Saturday, February 12, 2011

നായയാണെന്നു കരുതി കുറുക്കനെ വളര്‍ത്തി........

"നായയാണെന്നു കരുതി കുറുക്കനെ വളര്‍ത്തി, ചവയ്ക്കുന്നത്‌ കണ്ടപ്പോഴാണ് കുരങ്ങനാണെന്ന് മനസ്സിലായത്‌" എന്ന് പറഞ്ഞതു പോലെയാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തെ ഉദ്യോഗസ്ഥരുടെ കാര്യം. വിവരമോ ഇല്ല. എന്നാല്‍ അതൊന്നു സമ്മതിച്ചു തരുമോ അതും ഇല്ല. വിഡ്ഢി വേഷം കെട്ടി എവിടെയും ചെന്ന് നാറ്റിക്കാന്‍ അവരെപ്പോലെ ആരുമില്ല തന്നെ.


ഇന്ത്യക്കാരെന്ന് കേട്ടാല്‍ വിവരവും വിദ്യാഭ്യാസവുമുള്ള ബുദ്ധി ജീവികളാണെന്ന് വീമ്പിളക്കാനല്ലാതെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല അവരെ. വിദേശത്ത് അന്തസ്സായി ജോലി ചെയ്തു ജീവിക്കുന്ന ഇന്ത്യക്കാരെ നാണം കെടുത്താന്‍ ഈ ഉദ്യോഗസ്ഥരും മന്ത്രിമാരും ലോകമൊട്ടുക്ക് കറങ്ങി നടക്കുകയാണ്. ഇന്ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസമിതി യോഗത്തിനിടെ നമ്മുടെ വിദേശകാര്യമന്ത്രി എസ്. എം., കൃഷ്ണ ഇന്ത്യയ്ക്കുവേണ്ടി വായിച്ചത് പോര്‍ച്ചുഗീസ് സര്‍ക്കാരിനുവേണ്ടി തയ്യാറാക്കിയ പ്രസംഗമായിരുന്നു എന്ന് കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ആദ്യത്തെ അഞ്ചുമിനിറ്റോളം പോര്‍ച്ചുഗീസിന്‍റെ  നയങ്ങള്‍ വ്യക്തമാക്കുന്ന പ്രസംഗം വായിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഇന്ത്യന്‍  ഉദ്യോഗസ്ഥര്‍ക്കും യോഗത്തിലിരുന്ന ചില രാജ്യങ്ങളുടെ പ്രതിനിധികള്‍ക്കും സംശയം തോന്നിയപ്പോഴാണ് എസ്. എം. കൃഷ്ണയ്ക്ക് അബദ്ധം സംഭവിച്ചതായി മനസ്സിലായത്.


ഇന്ത്യയ്ക്കുവേണ്ടി എഴുതി തയ്യാറാക്കി കൊണ്ടുവന്ന  പ്രസംഗത്തിനു പകരം അദ്ദേഹത്തിനു തൊട്ടുമുന്പ്  പോര്‍ച്ചുഗീസ് വിദേശകാര്യമന്ത്രി വായിച്ചുപോയ പ്രസംഗമാണ് കൃഷ്ണ വീണ്ടും വായിച്ചത്. തുടര്‍ന്ന്  ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ശരിയായ പ്രസംഗം  അദ്ദേഹത്തെ എല്പിച്ചപ്പോള്‍ യാതൊന്നും സംഭവിക്കാത്ത മട്ടില്‍ അദ്ദേഹം അതുവാങ്ങി വായിക്കുകയും ചെയ്തു. പോര്‍ച്ചുഗീസും ബ്രസീലും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതില്‍ സന്തോഷിക്കുന്നു എന്നെല്ലാം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് നയതന്ത്ര ഉദ്യോഗസ്ഥന്‍  ഹര്‍ദിപ് പുരിയാണ് പ്രസംഗം തെറ്റിയതായി മന്ത്രിയെ അറിയിച്ചത്.


വളരെ സൂക്ഷ്മതയോടെ എഴുതി തയ്യാറാക്കി ഒരാവര്‍ത്തിയെങ്കിലും  വായിച്ചു നോക്കിയിട്ടായിരിക്കുമല്ലോ പ്രസംഗം അവതരിപ്പിക്കുന്നത്‌. ഈ സംഭവത്തില്‍ നിന്ന് ഒരു കാര്യം മനസ്സിലാക്കാം. ഈ മന്ത്രിമാര്‍ക്ക് തന്നെ അറിയില്ല അവരെന്താണ് പ്രസംഗിക്കുന്നതെന്നും പറയുന്നതെന്നും. വല്ലവരും എഴുതിക്കൊടുക്കുന്നത് ചുമ്മാതെ നിന്ന് വായിക്കുന്നതല്ലാതെ അതിന്റെ ഉള്ളടക്കം എന്തെന്നോ എന്തിനു വേണ്ടിയാണ് താന്‍ പ്രസംഗിക്കുന്നതെന്നോ അവര്‍ക്കറിയില്ല. അല്ലെങ്കില്‍ പോര്‍ച്ചുഗീസുകാരുടെ കാര്യം എസ്‌.എം. കൃഷ്ണ ഇന്ത്യക്ക് വേണ്ടി വായിക്കില്ലായിരുന്നു. ഏതോ ഒരു കടലാസ് അവിടെ കിടന്നു. അതെടുത്ത് വായിക്കാന്‍ ഒരു മന്ത്രിയുടെ ആവശ്യമുണ്ടായിരുന്നോ?


നികുതി ദായകരുടെ പണം മുടക്കി അമേരിക്കയിലും, യൂറോപ്പിലും, ഗള്‍ഫു നാടുകളിലും ചുറ്റിക്കറങ്ങി സ്വയം ഷൈന്‍ ചെയ്യാനല്ലാതെ ഇവരെക്കൊണ്ട് എന്ത് ഗുണം? ഏതായാലും ബി.ജെ.പി. ഇതിനെതിരെ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ഏതായാലും ഇപ്രകാരം സംഭവിച്ചതിന്‍റെ പേരില്‍   എന്തൊക്കെ സംഭവിക്കുമെന്നറിയില്ല                   

No comments:

Post a Comment