Sunday, July 18, 2010

പള്ളിപ്പറമ്പിലെ ആയുധശേഖരം

ഇക്കഴിഞ്ഞ വീക്കെന്റില്‍ അതിവിചിത്രമായ ഒരു ടെലഫോണ്‍ കോള്‍ എനിക്കു വന്നു. വിളിച്ചയാള്‍ `സലാം' (അസ്സലാമു അലൈക്കും) ചൊല്ലിയതിനുശേഷം എന്റെ പേരും നാളും നാടുമൊക്കെ ചോദിച്ചു. പരിചയമില്ലാത്തവര്‍ വിളിക്കുമ്പോള്‍ ഇങ്ങോട്ടാണ്‌ ആദ്യം പരിചയപ്പെടുത്തേണ്ടതെന്ന്‌ വിളിച്ചയാളിനെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു. കോളര്‍ ഐ.ഡി.യില്‍ ഗള്‍ഫിലെ നമ്പറാണ്‌ കണ്ടത്‌. അപ്പോള്‍ ഇന്റര്‍നാഷണല്‍ വിളിയാണ്‌.


എന്റെ ചില ലേഖനങ്ങള്‍ അദ്ദേഹം വായിച്ചെന്നും, ഒരു മുസ്ലീം ആയ ഞാന്‍ ഇതര മതക്കാരെ പുകഴ്‌ത്തിയും മുസ്ലീം സമുദായക്കാരെ ഇകഴ്‌ത്തിയും എഴുതുന്നത്‌ നിര്‍ത്തണമെന്നും, ആ നേരംകൊണ്ട്‌ മുസ്ലീങ്ങളെ സപ്പോര്‍ട്ട്‌ ചെയ്‌ത്‌ അവരോട്‌ ഈ ലോകം കാണിക്കുന്ന അനീതിക്കെതിരെ എന്തുകൊണ്ട്‌ എഴുതുന്നില്ല എന്നാണ്‌ അയാളുടെ ചോദ്യം. ആദ്യം ഞാനൊന്ന്‌ അമ്പരന്നു. കാരണം, എനിക്ക്‌ ആദ്യം അറിയേണ്ടിയിരുന്നത്‌ ഈ വ്യക്തിക്ക്‌ എന്റെ ടെലഫോണ്‍ നമ്പര്‍ ആര്‌ കൊടുത്തു എന്നാണ്‌. അയാളാണെങ്കില്‍ അതു പറയുന്നുമില്ല. എങ്കില്‍ എനിക്ക്‌ സംസാരിക്കാന്‍ താല്‌പര്യമില്ല എന്നു പറഞ്ഞ്‌ ഫോണ്‍ ഡിസ്‌കണക്ട്‌ ചെയ്യാന്‍ തുനിഞ്ഞപ്പോഴാണ്‌?അങ്ങേ തലയ്‌ക്കല്‍ നിന്ന്‌ കേട്ടത്‌...`ഇക്കാ, ഫോണ്‍ വെയ്‌ക്കല്ലേ, ഇത്‌ ഇക്കാടെ നാട്ടുകാരനാണ്‌. എന്റെ ചില ലേഖനങ്ങള്‍ ഓണ്‍ലൈനില്‍ വായിക്കാറുണ്ടെന്നും എന്നോട്‌ നേരിട്ട്‌ സംസാരിക്കാന്‍ ടെലഫോണ്‍ നമ്പറിനായി നാട്ടില്‍ വിളിച്ചെന്നും അങ്ങനെയാണ്‌ നമ്പര്‍ കിട്ടിയതെന്നും, വിളിച്ച ആളുടെ പേരും വീട്ടുപേരും പറഞ്ഞപ്പോള്‍ എനിക്ക്‌ ആളെ മനസ്സിലായി.