Thursday, January 20, 2011

കണ്ണു തുറക്കാത്ത ദൈവങ്ങളേ......

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന്‌ ദൈവങ്ങള്‍ അപ്രത്യക്ഷമാകുകയാണോ? അതോ ദൈവനിന്ദകള്‍ പെരുകിയതുമൂലം ദൈവശാപം ഏറ്റതാണോ? കാരണമെന്തുമായിക്കൊള്ളട്ടേ,മകരജ്യോതി ദര്‍ശനം കഴിഞ്ഞ്‌ സംതൃപ്‌തിയോടെ മലയിറങ്ങിയ നൂറുകണക്കിന്‌ തീര്‍ത്ഥാടകര്‍ തിക്കിലും തിരക്കിലും പെട്ട്‌ പുല്ലുമേട്ടില്‍ മരിച്ചുവീണ സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.ശബരിമല തീര്‍ത്ഥാടകര്‍ ഏറ്റുവാങ്ങിയ ഈ ദുരന്തം ഒഴിവാക്കാമായിരുന്നതല്ലേ.

പണം കണ്ട്‌ കണ്ണു മഞ്ഞളിച്ചുപോയ ദേവസ്വം ബോര്‍ഡാണോ അതോ എന്തിനും ഏതിനും `അന്വേഷണക്കമ്മീഷനെ' വെച്ച്‌ രക്ഷപ്പെടുന്ന കേരള സര്‍ക്കാരാണോ ഈ ദുരന്തത്തിനുത്തരവാദികള്‍ അതോ, എല്ലാം കണ്ടിട്ടും കണ്ടില്ല എന്നു നടിച്ച ശബരിമല ശ്രീ ധര്‍മ്മശാസ്‌താവാണോ? എന്തു തന്നെയായാലും നൂറു കണക്കിന്‌ നിരപരാധികളുടെ ജീവനപഹരിച്ച ഈ മഹാദുരന്തം കേരളത്തിനേറ്റ തീരാകളങ്കമാണ്‌.

ദൈവഹിതം പ്രവര്‍ത്തിക്കുന്നവര്‍ക്കാണ്‌ ദൈവത്തിന്റെ പേരുപോലും പറയാന്‍ അര്‍ഹതയുള്ളൂ. ദൈവനിന്ദകര്‍ ഭരിക്കുന്ന ഒരു നാട്ടിലെങ്ങനെ ദൈവാനുഗ്രഹമുണ്ടാകും ഭരിക്കുന്നവരാകട്ടേ സ്വജനങ്ങളെ ദൈവനിഷേധികളാക്കാനുള്ള നിയമങ്ങള്‍ അടിച്ചേല്‌പിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള ഒരു ദേശത്ത്‌ ഒരിക്കലും ദൈവയോഗമുണ്ടാകുകയില്ലെന്നു മാത്രമല്ല, ദൈവകോപം സംഹാരതാണ്‌ഠവമാടുകയും ചെയ്യുമെന്നതിന്റെ തെളിവാണ്‌ ശബരിമലയിലെ ഉപ്പുതറ സംഭവം. ദൈവത്തിന്റെ പേരില്‍ കൈകാലുകള്‍ വെട്ടുന്ന കേരളം ദൈവത്തിന്റെ നാടെന്ന പേരിന്‌ അര്‍ഹയാണോ.

