Sunday, February 13, 2011

തിണ്ണനിരങ്ങികള്‍

കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയ ഹൈകോടതി ഇത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയപ്പോള്‍ കേസ് പരിഗണിച്ച സുപ്രീംകോടതി ബഞ്ചിലെ ജഡ്ജി 36 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കോണ്‍ഗ്രസ് എം.പി കെ. സുധാകരന്റെ ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്ന വിവാദം ചൂടുപിടിക്കുന്നു. ജഡ്ജി പണം വാങ്ങിയതിന് താന്‍ സാക്ഷിയാണെണന്നാണ് സുധാകരന്‍ പറയുന്നത്. ആരോപണത്തില്‍ താന്‍  ഉറച്ചു നില്‍ക്കുന്നുവെന്നും കോടതി ആവശ്യപ്പെട്ടാല്‍ കണ്ട കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും സുധാകരന്‍ പറയുന്നു.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളക്ക് ശനിയാഴ്ച്ച യു.ഡി.എഫ് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകവെയാണ് കെ.സുധാകരന്‍ വിവാദ ആരോപണം ഉയര്‍ത്തിയത്.  ജഡ്ജിമാരുടെ പാനലില്‍ കയറാന്‍ രാഷ്ട്രീയനേതാക്കന്മാരുടെ കസേരയുടെ കീഴില്‍ നിരങ്ങുന്നവരാണ് പിന്നീട് ജഡ്ജിമാരാവുന്നതെന്നും ജഡ്ജിമാര്‍ സ്വാധീനത്തിന് വഴങ്ങുന്നവരാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
എടക്കാട് തെരഞ്ഞെടുപ്പ് കേസിലെ അപ്പീല്‍ ഹരജിയുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ആകാംക്ഷ മൂലം എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോയത്.  ജഡ്ജിയെ കാണാന്‍ തനിക്കൊപ്പം വന്ന അഭിഭാഷകന്‍ ജീവിച്ചിരിപ്പില്ല. ജഡ്ജി ആരാണെന്ന് ഇപ്പോള്‍ പറയില്ല. സമയമാകുമ്പോള്‍ വെളിപ്പെടുത്തും- വാ ര്‍ത്താ ലേഖകരോട് സുധാകരന്‍ പറഞ്ഞു. കോടതിയെ കുറിച്ച് ഏറെ ബഹുമാനവും ആദരവുമുണ്ട്. എന്നാല്‍ അടുത്ത കാലത്തെ ഓരോ സംഭവവും വേദനയുളവാക്കുന്നു. ഇടമലയാര്‍ കേസില്‍ വിധി എന്തായിരിക്കുമെന്ന് നാല് ദിവസം മുമ്പ് തന്നെ കോടതി വരാന്തകളില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
ബാര്‍ ലൈസന്‍സ് കേസില്‍ അനുകൂലവിധിക്ക് കൈക്കൂലി വാങ്ങിയ ജഡ്ജിയുടെ പേരും ആരാണ് പണം നല്‍കിയതെന്നും സുധാകരന്‍ വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സുധാകരനെ വിചാരണചെയ്ത് സത്യം പുറത്തുകൊണ്ടുവരണം. എടക്കാട് നിയമസഭാ തെരഞ്ഞെടുപ്പുകേസില്‍ ഇങ്ങനെയാണോ അനുകൂല വിധി സമ്പാദിച്ചതെന്നും വി.എസ് ചോദിച്ചു. ബാലകൃഷ്ണപിള്ളയുടെ സ്തുതിപാഠകനായി നടക്കുന്ന സുധാകരന്റെ നയം യു.ഡി.എഫിന്റെ നയമാണോ എന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കണമെന്നും വി.എസ് ചെന്നൈയില്‍ ആവശ്യപ്പെട്ടു.
 അതിനിടെ സുപ്രീംകോടതി ജഡ്ജിക്കെതിരെ കെ. സുധാകരന്‍ ഉന്നയിച്ച കൈക്കൂലി ആക്ഷേപത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാന്‍ സുപ്രീംകോടതി തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരുടെ 'തിണ്ണനിരങ്ങികള്‍' എന്നാണ് സുപ്രീംകോടതി ജഡ്ജിമാരെ സുധാകരന്‍ വിശേഷിപ്പിച്ചത്. ഈ അഭിപ്രായം ജ്യുഡീഷറിയുടെ മാന്യതയെ കളങ്കപ്പെടുത്തുന്നതല്ലേയെന്ന് പരിശോധിക്കാനുള്ള കടമ നീതിപീഠത്തിനുണ്ടെന്നും സെക്രട്ടേറിയറ്റ് ചൂണ്ടികാട്ടി. കൈക്കൂലി സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
കൈക്കൂലി വാങ്ങിയത് ജഡ്ജിയുടെ പേര് സുധാകരന്‍ അടിയന്തരമായി വെളിപ്പെടുത്തണം. ജ്യുഡീഷറിയുടെ മേല്‍വീണ കളങ്കം മാറ്റാന്‍ ഇത് ആവശ്യമാണ്. മദ്യലോബിക്ക് നിയമ വിരുദ്ധമായി ബാര്‍ലൈസന്‍സ് അനുവദിക്കാന്‍ യു.ഡി.എഫ് ഭരണകാലത്ത് കൈക്കൂലി കൊടുത്ത് സുപ്രീംകോടതി ജഡ്ജിയെ വശത്താക്കി എന്നാണ് സുധാകരന്‍ പറഞ്ഞതിന്റെ സാരം. ഒന്നര പതിറ്റാണ്ട് അത് മൂടിവെച്ചത് ഈ സംഭവത്തില്‍ സുധാകരന്‍ സാക്ഷിയായത് കൊണ്ടാണോ പങ്കാളിയായത് കൊണ്ടാണോ എന്ന ചോദ്യവും സംശയവും ന്യായമാണെന്ന്  സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട്  ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ജസ്റ്റിസ് കെ. തങ്കപ്പന്‍ എന്നിവര്‍ക്കെതിരെയും അബ്കാരി ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സുപ്രീംകോടതി ജഡ്ജിക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍  അന്വേഷിക്കണമെന്ന് കേരള ബാര്‍ കൗണ്‍സില്‍ യോഗം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