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ കാര്യത്തിലേക്ക്‌ കടന്നു. അയാള്‍ക്ക്‌ അറിയേണ്ടത്‌ ഞാനെന്തുകൊണ്ട്‌ മുസ്ലീങ്ങളെ മാത്രം ഫോക്കസ്‌ ചെയ്‌ത്‌ എഴുതുന്നില്ല എന്നാണ്‌. ലോകമെങ്ങും മുസ്ലീങ്ങളെ പീഢിപ്പിക്കുകയും വേട്ടയാടുകയുമാണത്രേ. കൂട്ടത്തില്‍ ഇത്രയും കൂടി പറഞ്ഞു `പഴയ ജോര്‍ജ്ജ്‌ ബുഷിന്റെ' നാട്ടിലിരുന്നുകൊണ്ടല്ലേ ഇക്ക ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നത്‌. `ഗള്‍ഫില്‍ നിന്ന്‌ ടെലഫോണ്‍ ചെയ്‌ത്‌ ചോദിക്കാന്‍ പറ്റിയ വിഷയമാണോ ഇത്‌, നീ വേറെ വല്ലതും പറ' എന്നു ഞാന്‍ പറഞ്ഞിട്ടും വിളിച്ച ആള്‍ വിടാനുള്ള ഭാവമില്ല. എന്നെ ഒന്നു ചൊറിഞ്ഞാലേ ഉറക്കം വരൂ എന്ന മട്ടിലായപ്പോള്‍ ഫോണിലൂടെ ഞാനൊരു മാന്തു കൊടുത്തു. `1987-88 കാലഘട്ടങ്ങളില്‍ നമ്മുടെ പള്ളിക്കമ്മറ്റി തെരഞ്ഞെടുപ്പില്‍ മെംബറായി എന്നെ തെരഞ്ഞെടുത്തപ്പോള്‍ ഞാന്‍ ഇസ്ലാമിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനാണെന്നും, അന്യജാതിക്കാരുമായി കൂടുതല്‍ കൂട്ടുകൂടുന്നവനാണെന്നും, അതുകൊണ്ട്‌ ഇസ്ലാമിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെ പള്ളിക്കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നും, എന്റെ അംഗത്വം റദ്ദാക്കണമെന്നും അല്ലെങ്കില്‍ പള്ളിക്കുവേണ്ടി ഗള്‍ഫില്‍ നടത്തുന്ന ഫണ്ടു പിരിവ്‌ നിര്‍ത്തലാക്കുമെന്നുമൊക്കെ മുദ്രാവാക്യം വിളിച്ച്‌ എന്നെ തേജോവധം ചെയ്‌തവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരുത്തനല്ലേ നീ.?ഇപ്പോഴെന്താ ഗള്‍ഫിലിരുന്ന്‌ എനിക്കെതിരെ `ഫത്‌വ' പുറപ്പെടുവിക്കുകയാണോ' എന്നു ചോദിച്ചതും വിളിച്ചയാളുടെ കാറ്റുപോയപോലെ അല്‌പനേരത്തേക്ക്‌ നിശ്ശബ്ദമായി. `ഇക്കാ, അത്‌...അന്ന്‌... വിവരമില്ലാതിരുന്നതുകൊണ്ട്‌ അങ്ങനെയൊക്കെ സംഭവിച്ചുപോയി, അതിലെനിക്ക്‌ ഖേദമുണ്ട്‌, എന്നെക്കൊണ്ട്‌ അങ്ങനെയൊക്കെ ചെയ്യിച്ചതാണ്‌, ഞാന്‍ വിചാരിച്ചു ഇക്ക അതൊക്കെ മറന്നുകാണുമെന്ന്‌.` ക്ഷമാപണസ്വരത്തിലുള്ള സംസാരം അങ്ങേ തലയ്‌ക്കല്‍ നിന്നു കേട്ടപ്പോള്‍ എനിക്ക്‌ ചിരിയാണു വന്നത്‌. ടെലഫോണിലൂടെ വിവരിക്കാവുന്ന കാര്യങ്ങളല്ലാതിരുന്നതുകൊണ്ട്‌ കുടുംബകാര്യങ്ങളില്‍?ഞങ്ങളുടെ സംഭാഷണമൊതുക്കി.


