Thursday, February 3, 2011

യൂസഫലി സ്‌മാര്‍ട്ടായി.....വി.എസ്‌. ഹാപ്പിയായി

`പറയേണ്ടവര്‍ പറഞ്ഞാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കും' എന്ന ആപ്‌തവാക്യം അന്വര്‍ത്ഥമായതു പോലെയാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി മന്ത്രിസഭ അംഗീകരിച്ചെന്നു കേട്ടപ്പോള്‍ തോന്നിയത്‌. ഊഹാപോഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരും ടീകോം അധികൃതരും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ സ്‌മാര്‍ട്ട്‌സിറ്റിയെക്കുറിച്ച്‌ ജനങ്ങളിലുണ്ടായ ആശയക്കുഴപ്പം തീര്‍ന്നെന്നു മാത്രമല്ല, പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയും ചെയ്‌തു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട്‌ ഒരു പദ്ധതിയും യാഥാര്‍ത്ഥ്യമാകുകയില്ലെന്നും, മറിച്ച്‌ നാടിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും മാര്‍ഗതടസ്സമുണ്ടാകാനേ അതുപകരിക്കൂ എന്നും ഇനിയെങ്കിലും നേതാക്കള്‍ മനസ്സിലാക്കണം. സത്യസന്ധതയും അര്‍പ്പണമനോഭാവവും പുരോഗമന ചിന്താഗതിയുമുണ്ടായിരുന്നെങ്കില്‍ ഈ പദ്ധതി നേരത്തെ തന്നെ പ്രാവര്‍ത്തികമാക്കാമായിരുന്നു. പക്ഷെ, വിവാദങ്ങള്‍ സൃഷ്ടിച്ച്‌ ഭരണ-പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ പാഴാക്കുകയും കേരളത്തിന്റെ വികസനത്തിന്‌ വിഘ്‌നം സൃഷ്ടിക്കുകയുമായിരുന്നു.

ഏറെ പ്രതീക്ഷയോടെ തുടങ്ങിവെച്ച സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി ആറു വര്‍ഷങ്ങള്‍ അനിശ്ചിതമായി തുടര്‍ന്നുപോയതിന്‌ ഉത്തരവാദികള്‍ വിവിധ രാഷ്ട്രീയ കക്ഷികളായിരുന്നു എന്നതിന്‌ തര്‍ക്കമില്ല. സ്വന്തം ബലഹീനതകള്‍ മറച്ചു വെക്കാന്‍ അവര്‍ ടീകോം അധികൃതരെ പഴിചാരി രക്ഷപ്പെടുകയും ചെയ്‌തു. അവസാനം മലയാളികളുടെ അഭിമാനമായ പത്മശ്രീ എം.എ. യൂസഫലി രംഗത്തു വന്നതോടെ കാര്യങ്ങളെല്ലാം ദ്രുതഗതിയിലായി. പ്രഗത്ഭനായ ഒരു നയതന്ത്രജ്ഞനെപ്പോലെ എത്ര പെട്ടെന്നാണ്‌ അദ്ദേഹം കേരളത്തിന്റെ സ്വപ്‌നപദ്ധതിയെ യാഥാര്‍ത്ഥ്യമാക്കിയത്‌! ജനങ്ങളുടേ ക്ഷേമവും നാടിന്റെ നന്മയും ലക്ഷ്യമിട്ടതുകൊണ്ടു മാത്രമാണ്‌ അദ്ദേഹത്തിന്‌ ഇങ്ങനെ ഒരവസരം ലഭിച്ചതും ഏല്‌പിച്ച ജോലി ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതും.

നാട്‌ ഏതെങ്കിലും വിപത്തുകള്‍ അഭിമുഖീകരിക്കുമ്പോള്‍ അതിനെ ഒന്നിച്ചു നേരിടുകയും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ യോജിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്‌ സൃഷ്ടിപരമായ രാഷ്ട്രീയ പ്രവര്‍ത്തനം. എന്തിലും ഏതിലും രാഷ്ട്രീയലക്ഷ്യം മാത്രം ഉന്നം വെയ്‌ക്കുമ്പോള്‍ ജനം ആ രാഷ്ട്രീയ കാപട്യത്തിന്റെ തനിനിറം തിരിച്ചറിയുകയും ചെയ്യും.

