കഴിഞ്ഞ വെള്ളിയാഴ്ച ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ഒരു പ്രമേയം വീറ്റോ ചെയ്തുകൊണ്ട് ഒബാമ ഭരണകൂടം അതിന്റെ സയണിസ്റ്റ് വിധേയത്വം തെളിയിച്ചു. കിഴക്കന്‍ ജറൂസലം അടക്കം അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ കുടിയേറ്റം നടത്താനുള്ള ഇസ്രായേലിന്റെ പദ്ധതിയെ അപലപിക്കുന്നതും ആ നിയമവിരുദ്ധ നീക്കം ഉപേക്ഷിക്കണമെന്ന് അവരോട് ആവശ്യപ്പെടുന്നതുമായിരുന്നു കരടു പ്രമേയം. രക്ഷാസമിതിയിലെ 14 അംഗ രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായിരുന്നു. എതിര്‍ത്തത് അമേരിക്ക മാത്രം. അഞ്ച് സ്ഥിരാംഗങ്ങളില്‍ ഒന്ന് എന്ന നിലക്ക് അമേരിക്ക വീറ്റോ പ്രയോഗിച്ചതോടെ പ്രമേയം പിറക്കുംമുമ്പേ ഇല്ലാതായി. നിയമത്തിനും ധാര്‍മികതക്കും മനുഷ്യാവകാശങ്ങള്‍ക്കും നിരക്കാത്ത ചെയ്തി അരുതെന്ന് 120ഓളം രാഷ്ട്രങ്ങള്‍ ഒരുമിച്ച് ആവശ്യപ്പെടുക; ഒരൊറ്റ രാജ്യം അതിനെ വീറ്റോ ചെയ്ത് ഇല്ലാതാക്കുക- ഇതെന്ത് ലോകനീതി? പ്രമേയം റദ്ദായ ഉടനെ ഇസ്രായേല്‍ പ്രധാനമന്ത്രി ഒബാമയോട് നന്ദി പറഞ്ഞതില്‍ എല്ലാമുണ്ട്.
അമേരിക്ക ഇതുവരെ 90ഓളം പ്രമേയങ്ങള്‍ യു.എന്നില്‍ വീറ്റോ ചെയ്തിട്ടുണ്ട്; ഇതില്‍ മഹാഭൂരിപക്ഷവും ഇസ്രായേലിനുവേണ്ടിയാണ്- അതുതന്നെ ഇസ്രായേലിന്റെ കരാള നടപടികളെ അനുകൂലിച്ചുകൊണ്ട്. ഒബാമാ ഭരണത്തിലും കാര്യങ്ങള്‍ ഒട്ടും വ്യത്യസ്തമാകില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ വീറ്റോ. ഫലസ്തീന്‍കാരുടെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ഇതുവരെ സ്ഥാപിച്ചിട്ടുള്ളത് 236 ജൂത കുടിയേറ്റ കേന്ദ്രങ്ങളാണ്. സമാധാനത്തിന്റെയും മനുഷ്യനാഗരികതയുടെയും നേര്‍ക്കുള്ള ഈ വെല്ലുവിളിക്ക് ഒബാമയുടെ അമേരിക്ക കൂടി ഹുറേ വിളിക്കുന്നു.
No comments:
Post a Comment