Friday, February 25, 2011

ആത്മാര്‍ഥ നടപടികളോ അതോ പൊടിക്കൈകളോ?

'രണ്ട് രൂപക്ക് അരി' കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ ഉദാരസമീപനം സംസ്ഥാനത്തെ അടുക്കളകളില്‍നിന്ന് നവോന്മേഷത്തിന്റെ ജ്വാലകള്‍ ഉയര്‍ത്തിവിടാതിരിക്കില്ല. കേരളനാട്ടില്‍ ഇനി പട്ടിണി കിടക്കേണ്ടിവരുന്ന ഒരാളും ഉണ്ടാവരുതെന്ന ആഗ്രഹമാണ് ദാരിദ്ര്യരേഖ 'മുറിച്ചുകടക്കാ'നുള്ള ഈ സാഹസികതക്ക് പ്രചോദകം എന്ന സര്‍ക്കാര്‍ അജണ്ട വിശദീകരിക്കുമ്പോള്‍ ആ സദുദ്ദേശ്യം സഫലമാകട്ടെ എന്ന് ആശംസിക്കാം; കൈയടിക്കാം. എ.പി.എല്‍ വിഭാഗത്തിലെ തന്നെ 'ഇമ്മിണി വല്യ' എ.പി.എല്ലുകാരെ മാറ്റിനിര്‍ത്തി, സാങ്കേതികമായി പറഞ്ഞാല്‍, സംസ്ഥാനത്തെ മുഴുവനാളുകള്‍ക്കും കിട്ടും ഇനി രണ്ട് രൂപ നിരക്കില്‍ പ്രതിമാസം 10 കിലോ അരിയും രണ്ട് കിലോഗ്രാം ഗോതമ്പും എന്നത് നിസ്സാരകാര്യമല്ല, അതിന്റെ നേട്ടം ചില്ലറയുമല്ല.

അല്ലെങ്കില്‍ തന്നെ, ആകെ കെട്ടുപിണഞ്ഞുകിടക്കുന്ന ദാരിദ്ര്യരേഖയുടെ വളവ് നിവര്‍ത്തി നേരെയാക്കാന്‍ കഴിയാത്തതിന്റെ സര്‍വവിധ പാപഭാരവും പേറി കഴിയുകയാണല്ലോ പാവം കാര്‍ഡുടമകള്‍. കേന്ദ്രം രേഖ വരച്ചപ്പോള്‍ ചെന്നെത്തിയത് ഒരിടത്ത്; കേരളം വരച്ചുമുട്ടിച്ചത് മറ്റൊരിടത്ത്. ഇതിനിടയില്‍ പണക്കാരന്‍ പണിക്കാരന്റെ രേഖയിലും തിരിച്ചുമൊക്കെ ആയി വകതിരിവിന്റെ അച്ചുതണ്ടുതന്നെ മാറിപ്പോയി എന്ന നാട്ടുവര്‍ത്തമാനം കേവലം കെട്ടുകഥയോ ആയുക്തിയോ അല്ല. മാത്രമല്ല, അത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്ന് വ്യംഗ്യമായെങ്കിലും ശരിവെക്കുന്നതാണ് പുതിയ നടപടി. ഒരു പക്ഷേ, കുറച്ച് അനര്‍ഹര്‍ സൗജന്യം പറ്റി എന്നു വന്നേക്കാമെങ്കിലും ഒരുപാട് ആള്‍ക്കാര്‍ക്ക് ഗുണം കിട്ടുമെങ്കില്‍ മൊത്തത്തില്‍ ആശ്വാസകരമായ നടപടിയാണിതെന്ന കാര്യത്തില്‍ സംശയമില്ല. ഗുണഭോക്താക്കളെ വിവിധ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ കണ്ടെത്തി പരമാവധി കുറ്റമറ്റ രീതിയില്‍ പദ്ധതിയുടെ ആനുകൂല്യം അര്‍ഹരുടെ കൈകളില്‍ എത്തിക്കുമെന്ന അധികൃതരുടെ വാഗ്ദാനവും മുഖവിലക്കെടുക്കാം.