അറിവും പരിജ്ഞാനവുമില്ലാത്തവരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച്‌ മറ്റുള്ളവരുടെ നേരെ തിരിച്ചുവിടുന്ന പ്രവണതയില്‍ നിന്നുടലെടുത്ത ഒരു സംഭവമാണ്‌ മേല്‍ വിവരിച്ചത്‌. അന്യമതസ്ഥരുമായി കൂട്ടുകൂടുന്നതും, സംവദിക്കുന്നതും, അമുസ്ലീങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഹറാമാണെന്നും, ഓത്തുപള്ളിയിലോ മദ്രസകളിലോ മാത്രമേ പഠിക്കാവൂ എന്നുമൊക്കെ നിഷക്കര്‍ഷിച്ചിരുന്ന ഒരു തലമുറയാണ്‌ നമുക്കു തൊട്ടുമുന്‍പ്‌ കേരളത്തിലുണ്ടായിരുന്നത്‌.?മുസ്ലീം പെണ്‍കുട്ടികളെ നാലാം ക്ലാസ്സുവരേയോ അല്ലെങ്കില്‍ തീരെ പഠിപ്പിക്കാതെയോ ഇരുന്നിട്ടുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു കേരളത്തില്‍. മുസ്ലീം സമുദായം വിദ്യാഭ്യാസപരമായും സാമൂഹികസാംസ്‌ക്കാരികപരമായും ധാര്‍മ്മികമായും ഇതര സമുദായങ്ങളെ അപേക്ഷിച്ച്‌ വളരെ പിന്നിലാകാന്‍ കാരണവും അതുതന്നെ. മേല്‌പറഞ്ഞ സംഭാഷണം വളരെ ലളിതമായി തോന്നിയേക്കാം. പക്ഷെ, അതില്‍ അന്തര്‍ലീനമായിരിക്കുന്ന അജ്ഞതയും അറിവില്ലായ്‌മയുമാണ്‌ ഇന്ന്‌ ലോകമൊട്ടുക്ക്‌ ജാതിയുടേയും മതത്തിന്റേയും പേരില്‍ നടമാടുന്ന അക്രമങ്ങളുടേയും ഹത്യകളുടേയും ഉറവിടം.


ആരും സ്വമേധയാ തീവ്രവാദികളാകുന്നില്ല. സാഹചര്യങ്ങളാണ്‌ അവരെ അതിനു പ്രേരിപ്പിക്കുന്നത്‌.?സ്വന്തം മക്കള്‍ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും വഴിമാറിപ്പോകുന്നത്‌ എന്തുകൊണ്ടാണെന്ന്‌ രാജ്യത്തെ എല്ലാ മുസ്ലീം മാതാപിതാക്കളും മതപുരോഹിതരും മതമേലദ്ധ്യക്ഷന്മാരും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഭ്യസ്ഥവിദ്യരും സാമാന്യം അറിവും പരിജ്ഞാനവുമുള്ള മുസ്ലിം യുവാക്കള്‍ എന്തുകൊണ്ട്‌ തീവ്രവാദ മാര്‍ക്ഷം സ്വീകരിക്കുന്നു എന്നും അവരെ എങ്ങനെ അതില്‍നിന്ന്‌ മോചിപ്പിക്കാം എന്നും മതനേതാക്കളും പ്രസ്ഥാനങ്ങളും കൂലങ്കഷമായി ചിന്തിക്കണം. മതമൂല്ല്യങ്ങളെയും ആചാരാനുഷ്ടാനങ്ങളേയും പരസ്‌പരം തിരിച്ചറിയാനും ആദരിക്കാനും അവരെ പഠിപ്പിക്കുകയും, സാംസ്‌ക്കാരികമായും സാമൂഹികപരമായും അവരെ ബോധവാരാക്കാനും സഹായിക്കുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്‌താല്‍ ഒരു പരിധിവരെ ഇന്ന്‌ ഇസ്ലാം നേരിടുന്ന, വിശ്വാസങ്ങളുടെ പേരില്‍ നിലനില്‌ക്കുന്ന ഭിന്നതയും മതവിഭാഗങ്ങല്‍ തമ്മിലുള്ള അകല്‍ച്ചയും ഇല്ലാതാക്കുകയും, തദ്വാരാ മുസ്ലിം യുവജനങ്ങളുടെ മനസ്സില്‍ കുടിയിരിക്കുന്ന പകയും വിദ്വേഷവും ഇല്ലാതാക്കാനും അവരെ ധാര്‍മ്മിക ബോധമുള്ള നല്ല ശമരിയാക്കാരായി വാര്‍ത്തെടുക്കുവാനും കഴിയും.