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി യു.ഡി.എഫ്‌. സര്‍ക്കാര്‍ തുടങ്ങിവെക്കുകയും എല്‍.ഡി.എഫ്‌. ഭരണത്തില്‍ വന്നപ്പോള്‍ മന്ദഗതിയിലാക്കുകയും ചെയ്‌തതാണ്‌ ആറു വര്‍ഷങ്ങള്‍ ഈ പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ 2004ലാണ്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ വ്യവസായമേഖലയില്‍ കേരളത്തിന്റെ മുഖഛായതന്നെ മാറ്റിയേക്കാവുന്ന സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിക്കായി കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക്‌ വഴി ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയുടെ സ്‌മാര്‍ട്ട്‌ സിറ്റിക്ക്‌ തുടക്കമിട്ടത്‌. എന്നാല്‍, വ്യവസ്ഥകളില്‍ ദുരൂഹതയുണ്ടെന്നും അപാകതയുണ്ടെന്നും പ്രഖ്യാപിച്ച്‌ അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്‌. അച്യുദാനന്ദന്‍ രംഗത്തിറങ്ങുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയുമായിരുന്നു. പക്ഷേ, യു.ഡി.എഫ്‌. സര്‍ക്കാര്‍ ചര്‍ച്ചകളും കൂടിക്കാഴ്‌ചകളുമൊക്കെയായി മുന്നോട്ടുപോയി.

പിന്നീട്‌ സംസ്ഥാനത്ത്‌ ഭരണമാറ്റം വന്നതോടെ എല്‍.ഡി.എഫിന്റെ കൈയിലായി പദ്ധതിയുടെ ചുമതല. കുരങ്ങിന്റെ കൈയില്‍ പൂമാല കൊടുത്തതുപോലെയായി പിന്നീട്‌ കാര്യങ്ങള്‍. പദ്ധതിക്ക്‌ തുടക്കത്തില്‍ ഏറെ ശുഷ്‌ക്കാന്തി കാണിച്ച വി.എസ്‌. പിന്നീട്‌ മലക്കം മറിഞ്ഞതും, അത്ര വലിയ താല്‌പര്യം കാണിക്കാതെ പിണറായിയുടെ ഔദ്യോഗികപക്ഷം നിസ്സംഗത പാലിച്ചതും പദ്ധതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗതടസ്സമായി. യു.ഡി.എഫ്‌ ആകട്ടേ ഇനി മെല്ലെ പോയാല്‍ മതിയെന്നു തീരുമാനിക്കുകയും ചെയ്‌തു. അതാണല്ലോ കീഴ്‌വഴക്കം.

നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ നന്മയ്‌ക്കും വേണ്ടിയെങ്കിലും ഇരു കക്ഷികളും ഒറ്റക്കെട്ടായി നിന്ന്‌ ഈ പദ്ധതിക്കുവേണ്ടി നിലകൊണ്ടിരുന്നെങ്കില്‍ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഇത്രയും കാലതാമസമുണ്ടാകുകയില്ലായിരുന്നു. യൂസഫലി അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നു. ഏകദേശം 90,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുമായിരുന്ന ബൃഹത്തായ ഒരു പദ്ധതിയാണ്‌ രാഷ്ട്രീയ മുതലെടുപ്പിന്റെ പൊടിപടലത്തില്‍ മുങ്ങിപ്പോയത്‌.

