Tuesday, February 22, 2011

സൗമ്യയുടെ മരണം ഓര്‍മിപ്പിക്കുന്നത്‌

ഒരാഴ്‌ചയോളം ജീവനു വേണ്ടി പോരാടിയ ഷൊര്‍ണൂര്‍ക്കാരി സൗമ്യ ഫെബ്രുവരി ആറിന്‌ മരണത്തിനു കീഴടങ്ങിയത്‌ കേരളത്തിന്റെ മനസ്സിനെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്‌. പിറ്റേന്ന്‌ നടക്കാനിരുന്ന പെണ്ണുകാണല്‍ ചടങ്ങിന്റെയും തുടര്‍ന്നുണ്ടാകുന്ന ദാമ്പത്യത്തിന്റെയും സ്വപ്‌നങ്ങള്‍ നെയ്‌തുകൊണ്ട്‌ തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്ന അവള്‍, തന്റെ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റക്കായിപ്പോയത്‌ ഒരുപക്ഷേ അറിഞ്ഞുകാണില്ല. അറിഞ്ഞപ്പോഴേക്കും മനുഷ്യരൂപം പൂണ്ട ഒരു ചെന്നായ അവളുടെ മാനവും ധനവും കടിച്ചുകീറാന്‍ ചാടിവീണിരുന്നു. അയാളുമായി മല്ലിട്ട്‌ അവള്‍ തീവണ്ടിയില്‍നിന്ന്‌ പുറത്തേക്ക്‌ തള്ളിയിടപ്പെട്ടു. എന്നിട്ടും അക്രമി പിന്തിരിഞ്ഞില്ല. അയാള്‍ ഒപ്പം ചാടി, മാരകമായി പരിക്കേറ്റു കിടക്കുന്ന അവളെ ബലാത്സംഗത്തിനിരയാക്കുകയും കിട്ടിയതൊക്കെയും കൊള്ളയടിക്കുകയും ചെയ്‌തു. അങ്ങനെ ആ പാവം പെണ്‍കുട്ടിക്ക്‌ മാനവും ധനവും ജീവനും ഒന്നിച്ചു നഷ്‌ടപ്പെട്ടു. ഉല്‍ബുദ്ധ കേരളത്തെ വേദനിപ്പിക്കുന്നതോടൊപ്പം നാണക്കേടിന്റെ കയത്തില്‍ മുക്കിത്താഴ്‌ത്തുക കൂടി ചെയ്യുന്ന ദുരന്തമാണ്‌ സൗമ്യയുടേത്‌.

സംഭവം സ്വാഭാവികമായും മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയും ചര്‍ച്ചയുമായി. മന്ത്രിമാര്‍ പ്രസ്‌താവനകളിറക്കി. റെയില്‍വെ മന്ത്രി സൗമ്യയുടെ കുടുംബത്തിന്‌ സഹായധനം പ്രഖ്യാപിച്ചു. തീവണ്ടിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ സുരക്ഷ നല്‍കേണ്ട സംസ്ഥാന സര്‍ക്കാര്‍ അതവഗണിക്കുന്നുവെന്ന്‌ റെയില്‍വേ. അനാസ്ഥ റെയില്‍വേയുടേതുതന്നെയെന്ന്‌ സംസ്ഥാനം. സ്‌ത്രീകള്‍ രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുന്നതും ഒറ്റക്കു സഞ്ചരിക്കുന്നതുമാണ്‌ ഇത്തരം അത്യാഹിതങ്ങള്‍ക്കിടയാക്കുന്നതെന്ന്‌ ഒരു കൂട്ടര്‍. പൊതുവാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്‌ത്രീകളുടെ അജ്ഞതയും അശ്രദ്ധയുമാണ്‌ ആപത്തണക്കുന്നതെന്ന്‌ മറ്റൊരു കൂട്ടര്‍. പുരുഷ വിഭാഗത്തിന്റെ സ്‌ത്രീവിരുദ്ധ മനോഭാവവും സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെ പുലര്‍ത്തുന്ന അവഗണനയുമാണ്‌ അതിക്രമങ്ങള്‍ക്കിടയാക്കുന്നതെന്ന്‌ ഇനിയൊരുകൂട്ടര്‍.