പ്രവാചക നിന്ദ ആരോപിച്ച്‌ തൊടുപുഴ ന}മാന്‍ കോളേജ്‌ അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ ക്രൂരന്മാര്‍ ഒരിക്കലും മാപ്പര്‍ഹിക്കുന്നവരല്ല. എന്തിന്റെ പേരിലായാലും കാടത്തവും അതിനീചവുമായ ഈ പ്രവൃത്തി ചെയ്‌തവരെ സമൂഹം ഒറ്റപ്പെടുത്തുക തന്നെ വേണം. ഭീകരതയിലൂടെ നീതി നടപ്പാക്കാമെന്ന്‌ വ്യാമോഹിച്ച്‌, നാടുനീളെ അക്രമങ്ങള്‍ അഴിച്ചുവിട്ട്‌?ഇസ്ലാമിന്റെ കാവല്‍ക്കാരായി നടിക്കുന്നവര്‍ വാസ്‌തവത്തില്‍ ഇസ്ലാമിന്റെ ശത്രുക്കളാണ്‌. ഒരു യഥാര്‍ത്ഥ ഇസ്ലാമിന്‌ ഒരിക്കലും ക്രൂരപ്രവൃത്തികള്‍ ചെയ്യാനാവില്ല. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ശൈലിയിലുള്ള ഈ ക്രൂരകൃത്യം ചെയ്‌തവര്‍ക്ക്‌ ഏറ്റവും കഠിനമായ ശിക്ഷാവിധിതന്നെ കൊടുക്കുകയും വേണം.ഏറ്റവും പവിത്രമായ ഇടമെന്ന്‌ വിശേഷിപ്പിക്കാവുന്ന പള്ളികളിലും പള്ളിപ്പറമ്പിലും ഖബറുകളിലും വരെ ആയുധം ശേഖരിക്കുന്ന സ്ഥിതിവിശേഷം മുസ്ലീം സമുദായത്തിനു തന്നെ തീരാക്കളങ്കമാണ്‌. ഇങ്ങനെ കുത്സിതപ്രവൃത്തികളിലേര്‍പ്പെടുന്നവരെ മുസ്ലീം സമുദായം ഒന്നടങ്കം ഒറ്റപ്പെടുത്തുക തന്നെ വേണം.


ലോകത്താകമാനം ഇസ്ലാമിന്റെ രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയാണ്‌ ഓരോ മുസ്ലീമിന്റെയും കടമ എന്ന്‌ സിദ്ധാന്തിക്കുന്ന മതതീവ്രവാദികളാണ്‌ യഥാര്‍ത്ഥത്തില്‍ രാജ്യത്ത്‌ ഭീകരവാദികളെ സൃഷ്ടിക്കുന്നത്‌. ഇസ്ലാമിന്റെ ആധിപത്യം ഭൂമിയില്‍ സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ മറ്റൊന്നുകൊണ്ടും മുസ്ലീങ്ങള്‍ തൃപ്‌തിപ്പെട്ടുകൂടാ എന്നും അതിനുവേണ്ടി കൊല്ലാനും ചാവാനുമുള്ള മന:സ്ഥിതി യുവാക്കളില്‍ വളര്‍ത്തിയെടുക്കുവാന്‍ ചില മതമേലദ്ധ്യക്ഷന്മാര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അല്ലെങ്കില്‍ അഭ്യസ്‌തവിദ്യരായകേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍ ഒരിക്കലും തീവ്രവാദത്തിലേക്ക്‌ കളം മാറ്റി ചവിട്ടുകയില്ല.


കേരളത്തില്‍ പൈശാചികമായ താലിബാനിസം നടപ്പിലാക്കുന്നവര്‍ക്ക്‌ ഒത്താശ ചെയ്‌തുകൊടുക്കുന്നവരേയും ഈ ഘോരകൃത്യത്തെ സമുദായ സ്‌നേഹവും മതസേവനവുമായി ന്യായീകരിക്കുന്ന വികാരജീവികളേയും അവിവേകികളേയും പിടികൂടി തുറുങ്കിലടയ്‌ക്കാന്‍ സമുദായ നേതാക്കള്‍തന്നെ രംഗത്തുവരണം. ഇത്തരക്കാരുടെ സേവനംകൊണ്ട്‌ ഇസ്ലാം മതം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന മിഥ്യാബോധം മാറ്റി രാജ്യത്ത്‌ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ദൂതരായി വാഴാന്‍ മുസ്ലീം ചെറുപ്പക്കാരെ ബോധവാന്മാരാക്കിയില്ലെങ്കില്‍ സമാധാനകാംക്ഷികളായ മുസ്ലീങ്ങളെപ്പോലും ജനങ്ങള്‍ വെറുതെ വിടുകയില്ല.





3 comments:

  1. ningalea polea chinthikkunna muslimukal valarea valrea nunapaksham anu. Inganea chinthikkunna alkkarundayirunnenkil nammudea keralathil ennalla, lokathil innu nadakkuunna 90% theevravadha pravarthanangalum illathakumayirunnu.

