Wednesday, November 7, 2012

കൊടുങ്കാറ്റു വന്നു കള്ളനെപ്പോലെ


ഒരു സ്ഥാനാര്‍ത്ഥി ദേശീയ തിരഞ്ഞെടുപ്പില്‍ ഉരുള്‍പൊട്ടല്‍ വിജയം നേടുന്നത് വോട്ടെടുപ്പിന് തൊട്ടുമുമ്പുണ്ടാകുന്ന ചില ആകസ്മിക സംഭവങ്ങള്‍ വോട്ടര്‍മാരുടെ മനസ്സില്‍ ഉണ്ടാക്കുന്ന അനുകൂലമായ സുനാമിതിരകള്‍ മുഖേനയാണ്. അതുവരെ ദേശീയതലത്തില്‍ നിറഞ്ഞുനിന്നിരുന്ന നേതാവിന്റെ പെട്ടെന്നുള്ള വേര്‍പാട്, പ്രത്യേകിച്ച് എതിരാളികള്‍ വധിക്കുന്നതിലൂടെ ജനമനസിലുണ്ടാകുന്ന അനുകമ്പയുടെ വേലിയേറ്റം, അനുകൂല വോട്ടുകളായി മാറുന്നു.  
ഇത്തരമൊരു ആകസ്മിക പ്രതിഭാസമാണ് അമേരിക്കയില്‍ ഒക്‌ടോബര്‍ അവസാനം ആഞ്ഞടിച്ച സാന്‍ഡിയെന്ന ഭീകര കൊടുങ്കാറ്റ്. ലോകത്ത് ആദ്യമായിരിക്കും ഒരു കൊടുങ്കാറ്റ് ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നിര്‍ണ്ണായകമായി സ്വാധീനിച്ചിരിക്കുന്നത്. അതും ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ബാരക് ഒബാമയ്ക്ക് അനുകൂലമായി.
 
2001 മുതല്‍ 2008 അവസാനം വരെ എട്ടുകൊല്ലത്തെ ജോര്‍ജ്ജ് ബുഷ് രണ്ടാമന്റെ ദുര്‍ഭരണവും ഭരണമില്ലായ്മയും അമേരിക്കയെയും അമേരിക്ക വഴി ലോകം മുഴുവനെയും, ഈ നൂറ്റാണ്ടിലെ ഏറ്റവും കടുത്ത രണ്ടാമത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തിലാണ് മാറ്റത്തിന്റെയും പുതുയുഗത്തിന്റെയും കാഹളമായി കറുത്ത വംശീയനായ ബാരക്ക് ഹുസൈന്‍ ഒബാമ എന്ന ആഫ്‌റോ അമേരിക്കന്‍ 'കറുത്ത കുതിരയ്ക്ക്' ഭൂരിപക്ഷം വെള്ളക്കാര്‍ വോട്ടുനല്‍കി അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റായി 2009 ജനുവരി 20ന് വൈറ്റ് ഹൗസില്‍ കുടിയിരുത്തിയത്.
 
എണ്ണക്കമ്പനി കോടീശ്വരനായ ബുഷിന്റെ അഫ്ഘാന്‍, ഇറാക്ക് യുദ്ധങ്ങളും, അമേരിക്കന്‍ ഗ്ലോബല്‍ ഭീമന്‍ ബാങ്കുകളടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ ''ആര്‍ത്തി''യും സര്‍ക്കാര്‍ നിയന്ത്രണമില്ലാത്ത പണമിടപാടുകളും തകര്‍ത്ത ലോകസമ്പദ്ഘടനയെ വേഗം കരകയറ്റുക അസാധ്യമായ സമയത്താണ് ഒബാമ പ്രസിഡന്റായത്. സാമ്പത്തികരംഗം നേരെയാക്കാനും, മുരടിപ്പില്‍ നിന്ന് മുകളിലേക്ക് വളര്‍ച്ചാനിരക്ക് ഉയര്‍ത്താനും വേണ്ട സമയം ഒബാമയ്ക്ക് നല്‍കാന്‍ അമേരിക്കന്‍ വോട്ടര്‍മാര്‍ തയ്യാറായില്ല. ബഹുദൂരം ശരവേഗം എന്നതാണല്ലോ അമേരിക്കന്‍ സിദ്ധാന്തം. ഉടന്‍ ഫലങ്ങളും അത്ഭുതങ്ങളും നടക്കാതായപ്പോള്‍ ഒബാമ ഭരണത്തിന്റെ മധുവിധു പെട്ടെന്ന് അവസാനിച്ചു. ഇടക്കാലത്ത് അമേരിക്കന്‍ സെനറ്റിലേക്കും, കോണ്‍ഗ്രസ്സിലേക്കും നടന്ന തിരഞ്ഞെടുപ്പുകളില്‍ എതിര്‍പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടു. മസാച്ചുസെറ്റ് (കെന്നഡിയുടെ നാട്) പോലുള്ള ഡെമോക്രാറ്റിക് ഉരുക്കു കോട്ടകള്‍ പോലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിടിച്ചെടുത്തു. ഒബാമയുടെ ജനസമ്മതി ഓരോ അഭിപ്രായവോട്ടെടുപ്പിലും താഴേയ്ക്ക് കൂപ്പുകുത്തി. ഭരണത്തിലിരിക്കുന്ന പ്രസിഡന്റുമാര്‍ക്ക് ലഭിക്കുന്ന ഏറ്റവും താഴ്ന്ന ജനസമ്മതി വരെയായി ഒബാമയുടെ സ്‌കോര്‍.
 
