Monday, February 28, 2011

കമ്യൂണിസം കണ്ടല്‍ക്കാട് നശീകരണത്തിന്

സുനാമിയെപ്പോലും തടുക്കാന്‍ കഴിയുന്നതും പക്ഷിമൃഗാദികള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്നതുമായ കണ്ടല്‍ക്കാടുകളോ പ്രകൃതിസുന്ദരമായ അതിരപ്പിള്ളിയോ സൈലന്റ്‌വാലിയോ നമ്മള്‍കൊയ്യും വയലുകളോ ആകാശം മുട്ടിനില്‍ക്കുന്ന കുന്നിന്‍ചെരിവുകളോ കൃഷിയോ കൃഷിക്കാരനോ വനാന്തരങ്ങളോ ചതുപ്പുനിലങ്ങളോ ഇവിടത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടാതായിട്ട് വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. ഇവയെല്ലാം തകര്‍ത്തെറിഞ്ഞ് മണ്ണിട്ട് നികത്തി പലപേരില്‍ പാര്‍ക്കുകളും ഷോപ്പിങ് കോംപ്ലക്‌സുകളും പടുത്തുയര്‍ത്തി വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കയാണ് ആധുനിക സഖാക്കന്മാര്‍. പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ ഭൂമി കൈയേറി അവരെ കൊന്നൊടുക്കി ടാറ്റക്കും ബിര്‍ളക്കും വേണ്ടി നന്ദിഗ്രാം വിപ്ലവം സൃഷ്ടിച്ച സി.പി.എമ്മിനെ ബംഗാളിലെ കര്‍ഷകത്തൊഴിലാളികള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തെറിഞ്ഞ സംഭവം ഇന്ത്യന്‍ ജനത കണ്ടറിഞ്ഞു.

സഖാക്കന്മാരുടെ ഞരമ്പുകളില്‍ അധികാരത്തിന്റെ ദുര്‍മേദസ്സുകള്‍ കുടിയേറിയപ്പോള്‍ ഈ രാജ്യത്തെയും ഇവിടത്തെ ജനങ്ങളെയും മറന്ന് കണ്ടല്‍ക്കാട് നശീകരണത്തിന്റെ വക്താക്കളായി മാറി അവര്‍ പുതിയ മേച്ചില്‍പുറം തേടിപ്പോയി. കേരളത്തിലെ കമ്യൂണിസത്തിന്റെ കുഴലൂത്തുകാരായ പു.ക.സയും ശാസ്ത്രസാഹിത്യ പരിഷത്തും ഇന്ന് പച്ചമരുന്നിനുപോലും കേരളത്തിലെവിടെയും കാണ്‍മാനില്ല. ഈ രാജ്യത്തിന്റെ ഓരോ സ്‌പന്ദനങ്ങളും തിരിച്ചറിയേണ്ട സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ നമ്മുടെ രാജ്യം കലുഷിതമായ അന്തരീക്ഷത്തിലൂടെ കത്തിയെരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ അജ്ഞാത ഗുഹകളിലൊളിച്ചിരുന്ന് വീണവായിച്ചുകൊണ്ടിരിക്കുകയാണ്.

ഒറ്റക്കണ്ണില്‍ മാത്രം ദര്‍ശിക്കാതെ രാജ്യത്തു നടക്കുന്ന എല്ലാ തിന്മകള്‍ക്കെതിരെയും ഇന്ത്യയിലെ മുഴുവന്‍ സാഹിത്യ- സാംസ്‌കാരിക നായകന്മാരും രംഗത്തിറങ്ങിയാല്‍ ഒരു പരിധിവരെ ഈ സമൂഹത്തെ തിന്മയില്‍നിന്ന് നന്മയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് കേരളജനത വിശ്വസിക്കുന്നു.

1 comment:

  1. മണ്ണിട്ട് നികത്തല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മാത്രം കുത്തകയൊന്നുമല്ല മാഷെ!

    ReplyDelete