ദൈവപ്രതിഷ്‌ഠകള്‍ മാത്രംകൊണ്ട്‌ ദൈവപ്രീതി കൈവരിക്കാന്‍ സാദ്ധ്യമല്ല.ദൈവം മനുഷ്യരില്‍ തന്നെയാണ്‌്‌ കുടിയിരിക്കുന്നതെന്ന്‌ മഹാത്മാക്കള്‍ പ്രവചിച്ചിട്ടുണ്ട്‌. മനസ്സു നന്നായാല്‍ മനുഷ്യന്‍ നന്നാകുന്നു. മനുഷ്യന്‍ നന്നായാല്‍ നാടു നന്നാകുന്നു. അങ്ങനെ ആ നാട്‌ ദൈവത്തിന്റെ നാടായി മാറുന്നു. പക്ഷേ കേരളത്തിലെ സ്ഥിതി നേരെ മറിച്ചാണ്‌. മുക്കിലും മൂലയിലും ആരാധനാലയങ്ങള്‍ പണിതുയര്‍ത്തിയതുകൊണ്ട്‌ ദൈവീകചൈതന്യം വാരിക്കോരി ആ പ്രദേശത്ത്‌ ലഭിക്കണമെന്നില്ല. വിശ്വാസികള്‍ തമ്മില്‍ത്തല്ലി ചാകുന്നതുകൊണ്ടും ദൈവപ്രീതി ലഭിക്കണമെന്നില്ല.

കണ്ണുതുറക്കാത്ത ദൈവങ്ങളല്ല മറിച്ച്‌ കണ്ണുതുറന്നിരിക്കുന്ന മനുഷ്യര്‍ ശബരിമലയിലും അനുബന്ധപ്രദേശങ്ങളിലും മതിയായ സുരക്ഷാസംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കി ഭക്തജനങ്ങളുടെ തിരക്ക്‌ നിയന്ത്രിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു ദുരന്തം കേരളം ഏറ്റുവാങ്ങേണ്ടിവരില്ലായിരുന്നു.

ഓരോ ദുരന്തങ്ങളിലുംപെട്ട്‌ ജീവന്‍ പൊലിയുന്നവരിലേറെയും അന്യസംസ്ഥാനക്കാരാകുന്നത്‌ കേരളത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ഭൂഷണമല്ല തന്നെ. തട്ടേക്കാട്‌ ബോട്ട്‌ ദുരന്തം കവര്‍ന്നെടുത്ത ജീവനുകള്‍ മുഴുവന്‍ അന്യസംസ്ഥാനക്കാരുടേതായിരുന്നു. കേരളജനത മാത്രമല്ല ലോകമൊട്ടുക്കുള്ള ജനങ്ങള്‍ സ്‌തംബ്ധരായ നിമിഷങ്ങളായിരുന്നു അത്‌. അന്വേഷണക്കമ്മീഷനെ നിയമിക്കുകയും പിന്‍വലിക്കുകയും തകൃതിയായി നടന്നു. എന്നിട്ടോ? ആ അന്വേഷണം എങ്ങുമെത്തിയില്ല.

ദുരന്തങ്ങള്‍ മാറി മാറി വരുമ്പോള്‍ കൊട്ടിഘോഷിച്ച്‌ എന്തൊക്കെയോ കാട്ടിക്കൂട്ടുകയും പിന്നീട്‌ സൗകര്യപൂര്‍വ്വം അതു മറക്കുകയും ചെയ്യുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും ഇപ്പോള്‍ പരസ്‌പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ദയനീയ കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ഇങ്ങനെ അന്വേഷണപ്രഹസനങ്ങളിലൂടെ രക്ഷപ്പെടുന്ന എല്ലാവരേയും ക്രിമിനല്‍ കുറ്റവാളികളായി പ്രഖ്യാപിക്കുകതന്നെ വേണം.

ഏതു ദുരന്തം വന്നാലും മുഖ്യമന്ത്രി ഉടനെ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും. കുറെ കഴിയുമ്പോള്‍ ആ അന്വേഷണം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍തന്നെ അട്ടിമറിക്കും. ഇതൊരു തുടര്‍ക്കഥയായി തുടരുന്നിടത്തോളം കാലം ദുരന്തങ്ങള്‍ കേരളം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരാണ്‌ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നത്‌.? പരമ്പരാഗതമായ കാനനപാതയിലൂടെ സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകരിലേറെയും അന്യസംസ്ഥാനക്കാരുമാണെന്നും, അതിലേറെയും തമിഴ്‌നാട്‌, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്‌ മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ബോദ്ധ്യമുള്ളതുമാണ്‌. ഈ തീര്‍ത്ഥാടകരാണ്‌ കോടിക്കണക്കിനു രൂപ ദേവസ്വം ബോര്‍ഡിന്റെ ഖജനാവില്‍ നിറച്ചുകൊണ്ടിരിക്കുന്നത്‌.