നിര്‍ണ്ണായകമായ പല നേട്ടങ്ങളും ഒബാമ ഭരണത്തിന് കൈവരിക്കാന്‍ കഴിഞ്ഞു. ഇറാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചത്; സാമ്പത്തിക രംഗത്തെ മുരടിപ്പ് മാറ്റി വളര്‍ച്ചയിലേക്ക് നയിച്ചത്, സാര്‍വത്രിക ആരോഗ്യ പരിരക്ഷാ ഇന്‍ഷൂറന്‍സ് നടപ്പാക്കിയത്, ബാങ്കുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്, തൊഴിലില്ലായ്മ നിരക്കില്‍ കുറവ് വരുത്തിയത്, സ്റ്റോക്ക് മാര്‍ക്കറ്റിനും ഡോളറിനും കരുത്ത് നേടിക്കൊടുത്തത്, അമേരിക്കയുടെ ആഗോള മേല്‍ക്കോയ്മ നിലനിര്‍ത്തിയത് ഇവയൊക്കെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. എന്നിട്ടും റിപ്പബ്ലിക്കന്‍ ധനമേധാവിത്വത്തില്‍ ഒബാമ ഇടതുപക്ഷക്കാരനും, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനും, ഉള്ളവനില്‍ നിന്ന് പിടിച്ചെടുത്ത് വീതിച്ച് സമത്വം കൈവരിക്കണമെന്ന ''വരട്ടു'' തത്വശാസ്ത്രത്തിന്റെ പ്രായോജകനുമാക്കി ചിത്രീകരിക്കപ്പെട്ടു.
 
ആദ്യത്തെ ടെലിവിഷന്‍ സംവാദത്തില്‍ പ്രകടനം ദയനീയമായപ്പോള്‍, ഒബാമാ തോല്‍വി അഭിപ്രായ സര്‍വേ വിദഗ്ധര്‍ അടിവരയിട്ട് ഉറപ്പിച്ചു. അങ്ങിനെ നവംബര്‍ ആറിന് നടക്കുന്ന വോട്ടെടുപ്പിന്റെ വിധിയും നിര്‍ണ്ണയിച്ചു കഴിഞ്ഞു. പാവം ഒബാമ പടിയിറങ്ങുന്നു. അപ്പോഴാണ് തുണക്ക് സാന്‍ഡി വീശിയടിച്ചത്.
 