ഈ അഭിപ്രായങ്ങളിലെല്ലാം സത്യത്തിന്റെ അംശങ്ങളുണ്ട്‌. എന്നാല്‍ മുഴുവന്‍ സത്യം അതൊന്നുമല്ലതാനും. ഉദാഹരണമായി റെയില്‍വേ ജോലിക്കാര്‍ മാത്രം വിചാരിച്ചാല്‍ പൂര്‍ത്തിയാകുന്നതല്ല യാത്രക്കാരുടെ സുരക്ഷ. എന്നാല്‍ തങ്ങള്‍ പണം ഈടാക്കി ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷ തങ്ങളുടെ ബാധ്യതയല്ല എന്ന്‌ പറയാന്‍ ധൈര്യപ്പെടുന്ന ഒരു സ്ഥാപനം ലോകത്ത്‌ ഒരു പക്ഷേ ഇന്ത്യന്‍ റെയില്‍വേ മാത്രമായിരിക്കും. അതുപോലെ സ്‌ത്രീകളുടെ രാത്രി സഞ്ചാരവും ഒറ്റക്കുള്ള സഞ്ചാരവും അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നതും ശരിയാണ്‌. അതിനുള്ള പരിഹാരം സ്‌ത്രീകള്‍ പുറത്തിറങ്ങാതെ വീട്ടില്‍ അടച്ചിരിക്കുക എന്നതല്ല. അപകട സാധ്യത, ആരില്‍നിന്ന്‌ എങ്ങനെ ഉണ്ടാകുന്നു എന്നു നോക്കി അതില്ലാതാക്കുകയാണ്‌ സമൂഹവും സര്‍ക്കാറും ചെയ്യേണ്ടത്‌. സഞ്ചാര സ്വാതന്ത്ര്യം പുരുഷന്മാര്‍ക്കെന്നപോലെ സ്‌ത്രീകള്‍ക്കും ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള അവകാശമാണ്‌. ആ ഉറപ്പ്‌ സഫലമാക്കുകയാണ്‌ പരിഷ്‌കൃത സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും ചുമതല. ചില പുരുഷ മനസ്സുകള്‍ ക്രൂരവും കുത്സിതവുമായതിനാല്‍ സ്‌ത്രീകളുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടുകൂടാ.

പ്രശ്‌നത്തിന്റെ മര്‍മം സ്ഥിതി ചെയ്യുന്നത്‌ സമൂഹത്തിന്റെ പൊതുവായ മൂല്യബോധത്തിലും മനുഷ്യത്വത്തിലുമാണ്‌. സൗമ്യ കൊല്ലപ്പെട്ടത്‌ അവള്‍ തീവണ്ടി മുറിയില്‍ ഒറ്റക്കായതുകൊണ്ട്‌ മാത്രമല്ല. അവസരം കിട്ടിയാല്‍ സ്‌ത്രീയെ ആര്‍ക്കും കടന്നാക്രമിക്കാം എന്ന ഒരവസ്ഥയുള്ളതുകൊണ്ടു കൂടിയാണ്‌. ബന്ധുക്കളുടെ സാന്നിധ്യത്തിലും സ്വന്തം വീടുകളിലുമെല്ലാം സ്‌ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്‌. അവസരമാണിന്നത്തെ ശാസ്‌താവ്‌. ഏതു അതിക്രമവും ചെയ്യണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്‌ പിടിക്കപ്പെടാതെയും ശിക്ഷിക്കപ്പെടാതെയും ചെയ്യാന്‍ അവസരമുണ്ടോ എന്നതാണ്‌. പിടിക്കപ്പെട്ടാല്‍ നിയമവ്യവസ്ഥയെ കബളിപ്പിച്ച്‌ രക്ഷപ്പെടാന്‍ കഴിവുണ്ടായാലും മതി. അവസരം കിട്ടിയാലും ദുഷ്‌ടത കാട്ടുന്നത്‌ തടയുന്ന മനുഷ്യ മനസാക്ഷിയാണാവശ്യം. ഈ മനസാക്ഷിയുടെ സജീവതയാണ്‌ സംസ്‌കാരം. ബോധം മുഴുവന്‍ ഭോഗസുഖത്തിലുടക്കുമ്പോള്‍ മനുഷ്യമനസാക്ഷി നിര്‍ജീവമാകുകയും ജന്തുസഹജമായ തൃഷ്‌ണകള്‍ മാത്രം സജീവമാകുകയും ചെയ്യുന്നു. അതാണ്‌ ഉപഭോഗ സംസ്‌കാരം. അതുകൊണ്ടാണ്‌ പരിഷ്‌കാരം വര്‍ധിക്കുംതോറും സ്‌ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നത്‌.



No comments:

Post a Comment