നികുതിദായകരുടേയോ സര്‍ക്കാരിന്റേയോ ചിലവില്‍ ഈ തീര്‍ത്ഥാടകര്‍ക്ക്‌ സൗകര്യങ്ങള്‍ ചെയ്‌തുകൊടുക്കേണ്ടതില്ല. കോടിക്കണക്കിനു രൂപ വരുമാനമുള്ളപ്പോള്‍ എന്തുകൊണ്ട്‌ ദേവസ്വം ബോര്‍ഡ്‌ മതിയായ സംരക്ഷണം തീര്‍ത്ഥാടകര്‍ക്ക്‌ ചെയ്‌തുകൊടുക്കുന്നില്ല ശബരിമലയില്‍നിന്ന്‌ വര്‍ഷംതോറും കിട്ടുന്ന കോടിക്കണക്കിനു രൂപ എന്തു ചെയ്യുന്നു  ഓരോ വര്‍ഷവും ശബരിമല വികസനമെന്ന പ്രഹസനത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നതല്ലാതെ കാര്യമായ ഒരു പ്രവര്‍ത്തനവും അവിടെ നടക്കുന്നില്ല?എന്നതിന്റെ തെളിവിലേക്കാണ്‌ ഇപ്പോഴത്തെ സംഭവം വിരല്‍ ചൂണ്ടുന്നത്‌. മാത്രമല്ല, മരിച്ചവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനക്കാര്‍ ആയതുകൊണ്ട്‌ ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രതിഛായ നഷ്ടപ്പെടുകയും ചെയ്‌തു. ഇങ്ങനെ പ്രതിഛായ നഷ്ടപ്പെട്ട കേരളത്തെ രക്ഷിക്കാനാണോ കോണ്‍ഗ്രസ്സും ബി.ജെ.പി.യും മാറിമാറി മോചനയാത്ര നടത്തുന്നത്‌?

കാണിക്കവഞ്ചിയില്‍ വീഴുന്ന നോട്ടുകെട്ടുകളും സ്വര്‍ണ്ണം, വെള്ളി മുതലായവയും, വഴിപാടുകളില്‍ നിന്നുകിട്ടുന്ന ലക്ഷങ്ങളും മനസ്സില്‍ കണ്ട്‌ അവ വേണ്ടുവോളം ലഭ്യമാക്കാനുള്ള?ഭണ്ഡാരങ്ങളും കാണിക്കവഞ്ചികളും സ്ഥാപിച്ചതല്ലാതെ തീര്‍ത്ഥാടകര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍പോലും ചെയ്‌തുകൊടുക്കാത്ത ദേവസ്വം ബോര്‍ഡിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തുകയും കടുത്ത ശിക്ഷ നല്‍കുകയും ചെയ്‌താല്‍ ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാം.

മകരജ്യോതി ദര്‍ശനപുണ്യമേറ്റ്‌ സായൂജ്യമടഞ്ഞ്‌ തിരിച്ചു സ്വന്തം ഭവനങ്ങളിലേക്ക്‌ യാത്രചെയ്‌തവരാണ്‌ ദുരന്തത്തില്‍ പെട്ടതെന്ന വാര്‍ത്ത വന്നതിനു പിന്നാലെ യുക്തിവാദി സംഘം രംഗത്തെത്തുകയും മകരജ്യോദി തട്ടിപ്പാണെന്നും ദേവസ്വം ബോര്‍ഡിനെതിരെ നരഹത്യയ്‌ക്ക്‌ കേസെടുക്കണമെന്നും ആഹ്വാനം ചെയ്‌തിരിക്കുന്നു.