സാന്‍ഡിയെന്ന കൊടുങ്കാറ്റ്
ആകസ്മിക ദുരന്തങ്ങള്‍ നേരിടുമ്പോഴാണ് നേതൃത്വഗുണം പരീക്ഷിക്കപ്പെടുന്നത്. നേതാവിന്റെ മാറ്റ് ഉരച്ച് തങ്കമോ കാക്കപ്പൊന്നോ എന്ന് വെളിപ്പെടുന്നത്. ഒബാമ ഇക്കാര്യത്തില്‍
24 കാരറ്റ് തങ്കമെന്ന് അമേരിക്കന്‍ ജനങ്ങള്‍ക്കു മുമ്പില്‍ സാന്‍ഡി തെളിയിച്ചു. കൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ച ഉടനെ ഇലക്ഷന്‍ പരിപാടികള്‍ റദ്ദാക്കി ഒബാമാ വൈറ്റ് ഹൗസിലേക്ക് മടങ്ങി. കൊടുങ്കാറ്റ് ചീറിയടിച്ച് കൊടും നാശം വിതച്ച് കടന്നുപോകുന്നതിനു മുമ്പേ ഒബാമ, ആ സംസ്ഥാനങ്ങളില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇതോടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഇത്തരം അടിയന്തരാവസ്ഥ നേരിടാനുള്ള എല്ലാ കരുതല്‍ സന്നാഹങ്ങളും ശതകോടികള്‍ വിനിയോഗിക്കാനുള്ള അധികാരവും പ്രസിഡന്റിന്റെ കൈകളിലെത്തി.
 
കൊടുങ്കാറ്റിന്റെ മധ്യേ അതേറ്റവും രൂക്ഷതയില്‍ താണ്ഡവമാടിയ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ഭരിക്കുന്ന ന്യൂജര്‍സി സംസ്ഥാനത്ത് ഒബാമ നേരിട്ട് ശ്രദ്ധചെലുത്തുകയും ഒപ്പം ഫെഡറല്‍ സഹായങ്ങള്‍ കൊടുങ്കാറ്റ് ബാധിത പ്രദേശങ്ങളില്‍ എല്ലായിടത്തും എത്തിക്കുകയും ചെയ്തു. അമേരിക്കയിലെ മുഴുവന്‍ ടെലിവിഷന്‍ ചാനലുകളില്‍ സാന്‍ഡിയുടെ താണ്ഡവദൃശ്യങ്ങള്‍ക്കൊപ്പം ഒബാമയുടെ നേതൃത്വത്തില്‍ ഫെഡറല്‍ സംവിധാനം 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനങ്ങളിലും പുനര്‍നിര്‍മ്മാണത്തിലും ഏര്‍പ്പെടുന്നതും എതിര്‍സ്ഥാനാര്‍ത്ഥി മിറ്റ് റോമിനിയുടെ തന്നെ ന്യൂജര്‍സിയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ എല്ലാ ചാനലുകളിലും പ്രത്യക്ഷപ്പെട്ട് ഒബാമയുടെ നേതൃത്വവും അദ്ദേഹം ഈ വലിയ പ്രകൃതിദുരന്തത്തിന്റെ ആഘാതത്തില്‍ അകപ്പെട്ട ദശലക്ഷകണക്കിന് ജനങ്ങള്‍ക്ക് സഹായം എത്തിച്ചുകൊണ്ടിരിക്കുന്നതും അനേകതവണ പ്രകീര്‍ത്തിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങളില്‍ ഒബാമയുടെ നേതൃത്വം തിളങ്ങി നില്‍ക്കാന്‍ അങ്ങിനെ സാന്‍ഡി ഉപകരിച്ചു.
 
അവസരത്തിനൊത്ത് ഉയരുന്ന നേതൃത്വമാണ് ഒബാമയുടേതെന്ന് എതിരാളികളടക്കം അമേരിക്കന്‍ ജനതയ്ക്ക് ബോധ്യപ്പെട്ടു. 2005 ല്‍ ഇതിലും ഭീകരതാണ്ഡവമാടിയ കത്രീന ചുഴലിക്കാറ്റടിച്ചപ്പോള്‍ വൈറ്റ് ഹൗസില്‍ മൂടിപ്പുതച്ച് ഉറങ്ങിയ ഒബാമയുടെ മുന്‍ഗാമി ജോര്‍ജ്ജ് ബുഷുമായി താരതമ്യം ചെയ്യുവാനുള്ള അവസരവും സാന്‍ഡി വോട്ടര്‍മാര്‍ക്ക് ഒരുക്കിക്കൊടുത്തു.അങ്ങിനെ സാന്‍ഡിയെന്ന കൊടുങ്കാറ്റ് ഒബാമയുടെ വിജയം ഉറപ്പിച്ചിരിക്കുന്നു. ഒബാമയ്ക്ക് അടുത്ത നാലുവര്‍ഷം കൂടി വൈറ്റ്ഹൗസില്‍ തുടരാം.

No comments:

Post a Comment