യുക്തമായ തീരുമാനം വിജയത്തിലും, യുക്തിദീക്ഷയില്ലാത്ത തീരുമാനം നഷ്ടത്തിലും കലാശിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതി അനിശ്ചിതകാലത്തേക്ക്‌ നീണ്ടുപോയത്‌. പല വിദേശരാജ്യങ്ങളിലും തന്റെ ബിസിനസ്സ്‌ സാമ്രാജ്യം പടുത്തുയര്‍ത്തിയ ശ്രീ യൂസഫലിയുടെ സ്ഥായിയായ വിജയത്തിനു പിന്നില്‍ അര്‍പ്പണബോധവും ദൃഢനിശ്ചയവുമാണ്‌. അചഞ്ചലമായ ആ വിശ്വാസവും ആത്മധൈര്യവുമാണ്‌ അദ്ദേഹത്തെ സ്‌മാര്‍ട്ട്‌ സിറ്റിയെ വിജയപാതയിലേക്ക്‌ നയിക്കാന്‍ പ്രേരിതനാക്കിയത്‌.

സ്‌മാര്‍ട്ട്‌ സിറ്റി കരാറില്‍ ഒപ്പു വെച്ച്‌ നിഗൂഢതകള്‍ക്ക്‌ വിരാമമിട്ടെങ്കിലും, തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ അടുത്ത സര്‍ക്കാര്‍ ബാക്കി കാര്യം ചെയ്യട്ടേ എന്ന മട്ടില്‍ മെല്ലെപ്പോകുകയാണെങ്കില്‍ വീണ്ടും വിവാദങ്ങളില്‍ പെട്ട്‌ ഈ പദ്ധതി അട്ടിമറിക്കപ്പെടുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, വിവിധ ട്രേഡ്‌ യൂണിനുകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനും സാദ്ധ്യതയേറുന്നു.

നാടിനും ദേശത്തിനും വേണ്ടി തങ്ങളാലായത്‌ ചെയ്യുക എന്നതാണ്‌ ഒരു യഥാര്‍ത്ഥ പൗരന്റെ ധര്‍മ്മം. ശ്രീ യൂസഫലി ആ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്‌ അഭിനന്ദനങ്ങള്‍. അതിവേഗം ബഹുദൂരമല്ലെങ്കിലും വളരെ വൈകിയാണെങ്കിലും നിര്‍ഭയം ഈ പദ്ധതിയെ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രി വി.എസ്‌. അച|ദാനന്ദനും അഭിനന്ദനങ്ങളര്‍ഹിക്കുന്നു.

4 comments:

  1. താങ്കളുടെ യൂസഫലി മാഹാത്മ്യം വായിച്ചു. യൂസഫലി സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ചുമ്മാ (കേരളമങ്ങ് വികസിച്ചോട്ടേ എന്ന മട്ടില്‍) അരയും തലയും രംഗത്തിറങ്ങി എന്നാണല്ലോ താങ്കള്‍ പറയുന്നത്. ഒരു കാര്യം ശ്രദ്ധിക്കുമല്ലോ. അയാള്‍ക്ക് പച്ചയായ ബിസിനസ് താല്‍പര്യം ഇതിനു പിന്നിലുണ്ട്. സ്മാര്‍ട്ട് സിറ്റിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെ ഇടപ്പള്ളിയില്‍ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു മാള്‍ പണി നടന്നുകൊണ്ടിരിക്കുന്ന കാര്യം താങ്കള്‍ക്ക് അറിയാമെന്ന് കരുതുന്നു. ഈ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കൂടാതെ ലോകോത്തര ബ്രാന്റുകളുടെ ഷോറൂമുകളും ഭക്ഷണ-വിനോദ കേന്ദ്രങ്ങളും മറ്റുമുണ്ടെന്നാണ്‌ പറയുന്നത്. ഈ മാളില്‍ സാധാരണക്കാര്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷത്തിന്റെ സാമ്പത്തിക സ്ഥിതി വച്ചു നോക്കുമ്പോള്‍ കയറാന്‍ വഴിയില്ല. പിന്നെ ആരാവും അവിടെ കയറുക? ആര്‍ക്കുവേണ്ടിയാണ്‌ യൂസഫലി ഇത് പണിതുയര്‍ത്തുന്നത്?അവിടേയാണ്‌ കളി. സ്മാര്‍ട്ട് സിറ്റിയിലെ സായിപ്പന്മാര്‍ക്ക് അവരുടെ സ്റ്റാന്‍ഡേഡ് അനുസരിച്ചു കയറുവാന്‍ പറ്റുക ഒരു പക്ഷെ ലുലുവിലായിരിക്കും. യൂസഫലി കോടികള്‍ ചെലവാക്കി കെട്ടിപൊക്കുന്ന മാളില്‍ ആള്‍ കയറണമെങ്കില്‍ സ്മാര്‍ട്ട് സിറ്റി അവിടെ വന്നേ പറ്റൂ. മറ്റെല്ലാവരെക്കാളും അയാള്‍ക്ക് അത് അനിവാര്യതയാണ്. അല്ലെങ്കില്‍ മുടക്കിയ കോടികള്‍ കൊച്ചികായലില്‍ പോവും. കൂടാതെ ബോള്‍ഗാട്ടിക്കടുത്ത് ഉദ്യോഗസ്ഥ മാഫിയയുടെ സഹായത്താല്‍ കൈവശപ്പെടുത്തിയ ഏക്കറുകണക്കിനുള്ള ഭൂമിയില്‍ ഏറ്റവും വലിയ കണ്‍വെണ്‍ഷന്‍ സെന്റര്‍ യൂസഫലി പണിയാനും പോകുന്നു. എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ യൂസഫലിയുടെ ലക്ഷ്യം എന്താണെന്ന് പകല്‍പോലെ വ്യക്തമാണ്. പിന്നെ യൂസഫലിയുടെ കാര്യശേഷിയെ പറ്റി ആര്‍ക്കും തന്നെ സംശയമുന്ടാവില്ല തന്നെ. എന്തായാലും "ഉഷാര്‍ നഗരം " വരട്ടെ.