1 comment:

  1. 2010 സെപ്റ്റംബറിലാണെന്ന് തോന്നുന്നു സുധാകരന്‍ ജുഡീഷ്യറിയെ അകമഴിഞ്ഞ് പുകഴ്ത്തുന്ന ഒരു ക്ലിപ്പ് ചാനലുകള്‍ ഇന്നലെ കാണിക്കുന്നുണ്ടായിരുന്നു. അതില്‍ സുധാകരന്‍ പറയുന്നത് ജുഡീഷ്യറി എന്നാല്‍ എന്തോ ഒരു പുണ്യ സ്ഥാപനമാണെന്നും അത് അഴിമതിക്കൊക്കെ അതീതമാണെന്നുമാണ്. തങ്ങള്‍ക്കെതിരെ വിധി വരുമ്പോള്‍ അതിനെതിരെ ഉറഞ്ഞു തുള്ളിയിട്ട് കാര്യമില്ല എന്നും മൂപ്പിലാന്‍ പറഞ്ഞു വക്കുന്നു. പക്ഷെ ഒരു സംശയം സുധാകരന്‍ ജഡ്ജി കൈകൂലി വാങ്ങുന്നത് കണ്ടിട്ടും മേല്‍പറഞ്ഞ പ്രസ്ഥാവന എന്തിനു നടത്തി? സുധാകരന്‍ തന്റെ കൂടി ഹര്‍ജി പരിഗണിക്കുന്ന് ജഡ്ജിയുടെ അടുത്ത് എന്തിനു പോയി? കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടും ഇത്രയും കാലം അത് മൂടിവച്ച് എന്തിനു മൌനം പാലിച്ചു?

    ReplyDelete