2 ജി സ്‌പെക്ട്രം അഴിമതിയിലൂടെ മുന്‍ ടെലികോം മന്ത്രി എ. രാജ 3000 കോടിയിലേറെ രൂപ സമ്പാദിച്ചതായി കണ്ടെത്തിയെന്ന വാര്‍ത്ത മൂല്യച|തി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണ സിരാകേന്ദ്രത്തിന്റെ ജീര്‍ണ്ണാവസ്ഥ എത്ര ഭയാനകമാണെന്ന് വരച്ചു കാണിക്കുന്നു. അഴിമതികൊണ്ട് അടിമുടി മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ കൈയ്യാമം വെച്ച് കല്‍തുറുങ്കിലടയ്‌ക്കുന്നതിനു പകരം അവരെ രാജകീയ പരിവേഷമണിയിച്ച് മന്ത്രിമന്ദിരങ്ങളില്‍ അവരോധിക്കുകയും ഉപജാപകസംഘങ്ങള്‍ അവരെ പൂവിട്ടു പൂജിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കില്‍ ഇതുപോലെ അനേകം രാജമാരും രാജ്ഞിമാരും ഇന്ത്യാ മഹാരാജ്യത്തെ വിറ്റു തുലയ്‌ക്കുമെന്നുറപ്പ്.
ടുണീഷ്യയിലും ഈജിപ്‌തിലും സംഭവിച്ചപോലെ ഇന്ത്യയിലും ഒരു ജനകീയ പ്രക്ഷോഭം (മുന്നേറ്റം) നടന്നാലേ അഭിനവ രാജാക്കന്മാരെ കൂച്ചുവിലങ്ങിടാന്‍ സാധിക്കൂ. അതിനു ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി നില്‍ക്കാനുള്ള മനക്കരുത്ത് കാണിക്കണം. ടുണീഷ്യയിലും ഈജിപ്‌തിലും ജനങ്ങള്‍ ഒരേ സ്വരത്തോടെ ഒന്നിച്ചുനിന്നു പോരാടിയതുകൊണ്ടാണ് വിജയം കണ്ടത്. ഇന്ത്യയെ സംബന്ധിച്ച് അതെത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തുന്നതുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ എന്തു തോന്ന്യാസം കാണിച്ചാലും രക്ഷപ്പെടുന്നത്.
രാജയുടെ പണമിടപാടുകളെക്കുറിച്ച് സി.ബി.ഐ.യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌പെക്ട്രം ലൈസന്‍സുകള്‍ വില കുറച്ച് നല്‌കുക വഴി കൈക്കൂലി ഇനത്തില്‍ രാജ ഏകദേശം 3000 കോടിയെങ്കിലും സമ്പാദിച്ചതായി കണ്ടെത്തിയത്. സ്‌പെക്ട്രം അഴിമതിയില്‍ പൊതു ഖജനാവിന് 1.77 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.
അഴിമതിക്കാരും, ധൂര്‍ത്തന്മാരും, സ്വാര്‍ത്ഥമോഹികളുമായ ഭരണാധികാരികള്‍ക്കെതിരെയുള്ള ജനങ്ങളുടെ സംഘടിതമുന്നേറ്റമാണ് ഇന്ത്യയില്‍ ആവശ്യം. ഒരു ജനമുന്നേറ്റം വന്നാല്‍ അത് അവഗണിച്ച് തള്ളാന്‍ ഭരണാധികാരികള്‍ക്ക് കഴിയുകയില്ലെന്ന് അവര്‍ മനസ്സിലാക്കണം, കേന്ദ്രത്തിലായാലും കേരളത്തിലായാലും. അഴിമതി യു.പി.എ. സര്‍ക്കാരിനെ എത്രത്തോളം തകര്‍ത്തുകളഞ്ഞെന്നുള്ളതിന്റെ ഉത്തമോദാഹരണമാണ് ലോകത്തിനു മുന്നില്‍ ഇന്ത്യ നാണം കെടുകയാണെന്നു തുറന്നു സമ്മതിച്ച പ്രധാനമന്ത്രിയുടെ തന്നെ പ്രസ്ഥാവന.
തുടര്‍ച്ചയായി പാര്‍ലിമെന്റ് സ്‌തംഭനം നടത്തിക്കൊണ്ടിരുന്ന പ്രതിപക്ഷത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ രാജയെ അറസ്റ്റു ചെയ്‌താല്‍ മതിയെന്നും, അതുകൊണ്ട് അവര്‍ തൃപ്‌തിപ്പെട്ടേക്കുമെന്നും പ്രതീക്ഷിച്ച സര്‍ക്കാരിനാണ് അടിതെറ്റിയത്. ജെ.പി.സി. അന്വേഷണത്തെ നിരാകരിച്ച് പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാര്‍ ഏറെ പണിപ്പെട്ടെങ്കിലും ബി.ജെ.പി. എറിഞ്ഞ കുരുക്കില്‍ അവര്‍ പെട്ടുപോയി. രാജയുടെ അറസ്റ്റ് പ്രതിപക്ഷത്തിന്റെ അടിയന്തിരാവശ്യമോ അന്തിമ ലക്ഷ്യമോ ആയിരുന്നില്ല. `ഓടുന്ന പശുവിന് ഒരു മുഴം നീട്ടിയെറിയുക' എന്ന തന്ത്രമാണ് അവരെടുത്തത്.