    ReplyDelete
  2. "പോത്തിന്റെ കടി മാറുമ്പോള്‍ കാക്കയുടെ വിശപ്പു മാറണം" എന്നാണല്ലോ പ്രമാണം. യൂസഫലിക്ക് അങ്ങനെയൊരു ഉദ്ദേശം ഉണ്ടായിരുന്നെങ്കില്‍ ആറു വര്‍ഷം മുന്‍പ് ആകാമായിരുന്നില്ലേ? തന്നെയുമല്ല, അദ്ദേഹം അങ്ങോട്ടു ചെന്ന് ആവശ്യപ്പെടുകയല്ലായിരുന്നു. സര്‍ക്കാര്‍ അദ്ദേഹത്തെ ആ മധ്യസ്ഥ ദൗത്യം ഏല്പിക്കുകയായിരുന്നുവല്ലോ. അതും ഇക്കഴിഞ്ഞ ഡിസംബറില്‍. പിന്നെ അദ്ദേഹത്തിന്റെ ബിസിനസ്സ് സ്ഥാപനങ്ങളില്‍ ആരു കയറും കയറുകയില്ല എന്നതിന്‌ എന്തു പ്രസക്തി ? നാട്ടിലെ സാധാരണ ചായക്കടയില്‍ കിട്ടുന്ന അഞ്ചു രൂപയുടെ ചായ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കിട്ടണമെങ്കില്‍ ഇരുപത്തഞ്ചു രൂപ കൊടുക്കണ്ടേ? ഇങ്ങനെയുള്ള പ്രതിഭാസങ്ങളാണല്ലോ ഈ ലോകത്തെ തന്നെ പിടിച്ചു നിര്‍ത്തുന്നത്.

    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  3. താങ്കളുടെ മറുപടിക്ക് നന്ദി.

