Thursday, February 24, 2011

അഴിമതി ആരോപണങ്ങളുമായി യു.ഡി.എഫ് താഴേത്തട്ടിലേക്ക്

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കുമെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങളുമായി താഴേത്തട്ടിലേക്കിറങ്ങാന്‍ യു.ഡി.എഫ്  തീരുമാനം. സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന പ്രചാരണ പരിപാടികള്‍  വരും ദിവസങ്ങളില്‍ നടത്താനാണ് തീരുമാനം. സര്‍ക്കാറിനെതിരായ അഴിമതി ആരോപണങ്ങളുമായി 28ന് ഗവര്‍ണറെ കാണും. സീറ്റ് വിഭജന ചര്‍ച്ചക്കായി മാര്‍ച്ച് എട്ട് മുതല്‍ ഉഭയകക്ഷിചര്‍ച്ച നടത്താനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.

കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയും എത്താന്‍ വൈകിയതിനാല്‍ ഏറെ വൈകിയാണ് യോഗം ചേര്‍ന്നത്. അതിന് മുമ്പ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി.

നിയമസഭ പിരിഞ്ഞ ശേഷം മുഖ്യമന്ത്രി സഭയില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയത്  ഗവര്‍ണര്‍ക്ക് മുമ്പാകെ ഉന്നയിക്കും. പ്രതിപക്ഷത്തോട് വിവേചനപരമായി പെരുമാറിയെന്നും പരാതിപ്പെടും. അതോടൊപ്പം ചില മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടേതടക്കം മന്ത്രിസഭയിലെ ചിലരുടെ മക്കള്‍ക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങളും ഗവര്‍ണര്‍ക്ക് നിവേദനമായി സമര്‍പ്പിക്കും.  മൂന്ന് മേഖലാ സമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.  അരമണിക്കൂര്‍ ചര്‍ച്ചയിലൂടെ കേരള കോണ്‍ഗ്രസ്-എമ്മുമായുള്ള സീറ്റ്   തര്‍ക്കം പരിഹരിക്കാമെന്ന് കെ.എം.മാണി യോഗത്തില്‍ പറഞ്ഞതായാണ് അറിവ്. മുന്നണിയിലെ ചെറുകക്ഷികള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് ടി.എം.ജേക്കബ് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ അനുഭവം നിയമസഭാ സീറ്റ് വിഭജനത്തില്‍ ഉണ്ടാകരുതെന്ന് ടി.എം.ജേക്കബിന് പുറമെ ജെ.എസ്.എസ്.പ്രതിനിധികളും ആവശ്യപ്പെട്ടു. ജെ.എസ്.എസ്.-കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കുന്നതിന് കെ.ആര്‍.ഗൗരിയമ്മയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചനടത്തും.

യു.ഡി.എഫ്. താഴേത്തട്ടിലേക്ക് പോകുന്നതൊക്കെ കൊള്ളാം. പോയി പോയി പാതാളത്തിലേക്കൊന്നും പോയ്ക്കളയല്ലേ. നിങ്ങളെ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. ഒന്നുമല്ലെങ്കില്‍ നിയമസഭയില്‍ കലപില കൂടാനും മുണ്ടും പൊക്കി ഇറങ്ങി പോകാനും ആള് വേണ്ടേ. അതുകൊണ്ട് ഇങ്ങനെയൊക്കെ തട്ടീം മുട്ടീം പോകുകയാണ് ആരോഗ്യത്തിനു നല്ലത്.



No comments:

Post a Comment