അന്വേഷണക്കമ്മീഷനുകള്‍ കെട്ടിച്ചമയ്‌ക്കുന്ന കഥകളും ഉപകഥകളും ഇനി മാധ്യമങ്ങള്‍ക്കും ചാനലുകാര്‍ക്കും ചാകരക്കൊയ്‌ത്താകും. പക്ഷെ, അപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യം മാത്രം ബാക്കിയാകും. ശബരിമല ദര്‍ശനത്തിന്റെ പുണ്യകര്‍മ്മങ്ങളിലൊന്നായ മകരജ്യോതി ദര്‍ശിച്ച്‌ സായൂജ്യമടഞ്ഞ ഭക്തര്‍ കൂരിരുട്ടില്‍ തലങ്ങും വിലങ്ങും ഓടി മേല്‍ക്കുമേല്‍ മറിഞ്ഞുവീണ്‌ അതിദാരുണമായി മരണത്തിന്റെ കരാളഹസ്‌തങ്ങളില്‍ ഞെരിഞ്ഞമര്‍ന്ന്‌ പിടഞ്ഞുമരിച്ചു വീണപ്പോള്‍, ശരണമന്ത്രവുമായി തന്നെ കാണാന്‍ വരുന്ന ഭക്തരുടെ ആശ്രിതനാകുമെന്ന്‌ വിശ്വസിക്കുന്ന (വിശ്വസിപ്പിക്കുന്ന) സാക്ഷാല്‍ ധര്‍മ്മശാസ്‌താവ്‌ എന്തേ കണ്ണടച്ചു ഈ അത്യാഹിതത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക്‌ ആര്‌ സമാധാനം പറയും

കേരള സേനയും കേന്ദ്ര സേനയും അത്യാഹിതസമയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സജ്ജീകരണങ്ങളോടെയും ശബരിമലയിലുണ്ടായിരുന്നെങ്കിലും അവര്‍ സന്നിധാനത്തിനു ചുറ്റുവട്ടത്ത്‌ സുരക്ഷാവലയം തീര്‍ത്ത്‌ അയ്യപ്പെനെ സംരക്ഷിക്കുകയായിരുന്നുവത്രേ. ദൈവത്തിനെന്തിനാണ്‌ മനുഷ്യരുടെ സംരക്ഷണം

സന്നിധാനത്തിന്‌ ഏതാനും കാതമകലെ ശരണമന്ത്രം ചൊല്ലി തന്നെക്കാണാന്‍ വന്ന ഭക്തര്‍ പിടഞ്ഞുവീണു മരിച്ചുകൊണ്ടിരുന്നപ്പോള്‍ കേന്ദ്രസേനയുടെ സുരക്ഷാവലയത്തിനുള്ളില്‍ ഭദ്രമായി പള്ളിയുറങ്ങിയ അയ്യപ്പനോ, അയ്യപ്പന്റെ സന്തതസഹചാരിയായ വാവരു സ്വാമിയോ, മലദൈവങ്ങളോ, ദൈവത്തിന്റെ സ്വന്തം നാട്ടിലെ മറ്റു ദൈവങ്ങളോ ആ ഹതഭാഗ്യര്‍ക്ക്‌ തുണയായില്ല.

ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായി മാറിയ ശബരിമലയിലെ ഈ അത്യാഹിതം വിശ്വാസപരമായി എങ്ങനെ വിലയിരുത്താം  ഇവിടെയാണ്‌ മകരജ്യോദിയെക്കുറിച്ച്‌ യുക്തിവാദികള്‍ ഉന്നയിക്കുന്ന ചോദ്യത്തിന്‌ പ്രസക്തിയേറുന്നത്‌.








No comments:

Post a Comment