Tuesday, July 20, 2010

രൂപയ്ക്കൊരു വരയും ജനങ്ങള്‍ക്കൊരു പാരയും

അങ്ങനെ ഹിന്ദിയിലെ 'ര'യുടെ നടുവിലൂടെ വരയിട്ട് രൂപയുടെ മൂല്യം ഇന്ത്യാ ഗവണ്മെന്റ് കൂട്ടി. ശ്ശോ..... എന്തൊരു മഹാസംഭവം ! ദേവനാഗരിലിപിയിലെ 'ര' ആണെങ്കിലും അത് ഹിന്ദിയിലും 'ര' തന്നെ.ഇനിയിപ്പോള്‍ രൂപയുമില്ല, ഉറുപ്പികയുമില്ല, റുപ്പയ്യയുമില്ല. ഈ വരയിട്ടതുകൊണ്ട് ഇതുവരെ രൂപയെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ഡോളറും, പൗണ്ടും, യെന്നുമൊക്കെ രൂപയോട് കൂട്ടുകൂടാന്‍ വരുമത്രേ! അതുമല്ലെങ്കില്‍ ധൈര്യമായി രൂപയ്ക്ക് അങ്ങോട്ട് ചെന്ന് കൂട്ടുകൂടാം.തന്നെയുമല്ല ഇന്ത്യയെ ''എലൈറ്റ്'' ഗ്രൂപ്പില്‍ പെടുത്തുകയും ചെയ്യും. എന്തേ ഈ ബുദ്ധി നേരത്തെ തോന്നാത്തൂ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഷര്‍ട്ടിടാതെയും ചെരുപ്പിടാതെയും ചില ഹോട്ടലുകളില്‍ കയറ്റുകയില്ല എന്നതുപോലെ 'ര'യും വരയുമില്ലാത്തതുകൊണ്ടാണ് ഇന്ത്യന്‍ രൂപയെ ഇവരൊക്കെ അടുപ്പിക്കാതിരുന്നതെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. ഇന്ത്യയുടെ ആദ്യത്തെ രൂപയുടെ ഉത്ഭവത്തിനുശേഷം ഏകദേശം 470 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴെന്താ ഇങ്ങനെ ഒരു ബോധോദയമുണ്ടായതെന്ന് സംശയിക്കുന്നവരുമുണ്ടായിരിക്കാം.ഈ 'ര' പ്രയോഗം നേരത്തെ ചെയ്തിരുന്നെങ്കില്‍ രൂപയുടെ സ്ഥാനവും മാനവും മൂല്ല്യവും ഡോളറിനെപ്പോലും വെല്ലുമായിരുന്നില്ലേ?


'ര'യുടെ നടുവിലൂടെ വരയിട്ടതുകൊണ്ട് പ്രശ്‌നങ്ങള്‍ തീരുന്നില്ല.ഇംഗ്ലീഷിലെ Rs. എന്നതിനു പകരം ഈ 'ര' കൊണ്ട് രക്ഷപ്പെടാമെന്നുള്ളത് സത്യം തന്നെ. ഈ 'ര' പ്രയോഗം കണ്ടുപിടിച്ച ആ ഐ.ഐ.ടി. വിദ്യാര്‍ത്ഥിക്ക് രണ്ടര ലക്ഷം രൂപ പാരിദോഷികമായി നല്‍കിയെങ്കിലും,ഈ 'ര' ഒന്നു പച്ചപിടിപ്പിക്കണമെങ്കില്‍ ഇനി ലക്ഷങ്ങളും കോടികളും ചിലവഴിക്കേണ്ടിവരുമെന്നത് മറ്റൊരു സത്യം. കേരളത്തില്‍ ഇരുചക്രവാഹനമോടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബ്ബന്ധമാക്കിയത് ഏതോ വടക്കന്‍ ഹെല്‍മറ്റ് ലോബിയുടെ 'ഐഡിയ' ആയിരുന്നു എന്നു പറഞ്ഞതുപോലെ,ഈ ഐഡിയ ഏതോ സോഫ്റ്റ്‌വെയര്‍ കമ്പനിക്കാരുടെ തലയിലുദിച്ചതാണെന്നും പറയപ്പെടുന്നു. മലയാളത്തിലെ 'ചില്ലിക്കാശ്' കാലാന്തരത്തില്‍ ഹിന്ദിയിലെ 'നയാ പൈസ' ആയതും വടക്കന്‍ ലോബിയുടെ ഐഡിയ ആയിരുന്നെന്നുള്ളത് ചരിത്രം. വാട്ട് ആന്‍ ഐഡിയ സാബ്ജീ. ഏതായാലും ഈ 'ര' കൊണ്ട് ജനങ്ങള്‍ 'ക്ഷ' വരയ്ക്കുമെന്ന് തീര്‍ച്ച.