    ശ്രീ. രഞ്ജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് എന്ന സിനിമ കണ്ടാല്‍ യൂസഫലിയുടെ ഒരു ഏകദേശ രൂപം കിട്ടും. കൂടാതെ ശ്രീ കമലിന്റെ അഴകിയ രാവണന്‍. പിന്നെ യൂസഫലിയുടെ ചരടുവലികള്‍ എന്റെയും താങ്കളുടെയും ഒക്കെ സങ്കല്‍പങ്ങള്‍ക്കൊക്കെ അപ്പുറമാണ്. ഒരു ബിസിനസ്മാന്‍ എന്ന നിലയില്‍ യൂസഫലിയെ ഞാന്‍ ചുമ്മാ വിമര്‍ശിച്ചിട്ടില്ല. ബിസിനസ് നടത്തുക ലാഭമുണ്ടാക്കുക എന്നത് യൂസഫലിയും ഞാനും താങ്കളുമൊക്കെ ചെയ്യുന്നതും ചെയ്യാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങളാണ്. ഞാന്‍ പറഞ്ഞത് അയാള്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത് ചുമ്മാ കേരളത്തെയും മലയാളികളെയും അങ്ങ് വികസിപ്പിച്ചുകളയാം എന്നുറപ്പിച്ച് ഇറങ്ങി പുറപ്പെട്ടു എന്നു താങ്കളുടെ വരികള്‍ക്കിടയില്‍ കണ്ടതിനെപറ്റിയാണ്. യൂസഫലിയുടെ കീഴില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒരുപാട് പേര്‍ കഞ്ഞികുടിക്ക് വക കണ്ടെത്തുന്നു എന്നതും വിസ്മരിക്കുന്നില്ല.

    പിന്നെ സ്മാര്‍ട്ട് സിറ്റിയുടെ കരാറില്‍ ആദ്യം അവര്‍ക്ക് (റ്റീകോമിനു) കിട്ടുന്ന ഭൂമി വിറ്റു കാശാക്കാനുള്ള ഒരു വ്യവസ്ഥയുണ്ടായിരുന്നു. അതാണ്‌ കാര്യം നീണ്ടുപോവാന്‍ കാരണം. പിന്നെ ടീകോമിന്റെ പ്രതിനിധിയായി മുന്പ് വന്ന ആള്‍ യഥാവിധി കാര്യങ്ങള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നില്ല. (മൂപ്പര്‍ കൊച്ചിയിലും കോവളത്തും എന്തു ചെയ്യുകയായിരുന്നു എന്ന് പറയേണ്ടല്ലോ). അയാളുടെ ഉദാസീനതയും ഫ്രീഹോള്‍ഡ് സംബന്ധിച്ച തര്‍ക്കങ്ങളുമാണ്‌ പദ്ധതി നീണ്ടു പോയത്. ആ ഫ്രീഹോള്‍ഡ് വ്യവസ്ഥയില്‍ ടീകോം വിട്ടുവീഴ്ച ചെയ്തു. നമ്മുടെ നാട്ടിലെ നമ്മുടെ ഭൂമി ദുബായ് ബഹുരാഷ്ട്ര കമ്പനിക്ക് തോന്നിയ പോലെ വിറ്റു കാശാക്കാന്‍ ഇടതു സര്‍ക്കാര്‍ നിന്നു കൊടുത്തില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ പണ്ടേ ഭൂമി കച്ചവടക്കാരുടെ ആളുകളാണല്ലോ. അതിനു സര്‍ക്കാറിനെ കുറ്റം പറയാനാവില്ല. അങ്ങിനെയുള്ള പ്രതിസന്ധി ഘട്ടത്തിലാണ്‌ യൂസഫലിയെ ദൌത്യം ഏല്‍പ്പിക്കുന്നതും അദ്ദേഹം അതില്‍ വിജയിക്കുന്നതും. ടീ കോമിനോട് യൂസഫലി പറഞ്ഞത് പദ്ധതി വന്നാല്‍ ലോകോത്തര നിലവാരത്തില്‍ നിന്ന് വ്യത്യസ്ഥമായി കുറഞ്ഞ വേതനത്തിന്‌ കേരളത്തില്‍ പ്രൊഫഷണലുകളെ കിട്ടുമെന്നാണ്.ee ഈ "കുറഞ്ഞ ചെലവിലെ മെച്ച"മാണ്‌ ദുബായ് കമ്പനിയെ കൂടുതല്‍ ആകര്‍ഷിച്ചത്.

    ReplyDelete
  4. താങ്കളുടെ മറുപടിക്ക് നന്ദി.