അഴിമതിയില്‍ മൂക്കറ്റം മുങ്ങിപ്പോയ സര്‍ക്കാരിനെ പരമാവധി താറടിച്ചു മുതലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്തിന്റെയൊക്കെ പെരുമയിലാണോ യു.പി.എ. സര്‍ക്കാര്‍ രണ്ടാമൂഴം അധികാരത്തില്‍ വന്നത്, അവയൊന്നും ഇനി ബാക്കി നില്‌ക്കുന്നില്ലെന്ന് സ്ഥാപിച്ചെടുക്കലായിരുന്നു അവരുടെ ലക്ഷ്യം. തുടക്കത്തില്‍ തരക്കേടില്ലെന്നു തോന്നിച്ച ഭരണം, സുതാര്യത, സത്യസന്ധത, മതേതരത്വം എന്നിവയെല്ലാം കാലക്രമേണ കാലഹരണപ്പെട്ടതുപോലെയായി. തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം, സോണിയയുടെയും മന്മോഹന്‍ സിംഗിന്റേയും ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയെല്ലാം യു.പി.എ.യ്‌ക്ക് ഗുണം ചെയ്‌തിരുന്നു.
`പുത്തനച്ചി പുരപ്പുറം തൂക്കും' എന്നു പറഞ്ഞപോലെ, ആദ്യത്തെ യു.പി.എ. സര്‍ക്കാര്‍ തരക്കേടില്ലാത്ത ഭരണം കാഴ്‌ചവെച്ചതുകൊണ്ട് പ്രതിച്ഛായ നേടി വീണ്ടും അധികാരത്തില്‍ വന്നു. എന്നാല്‍, അവസരം മുതലെടുത്ത് എന്‍.ഡി.എ. എല്ലാ കണക്കുകളും തീര്‍ക്കുകയാണിപ്പോള്‍. കാര്‍ഗില്‍ യുദ്ധകാലത്തെ ശവപ്പെട്ടി കുംഭകോണം മുതല്‍ ആയുധ ഇടപാടില്‍ കൈക്കൂലി വാങ്ങിയ മുന്‍ ബി.ജെ.പി. പ്രസിഡന്റ് ബംഗാരു ലക്ഷ്‌മണ്‍, ആ ഇടപാടുകള്‍ രഹസ്യമായി പകര്‍ത്തിയ തെഹല്‍ക തുടങ്ങിയവയില്‍ കുരുക്കിട്ട് ശ്വാസംവിടാന്‍ പോലും സമ്മതിക്കാതെ വട്ടം കറങ്ങേണ്ടിവന്ന അവസ്ഥ ബി.ജെ.പി.യ്‌ക്ക് ഉണ്ടായിട്ടുണ്ട്. ഇന്ന് സ്‌പെക്ട്രവും കോമണ്‍വെല്‍ത്തുമൊക്കെയായി യു.പി.എ. സര്‍ക്കാരിന് ശ്വാസം കഴിക്കാന്‍ അവസരം നല്‍കാതെ തിരിച്ചടിക്കുകയാണ് പ്രതിപക്ഷം.
അവിഹിത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച കോടിക്കണക്കിനു രൂപ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ യു.പി.എ. സര്‍ക്കാരിന് ലഭിച്ചിട്ടും, സുപ്രീം കോടതി പലതവണ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവ നല്‍കാതെ ഓരോരോ മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഈ കള്ളപ്പണക്കാര്‍, അവര്‍ എത്ര വമ്പന്മാരായാലും, അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും ആ പണം മുഴുവന്‍ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുവാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.
അഴിമതിപ്രശ്‌നം അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ വലിച്ചു നീട്ടുന്നതിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് ജെ.പി.സി. അനുവദിച്ചാലും യു.പി.എ.യ്‌ക്ക് ഈ തലവേദന തെരഞ്ഞെടുപ്പുവരെ തുടരും. കഴിഞ്ഞ തവണ നേടിയ പ്രതിച്ഛായ തകര്‍ന്നു തരിപ്പണമായെന്നു മാത്രമല്ല, അഴിമതിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തില്‍ പുതിയ പുതിയ പ്രശ്‌നങ്ങളിലേക്ക് വീണ്ടും ചെന്നു ചാടുകയാണ് യു.പി.എ.
No comments:
Post a Comment