ഇടമലയാര്‍ അഴിമതി കേസില്‍ മാണിക്ക് പങ്കുണ്ടെന്നതിന് ബാലകൃഷ്ണ പിള്ള തെളിവു നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ .കോണ്‍ഗ്രസിന്റെ ചവിട്ടും തൊഴിയും കൊണ്ട് യു.ഡി.എഫില്‍ തുടരണമോ എന്ന് കെ.എം മാണി ആലോചിക്കണം. തൊടുപുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. കേരള വികസന ജാഥയോടനുബന്ധിച്ച് അടിമാലിയില്‍ എത്തിയ അദ്ദേഹം മാധ്യമ്രപവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അടുത്ത മുഖ്യമന്ത്രിക്കസേരയില്‍ കണ്ണും നട്ട് ഏതുവിധേനയെങ്കിലും ആ കസേരയില്‍ ആസനസ്ഥനാകാന്‍ നോമ്പ് നോറ്റിരിക്കുന്ന കൌശലക്കാരനായ ഒരു രാഷ്ട്രീയ നേതാവിന്‍റെ ജല്‍പനങ്ങളില്‍ കവിഞ്ഞു ഇതില്‍ യാതൊരു പുതുമയും ഇല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉയര്‍ന്നു വന്ന പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണിത്. അന്ന് കാര്യമായ നടപടികളൊന്നുമെടുക്കാതെ ഒട്ടകപ്പക്ഷികളുടെ നയം സ്വീകരിക്കുകയും പരസ്പരം രക്ഷിച്ചും രക്ഷപ്പെടുത്തിയും പൊതുജനങ്ങളെ കബളിപ്പിച്ചു കഴിഞ്ഞവരാണിവര്‍.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ പൊതുജന മദ്ധ്യേ വിചാരണ ചെയ്യപ്പെടുമ്പോള്‍ കുറ്റാരോപിതരാകാതിരിക്കാന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു ശ്രദ്ധ തിരിച്ചുവിടുക മാത്രമാണ് ഈ നാടകങ്ങളുടെ ലക്‌ഷ്യം. കൂടാതെ പരസ്പരം പഴി ചാരുകയെന്ന ഏറ്റവും പഴയ തന്ത്രങ്ങളും ഇരു മുന്നണികളും ആവശ്യത്തിനു ഉപയോഗിക്കുന്നു.
കോടിയേരിയുടെ പ്രസ്താവനയുടെ ഉദ്ദേശവും അതുതന്നെ. പ്രതിപക്ഷം ഉയിര്ത്തെഴുന്നെല്‍ക്കാതിരിക്കണമെങ്കില്‍ ഏതു ചെകുത്താനെയും കൂട്ട് പിടിച്ചേ പറ്റൂ. അതിനു ഏതു ഹീന മാര്‍ഗവും അവര്‍ സ്വീകരിക്കുകയും ചെയ്യും. ക്രിമിനലുകള്‍ അഴിഞ്ഞാടുന്ന സ്വന്തം പാര്‍ട്ടിയുടെ മുഖച്ഛായ മാറ്റിയെടുക്കാന്‍ പറ്റിയ ഇരകള്‍ പ്രതിപക്ഷം തന്നെ.
No comments:
Post a Comment