കംപ്യൂട്ടറുകളിലേയും ടൈപ്പ്‌റൈറ്ററുകളിലേയും കീ ബോര്‍ഡുകള്‍ മാറ്റുന്നതും Rs.നു പകരം 'ര' എന്ന സോഫ്റ്റ്‌വെയര്‍ ഉല്പാദിപ്പിക്കാനും ഇത്യാദി കാര്യങ്ങള്‍ക്കും മറ്റും ഇനിയും നാളുകള്‍ എടുക്കും.ഏകദേശം 3000 എന്‍ട്രികളില്‍ നിന്നാണത്രേ ഈ 'ര' തെരഞ്ഞെടുത്തത് ! അതും ദേവനാഗരി (ഹിന്ദി)യിലെ 'ര'. എന്തുകൊണ്ട് മലയാളത്തിലെ 'രൂ' തെരഞ്ഞെടുത്തില്ല എന്ന് ഏതെങ്കിലും ദോഷൈകദൃക്കുകള്‍ ചോദിച്ചാല്‍ അതിനവരെ കുറ്റം പറയാന്‍ പറ്റുമോ? സത്യത്തില്‍ ഈ ഹിന്ദി 'ര'യെക്കാള്‍ ചേരുന്നത് മലയാളത്തിലെ 'രൂ' ആയിരുന്നു. അങ്ങനെയെങ്കിലും ലോകമൊട്ടാകെയുള്ള ജനങ്ങളെ നമുക്ക് മലയാളം പഠിപ്പിക്കാമായിരുന്നു, മലയാള സംസ്‌ക്കാരം പഠിപ്പിക്കാമായിരുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. ഇന്ത്യ മാത്രമല്ല, ലോകമൊട്ടാകെ ഇനി ജനങ്ങള്‍ ഹിന്ദിയിലെ 'ര' എഴുതി നടുവിലൂടെ വരയിട്ട് പഠിക്കട്ടേ. അങ്ങനെ വടക്കന്‍ ലോബിയുടെ ആഗ്രഹവവും സഫലീകരിക്കട്ടെ. തമിഴ്‌നാട് സ്വദേശി ഉദയകുമാറാണ് ഈ 'ര' വരച്ച് കാശുമേടിച്ചതെന്നുകൊണ്ട് തമിഴ്‌നാട്ടുകാര്‍ മലയാളിക്കിട്ട് പാരപണിതതാണെന്നും, മലയാളികളോട് അവര്‍ കാണിക്കുന്ന അവഗണനയാണിതെന്നും കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ അടക്കം പറയുന്നുണ്ടത്രേ.


സ്ഥലങ്ങളുടെ പേരുമാറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ ഈ രൂപയുടെ മാറ്റം വന്നത് യാദൃശ്ചികം മാത്രം. കേരളത്തിലൊരു 'അം' ഇട്ട് കേരളം എന്നാക്കാന്‍ അച്ചുമാമനും സംഘവും കഠിനപ്രയത്‌നം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രത്തിലെ അംബികാ സോണി 'ര' ഇട്ടത്. ഇനിയിപ്പോള്‍ അതിനുവേണ്ടി ഒരു നിവേദക സംഘം ഡല്‍ഹിയിലേക്ക് പറക്കുകയില്ലെന്നാരു കണ്ടു.


ഇന്ത്യയില്‍ ദിനംപ്രതി സ്ഥലങ്ങളുടെ പേരുമാറ്റം കണ്ടതുകൊണ്ടാണ് 'കേരള' പോരാ ഒരു 'അം' കൂടി ചേര്‍ത്ത് കേരളം എന്നാക്കിയാലെന്താ എന്ന് അച്ചുമാമനും കൂട്ടര്ക്കും തോന്നിയത്. പക്ഷേ, 'ര' ചേര്‍ത്ത് രൂപയുടെ മൂല്യം കൂട്ടിയതുപോലെ 'അം' ചേര്‍ത്താല്‍ കേരളത്തിന്റെ പ്രതിഛായയോ മൂല്യമോ കൂടുമോ? 'അം' അറ്റുപോയ കേരളത്തിന് അതങ്ങ്  തിരികെ വാങ്ങിക്കൊടുത്ത് മറ്റൊരു പരശുരാമനായി ശിഷ്ടകാലം ജീവിക്കാമെന്നു ഭരണ കാലാവധി അവസാനിക്കാറായിട്ടും സ്വന്തം മുഖഛായപോലും രക്ഷിക്കാന്‍ കഴിയാതെ പെടാപാടു പെടുന്ന അച്ചുമാമന് തോന്നിയതില്‍ തെറ്റുപറയാന്‍ കഴിയില്ല.


ഇംഗ്ലീഷ് കൂടാതെ ഇരുപത്തിയെട്ട് ഭാഷകളുള്ള ഇന്ത്യയില്‍ രൂപയ്ക്ക് ഏറ്റവും നന്നായി ചേരുന്ന 'രൂ'വിനെ തഴഞ്ഞതിന് മലയാളി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് പൊരുതണം. ഏത് മാനദണ്ഡമുപയോഗിച്ചാണ് ദേവനാഗരിയിലെ 'ര'യില്‍ വരച്ച് രൂപയാക്കിയതെന്ന് കേന്ദ്രം മറുപടി പറയുന്നതുവരെ സമരം ചെയ്യണം.മലയാളി സംഘടനകള്‍ ഒറ്റയ്ക്കോ ഒറ്റക്കെട്ടായോ കൂട്ടം ചേര്‍ന്നോ ഉടനെ ഒരു പ്രമേയം പാസ്സാക്കണം. കേന്ദ്രത്തിലും കേരളത്തിലും ഉടനെ നിവേദനങ്ങള്‍ അയച്ച് ഈ അനീതിയ്ക്കെതിര പോരാടണം. ഇപ്പോള്‍ അമേരിക്കയിലുള്ള കേന്ദ്ര-കേരള നേതാക്കളെ പ്രശ്‌നത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു താല്‍ക്കാലിക പരിഹാരം കാണാനുള്ള അവസരമൊരുക്കണമെന്നും ആവശ്യപ്പെടണം.മറ്റു ഭാഷക്കാരുടെ മേല്‍, പ്രത്യേകിച്ച് മലയാളികളുടെ, ഹിന്ദി അടിച്ചേല്പിക്കുന്നതിനെ ഒരിക്കലും ന്യായീകരിച്ചുകൂടാ. 'ര'യ്ക്കു പകരം 'രൂ' ആക്കുന്നതുവരെ സമരം ചെയ്യണം.

No comments:

Post a Comment