ദറിന്റെ കൂടെ പോകാന്‍ അനുവദിക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ്‌ സംഗീതയെ കൊല്ലപ്പെട്ടനിലയില്‍ കാണുന്നതത്രേ. സംഭവവുമായി ബന്ധപ്പെട്ട്‌ സംഗീതയുടെ അമ്മയേയും മറ്റു നാലുപേരേയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

വീണ്ടും മറ്റൊരു കൊലപാതകവും യു.പി.യിലെ മുസാഫര്‍ നഗറില്‍ രണ്ടു ദിവസം മുന്‍പ്‌ നടന്നു. ദളിത്‌ വംശജയായ യുവതിയുമായി പ്രണയത്തിലായ കുറ്റത്തിന്‌ ഠാക്കൂര്‍ വംശജനായ 48കാരനെ യുവതിയുടെ ബന്ധുക്കളാണ്‌ കല്ലെറിഞ്ഞു കൊന്നത്‌. യുവതിയുടെ വീടിനടുത്ത്‌ താമസിച്ചിരുന്ന വിഭാര്യനായ പ്രേംസിംഗ്‌ ഠാക്കൂര്‍ യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ച വിവരമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഇഷ്ടിക കൊണ്ട്‌ എറിഞ്ഞാണത്രേ പ്രേംസിംഗിനെ കൊന്നത്‌.

സ്വന്തം ജാതിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാന്‍ ചെയ്‌ത ഒരു ത്യാഗമെന്നോണമാണ്‌ ഈ `സല്‍ക്കര്‍മ്മങ്ങള്‍' ചെയ്‌തതെന്നാണ്‌ ഈ കൊലപാതകങ്ങളെല്ലാം നടത്തിയവരെന്നു സംശയിക്കുന്ന വരുടെ വാദം. താലോലിച്ചോമനിച്ച്‌ വളര്‍ത്തിയ കൈകള്‍കൊണ്ടുതന്നെ സ്വന്തം മക്കളുടെ കഴുത്തു ഞെരിക്കുവാന്‍ പ്രേരിപ്പിക്കുന്ന അഭിമാനംകൊണ്ട്‌ എന്തു പുണ്യമാണ്‌ അവര്‍ നേടുന്നത്‌ രക്തത്തില്‍ കുതിര്‍ന്ന ഇത്തരം അഭിമാനങ്ങള്‍ വീണ്ടും കളങ്കപ്പെട്ടാല്‍ എത്രമാത്രം രക്തം പിന്നെയും ഒഴുക്കേണ്ടതായി വരും

ജാതിയും മതവും സമൂഹത്തിനെ കാര്‍ന്നു തിന്നുന്ന അര്‍ബ്ബുദരോഗമാണെന്നും അതിനെ വേരോടെ പിഴുതെറിയണമെന്നും ഉദ്‌ഘോഷിച്ച സാമൂഹ്യാചാര്യന്മാരുടേയും പരിഷ്‌ക്കര്‍ത്താക്കളുടേയും തലമുറ അന്യം നിന്നു പോയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ പ്രബുദ്ധരായവരാണെന്ന്‌ അഭിമാനിക്കുന്ന കേരളത്തിലാവട്ടേ മതപണ്ഡിതന്മാരും സാമുദായിക നേതാക്കളും?ജനങ്ങള്‍ക്കുമേല്‍ തങ്ങള്‍ക്കുള്ള സ്വാധീനം അനുദിനം വര്‍ദ്ധിപ്പിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയുന്നു. അവരുടെ ഒത്താശയോടെ അണികള്‍ സ്വയം ശിക്ഷാവിധികള്‍ നടപ്പിലാക്കുന്നു. നാളെ ഈ മാനം കാക്കല്‍ കൊലപാതകങ്ങള്‍ കേരളത്തിലും അരങ്ങേറില്ലെന്നാരു കണ്ടു.

No comments:

Post a Comment