Thursday, February 24, 2011

വെല്യമ്മാവനോട് കളിച്ചാല്‍ അക്കളി തീക്കളി


സ്വീഡനിലെ കോടതികളില്‍നിന്ന് തനിക്ക് നീതി ലഭിക്കില്ലെന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ വാദം മുഖവിലക്കെടുക്കാതെ അദ്ദേഹത്തെ സ്വീഡന് കൈമാറാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടു. ബെല്‍മാര്‍ഷില്‍ അസാന്‍ജിന്റെ വിധി കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നവരെ സാക്ഷിനിര്‍ത്തിയാണ് അസാന്‍ജിനെ കൈമാറുന്ന വിവരം ജഡ്ജി ഹവാര്‍ഡ് റിഡില്‍ പ്രഖ്യാപിച്ചത്.

രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്വേഷണത്തിന് സഹായകമാകാന്‍ അസാന്‍ജിനെ കൈമാറാന്‍ സ്വീഡന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. കറുത്ത സ്യൂട്ടും ടൈയും അണിഞ്ഞെത്തിയ അസാന്‍ജ് നിര്‍വികാരതയോടെയാണ് കോടതിയുടെ വിധി കേട്ടത്. അസാന്‍ജിന്റെ കേസില്‍ രണ്ടാഴ്ച വാദം കേട്ടശേഷമാണ് ബ്രിട്ടനിലെ കോടതിയുടെ വിധി.

കുറ്റം നിഷേധിക്കുന്ന അസാന്‍ജ് വിധിക്കെതിരെ അപ്പീല്‍ നല്‍കും. അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട യു.എസിന്റെ നിരവധി നയതന്ത്രരേഖകള്‍ പുറത്തുവിട്ടതോടെയാണ് അസാന്‍ജും അദ്ദേഹത്തിന്റെ 'വിക്കിലീക്‌സും' മുതലാളിത്ത രാജ്യങ്ങളുടെ കണ്ണിലെ കരടായി മാറിയത്. ലൈംഗികാരോപണം ഇത്തരം വ്യക്തിവൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ തനിക്കുമേല്‍ കെട്ടിച്ചമച്ചതാണെന്നാണ് അസാന്‍ജിന്റെ ആരോപണം.

ഇതേ അനുഭവം തന്നെയാണ് ന്യൂയോര്‍ക്കില്‍ ജയിലില്‍ കഴിയുന്ന മലയാളി ഡിസൈനര്‍ ആനന്ദ് ജോണിന്റെയും. അമേരിക്കയില്‍ വസ്ത്ര വ്യാപാര രംഗത്ത്‌ തരംഗം സൃഷ്ടിച്ചേക്കാവുന്ന പ്രഗല്‍ഭനായ ഡിസൈനര്‍ ആയിരുന്നു ഈ ചെറുപ്പക്കാരന്‍. അമേരിക്കയിലുടനീളം തന്റെ ഡിസൈനിംഗ് മേഖല വ്യാപിപ്പിക്കുവാന്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തുകൊണ്ടിരിക്കെ, ആനന്ദിന്റെ പേരില്‍ സ്ത്രീപീഡനം ആരോപിച്ചു ചില മോഡലുകള്‍ രംഗത്തിറങ്ങുകയായിരുന്നു.

ലോസ്ആന്‍ജലസ്സില്‍ തുടങ്ങി ന്യൂയോര്‍ക്കില്‍ വരെ പല സ്ത്രീകളും ആനന്ദിന്റെ പേരില്‍ കുറ്റാരോപണവുമായി രംഗത്തെത്തി. പക്ഷെ ഈ സ്ത്രീകളെല്ലാം വസ്ത്രവ്യാപാര രംഗത്തെ അതികായകന്മാരുടെ ഏജന്റുമാരായിരുന്നു എന്ന് പിന്നീടുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചു. ഓരോരുത്തരായി അവരുടെ പരാതിയില്‍ നിന്ന് പിന്മാറുകയോ കോടതിയില്‍ വെച്ച് കള്ളത്തരം പിടിക്കപ്പെടുകയോ ചെയ്തു. എന്നിട്ടും കോടതി ആനന്ദിനെ വെറുതെ വിട്ടില്ല. നിയമ വ്യവസ്ഥയെ പോലും വിലയ്ക്ക് വാങ്ങാവുന്ന അമേരിക്കയില്‍ ഒരു സാധാരണ ഇന്ത്യന്‍ പൌരനു എവിടെ നിന്ന് നീതി ലഭിക്കാനാണ്.

ഓരോ കേസുകളും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു നീട്ടിക്കൊണ്ടു പോകാന്‍ അമേരിക്കന്‍ കോടതിയെപ്പോലെ മറ്റെങ്ങും കാണില്ല. ഇവിടെയും അതാണ്‌ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കോടതി അയാളെ വെറുതെ വിടാന്‍ തയ്യാറല്ല. ഇപ്പോള്‍ വിട്ടാല്‍ ഇനിയും ഏതെങ്കിലും പെണ്ണുങ്ങള്‍ വന്നാലോ എന്നാണു കോടതി ഭയക്കുന്നത്. ഏതു കൊലക്കൊമ്പനായാലും പെണ്ണ് കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കാന്‍ അമേരിക്കന്‍ കോടതികള്‍ക്കും പോലീസിനും ഉള്ള കഴിവ് പോലെ മറ്റാര്‍ക്കും ഇല്ലെന്നു തന്നെ പറയാം. വേണമെങ്കില്‍ നമ്മുടെ കേരള പോലീസിനും അമേരിക്കയില്‍ വന്നു പരിശീലനം നേടാവുന്നതാണ്. പട്ടിയെ പൂച്ചയാക്കാനും ആടിനെ പട്ടിയാക്കാനും അമേരിക്കയില്‍ എളുപ്പം സാധിക്കും.

അമേരിക്കന്‍ നയതന്ത്ര രേഖകളും ചാര രഹസ്യങ്ങളും വിക്കിലീക്സ് പുറത്തുവിട്ടു തുടങ്ങിയതോടെയാണ് ലോക പോലീസ് കളിച്ചിരുന്ന അമേരിക്കയുടെ യഥാര്‍ത്ഥ മുഖം ലോകം കണ്ടു തുടങ്ങിയത്. അതിനു കാരണക്കാരനായ ജൂലിയന്‍ അസാന്ജെയെ അവര്‍ വെറുതെ വിടുമോ? അതുകൊണ്ടാണ് സ്വീഡനെ വരുതിയിലാക്കി അദ്ദേഹത്തെ പെണ്ണ് കേസില്‍ ഉള്‍പ്പെടുത്തിയത്. സ്വീഡനു കൈമാറിയാല്‍ അമേരിക്ക പറയുന്നത് പോലെ അവര്‍ ചെയ്തു കൊള്ളും. ജീവിത കാലം മുഴുവന്‍ ജയിലിലോ അല്ലെങ്കില്‍ ഗ്വാണ്ടനാമോ ജയിലില്‍ തടവുകാരെ ക്രൂരമായി ശിക്ഷിച്ചത് പോലെയുള്ള ശിക്ഷയോ കിട്ടിയേക്കാം.


No comments:

Post a Comment