ശമ്പളപരിഷ്‌കരണത്തിന്റെ പേരില്‍ 'വാരിക്കോരി' കൊടുത്ത പ്രതീതിയുടെ ആലസ്യത്തില്‍നിന്ന് പൊതുജനത്തെ നല്ല മൂഡിലേക്ക് കൊണ്ടുവരാന്‍ ഈ 'അരിയിട്ടുവാഴ്ച' ഒരളവോളം ഫലിക്കാതിരിക്കില്ല.
ഇവിടംകൊണ്ട് അവസാനിക്കുന്നില്ല സര്‍ക്കാറിന്റെ വികസനമുന്നേറ്റങ്ങള്‍. നെല്ലിന്റെ താങ്ങുവിലയില്‍ ഒരു രൂപകൂടി നല്‍കാനുള്ള തീരുമാനം കാര്‍ഷികമേഖലക്ക് പൊതുവിലും ഇനിയും പതിരാകാതെ കിടക്കുന്ന പാലക്കാടന്‍, കുട്ടനാടന്‍ നെല്‍ക്കതിരുകള്‍ക്ക് വിശേഷിച്ചും ജീവന്‍ പകരുമെന്ന് പ്രതീക്ഷിക്കാം.

പൊതുമേഖലാ വ്യവസായങ്ങളുടെ പുനരുദ്ധാരണവും പുനരുജ്ജീവനവും സ്വകാര്യ നിക്ഷേപകരെ പിടിച്ചുനിര്‍ത്തുന്ന പ്രോല്‍സാഹന നടപടികള്‍, കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ അശരണരുടെയും ആലംബഹീനരുടെയും കണ്ണീരൊപ്പുന്ന നടപടികള്‍  -അങ്ങനെ എത്രയെത്ര സ്‌കീമുകളും പ്ലാനുകളുമാണ് തുരുതുരാ വന്നുകൊണ്ടിരിക്കുന്നു. ഏതാനും ആഴ്ചകളായി പ്രഖ്യാപനങ്ങളുടെയും ഉദ്ഘാടനങ്ങളുടെയും തറക്കല്ലിടലിന്റെയുമൊക്കെ ബഹളമാണ്; തലങ്ങും വിലങ്ങും വികസന പദ്ധതികള്‍. അങ്ങനെ നാളിതുവരെ കീറാമുട്ടിയായി കിടന്നിരുന്ന സ്മാര്‍ട്‌സിറ്റി എന്ന അവസാന കടമ്പയും കടന്ന് കുതിപ്പ് തുടരുകയാണ് തങ്ങള്‍ എന്ന തോന്നലുളവാക്കാനെങ്കിലും കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തില്‍ ഇടതുമുന്നണി സര്‍ക്കാറിന് സമാധാനിക്കാം.

ഈ ഒച്ചയും ബഹളവുമൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്-  ഇത്രയും കാലം സര്‍ക്കാര്‍ എവിടെയായിരുന്നു? അഞ്ചുവര്‍ഷം മുമ്പ് ജനം പ്രതീക്ഷയോടെ ട്രഷറി ബെഞ്ചിലിരുത്തിയ എല്‍.ഡി.എഫ് ഭരണകൂടം ആയുസ്സിന്റെ മുക്കാല്‍ ഭാഗവും കുതിരകളിച്ചും കുതികാല്‍വെട്ടിയും സമയം കളയുകയായിരുന്നു എന്ന ആരോപണം കേവലം ദോഷൈകദൃക്കുകളുടെ ഭാവനാ വിലാസമല്ല. ഭരണാനുകൂലികള്‍പോലും തുറന്നുപറഞ്ഞില്ലെങ്കിലും ഉള്ളാലെ സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്.