    ReplyDelete
  2. you must be getting funds from CIA.
    Or you might be a vaajpayee man!
    or atleast you might be a Pinaraayi man, so concerned about losing muslim votes!

    ReplyDelete
  3. Subsriber 2..Thank you for your comment. I request you to read the following statement and judge yourself...
    പിന്നില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന ശക്തികള്‍ -ജമാഅത്തെ ഇസ്‌ലാമി

    Sunday, July 4, 2010

    തിരുവനന്തപുരം: കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കണമെന്നാഗ്രഹിക്കുന്ന ശക്തികളാണ് തൊടുപുഴ അക്രമത്തിന് പിന്നിലെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. ന്യൂമാന്‍കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ ആക്രമിച്ച സംഭവം അങ്ങേയറ്റം നികൃഷ്ടവും അപലപനീയവുമാണ്. മതസമൂഹങ്ങള്‍ക്കിടയില്‍ സ്‌പര്‍ധവളര്‍ത്തുന്ന ശക്തികള്‍ ആരായാലും അവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും മുഴുവന്‍ജനങ്ങളും ഒന്നിച്ച് അണിനിരക്കണമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
    സംഭവത്തിന് ഉത്തരവാദികളായവരെ എത്രയുംപെട്ടെന്ന് പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. ചോദ്യപേപ്പര്‍ വിവാദമുണ്ടായ ഉടന്‍തന്നെ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും സാധ്യമായ നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. നിയമം നടപ്പാക്കാന്‍ വ്യക്തികളും സംഘങ്ങളും മുന്നോട്ട് വരുന്നത് ശരിയല്ല. ഇവിടെ ഒരു നിയമവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതിനനുസരച്ച നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണം. പെട്ടെന്നുണ്ടായ തര്‍ക്കമോ വാക്കേറ്റമോ അല്ല തൊടുപുഴയില്‍ അക്രമത്തിലെത്തിയത്.
    അതിനാല്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ മേഖലാ സ്രെക്രട്ടറി എം. മെഹ്ബൂബ്, ജില്ലാ പ്രസിഡന്റ് എ.എസ് നൂറുദ്ദീന്‍, മുന്‍ ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

    === ++++ ====

    സംഭവമറിഞ്ഞയുടന്‍ ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ സംസ്ഥാന അസി. അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി അധ്യാപകന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഒരു മതവിഭാഗവും അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും അക്രമികള്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ലെന്നും അബ്ദുല്‍ അസീസ് വ്യക്തമാക്കി. അധ്യാപകന്റെ ജീവന്‍ രക്ഷിക്കുന്നതിന് എന്തുസഹായത്തിനും തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം സിസ്റ്റര്‍ സ്‌റ്റെല്ലക്ക് വാക്കുനല്‍കുകയും ചെയ്തു. ഈ വാഗ്ദാനത്തിലെ ആത്മാര്‍ഥത തിരിച്ചറിഞ്ഞ അവര്‍, ജോസഫിന് പത്ത് കുപ്പി രക്തം അടിയന്തരമായി ആവശ്യം വന്നപ്പോള്‍ ആദ്യം വിളിച്ചത് ജമാഅത്തെ ഇസ്‌ലാമി എറണാകുളം ഏരിയ ഓര്‍ഗനൈസര്‍ വി.എ. സലീമിനെയായിരുന്നു. വെട്ടേറ്റ അധ്യാപകന് പത്തുകുപ്പി ബി-പോസിറ്റീവ് രക്തം ആവശ്യമുണ്ടെന്നറിഞ്ഞ് ജമാഅത്ത്-സോളിഡാരിറ്റി പ്രവര്‍ത്തകരെത്തി രക്തദാനം നടത്തി.

    ആക്രമണം അപലപനീയം -സോളിഡാരിറ്റി

    കോഴിക്കോട്: ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിനെ ആക്രമിച്ചതില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്‍ പ്രതിഷേധിച്ചു.
    പ്രവാചകനിന്ദക്കെതിരെ ഉയര്‍ന്ന ജനാധിപത്യപരവും ധാര്‍മികവുമായ സമരത്തെ തകര്‍ക്കാനുള്ള നീക്കം കൂടിയാണിത്. അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം

    ReplyDelete