ടൈംപാസിങ് എന്ന ഈ വൃഥാവ്യായാമം കണ്ടുമടുത്ത വോട്ടര്‍മാരുടെ മനസ്സ് വായിക്കാന്‍ ഇപ്പോഴെങ്കിലും തിരിച്ചറിവ് നേടിയതുകൊണ്ടാവാം മുഖ്യമന്ത്രി അച്യുതാനന്ദന്‍ ഇപ്പോള്‍ ധിറുതി പിടിച്ച് പ്രതിഛായ മെച്ചപ്പെടുത്താന്‍ വ്യഗ്രത കാട്ടുന്നത്. വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പെരുമഴക്കാലം തന്നെ സൃഷ്ടിച്ചുകൊണ്ട് കേരളത്തെ പച്ചപിടിപ്പിക്കുന്നതിന്റെ ചേതോവികാരവും മറ്റൊന്നല്ല. പക്ഷേ, കാലാവധി തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കിയുള്ള അതിനും എത്രയോ മുമ്പെ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ വിലങ്ങ് വീഴാനിരിക്കുന്ന ഒരു സര്‍ക്കാര്‍ 'വിറ്റഴിക്കല്‍, വിലപേശല്‍' തന്ത്രം കണക്കെ കൊണ്ടുവന്ന് തള്ളുന്ന അന്ത്യനിമിഷത്തിലെ പ്രഖ്യാപനങ്ങളത്രയും എത്രകണ്ട് പ്രാവര്‍ത്തികമാവും എന്ന് കാത്തിരുന്നുകാണേണ്ടതുതന്നെ. സ്‌കൂള്‍ കുട്ടികള്‍ക്കായി മുമ്പ് കൊണ്ടുവന്ന പാലും മുട്ടയും പരിപാടിതന്നെ ഇപ്പോള്‍ വഴിമുട്ടിനില്‍ക്കുകയാണ് എന്ന അനുഭവം, അരി വിതരണം എത്രനാള്‍, ഇലക്ഷന്‍ വരെയോ എന്ന ആശങ്ക പരത്താന്‍ ഇടവരുത്തും.

രണ്ട് രൂപ നിരക്കില്‍ അരി നല്‍കാന്‍തന്നെ വേണം പ്രതിമാസം 27 കോടി എന്നാണ് ഏകദേശ കണക്ക്. ശമ്പളപരിഷ്‌കരണവകയില്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് 2000 കോടി അധികമായി നീക്കിവെക്കേണ്ടിയും വരും. ഇതെല്ലാം ചേര്‍ന്ന് പുതിയ സര്‍ക്കാറിന് മേല്‍ കനത്ത ബാധ്യതയും ഭാരവും ഏല്‍പിച്ചാണ് ഈ സര്‍ക്കാര്‍ പടിയിറങ്ങുന്നത്. അണയാന്‍ നേരത്തെ ഈ ആളിക്കത്തല്‍ കാണുമ്പോള്‍ വലിഞ്ഞുകേറിവരുന്ന ഒരു സംശയമുണ്ട്. ഇനി തങ്ങള്‍ തിരിച്ചുവരില്ലാ എന്ന തോന്നലിലാണോ ഭരണക്കാര്‍, അതോ തിരിച്ചുവന്നാല്‍ തന്നെ പഴയതെല്ലാം മറന്ന് പുതിയ വാഗ്ദാനങ്ങള്‍ നിരത്തിവെക്കാമെന്ന ഹിഡന്‍ അജണ്ടയോ? എന്തുമാവട്ടെ കടലാസില്‍ കണ്ടതുകൊണ്ടായില്ല. പ്രവൃത്തിപഥത്തില്‍ അനുഭവിച്ചറിയുമ്പോഴേ ജനം ശരിവെക്കുകയുള്ളൂ. അല്ലാത്തിടത്തോളം ഇതെല്ലാം 'പൊടിക്കൈകളാ'യി കരുതി ജനം മാറിച്ചിന്തിക്കും. മാറ്റിക്കുത്താന്‍ മടിക്കുകയുമില്ല.



No comments:

Post a Comment